തൊഴിൽ നേടാൻ, തൊഴിലിൽ ശോഭിക്കാൻ
അത്യാവശ്യമായി ഉടനെ ഒരു ജോലി നേടി, ഉപജീവനമാർഗ്ഗം കണ്ടെത്തിയേ മതിയാകൂ എന്ന് തീക്ഷ്ണമായി ആഗ്രഹിക്കുന്നവർ, മനസ്സിലാക്കിയിരിക്കേണ്ട അടിസ്ഥാന വിവരങ്ങളും, പാലിക്കേണ്ട അത്യാവശ്യ നടപടികളുമാണ് ഇവിടെ വിവരിക്കുന്നത്.
ജോലിക്ക് ആളെ എടുക്കുന്നത് എന്തിന്?
ഒരു സ്ഥാപനം നിലനിൽക്കണമെങ്കിൽ, ആ സ്ഥാപനത്തിന്റെ പ്രവർത്തികൾക്ക് പ്രതിഫലം ലഭിച്ചു കൊണ്ടിരിക്കണം. പ്രതിഫലം ലഭിക്കണമെങ്കിൽ, ആദ്യം ആ സ്ഥാപനം ഫലം പുറപ്പെടുവിക്കണം. ഫലം പുറപ്പെടുവിക്കണമെങ്കിൽ, അവിടെ സമയബന്ധിതമായി കുറെ പ്രവർത്തനങ്ങൾ നടക്കണം. അതെല്ലാം സ്ഥാപനത്തിന്റെ ഉടമസ്ഥന് തനിച്ച് ചയ്യാൻ സധിക്കാതെ വരുമ്പോൾ കുറെ പ്രവർത്തികൾ ചെയ്യാൻ മറ്റാരെയെങ്കിലും ഭരമേല്പിക്കുന്നു.
The owner is employing a person and delegating some of his work to be done by that person on behalf of the owner.
Now the Owner becomes an Employer, and this delegatedperson becomes an Employee.
ജോലി ഒഴിവ് അഥവാ വേക്കൻസി എങ്ങിനെ ഉണ്ടാകുന്നു?
ഇങ്ങിനെ വിവിധ പരിഗണനകൾ വെച്ചാണ് ഒരു തൊഴിലുടമസ്ഥൻ തന്റെ സ്ഥാപനത്തിൽ മറ്റ് ആളുകളെ ജോലിക്കാരായി നിയമിക്കുന്നത്. അവർക്ക് സ്ഥാപനത്തിന്റെയും ജോലിക്കാരുടെയും ശേഷി അനുസരിച്ച് പ്രതിഫലം നിശ്ചയിച്ച് നൽകുകയും ചെയ്യുന്നു.
അങ്ങിനെയെങ്കിൽ തൊഴിലവസരങ്ങൾ തുറക്കപ്പെടാൻ എന്തു ചെയ്യണം?
ഒരു തൊഴിലുടമസ്ഥന് പ്രായോഗികമായ ഒരു അവസരം കാണിച്ചു കൊടുക്കുകയോ, ആശയം പകർന്നു കൊടുക്കുകയോ, ചെയ്താൽ മതി. അവിടെ തൊഴിലവസരങ്ങൾ തുറക്കപ്പെടും. സാധാരണ ഒരു തൊഴിലന്വേഷകന് ഈ സാമർത്ഥ്യമുണ്ടാകാൻ സാദ്ധ്യതയില്ല. എന്നാൽ പഠിക്കുന്ന കാലം മുതലേ പലവിധ സ്ഥാപനങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തനത്തെക്കുറിച്ചും നിരീക്ഷിക്കുന്ന സ്വഭാവം ശീലിച്ചാൽ അവർക്ക് എക്സ്പോഷർ ലഭിക്കും. പഠനം കഴിഞ്ഞിറങ്ങുമ്പോൾ സ്വന്തം സ്ഥാപനം തുടങ്ങാനോ, ഇഷ്ടമുള്ള സ്ഥാപനത്തിൽ തൊഴിൽ ലഭിക്കാനും മറ്റും ഈ എക്സപോഷർ അവരെ സഹായിക്കും.
എന്ത് ജോലിയാണ് നിങ്ങൾക്ക് വേണ്ടത്?
ഈ ചോദ്യത്തിന് മിക്കപ്പോഴും കിട്ടുന്ന ഉത്തരങ്ങൾ അവ്യക്തമായിരിക്കും. എന്തെങ്കിലും കൊള്ളാവുന്ന ഒരു ജോലി എന്നോ, ഇത്ര ശമ്പളം കിട്ടുന്ന ജോലി, എന്റെ കഴിവ് വിനിയോഗിക്കാവുന്ന, വളർച്ചക്ക് സാദ്ധ്യത ഉള്ള, ചലഞ്ചിംഗ്, ഇന്ററസ്റ്റിംഗ് എന്നൊക്കെ സ്റ്റൈലൻ പ്രയോഗങ്ങൾ നടത്താതെ, എനിക്ക് ഇന്ന ജോലി ചെയ്യാൻ കഴിയും എന്ന് വ്യക്തമായി പറയാൻ കഴിയണം. അതിനു സഹായിക്കുന്ന ചില കാര്യങ്ങൾ ഇനി ചിന്തിക്കാം.
The Occupation – തൊഴിൽ
ഉപജീവനത്തിനു വേണ്ടി നിങ്ങളെന്താണ് ചെയ്തിരുന്നത്, എന്തു ചെയ്യാനാണ് പരിശീലനം നേടിയിട്ടുള്ളത്? അതാണ് നിങ്ങളുടെ തൊഴിൽ. ഇതാണ് നിങ്ങളുടെ സ്പെഷ്യാലിറ്റി അഥവാ കരിയർ. ടീച്ചറാണ്, ഷെഫാണ്, എൻജിനീയറാണ്, ഡോക്ടറാണ്, നഴ്സാണ്, ഡ്രൈവറാണ്, സോഫ്റ്റ് വെയർ പ്രോഗ്രാമറാണ്, ആർക്കിടെക്റ്റാണ്, അക്കൌണ്ടന്റാണ്. സാധാരണ എല്ലാവരും അവരവർ പഠിച്ചിരിക്കുന്ന തൊഴിലിലാണ് ജോലി അന്വേഷിക്കുന്നത്. മറ്റേതെങ്കിലും തൊഴിലിൽ കൂടി നിങ്ങൾക്ക് നൈപുണ്യമുണ്ടെങ്കിൽ അത് തൊഴിൽ ലഭിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. അതിനാൽ മറ്റു തൊഴിലുകളും നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നത് ശീലമാക്കുക.
The Field – മേഘല
എഴുത്ത് എന്നത് തൊഴിലാണ്, അഡ്വർടൈസിംഗ് എന്നത് ഫീൽഡ് ആണ്. സെയിൽസ് എന്നത് തൊഴിലാണ്, ഇൻഷുറൻസ് എന്നത് ഫീൽഡ് ആണ്. എൻജിനീയറിംഗ് എന്നത് തൊഴിലാണ്, കൺസ്ട്രക്ഷൻ ഒരു ഫീൽഡ് ആണ്. നിങ്ങളുടെ ഫീൽഡ് എക്സ്പീരിയൻസ് തന്റെ സ്ഥാപനത്തിന് എത്ര ഉപകാരപ്രദമാണ് എന്നതായിരിക്കും തൊഴിലുടമയ്ക്ക് പ്രധാനം.
The Money – പണം
ജോലി ചെയ്യുന്നത്, പ്രതിഫലമായി പണം ലഭിക്കാൻ വേണ്ടി ആയിരിക്കണം. അല്ലാത്ത സാഹചര്യം നിങ്ങൾക്ക് ഉണ്ടെങ്കിലും അത് പുറത്ത് പറയേണ്ട. കാരണം, ജോലിക്ക് പ്രതിഫലമായി പണം ആണ് ഒരു തൊഴിലുടമ നൽകേണ്ടതും, നൽകാൻ സാധിക്കുന്നതും. പണം ആവശ്യമില്ലാത്ത തൊഴിലാളിയെ നിയന്ത്രിക്കാൻ തൊഴിലുടമയ്ക്ക് പ്രയാസമാകും. ഈ ജോലിക്ക് സ്ഥാപനത്തിൽ നടപ്പിലുള്ള പ്രതിഫലം കൊണ്ട് നിങ്ങളുടെ അത്യാവശ്യങ്ങൾ നടത്തിയെടുക്കാൻ സാധിക്കുമോ എന്നു ചിന്തിക്കുക. കൂടുതൽ പ്രതിഫലം ലഭിക്കാനുള്ള അർഹത എപ്പോൾ എങ്ങിനെ നേടിയെടുക്കാമെന്നും ചിന്തിക്കുക. കുറഞ്ഞത് എത്ര പ്രതിഫലം ലഭിച്ചാലാണ് പ്രായോഗികമായി ഈ തൊഴിലിൽ നിങ്ങൾക്ക് തുടരാനാവുക എന്നതും ചിന്തിച്ച് വേണം പ്രതീക്ഷിക്കുന്ന പ്രതിഫലം എന്ന ചോദ്യത്തിന് നിങ്ങളുടെ ഉത്തരം കണ്ടെത്താൻ.
എങ്ങിനെ ഒരു ജോലി കണ്ടെത്താം.
ഒരു ജോലി ലഭിക്കുക എന്നാൽ, മറ്റൊരാളെക്കൊണ്ട്, നിങ്ങളെ ഇന്റർവ്യൂ ചെയ്ത് നിങ്ങളുടെ പ്രാപ്തി വിലയിരുത്തി, ഒരു ജോലിയിൽ നിയോഗിക്കാൻ ഇടയാക്കുക എന്നതാണ്. ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത്, മറ്റൊരു വ്യക്തി തീരുമാനിക്കണം, ആ ജോലിക്കു വേണ്ടി പരിഗണിച്ചവരിൽ വെച്ച്, അത് ചെയ്യാൻ നിലവിൽ, ഏറ്റവും യോജിച്ച ആൾ, നിങ്ങളാണെന്ന്.
നിങ്ങളെ കുറിച്ച് അങ്ങിനെ ഒരു തീരുമാനം എടുക്കപ്പെടണമെങ്കിൽ, നിങ്ങൾ ആ ഇന്റർവ്യുവിൽ എത്തിപ്പെടണം. അതു സംഭവിക്കണമെങ്കിൽ, നിങ്ങൾ അതിനു വേണ്ടി അപേക്ഷിച്ചിരിക്കണം. അപേക്ഷ അയക്കണമെങ്കിൽ, അങ്ങിനെയൊരു തൊഴിലവസരം ഉണ്ട് എന്ന് നിങ്ങൾ നേരത്തെ അറിഞ്ഞിരിക്കണം.
അതായത് ഒരു ജോലി ലഭിക്കണമെങ്കിൽ മൂന്ന് കാര്യങ്ങൾ സംഭവിക്കണം.
1. എവിടെ ജോലി ഒഴിവുണ്ടെന്ന് അന്വേഷിച്ച് കണ്ടെത്തണം
സാധാരണ ജോലി ഒഴിവുകൾ അറിയാൻ സാധിക്കുന്നത് വേക്കൻസി പരസ്യങ്ങളിലൂടെയാണ്. പ്ളെയ്സ്മെന്റ് സർവ്വീസുകളും, വെബ് സൈറ്റുകളും, കാംമ്പസ് റിക്രൂട്ട്മെന്റുകളും എല്ലാം അവസരങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ പ്രസിദ്ധപ്പെടുത്തുന്നതിലും വളരെ അധികം ജോലി ഒഴിവുകൾ എല്ലാ സ്ഥാപനങ്ങളിലും ഉണ്ട്. പറ്റിയ ആളെ കിട്ടാത്തതു കൊണ്ട് ചെയ്യാതെ വെച്ചിരിക്കുന്ന പല പദ്ധതികളും എല്ലാ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കും. നിങ്ങൾക്ക് സാമർത്ഥ്യം ഉണ്ടെങ്കിൽ, പരിചയക്കാർ വഴിയോ ഊഹം വെച്ചോ അത്തരം അവസരം കണ്ടെത്തി അതിൽ കയറിപ്പറ്റാൻ കഴിഞ്ഞേക്കും എന്ന് ഉറച്ച് വിശ്വസിച്ച് പരിശ്രമിച്ചാൽ മതി.
2 ആ ജോലിക്ക് വേണ്ടി ഫലപ്രദമായി അപേക്ഷിക്കണം
ജോലിക്ക് അപേക്ഷിക്കുമ്പോൾ രണ്ടു തരം ആളുകളെ മനസ്സിൽ കാണണം.
ജോലിക്ക് നിയമനം ഒരുതരം ഒഴിവാക്കൽ പ്രക്രിയ ആണ് – Process of Elimination.
അപേക്ഷിച്ച ജോലി കിട്ടാതെ പോയിട്ടുള്ള ബഹുഭൂരിപക്ഷം പേർക്കും, ആ ജോലി കിട്ടാതെ പോയത്, ഇന്റർവ്യൂ മോശമാക്കിയതു കൊണ്ടല്ല. പിന്നെയോ, ഇന്റർവ്യൂ മേശ വരെ അവരെത്താതിരുന്നതു കൊണ്ടാണ്. വഴിക്കെവിടെയോ വെച്ച് പരിഗണനയിൽ നിന്നും അവരൊഴിവാക്കപ്പെട്ടു. ആ ജോലി ചെയ്യനുള്ള അവരുടെ പ്രാപ്തിയുമായി ഒരു ബന്ധവുമുള്ള കാരണത്താലായിരിക്കില്ല അവരൊഴിവാക്കപ്പെട്ടത്. അപേക്ഷ അയച്ചതിലെ അപാകതകളോ, കാലതാമസമോ, അപൂർണ്ണതകളോ, ആരുടെയെങ്കിലും ചില മുൻവിധികളോ ആയിരിക്കാം അവർ ഒഴിവാക്കപ്പെട്ടതിന്റെ കാരണം.
ബയോഡേറ്റയും റെസ്യുമെയും –BIO-DATA vs RESUME
സാധാരണ പഠിച്ചിറങ്ങിയ ഉടൻ ജോലിക്ക് അപേക്ഷിക്കുന്നവർ ഒരു ബയോഡേറ്റ ആണ് അപേക്ഷയോടൊപ്പം അയക്കുന്നത്. നിങ്ങളുടെ ഒപ്പം പഠിച്ച മറ്റുള്ളവരുടേതുമായി, നിങ്ങളുടെ ബയോഡേറ്റക്ക് എന്തായിരിക്കും വ്യത്യാസം എന്ന് ആലോചിച്ചിട്ടുണ്ടോ? പേരു വിവരങ്ങളും പരീക്ഷയിൽ ലഭിച്ച മാർക്കുകളും മാത്രമായിരിക്കും ആകെയുള്ള വ്യത്യാസം.
അതു പോരാ, Your application should stand out നിങ്ങളുടെ ഡേറ്റാ ഷീറ്റ് അല്ല നിങ്ങളുടെ പ്രത്യേകതകളെ കുറിച്ച് വിവരിക്കുന്നഒരു Resume തയ്യറാക്കണം.
ഒരു റെസ്യമെ ആണെങ്കിൽ നിങ്ങളുടെ അറിവും കഴിവും സാമർത്ഥ്യവും മനോഭാവവും അതിൽ ആദ്യ പാരഗ്രാഫിൽ തന്നെ വിവരിക്കാൻ സാധിക്കും. എക്സ്പീരിയൻസ് ഒന്നും ഇല്ലെങ്കിൽ പോലും വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് കണ്ടും കേട്ടും അറിഞ്ഞിരിക്കുന്ന എക്സപോഷർ വിവരിച്ച് നിങ്ങളുടെ റെസ്യുമേ കൂടുതൽ വ്യക്തവും ആകർഷകവും ശ്രദ്ധേയവും ആക്കാൻ സാധിക്കും. This will make your application outstanding.
അപേക്ഷഅയച്ചാൽ മാത്രം പോരാ, പിന്തുടരണം. – Follow-Up your application
ആ സ്ഥാപനത്തിൽ വിളിച്ച് ഞനൊരു അപേക്ഷ അയച്ചിരുന്നു, അത് ലഭിച്ചിരുന്നോ? എപ്പോഴാണ് ഇന്റർവ്യൂ എന്ന് അന്വേഷിക്കണം. അല്ലെങ്കിൽ നിങ്ങളുടെ റെസ്യുമെ അറ്റാച്ച് ചെയ്തു കൊണ്ട് ഒരു ഫോളോഅപ് ഇമെയിൽ വേണമെങ്കിലും അയക്കാം.
3. ഇന്റർവ്യൂ സാഹചര്യത്തിൽ വിജയിക്കണം.
നിങ്ങൾ ഇന്റർവ്യുവിനായി ഒരു ഓഫീസിൽ നിങ്ങളുടെ ഊഴം കാത്തിരിക്കുകയാണ്. അല്പ സമയത്തിനുള്ളൽ ഈ കൂടിക്കാഴ്ച നടക്കും. തുടർന്ന്, ഒന്നുകിൽ ഈ ജോലി നിങ്ങൾക്കു ലഭിക്കും, അല്ലെങ്കിൽ ലഭിക്കില്ല. ഇന്റർവ്യൂ ചെയ്യുന്നവരുടെ മുന്നിൽ നിങ്ങൾ കാഴ്ചവെയ്ക്കുന്ന പ്രകടനമാണ്, ഈ തീരുമാനത്തിന്റെ ആധാരം.
അതെ, ഇന്റർവ്യു എന്നത് ഒരു പ്രകടനം ആണ്. ആ ജോലിക്കും, അതിന്റെ അന്തരീക്ഷത്തിനും, ഏറ്റവും ഉചിതമായ ആളാണ് നിങ്ങൾ എന്ന് അവർക്ക് ബോദ്ധ്യപ്പെടണം. അങ്ങിനെ ഒരാളായിത്തീരാൻ നിങ്ങൾക്കു കഴിയും എന്ന് പ്രകടിപ്പിക്കുകയാണ് ഇന്റർവ്യുവിൽ നിങ്ങൾ ചെയ്യേണ്ടത്.
നിങ്ങളുടെ ഊഴമെത്തി ഇന്റർവ്യു മുറിയിൽ പ്രവേശിക്കുമ്പോൾ പുഞ്ചിരിയോടെ അവിടെ ഇരിക്കുന്ന എല്ലാവരുടെയും മുഖത്ത് കണ്ണോടിച്ചു കൊണ്ട് അവരെ വിഷ് ചെയ്യണം. അവർ പറയുന്നത് ശ്രദ്ധയോടെ ശ്രവിക്കണം. മനസ്സിലാകാതെ വന്നാൽ, ക്ഷമിക്കണം ഒന്നു കൂടി പറയാമോ എന്നു ചോദിക്കണം. അവരുടെ മുഖത്തു നോക്കിയിരിക്കണം, ഉത്തരം ആലോചിക്കാൻ വേണ്ടി മുഖം കുനിച്ചിരിക്കരുത്. ചോദ്യം ചോദിച്ച ആളിന്റെ കണ്ണിൽ നോക്കി വേണം മറുപടി പറയാൻ. ചോദിച്ചതിനുള്ള മറുപടി വേണം പറയാൻ, അപ്രസക്തമായത് പറയരുത്.
ഓരോരോ ചോദ്യങ്ങൾക്ക് എന്തു മറുപടി പറയണം എന്നതാണ് എല്ലാ ഉദ്യോഗാർത്ഥികളെയും വിഷമത്തിലാക്കുന്ന പൊതു പ്രശ്നം. എനിക്ക് ഇത് അറിയില്ല എന്നല്ല, കുറച്ചു സമയം കൊണ്ട് എനിക്ക് ഇത് പഠിച്ചെടുക്കാൻ സാധിക്കും എന്നു വേണം പറയാൻ. എന്റെ അറിവ് ഇത്രയേ ഉള്ളു എന്നു പറഞ്ഞ് നിങ്ങളെ പരിമിതപ്പെടുത്തരുത്, ഇത്രവരെ ഉള്ള കാര്യങ്ങൾ എനിക്കറിയാം എന്ന ധ്വനിയാണ് ഇന്റർവ്യൂവർ കേൾക്കാനാഗ്രഹിക്കുന്നത്. എല്ലാം അറിയുന്നവരെ അല്ല, അപ്പപ്പോൾ ആവശ്യമുള്ളത് അറിയാനും ചെയ്യാനും, മനസ്സും മിടുക്കും സന്നദ്ധതയും ഉള്ള ആളിനെയാണ് അവർക്ക് വേണ്ടത്.
ആ പണികൾ ശരിക്ക് ചെയ്യാനും നിങ്ങൾക്ക് സാധിക്കണം. ഈ ജോലിക്ക് എനിക്ക് കഴിവുണ്ട്, ഇത് എനിക്ക് ചെയ്യാൻ സാധിക്കും, ഇത് എനിക്ക് ഇഷ്ടമുള്ള പണിയാണ്, സ്ഥലമാണ്, സ്ഥാപനമാണ്. ഇത്തരം പണികൾ ഞാൻ ചെയ്തിട്ടുണ്ട്, ചെയ്യാവുന്നതാണ്. ഇവിടത്തെ പ്രതിഫലം എനിക്ക് സമ്മതമാണ്. ജോലിയിലെ മികവിനനുസരിച്ച് കാലോചിതമായ വർദ്ധന ഉണ്ടാവുമല്ലോ. എന്നൊക്കെ അർത്ഥം വരുന്ന സത്യസന്ധമായ ഉത്തരങ്ങളാണ് നിങ്ങളെ ഒരു ഇന്റർവ്യുവിൽ വിജയി ആക്കുന്നത്.
പ്രിയപ്പെട്ടവരെ, ഒരു ഉപജീവനമാർഗ്ഗം കണ്ടെത്തി കുടുംബം നയിക്കാൻ ഈ കുറിപ്പുകൾ നിങ്ങൾക്ക് ഉപകാരപ്രദമാകട്ടെ എന്ന പ്രാർത്ഥനയോടെ.
സസ്നേഹം
ജോർജ്ജ് കാടൻകാവിൽ
ഡയറക്ടർ ബെത്-ലെഹം
January 2022