Back to articles

നിങ്ങളുടെ വീടിന്റെ മുമ്പിൽ ഒരു ടവർ വന്നാലോ ?

August 26, 2021

മനോഹരമായ ഒരു വീട് വെച്ച് അതിൽ താമസം തുടങ്ങാറാകുമ്പോഴേക്കും, ഇലക്ട്രിക്കൽ ഹൈടെൻഷൻ ലൈനിന്റെ ഒരു ടവർ വീടിന്റെ നേരെ മുന്നിൽ സ്ഥാപിക്കപ്പെട്ടാൽ, നിങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കും?

അതു തന്നെയായിരുന്നു അഞ്ചു വർഷം മുമ്പ് ബ്ളെസ്സ് റിട്ടയർമെന്റ് ലിവിംഗിൽ താമസം തുടങ്ങിയപ്പോൾ ഞങ്ങളുടെ അവസ്ഥയും. ഈ കെട്ടിട സമുച്ചയത്തിന്റെ മുൻ വശത്ത്, ഒത്ത നടുക്ക് മെയിൻ ഗേറ്റിനോട് ചേർന്ന് ഒരു 220 കെ.വി ലൈനിന്റെ ടവർ.

മനോഹരമായ ഈ ബിൽഡിംഗിന്റെ ഫ്രണ്ട് വ്യൂ മാത്രം ഫോട്ടോ എടുക്കാൻ സാധിക്കുന്നില്ല, കാരണം ആ ടവർ അവിടെ ഒരു നോക്കുകുത്തി പോലെ മുഴച്ചു നിൽക്കുന്നു. ആദ്യമൊക്കെ ഈ ടവറിൽ നോക്കുമ്പോൾ ശ്ശോ നേരെ മുന്നിൽ തന്നെ ഇതു വന്നുവല്ലോ എന്ന് വലിയ ഇച്ഛാഭംഗം തോന്നുമായിരുന്നു. ക്രമേണ അത് ശീലമായി, കാഴ്ചയുടെ ഭാഗമായി.

ലോക്ക്ഡൌൺ കാലത്ത്, എനിക്ക് ഓഫീസിൽ പോകാൻ സാധിക്കാതെ വന്നപ്പോൾ ധാരാളം സമയം മിച്ചം ലഭിച്ചു. അതു വിനിയോഗിക്കാൻ കണ്ടു പിടിച്ച ഹോബി ഫോട്ടോഗ്രാഫി ആയിരുന്നു. അല്പം കൂടിയ ഒരു മൊബൈൽ ഫോൺ വാങ്ങി, ഈ കാംമ്പസ്സും അനുബന്ധ ഭൂമിയും ചേർന്ന എട്ടേക്കറോളം സ്ഥലത്തെ ജൈവ വൈവിധ്യങ്ങളുടെ ഫോട്ടോ എടുക്കുക. അത് അപ്പപ്പോൾ വൺ ഡ്രൈവിൽ അപ്-ലോഡ് ചെയ്യും. എന്റെ ഗ്രാഫിക്സ് ടീമിന് ഷെയർ ചെയ്തു കൊടുത്തു. അവർക്ക് അങ്ങിനെ ഞങ്ങളുടെ സ്വന്തം ചിത്രങ്ങൾ ധാരാളമായി ലഭിക്കാൻ തുടങ്ങി, ഡിസൈനിംഗ് കൂടുതൽ സ്വകീയം ആയി മാറി.

ഒരു വയൽക്കരയിലെ കുന്നിൻ ചെരിവിലാണ് ഈ പ്രദേശം. വൈകുന്നേരങ്ങളിൽ ക്യാമ്പസിന്റെ പടിഞ്ഞാറേ മൂലയിൽ ചെന്നാൽ പാടത്തു നിന്നും വരുന്ന ഇളം കാറ്റും കൊണ്ടിരിക്കാം, അതൊരു പ്രത്യേക സുഖമാണ്. അവിടെ നിന്നുകൊണ്ട് സൂര്യാസ്തമയം കാണാനും നല്ല ഭംഗിയാണ്. പക്ഷേ അതിന്റെ ഫോട്ടോ എടുത്താൽ ഈ ഇലക്ട്രിക് ലൈൻ പടത്തിലെ കരടാകും.

ഒരു ദിവസം സൂര്യാസ്തമയ നേരത്ത് ആകാശത്ത് പതിവിലും വ്യത്യസ്തമായ വർണ്ണ വിസ്മയം. ഈ കാഴ്ച ലൈനിന്റെ തടസ്സമില്ലാതെ ക്ളിക് ചെയ്യാൻ ബിൽഡിംഗിന് നേരെ എതിർവശത്ത് ലൈനിനും അപ്പുറത്തുള്ള ഒരു പറമ്പിലേക്ക് അന്നാദ്യമായി ഞാൻ കാമറയുമായി കടന്നു ചെന്നു.

ആഹാ മനോഹരമായ ആകാശകാഴ്ച്ചകൾ, എല്ലാം ഒരു തടസ്സവും ഇല്ലാതെ ക്ളിക് ചെയ്തെടുത്തു. അവിടെ നിന്ന് തിരികെ ഞങ്ങളുടെ ബിൽഡിംഗിലേക്ക് നോക്കി. അന്തിവെയിലിൽ ബിൽഡിംഗ് തിളങ്ങി നിൽക്കുന്നത് കാണാൻ അതി മനോഹരമായിരിക്കുന്നു. ഒരു ഫോട്ടോ എടുത്തു നോക്കി. അയ്യേ, ആ ടവർ ശരിക്കും ഒരു നോക്കു കുത്തി പോലെ കാഴ്ച്ച മുടക്കി നിൽക്കുന്നു. എന്നാലും എന്റെ ടവ്വറേ എന്നു വിചാരിച്ച് ആ ടവറിനെ തന്നെ അല്പനേരം നോക്കി നിന്നു പോയി. അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്, അന്തിവെയിലിൽ ആ ടവ്വറും തിളങ്ങി നിൽക്കുകയാണ്. ഒരുപാട് കൈകളുള്ള ഏതോ പുരാണ കഥാപാത്രത്തെ ഓർമ്മിപ്പിക്കും വിധം നല്ല പ്രൌഢിയിൽ, രണ്ടു വശത്തേക്കും കൈവിരിച്ചു പിടിച്ചു നിൽക്കും പോലെ, കമ്പികൾ വിരിച്ച് തല ഉയർത്തി ആണ് ആ ടവറിന്റെ നിൽപ്പ്.

ഇതൊരു നല്ല കാഴ്ച്ചയാണല്ലോ എന്നു കരുതി ഞാൻ ആ ടവറിന്റെ ഒരു ഫോട്ടോയെടുത്തു നോക്കി. ആഹാ പ്രൌഢം, ഗംഭീരം, മനോഹരം. ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി, ആ ടവറിന്റെ പശ്ചാത്തലമായി, ഞങ്ങളുടെ കെട്ടിട സമുച്ചയം, മനോഹരമായി തിളങ്ങി നിൽക്കുന്നു.

ഒരു കാതലായ തത്വ ചിന്തയാണ് ഈ ഒരു അനുഭവത്തിലൂടെ എനിക്ക് ലഭിച്ചത്. നമ്മുടെ സ്വപ്നങ്ങൾക്ക് വിഘാതം സൃഷ്ടിച്ചു കൊണ്ട് എന്ന പോലെ നിൽക്കുന്ന, തടസ്സങ്ങൾ എന്ന് നമ്മൾ കണക്കാക്കുന്ന പലതും, സത്യത്തിൽ ഇതു പോലെ ഒക്കെ ആയിരിക്കില്ലേ?

ഈ ടവർ ഞങ്ങൾക്ക് ഒരു ശല്യമാണല്ലോ, അസൌകര്യം ആണല്ലോ, അഭംഗി ആണല്ലോ എന്നൊക്കെ അതിനെക്കുറിച്ച് എനിക്കുണ്ടായിരുന്ന മുൻവിധി സന്ദർഭവശാൽ മാറ്റി വെച്ച്, ആ ടവറിന്റെ സവിശേഷതകൾ ശ്രദ്ധിച്ചപ്പോഴാണ്, ഈ ശല്യത്തിനും ഭംഗിയുണ്ട് എന്ന് തിരിച്ചറിയാൻ കഴിഞ്ഞത്.

പ്രിയപ്പെട്ടവരെ, ഇപ്പോൾ അഭംഗി എന്നു നിങ്ങൾ കണക്കാക്കിയിരിക്കുന്ന ഓരോന്നിനെയും, ഇനി മറ്റു പല വശങ്ങളിൽ നിന്നും കൂടി വീക്ഷിച്ചു നോക്കണേ. ശല്യം എന്നു കരുതിയവയ്ക്ക് എന്തെങ്കിലും ഗുണം കൂടിയുണ്ടോ എന്നും നോക്കണേ. പോരായ്മ എന്നു കണക്കാക്കിയിരുന്ന ഓരോന്നും ഒരു പ്രത്യേകതയായിരുന്നോ എന്നും പരിശോധിക്കണം.

വിവാഹം അന്വേഷിക്കുന്നവരിൽ ഞാൻ ശ്രദ്ധിച്ചിരിക്കുന്ന ഒരു കാര്യമാണ്, ഓരോരുത്തരുടെ പോരായ്മകളെ കുറിച്ചുള്ള ധാരാളം മുൻവിധികൾ. സ്വന്തം പോരായ്മകൾ മൂടിവെക്കാനായി മറ്റുള്ളവരുടെ പോരായ്മകൾ ചികഞ്ഞു കണ്ടു പിടിച്ച് അത് എടുത്തു പറഞ്ഞ് സ്വയം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. അങ്ങിനെയാണ് നമ്മൾ സ്ഥിരം പരദൂഷണക്കാരായി മാറിപ്പോകുന്നത്.

ആരുടെയെങ്കിലും കാര്യത്തിൽ അസാധാരണമായി എന്തെങ്കിലും കാണുന്നത്, അവരുടെ പോരായ്മ ആയിരിക്കില്ല, അത് അയാളുടെ പ്രത്യേകത ആയിരിക്കാം എന്ന് മാറി ചിന്തിക്കാൻ ഈ കുറിപ്പുകൾ ഉപകാരപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ,

സസ്നേഹം

ജോർജ്ജ് കാടൻകാവിൽ
ഡയറക്ടർ ബെത്-ലെഹം മാട്രിമോണിയൽ.

What is Profile ID?
CHAT WITH US !
+91 9747493248