Back to articles

ആയിരത്തിന്റെ നോട്ടിൽ ഒരു ഓട്ട!

November 30, 2021

ഒരിടത്ത് കുറെ ജനങ്ങൾ പ്രാർത്ഥിക്കാൻ വേണ്ടി ഒന്നിച്ചു കൂടി. ദൈവമേ കുറെ കാശു തരണമേ എന്നായിരുന്നു എല്ലാവരുടെയും പ്രാർത്ഥന.

ഇത് കേട്ട് ദൈവം കനിഞ്ഞ് പറഞ്ഞു, ഞാൻ കുറെ കറൻസി നോട്ടുകൾ വർഷിക്കാൻ പോവുകയാണ്.
ഓരോരുത്തർക്കും, ഓരോ നോട്ട് വീതം എടുക്കാം.

പിന്നെ നോട്ടുകൾ ആകാശത്തു നിന്നും മഴ പോലെ വീഴാൻ തുടങ്ങി. അവിടെ കൂടിയവരിൽ ഒരാൾ വിചാരിച്ചു, കിട്ടുന്നെങ്കിൽ ഏറ്റവും വലിയ നോട്ട് തന്നെ എനിക്ക് കിട്ടണം.
അയാൾ നോട്ടു മഴ സസൂക്ഷ്മം വീക്ഷിച്ച് എന്തിനും റെഡിയായി നിലകൊണ്ടു.
അനേകം നോട്ടുകൾക്കിടയിലൂടെ അതാ വരുന്നു ആയിരത്തിന്റെ ഒരു നോട്ട്.
ചുറ്റു നിന്നിരുന്നവരെ തള്ളി മാറ്റി, ക്രിക്കറ്റിൽ ക്യാച്ച് പിടിക്കാൻ ചാടുന്നപോലെ അയാൾ ഒറ്റച്ചാട്ടം. സംഗതി ക്ളീൻ ബൗൾഡ്!

ആയിരത്തിന്റെ നോട്ടുമായി അയാൾ തറയിൽ വീണ് ഉരുണ്ട് എണീറ്റു നോട്ടിൽ നോക്കി, ഒരു മുഷിഞ്ഞ നോട്ട്. അയ്യേ! ഇത് ആകെ മുഷിഞ്ഞ് കോലം കെട്ടതാണല്ലോ?.

അയാൾ വീണ്ടും കാത്തു നിന്നു, അതാ വരുന്നു ആയിരത്തിന്റെ മറ്റൊരു നോട്ട്, മുഷിഞ്ഞ നോട്ട് തറയിലിട്ട് അയാൾ വീണ്ടും പരാക്രമം കാട്ടി ആ നോട്ട് പിടിച്ചെടുത്തു മുഷ്ടിയിലാക്കി.

മുഷ്ടി തുറന്ന് നോട്ട് നോക്കുമ്പോൾ, അയ്യോ കഷ്ടം - ആ നോട്ട് കീറി ഒരു ഓട്ടവീണിരിക്കുന്നു.

ഈ കീറനോട്ട് എനിക്ക് ഏതായാലും വേണ്ട. പക്ഷേ അപ്പോഴേക്കും നോട്ടു മഴ അവസാനിച്ചു.

ഇനി തറയിൽ കിടക്കുന്നത് എടുക്കാം എന്നു കരുതി നോക്കുമ്പോൾ മിക്കതും നൂറു രൂപാ നോട്ടുുകളാണ്.
ഇടയ്ക്ക് അഞ്ഞൂറിന്റേയും ഉണ്ട്. ആയിരം എവിടെയെങ്കിലും ഉണ്ടോയെന്ന് തപ്പി വന്നപ്പോഴേക്കും, ഉണ്ടായിരുന്ന അഞ്ഞൂറും നൂറും അമ്പതും ഒക്കെ ഓരോരുത്തർ പെറുക്കിക്കൊണ്ടു പോയ്ക്കഴിഞ്ഞിരുന്നു.

ദൈവമേ ഇനി അടുത്ത മഴ എപ്പോഴാണോ പെയ്യിക്കുന്നത് എന്നു കരഞ്ഞ് ചോദിച്ച് കൊണ്ട് അയാൾ സ്വപ്നത്തിൽ നിന്ന് ഉണർന്നു. . . .

ഇത്രയും കഥ എനിക്ക് പറഞ്ഞു തന്നിട്ട് എന്നെ വിളിച്ച ആൾ പറഞ്ഞു,
ജോർജ്ജ് സാറേ, ബെത് ലെഹമിലുള്ള ഒരു പയ്യന്റെ അപ്പച്ചനാണ് ഞാൻ.
മകന്റെ പ്രൊപ്പോസലും കൊണ്ട് ഒരു രണ്ടു മാസം പരിശ്രമിച്ചപ്പോൾ അനുഭവിച്ചത് വിശദീകരിക്കാൻ ഒരു ഉപമ പറഞ്ഞതാണ് ഈ കഥ.

പണ്ടൊക്കെ ബ്രോക്കർമാർ രണ്ടോ മൂന്നോ കേസു കാണിച്ചിട്ട്; അതിൽ ഒരു തീരുമാനം ആയിട്ടേ; പുതിയ കേസുകൾ അവതരിപ്പിക്കുമായിരുന്നുള്ളു.

ഇപ്പോ ഇന്റർനെറ്റും, മൊബൈലും, ആപ്പും, കോപ്പും, ഒക്കെയായിട്ട് നോട്ടു മഴപോലെ ചറുപറെ പ്രൊപ്പോസൽ വരും.
ഹരിച്ചും ഗുണിച്ചും നോക്കി, മുഷിഞ്ഞതും കീറിയതും മാറ്റി ഒരു തീരുമാനം എടുക്കുമ്പോഴേക്ക്,
ദേ വരുന്നു ഒരു പുത്തൻ കേസ്,
ആ കേസ് പഠിച്ച് ആദ്യം കിട്ടിയതാ നല്ല കേസ് എന്ന് മനസ്സിലാക്കുമ്പോഴേക്ക് ആദ്യത്തെ പ്രൊപ്പോസൽ കൈവിട്ടു പോകും.
തിരിച്ചു വന്ന് അവസാനത്തെ കേസ് പുനരാലോചിക്കാൻ നോക്കുമ്പോൾ അതും പോയിട്ടുണ്ടാകും.

ഈ നോട്ടു മഴപോലെത്തെ കല്യാണാലോചന മാറ്റി ചേരുംപടി ചേർത്തു വിടുന്ന എന്തെങ്കിലും മാർഗ്ഗം ഉണ്ടാക്കാൻ ബെത് ലെഹം എങ്കിലും ഒന്നു പരിശ്രമിക്കണം; എന്നു പറയാനാണ് ഞാൻ വിളിച്ചത്.

ഇത് പരാതി ഒന്നുമല്ല കേട്ടോ, നിങ്ങളുടെ അദ്ധ്വാനം ഞങ്ങൾക്ക് നല്ല ബോദ്ധ്യമാണ്.

അച്ചായാ, ആദ്യം പറഞ്ഞ ആ ഉപമ എനിക്ക് ഇഷ്ടപ്പെട്ടു. എട്ടു വർഷം മുമ്പ് ഈ വിഷയത്തെക്കുറിച്ച് 'ആദ്യം വരുന്ന ആലോചനകൾ' എന്ന തലക്കെട്ടിൽ ഞാൻ എഴുതിയിരുന്നു.
അതിപ്പോഴും പ്രസക്തമാണ്.

ആലോചന തുടങ്ങിയപ്പോൾ തന്നെ ഇതു വന്നെങ്കിൽ, കുറച്ചുകൂടി കാത്തിരുന്നാൽ ഇതിലും നല്ലത് വരുമായിരിക്കും എന്ന പ്രതീക്ഷയാണ് ഒരു പ്രധാന കാരണം.

ഇതൊരു കാഴ്ചപ്പാടിന്റെ പ്രശ്നമായിട്ടാണ് എനിക്കു തോന്നുന്നത്. ഏറ്റവും നല്ല ബന്ധുതയാണല്ലോ എല്ലാവരും തേടുന്നത്. ഏറ്റവും നല്ലത് എന്ന ലക്ഷ്യവും ചിന്തയുമാണ് ഇവിടെ അനിശ്ചിതത്വം സൃഷ്ടിക്കുന്നത്.

കാരണം ഏറ്റവും നല്ലത് എന്ന സ്ഥാനം തികച്ചും ആപേക്ഷികം ആണ്.
ഓരോ വ്യക്തിയും അവരിൽ അവരിൽ തന്നെ അനന്യം (Unique) ആണ്.
അവരുടെ ഓരോ പ്രത്യേകതകൾ ഓരോരോ സന്ദർഭങ്ങളിൽ തിളങ്ങിയോ മങ്ങിയോ പ്രതിഫലിച്ചുകൊണ്ടിരിക്കും.
ആ തിളക്കം ആണ്, നല്ലത് എന്ന തോന്നൽ സൃഷ്ടിക്കുന്നത്.

എന്റെ അഭിപ്രായത്തിൽ, ഏറ്റവും നല്ലത് എന്നതിനു പകരം; വളരെ നല്ലത്, വളരെ യോജിച്ചത്, എന്ന ചിന്തയും പരിഗണനയും ആയിരിക്കണം കല്യാണം അന്വേഷിക്കുമ്പോൾ വേണ്ടത്.
വളരെ നല്ലതിനെ, നിങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ലതാക്കി മാറ്റാൻ നിങ്ങൾക്ക് കഴിയും.
കാരണം മനുഷ്യന് ഒരു പ്രത്യേകതയുണ്ട്, ഒരാളുടെ നന്മകൾ കണ്ടുപിടിച്ച് അതിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നാൽ അയാൾ കൂടുതൽ നന്നായി തിളങ്ങും. മറിച്ച്, കുറ്റം കണ്ടുപിടിച്ച് വിമർശിച്ചു കൊണ്ടിരുന്നാൽ അയാളുടെ തിളക്കം മങ്ങി ചിലപ്പോൾ വഷളായി മാറുകയും ചെയ്യും.

ഇങ്ങനെ മങ്ങിപ്പോയ എത്രയോ നഷ്ട ജീവിതങ്ങളാണ് നമുക്കു ചുറ്റും എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ.

വാത്സല്യത്തോടെയുള്ള വിമർശനവും, ഉറച്ച പിന്തുണയും, സന്ദർഭോചിതമായ സഹായവും, അസ്തമിക്കാത്ത ക്ഷമയും കൊണ്ട് ഒരു ഭാര്യക്ക് ഭർത്താവിനെയും, ഭർത്താവിന് ഭാര്യയെയും വളരെ നല്ല പങ്കാളി ആക്കി മാറ്റാം.

ഒരു കല്യാണാലോചന വരുമ്പോൾ, മിക്കവരും ആദ്യം പരിശോധിക്കുന്നത് അതിന്റെ കുറവുകളാണ്.
കുടുംബ ജീവിതത്തിന് തടസ്സമായേക്കാവുന്ന ഘടകങ്ങളോ, സ്ഥിതിവിശേഷമോ മറ്റേ ആളിന്റെ ജീവിതത്തിൽ ഉണ്ടോ എന്ന് സ്വകാര്യമായി അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്.
എന്നാൽ അയാളുടെ കുറവുകൾ അന്വേഷിച്ച് വീട്ടിലിരുന്ന് വിശകലനം ചെയ്യുന്നത് അബദ്ധമാണ്, സത്യമാണെങ്കിലും അല്ലെങ്കിലും, നിങ്ങളുടെ മനസ്സിൽ ഇക്കാര്യങ്ങൾ കിടക്കും.
ഇനി അയാളുമായി വിവാഹം നടന്നാൽ, ഈ ചിന്തകൾ പിന്നീട് ഒരു കല്ലുകടി ആകും.

ഒരു ആലോചന വന്നാൽ അത് അന്വേഷിക്കുക. പൊരുത്തപ്പെടുമെന്നു തോന്നിയാൽ പെണ്ണുകാണൽ നടത്തുക. പെണ്ണിനും ചെറുക്കനും പരസ്പരം ഇഷ്ടപ്പെട്ടാൽ, അത് ഉറപ്പിക്കുക.

ഉറപ്പിക്കുന്ന അവസരത്തിൽ പെണ്ണും ചെറുക്കനും തനിച്ച് സംസാരിച്ച് പരസ്പരം കണ്ണിൽ നോക്കി വാക്കുകൊടുക്കുന്നത് അവരുടെ ബന്ധം ദൃഢമാകാൻ സഹായിക്കും.
ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ ആലോചനയിൽ നിന്ന് നല്ല വാക്കു പറഞ്ഞ് പിന്മാറുക.

ഇനി വരുന്ന ആലോചനകൾക്ക്, നല്ല വശങ്ങൾ എന്തെല്ലാം ഉണ്ടെന്ന് ആദ്യം വിശകലനം ചെയ്യണം.
അത് വീട്ടിൽ എല്ലാവരും കേൾക്കെ ആകാം. ദോഷങ്ങൾ രഹസ്യമായിട്ട് ചർച്ച ചെയ്യുക.
നമ്മുടെ ഗുണദോഷങ്ങളുമായി താരതമ്യം ചെയ്തും നോക്കണം.

പിന്നെ ഒരു കാര്യം കൂടി ഓർമ്മിക്കണം.
ആദ്യം വന്ന പ്രൊപ്പോസൽ തന്നെ ഈസിയായിട്ട് അങ്ങ് നടന്നു എന്നു കരുതുക; കല്യാണം കഴിഞ്ഞ് ഓരോരോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ; ആ കാൻഡിഡേറ്റിന് ചിലപ്പോൾ തോന്നാം; ശ്ശോ ഞാൻ ഒന്നു കൂടി തപ്പി നോക്കിയിരുന്നെങ്കിൽ ഇതിലും നല്ല പങ്കാളിയെ കിട്ടുുമായിരുന്നു എന്ന്.
ഇങ്ങിനെയൊക്കെ മറിച്ചും തിരിച്ചും ചിന്തിച്ച് മനഃപ്രയാസം വിളിച്ച് വരുത്തുന്നത് മിക്ക മനുഷ്യർക്കും ഉള്ള ഒരു സ്വഭാവ വിശേഷമാണ്.

അതു കൊണ്ട് കുറച്ച് ഇച്ഛാഭംഗങ്ങൾ നേരിട്ടശേഷം; ഇച്ഛക്കൊത്ത ഒരു പങ്കാളിയെ കിട്ടുന്നതാണ്; എത്രയും നല്ലത്.
അങ്ങനെയുള്ളവർക്ക് കിട്ടിയതിന്റെ  മൂല്യത്തെക്കുറിച്ച് ശരിക്കും നല്ല ബോദ്ധ്യമുണ്ടായിരിക്കും. അത് നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കാനും അവർ അങ്ങേയറ്റം പരിശ്രമിക്കും.

Do not expect A "Perfect Partner"

You are expected to make the :

"Partnership Perfect"

What is Profile ID?
CHAT WITH US !
+91 9747493248