''നല്ല ഒരു വിവാഹബന്ധത്തിന് വഴിതെളിഞ്ഞു വരുന്നത് പലർക്കും ഒരു സമസ്യയായി മാറുന്നല്ലോ? ചില കാര്യങ്ങൾ ചേരുമ്പോൾ വേറെ പലകാര്യത്തിലും ചേരാതെ വരുന്നു. എല്ലാം ചേരുന്ന, എല്ലാവർക്കും ബോധിച്ച, ഒരു ബന്ധം കിട്ടാൻ എന്തൊരു വിഷമമാണ്. കല്യാണം അന്വേഷിക്കാൻ ഒരു മാർഗ്ഗരേഖ ഉണ്ടാക്കാൻ കഴിയുമോ? ''
പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞനാണ് പണ്ട് എന്നോട് ഇതു ചോദിച്ചത്. അന്നത്തെ എന്റെ മറുപടി ''വിവാഹാലോചനക്ക് മാർഗ്ഗരേഖയോ?'' എന്ന പേരിൽ 2002 ആഗസ്റ്റ് മാസികയിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു.
പക്ഷേ, അപ്പോൾ മുതൽ എന്റെ പ്രവർത്തനങ്ങളെ വളരെയേറെ സ്വാധീനിച്ച ഒരു ചിന്തയായിരുന്നു ഇത്. വിവാഹം ആലോചിക്കുന്നവർക്ക് വേണ്ടി ഒരു മാർഗ്ഗരേഖ സാദ്ധ്യമാണോ?. അത് പരീക്ഷിക്കാനാണ് 2003 മാർച്ചിൽ ബെത്-ലെഹം സെന്റർ ഫോർ റിസർച്ച് ആൻഡ് ഫാമിലി ഡെവലപ്മെന്റ് രൂപം കൊണ്ടത്.
വൈവാഹിക സേവനത്തിൽ നിന്നും 25 വർഷം കൊണ്ട് എനിക്കു ലഭിച്ച, എഴുതിയാൽ തീരാത്തത്ര അനുഭവങ്ങളും, അതിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ വൈവാഹിക സംഗമങ്ങളിൽ വിവാഹാർത്ഥികളുടെയും മാതാപിതാക്കളുടെയും ഗ്രൂപ്പുകളുണ്ടാക്കി അവിടെ ചർച്ച ചെയ്ത് ഉരുത്തിരിഞ്ഞു വന്ന കണ്ടെത്തലുകളും, ഓരോ കഥകളായി എഴുതി ബെത്-ലെഹം മാസികയിലും വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തി വന്നിരുന്നു.
ഈ ലോക്ക്ഡൌൺ കാലത്ത് അതിൽ നിന്നും, വിവാഹാലോചനയിലെ ഏതാണ്ട് എല്ലാ സമസ്യകളും പ്രതിപാദിക്കുന്ന 112 കഥകൾ തിരഞ്ഞെടുത്ത് “The Theory of Marriage Alliance- ബെത്-ലെഹമിലെ കല്യാണവിശേഷങ്ങൾ” എന്ന ബൃഹത്തായ ഒരു ബഹുവർണ്ണ സചിത്രഗ്രന്ഥം പ്രസിദ്ധീകരിച്ചു.
ഇന്നത്തെ ചെറുപ്പക്കാർ അവരുടെ വിദ്യാഭ്യാസവും ജോലിയും ഒക്കെ പ്രോജക്ടുകളായി ചെയ്തു പഠിച്ച് വളർന്നു വന്നിരിക്കുന്നവരാണ്. വിവാഹ അന്വേഷണവും ഒരു പ്രോജക്ട് ആണെന്ന് സങ്കല്പിച്ച്, ഇത് വായിക്കുന്ന ഏതൊരാൾക്കും, അവരുടെ വിവാഹത്തിന്റെ അർത്ഥവും, വ്യാപ്തിയും, ഉദ്ദേശലക്ഷ്യങ്ങളും, സ്വയം മനസ്സിലാക്കി, സ്വയം പ്രഖ്യാപിക്കാൻ, അവരെ പ്രേരിപ്പിക്കുകയും, സഹായിക്കുകയും ചെയ്യുന്ന, രസകരമായ പ്രായോഗിക ചിന്തകളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. മാതാപിതാക്കളും മക്കളും മുൻകൂട്ടി അറിഞ്ഞിരിക്കേണ്ട ചില അനർത്ഥങ്ങളുടെ സാദ്ധ്യതകളും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
1200 രൂപ വിലയുള്ള ഈ ഗ്രന്ഥം ബെത്-ലെഹം പ്രീമിയം അഗങ്ങൾക്ക് കോംപ്ളിമെന്ററി കോപ്പിയായി അയച്ചു കൊടുത്തു കൊണ്ടിരിക്കുന്നു.
പുസ്തകം വായിച്ച നിരവധി മാതാപിതാക്കളുടെ അഭിപ്രായത്തിൽ ഇതെല്ലാം മക്കൾ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. പക്ഷേ, വായന അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, നമ്മുടെ ചെറുപ്പക്കാർക്ക്, ഇതു മുഴുവൻ വായിക്കാൻ സമയം എവിടെ?. പലർക്കും മലയാളം വായിക്കാനും അറിയില്ല. ഓഡിയോ ബുക്കുകളാണത്രെ അവർക്ക് കൂടുതൽ സൌകര്യം.
മക്കളുടെ ഈ പരിമിതികൾ പരിഗണിച്ച്, ഈ ഗ്രന്ഥത്തിലെ ഏറ്റവും പ്രസക്തവും പ്രധാനപ്പെട്ടതുമായ ഒൻപത് കഥകൾ ചേർത്ത് രൂപപ്പെടുത്തിയ ഒരു ചെറുഗ്രന്ഥത്തിന്റെ ഡിജിറ്റൽ രൂപം “Guide to Marriage - വിവാഹാലോചനകൾക്ക് ഒരു വഴികാട്ടി” എന്ന പേരിൽ ഇതോടൊപ്പം പ്രസിദ്ധീകരിക്കുകയാണ്. വായിക്കാൻ പറ്റാത്തവർക്ക് വേണ്ടി ഓഡിയോ വെർഷനും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇത് പ്രസിദ്ധീകരിക്കും മുമ്പ്, സാംപിൾ കേട്ട് അഭിപ്രായം അറിഞ്ഞ് തിരുത്തലുകൾ വരുത്താനായി ഏതാനും അവിവാഹിതർക്ക്, ഈ പ്ളേ ലിസ്റ്റ് ഞാൻ അയച്ചു കൊടുത്തിരുന്നു.
"അങ്കിളേ, തനിച്ച് ഡ്രൈവ് ചെയ്യുന്നതിനിടയിൽ ബോറടി മാറ്റാനായി വെറുതെ ഇതൊന്നു കേട്ടു നോക്കിയതാണ്, പക്ഷേ, എല്ലാം കേട്ടു തീരുന്നതു വരെ ഞാൻ കാർ ഓടിച്ചു കൊണ്ടേയിരുന്നു".
"എന്റെ മാതാപിതാക്കളെ കൂടി ഇതൊക്കയൊന്ന് കേൾപ്പിക്കണം എന്ന് എനിക്ക് തോന്നി, അതിനു വേണ്ടി അവരെയും കൂട്ടി വീണ്ടുമൊരു യാത്ര കൂടി ചെയ്ത്, ഈ കഥകൾ രണ്ടാം പ്രാവശ്യവും രസം പിടിച്ച് ഞാൻ കേട്ടു, ഇനിയും കേൾക്കാൻ തോന്നുന്നുണ്ട്. മാത്രവുമല്ല പേരന്റ്സുമായി എനിക്കുണ്ടായിരുന്ന കുറെ തർക്കങ്ങൾ ആ യാത്രയിൽ ഭംഗിയായി അവസാനിക്കുകയും ചെയ്തു. താങ്ക്സ് അങ്കിൾ" ഇതായിരുന്നു ഒരു പെൺകുട്ടിയുടെ മറുപടി.
പ്രിയപ്പെട്ടവരേ, 2021 ലെ ഈ ക്രിസ്തുമസ് വേളയിൽ ഒത്തിരി സന്തോഷത്തോടും, തൃപ്തിയോടും അതിലേറെ അഭിമാനത്തോടും കൂടി നിങ്ങളുടെ സമക്ഷം സാദരം സമർപ്പിക്കുന്നു 25 വർഷത്തെ അനുഭവപാഠങ്ങൾ ആറ്റിക്കുറുക്കിയെടുത്ത് ഒന്നര മണിക്കൂർ കൊണ്ട് കേൾക്കാൻ സാധിക്കുന്ന ഒരു അസാധാരണ അനുഭവം!
ബെത്-ലെഹമിൽ നിന്നും ഇതാ നിങ്ങൾക്കൊരു ക്രിസ്തുമസ് സമ്മാനം
Guide To Marriage
വിവാഹാലോചനകൾക്ക് ഒരു വഴികാട്ടി.
എല്ലാവർക്കും ബെത്-ലെഹമിലെ കാലിത്തൊഴുത്തിൽ പിറന്ന രക്ഷകന്റെ ശാന്തിയും സമാധാനവും ആശംസിച്ചു കൊള്ളുന്നു.
സസ്നേഹം ജോർജ്ജ് കാടൻകാവിൽ.
ഡയറക്ടർ ബെത്-ലെഹം മാട്രിമോണിയൽ