ഒരനുഭവം പങ്കു വെയ്ക്കാം. ഞാൻ താമസിക്കുന്ന ബ്ളെസ്സ് റിട്ടയർമെന്റ് ഹോമിലെ നടപ്പാതയുടെ അരികിൽ ഒരു കൃത്രിമ വെള്ളച്ചാട്ടമുണ്ട്, അതോട് ചേർന്ന് കുറേ ഇല്ലിമുളകൾ കൂട്ടമായി വളരുന്നു, അലങ്കാര മുളകളാണ് വെച്ചു പിടിപ്പിച്ചിരിക്കുന്നത്. അതിൽ പുതിയ മുളകൾ പൊട്ടി മുളച്ചു വരുന്നത് കാണാൻ നല്ല ഭംഗിയാണ്. മണ്ണിനടിയിൽ നിന്നും തലയൊന്നു പുറത്തേക്കിടാനായി വെമ്പൽ കൊണ്ട്, അതങ്ങനെ വിജൃംഭിച്ചു നിൽക്കുന്നതു കാണുമ്പോൾ, ഇവൻ ഇന്നു തന്നെ തല പുറത്തിടും എന്നു തോന്നിപ്പോകും. പക്ഷേ ഇന്നു വരും നാളെ വരും എന്നു തോന്നിപ്പിക്കുമെങ്കിലും, തല പുറത്തു വന്ന് ഏതാനും കുഞ്ഞിലകൾ വിരിയുമ്പോഴേക്കും മാസങ്ങൾ കുറേ എടുക്കും.
ഒരു ദിവസം ഞാനൊരു പരോപകാരം ചെയ്തു. വിരിയാൻ എളുപ്പമാകട്ടെ എന്നുദ്ദേശിച്ച്, വിരിയാൻ വെമ്പി നിന്ന ഒരു മുളം കൂമ്പിന് ചുറ്റുമുള്ള മണ്ണ് ഞാൻ അല്പം ഇളക്കിയിട്ടു കൊടുത്തു. എങ്കിലും എന്റെ അത്ര ആവേശം ഒന്നും ആ മുളയക്ക് ഉണ്ടായില്ല, അത് സാവകാശം അതിന്റേതായ സമയം എടുത്ത് മാത്രമേ തല പുറത്തിട്ടുള്ളു. പക്ഷേ ആ കൂമ്പിന് നല്ല വലുപ്പം ഉണ്ടായിരുന്നിട്ടും, മെലിഞ്ഞ് ശോഷിച്ച വണ്ണം കുറഞ്ഞ ഒരു മുളം തണ്ടായിട്ടാണ് അത് വളർന്നു വന്നത്. കഷ്ടം! വെളുക്കാൻ തേച്ചത് പാണ്ടായല്ലോ എന്ന് എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. പിന്നൊരിക്കലും മുളയുടെ ചുവട് മാന്താനോ, വളരാൻ നിർബന്ധിക്കാനോ ഞാൻ ശ്രമിച്ചില്ല. ഉള്ള വളർച്ച കണ്ട് ആസ്വദിക്കുകയും, അഭിമാനിക്കുകയും, സന്തോഷിക്കുകയും ചെയ്താൽ മതി എന്ന് ഞാൻ മനസ്സിൽ നിശ്ചയിച്ചു.
ആദ്യത്തെ ഒരടി ഉയരം വളർന്നു കഴിഞ്ഞാൽ, പിന്നീടുള്ള അതിന്റെ വളർച്ച ഫാസ്റ്റ് ട്രാക്കിലാണ്. ഇരുപത് ദിവസം കൊണ്ട് ഇരുപതടി ഉയരം വളർന്നത് ദിവസേന ഫോട്ടോ എടുത്ത് ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. എന്നും ഈ മുളം കൂട്ടത്തിൽ നിന്ന് ഫോട്ടോ എടുക്കുന്നത് ശ്രദ്ധിച്ച എന്റെ സഹവാസികൾ ചോദിക്കും, എന്താ ഇവിടെ വിശേഷം എന്ന്. അവരോട് പുതുതായി പുറത്തു വന്ന ഒരു മുളം തൈ കാണിച്ച് ഞാൻ മുളയുടെ കഥ പറഞ്ഞു കൊടുത്തു. അനേക മാസങ്ങൾ മണ്ണിനടിയിൽ ഞെരുങ്ങി കിടന്ന് വളരാനുള്ള കരുത്താർജിച്ചിട്ടാണ് ഇവൻ പുറത്തു വരുന്നത്. പുറത്തു വന്നാൽ പിന്നെ, മറ്റൊരു സസ്യത്തിനും ഇല്ലാത്ത അത്ര വേഗത്തിലാണ് ഇവന്റെ വളർച്ച എന്നൊക്കെ വിവരിക്കും. ദിവസവും ആരെയെങ്കിലും വിളിച്ച് ഈ മുളയുടെ അടുത്തു നിർത്തി ഫോട്ടോ എടുക്കും. അവരെ ഈ മുളയുടെ മുൻ ദിവസങ്ങളിലെ പടങ്ങൾ കാണിച്ച് വളർച്ചയുടെ വേഗത്തെക്കുറിച്ച് ചർച്ച ചെയ്യും. ഇതു കൊള്ളാമല്ലോ എന്ന് എല്ലാവരും തലകുലുക്കും.
അങ്ങിനെ നല്ല ശ്രദ്ധയും ധാരാളം പ്രശംസയും അംഗീകാരവും ഒക്കെ ലഭിച്ചിട്ടാവണം, ആ മുളംതൈ മറ്റുള്ളവയെ അപേക്ഷിച്ച് അല്പം കൂടുതൽ കരുത്തിലും വണ്ണത്തിലും വേഗത്തിലും വളർന്നു വന്നു. ഇപ്പോൾ ആ കൂട്ടത്തിലെ ഏറ്റവും ഉയരമുള്ള മുളയായി വളർന്നിരിക്കുന്നു.
ആ മുളംതൈയ്യിന്, അതിന്റെ ആരുമല്ലാത്ത ചിലരിൽ നിന്നും അനുകൂലമായ പരിചരണം ലഭിച്ചതു കൊണ്ട് വളർന്ന് കൂടുതൽ ഉയരങ്ങളിലെത്താൻ സാധിച്ചു. പ്രതികൂലമായ പരിചരണം ലഭിച്ച മുളംതൈ ശോഷിച്ചു പോവുകയാണ് ചെയ്തത്.
മനുഷ്യരുടെ കാര്യത്തിലും ഇതു തന്നെയല്ലേ അവസ്ഥ. നമ്മൾ ഇടപെടുന്ന ഓരോ മനുഷ്യരെയും, വളർത്താനോ തളർത്താനോ ഉള്ള നിമിത്തങ്ങൾ ആണ് നമ്മുടെ ഓരോ വിധത്തിലുള്ള പെരുമാറ്റം വഴി, നമ്മൾ നടത്തി കൊണ്ടിരിക്കുന്നത്. പലപ്പോഴും വളർത്തുന്നതിനേക്കാൾ കൂടുതൽ, തളർത്തുന്ന പെരുമാറ്റമല്ലേ നമ്മൾ കാണിക്കാറുള്ളത്?
ഓരോ മനുഷ്യനും, അവരുടെ ജന്മസിദ്ധമായ വാസനകളും, വളർച്ചക്കിടയിൽ അവരുടെ മാതാപിതാക്കൾ ഉൾപ്പെടെ, അവരിടപഴകിയ എല്ലാവരിലും നിന്നുമായി ലഭിച്ച്, അവരെ സ്വാധീനിച്ച ചിന്തകളും, സ്വഭാവ രീതികളും ആണ് സ്വായത്തം ആക്കുന്നതും, പ്രകടിപ്പിക്കുന്നതും. അതു പക്ഷേ, നമുക്ക് പരിചയം ഇല്ലാത്തതോ, ഇഷ്ടമില്ലാത്തതോ ആയ രീതികൾ ആണെങ്കിൽ, സ്വാഭാവികമായും അവരോട് ഇടപെടാൻ നമുക്ക് മടിയും ഭയവും വെറുപ്പും ഒക്കെ തോന്നും.
ഇതു പോലെ തന്നെ ആയിരിക്കും നമ്മുടെ പെരുമാറ്റവും മറ്റുള്ളവർ കാണുന്നത് എന്ന് മറക്കരുത്. കാരണം അവരിൽ നിന്നും വ്യത്യസ്തമായ വിധത്തിൽ ആയിരിക്കും നമ്മൾ വളർന്നു വന്നിരിക്കുന്നത്. നമുക്കും ഉണ്ട് പലതരം ജന്തു പ്രകൃതങ്ങൾ. ഇങ്ങിനെ രണ്ടു കുട്ടരുടെ പ്രകൃതങ്ങൾ തമ്മിൽ ചേരാൻ പ്രയാസപ്പെടുന്നതിനെയാണ് പൊരുത്തക്കേട് എന്ന് പറയുന്നത്.
നമ്മളോട് സഹകരിക്കാൻ മടിയുള്ളവരുടെ പോലും സഹകരണം നേടി, അവരുടെ കഴിവും ശക്തിയും സിദ്ധികളും നമ്മുടെ ഏതെങ്കിലും ആവശ്യത്തിന് പ്രയോജനപ്പെടുത്തണമെങ്കിൽ, അവരുടെ വളർച്ചയ്ക്കു സഹായിക്കുന്ന നിലപാടെടുക്കുക എന്നതാണ് ഏറ്റവും ഉത്തമ മാർഗ്ഗം. അവരുടെ നന്മകളെ തിരിച്ചറിയുക, അംഗീകരിക്കുക, പ്രശംസിക്കുക, അതിൽ അഭിമാനിക്കുക. ഇത്രയും മതി, പൊരുത്തക്കേടിന്റെ അസ്വസ്ഥതകൾ മാറ്റിയെടുക്കാൻ.
Nurturing – പരിചരിക്കൽ, ഈ വാക്ക് മനസ്സിരുത്തി ശ്രദ്ധിക്കണം. ഉചിതമായ പരിചരണം കൊണ്ട് ജീവിത പങ്കാളിയെയും മക്കളെയും നിങ്ങൾക്ക് സ്ഥിരമായി ഇടപെടേണ്ട ആരെയും, നിങ്ങൾക്കു യോജിക്കുന്ന പ്രകൃതമുള്ളവരാക്കി വളർത്താനും, അതു വഴി പൊരുത്തക്കേടുകൾ മയപ്പെടുത്താനും സാധിക്കും എന്ന് വിശ്വസിക്കണം. അതിനു വേണ്ടി മടുപ്പില്ലാതെ ദീർഘനാൾ പരിശ്രമിക്കാനും തയാറാകണം.
പ്രിയപ്പെട്ടവരെ നമുക്ക് വളർത്തുന്ന സ്വഭാവമുള്ളവരാകാം. നമ്മുടെ ചുറ്റുമുള്ള, നമ്മൾ ഇടപെടുന്ന ഏതൊരാൾക്കും, അവരുടെ അറിവോ, കഴിവോ, സിദ്ധികളോ വളരാൻ അനുകൂലമായ സാഹചര്യം ഒരുക്കുക. അപ്പോൾ അവരുടെ വളർച്ചയിൽ നമുക്കും അഭിമാനം തോന്നും. അതു വഴി സ്വയം ബഹുമാനം തോന്നും. അവരുമായുള്ള പൊരുത്തക്കേടുകൾ അപ്രസക്തമായി മാഞ്ഞുപോകും. നമ്മൾ ചെയ്ത് കൊടുത്തതിന് ഒക്കെ കണക്ക് പറഞ്ഞ് മുഷിപ്പിക്കാതിരുന്നാൽ, അത് മനസ്സിലാക്കുന്നവരിൽ നിന്നും നമുക്ക് തിരികെയും ബഹുമാനം ലഭിക്കും.
മറ്റുള്ളവർ നന്നാകുന്നതു കൊണ്ട് എനിക്കെന്താ ഗുണം എന്നു ചിന്തിക്കുന്നവർക്ക് ഇത് സാധിക്കില്ല കേട്ടോ. അവർ കൂടുതൽ പൊരുത്തക്കേടുകൾ നേരിട്ടു കൊണ്ടേയിരിക്കും. ഓർക്കുക, ഒരു മോശം വാക്കോ, ഭാവമോ മതി ബന്ധം വഷളാക്കാൻ.
മറക്കല്ലേ, ഒരു നല്ല വാക്കോ ഭാവമോ മതി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ.