Back to articles

സിവിലൈസേഷനിലെ ബാലൻസിംഗ് മെക്കാനിസം!

July 24, 2021

മകളോട് അവളുടെ കല്യാണക്കാര്യം സംസാരിക്കുമ്പോഴൊക്കെ വീട്ടിൽ വഴക്കുണ്ടാകുന്നു, സാറിവളോട് ഒന്നു സംസാരിക്കണം എന്നു പറഞ്ഞ് അപ്പച്ചൻ ഫോൺ മകൾക്കു കൊടുത്തു.

അങ്കിളെ ഒരു നിബന്ധന വെച്ചിട്ടാണ് അങ്കിളിനോട് സംസാരിക്കാം എന്ന് ഞാനിവരോട് സമ്മതിച്ചിരിക്കുന്നത്. അതായത്, ഇനി ഞാൻ ആവശ്യപ്പെടാതെ എന്റെ കല്യാണക്കാര്യം ഈ വീട്ടിൽ സംസാരിക്കാൻ പാടില്ല എന്നതാണ് നിബന്ധന. ഇവര് വാക്ക് മാറ്റില്ലെന്ന് അങ്കിളിന് ഉറപ്പുണ്ടോ?

എന്റെ മോളേ, നീ ജനിച്ചപ്പോൾ മുതൽ നിനക്ക് അറിയുന്ന നിന്റെ മാതാപിതാക്കളുടെ കാര്യത്തിൽ നിനക്ക് ഉറപ്പില്ലെങ്കിൽ പിന്നെ, എനിക്കെങ്ങിനെയാ ഉറപ്പുണ്ടാകുന്നത്. അവര് ചിന്തിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഞാൻ ചിന്തിക്കുകയും, എന്റെ അഭിപ്രായം പറയുകയും ചെയ്യാം എന്ന ഉറപ്പു മാത്രമേ എനിക്ക് പറയാനുള്ളു.

ശരി അങ്കിൾ, എന്റെ പല കൂട്ടുകാരുടെയും, ചില ബന്ധുക്കളുടെയും കുടുംബ ജീവിതം ഞാൻ നേരിൽ കണ്ടിട്ടുണ്ട്. വല്യ ആഘോഷമായി കല്യാണം നടത്തിയിട്ട്, ഇപ്പോൾ എന്നും തമ്മിൽ തല്ലാണ്. എന്നിട്ട് മറ്റുള്ളവരെ കാണിക്കാനായി വെറുതെ സന്തോഷം അഭിനയിച്ചു ജീവിക്കുകയാണവർ. ഇതിലും ഭേദം അവിവാഹിത ആയി കഴിയുന്നതല്ലേ?. പക്ഷേ ഈ നാട്ടിലെ സാമൂഹ്യ വ്യവസ്ഥിതിയിൽ അങ്ങിനെ ഒന്നും ഞാൻ പറയാൻ പോലും പാടില്ലത്രെ. നാട്ടു നടപ്പ് ആചാരം ഉത്തരവാദിത്വം എന്നൊക്കെ പറഞ്ഞ് മനുഷ്യനെ കൂച്ചു വിലങ്ങിടുന്ന ഈ കുടുംബ ജീവിത കപടനാട്യത്തിന് എന്നെങ്കിലും ഒരു മാറ്റം വരുമോ?

മോളേ, നിനക്ക് ബോദ്ധ്യമില്ലാത്ത ഒന്നും നീ ചെയ്യേണ്ടതില്ല. സ്വന്തം അനുഭവങ്ങളുടെ തിരിച്ചറിവിൽ നിന്നും നിനക്ക് വ്യക്തമായി ബോദ്ധ്യപ്പെട്ടതു മാത്രം ചെയ്താൽ മതി. നമ്മൾ ജീവിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ ഇവിടെ പങ്കു വെയ്ക്കാം. അത് നിനക്ക് ബോദ്ധ്യപ്പെട്ടാൽ മാത്രം, നിനക്ക് ഒരു വിവാഹം വേണോ വേണ്ടയോ എന്നതിനെക്കുറിച്ചും നമുക്ക് സംസാരിക്കാം.

ശരി അങ്കിൾ.

മോള് വിമാനത്തിൽ യാത്ര ചെയ്തിട്ടില്ലേ, വിമാനത്തിന്റെ ഇന്ധനം നിറക്കുന്ന ടാങ്കുകൾ എവിടെയാണെന്നറിയാമോ? ഇരുവശത്തുമുള്ള അതിന്റെ ചിറകുകളിലാണ് അവ.  രണ്ടു ടാങ്കുകളിൽ നിന്നും ആനുപാതികമായിട്ടാണ് എൻജിനിലേക്ക് ഇന്ധനം എടുക്കുന്നതും. ഒരു ടാങ്കിൽനിന്നു മാത്രം ഇന്ധനം ഉപയോഗിച്ചാൽ മറ്റേ ടാങ്കു വെച്ചിരിക്കുന്ന ചിറകിന് ഭാരം കൂടി വിമാനം നിയന്ത്രിക്കാൻ പ്രയാസമാകും.  പരസ്പരം പൈപ്പ് വഴി ബന്ധിപ്പിച്ചിരിക്കുന്ന നിരവധി അറകളുള്ള ഒരു സംവിധാനമാണ്, വിമാനത്തിന്റെ  ഇന്ധന ടാങ്ക്. അല്ലായിരുന്നെങ്കിൽ വിമാനം വശങ്ങളിലേക്ക് ചെരിയുമ്പോൾ, ഇന്ധനം ആ വശത്തേക്ക് ഒഴുകി, ആ വശത്തിന് ഭാരം കൂടി, വിമാനത്തിന്റെ ബാലൻസ് നഷ്ടപ്പെടുമായിരുന്നു.

തേനീച്ചക്കൂട്, പല അറകളായിട്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അല്ലായിരുന്നെങ്കിൽ കാറ്റത്ത് ഇളകുമ്പോൾ തേൻ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി കൂട് തകർന്ന് പോകുമായിരുന്നു.

കോഴികളെ ലോറിയിൽ കൊണ്ടു വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? കമ്പിക്കൂടുകളിലിട്ട്, ആ കൂടുകളാണ് വണ്ടിയിൽ അട്ടിയടുക്കി വെക്കുന്നത്. അല്ലായിരുന്നെങ്കിൽ, അടിയിലുള്ള കോഴികൾക്ക് എന്താണ് സംഭവിക്കുക?.

പ്രകൃതിയിൽ ഉള്ളതോ, മനുഷ്യൻ നിർമ്മിച്ചതോ ആയ എല്ലാ സംവിധാനങ്ങളും, ഏതെങ്കിലും തരത്തിൽ ബാലൻസ് ചെയ്താണ് രൂപപ്പെട്ടു വന്നിരിക്കുന്നത്. ബാലൻസ് ചെയ്യാത്തത്, സന്തുലിതം ആകും വരെ തകർന്ന് പരിണമിച്ചു രൂപാന്തരപ്പെട്ടു കൊണ്ടേയിരിക്കും.

ഓരോ സമൂഹവും കുടുംബങ്ങൾ എന്ന കൊച്ചു കൊച്ചു കൂടുകൾ ഇണക്കി, ബാലൻസ് ചെയ്ത് രൂപപ്പെട്ടു വന്നതാണ്. കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യവും ബന്ധവും ആണ് ഈ കൂടുകളുടെ ബലവും ഉറപ്പും. ഓരോ സമൂഹത്തിന്റെയും അടിസ്ഥാന ഘടകമായ കുടുംബങ്ങൾ കെട്ടുറപ്പോടെ നിലനിൽക്കുമ്പോഴാണ് സമൂഹത്തിന് ബലവും കെട്ടുറപ്പും ലഭിക്കുന്നത്. ആ കെട്ടുറപ്പ് നിലനിർത്തണം എന്ന ലക്ഷ്യത്തോടെയാണ് മൂല്യങ്ങളും ചിട്ടകളും ഒക്കെ ഓരോ സമൂഹത്തിലും നിശ്ചയിച്ച് വെച്ചിരിക്കുന്നത്.

ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ഒരു ഇളക്കമോ, തകർച്ചയോ, ആ കുടുംബത്തെ ആകെ തകർക്കാതിരിക്കാനും. ഒരു കുടുംബത്തിന്റെ തകർച്ച, ആ സമൂഹത്തെ ആകെ തകർക്കാതിരിക്കാനും ഉതകും വിധം, അനേക കാലം കൊണ്ട് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നതാണ് നമ്മുടെ കുടുംബക്കൂടുകളുടെ ക്രമീകരണം.
ഇതിനെയാണ്, നമ്മൾ "സാമൂഹ്യ വ്യവസ്ഥിതി" എന്നു വിളിക്കുന്നത്.

പണ്ട് കാടത്തത്തിൽ ജീവിച്ച ഒരു ജന്തുവായിരുന്നു മനുഷ്യൻ. ഇന്നത്തെപ്പോലെ വിവാഹം കുടുംബം തുടങ്ങിയ ചിട്ടകളൊന്നും ഇല്ലാതെ സംഘമായി കഴിഞ്ഞ്, അവരവർക്ക് ഇഷ്ടമുള്ളതെല്ലാം അപ്പപ്പോൾ ചെയ്യുന്നതായിരുന്നു അന്നത്തെ ജീവിത ശൈലി.

കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ എന്ന മട്ടിൽ, ഓരോരുത്തരും അവർക്ക് തോന്നിയതു ചെയ്യുന്ന അവസ്ഥ. പക്ഷേ, അവനവനു സുഖം കിട്ടാനായി ഓരോരുത്തർ ചെയ്യുന്നത്, മറ്റുള്ളവർക്ക് ദുരിതം ആകുന്നു.  എത്ര കരുത്തനാണെങ്കിലും ശരി ഇന്ന് അവന്നുള്ള കയ്യൂക്ക് നാളെ ക്ഷയിച്ചു പോകും. കരുത്തനായ ഒരുത്തനെ പലര് ചേർന്നാൽ കീഴ്പ്പെടുത്താൻ സാധിക്കും. കയ്യൂക്കുള്ളവനും ദുരിതം ഭവിക്കുന്നു, വ്യക്തി ബലത്തേക്കാൾ ശക്തമാണ് സംഘബലം എന്നൊക്കെ കാലക്രമത്തിൽ അവർ തിരിച്ചറിഞ്ഞു.

വിശേഷബുദ്ധിയുടെ ഈ വക തിരിച്ചറിവുകളാണ് നമ്മുടെ സിവിലൈസേഷന്റെ ആരംഭം. അലിഖിത നിയമങ്ങളിൽ തുടങ്ങി പലകുറി- പലകുറി, കാല ദേശമനുസരിച്ച് പരിഷ്കരിച്ച് പരിഷ്കരിച്ചാണ് ഇന്നത്തെ അവസ്ഥയിൽ, ലിഖിതങ്ങളായ ഭരണഘടനകളും നിയമ സംഹിതകളും ഉള്ള പരിഷ്കൃത സമൂഹങ്ങൾ എന്ന നിലയിൽ  മനുഷ്യവംശം എത്തിയിരിക്കുന്നത്. ഇത് ഇനിയും മാറിക്കൊണ്ടുമിരിക്കും.

ഇന്ന് ഓരോ രാജ്യത്തിനും, ഓരോ സമുദായത്തിനും,  ഓരോ കുടുംബത്തിനും, അതിന്റേതായ ചിട്ടകളും ചട്ടക്കൂടുകളും ഉണ്ട്. അതതിന്റെ നാഥൻമാർക്ക് ചിലപ്പോഴൊക്കെ  അവരുടെ സാഹചര്യവും അതിന്റെ സമ്മർദ്ദവും അനുസരിച്ച് ആ ചിട്ടകളിൽ ഉചിതമോ അനുചിതമോ ആയ മാറ്റങ്ങൾ വരുത്തേണ്ടി വരാറുണ്ട്. ആ മാറ്റങ്ങൾ മറ്റു ബന്ധപ്പെട്ട ഘടകങ്ങളുമായി ബാലൻസ് ചെയ്യാതെ വരുമ്പോഴാണ് സമൂഹത്തിൽ സംഘർഷങ്ങൾ ഉടലെടുക്കുന്നത്. ഇതും സന്തുലിതം ആകും വരെ പരിണമിച്ചു കൊണ്ടേയിരിക്കും.

ഒരു ബലൂണിൽ പകുതി കാറ്റ് നിറച്ച ശേഷം രണ്ട് കൈകളും ഉപയോഗിച്ച് അത് ഞെക്കി ചെറുതാക്കാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്നു ശ്രമിച്ചു നോക്കൂ. എന്താ സംഭവിക്കുക? ബലൂണിന്റെ വീർക്കാൻ എളുപ്പമുള്ള ഭാഗങ്ങൾ വിരലുകളുടെ വിടവിലൂടെ വീർത്ത് പുറത്തേക്ക് തള്ളി വരും. കാറ്റ് കൂടുതലുണ്ടെങ്കിൽ അത് ചിലപ്പോൾ പൊട്ടിപ്പോകുകയും ചെയ്യും.

സമൂഹവും ഇതു പോലെയാണ്. സമ്മർദ്ദം കൂടുമ്പോൾ പ്രതികരിക്കാൻ ശേഷിയുള്ള ഭാഗങ്ങൾ വിടവുകളിലൂടെ പുറത്തു ചാടാൻ ശ്രമിക്കും. സമ്മർദ്ദം നിയന്ത്രിച്ചും, വിടവുകൾ അടച്ചും, വ്യക്തികളെ ബലപ്പെടുത്തിയും, ബന്ധങ്ങൾ തകർന്നു പോകാതെ സൂക്ഷിക്കുകയാണ് ഓരോ സാമൂഹ്യജീവിയുടെയും കർത്തവ്യം.

ഇതൊക്കെ അസ്സഹനീയമായോ, അർത്ഥശൂന്യമായോ അനുഭവപ്പെടുന്നവർക്ക്, ഒന്നുകിൽ അതിനെതിരെ പടപൊരുതാം. അല്ലെങ്കിൽ അതിൽ നിന്നും ഒഴിഞ്ഞു മാറാം. പക്ഷേ ശരിക്കും ആർജ്ജവം ഉള്ളവരാണെങ്കിൽ അതിന് പ്രതിവിധി കണ്ടു പിടിക്കാനാണ് ശ്രമിക്കുക.

സാമൂഹ്യ മാറ്റത്തിനു വേണ്ടി പരിശ്രമിക്കുമ്പോൾ, ഒരു സാമൂഹ്യ ഇടപെടലിന് പ്രസക്തിയുള്ള കാര്യമാണോ നിങ്ങളെ അസ്വസ്ഥമാക്കുന്നത് എന്ന് നന്നായി ആലോചിക്കണം. ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അയാളുടെ വ്യക്തിപരമായ പ്രശ്നമാണ്. ഇവിടെ ബന്ധുക്കളും സുഹൃത്തുക്കളും അധികാരികളും മറ്റ് വിദഗ്ദരും വഴിയാണ് പ്രശ്നപരിഹാരം തേടേണ്ടത്. നിരവധി വ്യക്തികൾക്ക് ഒരേ പ്രശ്നം അനുഭവപ്പെടുമ്പോഴാണ് അത് സാമൂഹ്യ പ്രശ്നം ആകുന്നത്. അപ്പോഴാണ് സാമൂഹ്യ ഇടപെടലിലൂടെ പ്രതിവിധികൾ കണ്ടെത്തേണ്ടത്.

ഏതൊരു പ്രതിവിധിയും സമൂഹത്തിൽ ആർക്കെങ്കിലും അസ്വസ്ഥത സൃഷ്ടിക്കും എന്ന് ഉറപ്പാണ്. വ്യവസ്ഥിതിയെ അപ്പാടെ എതിർക്കുമ്പോൾ അതിന്റെ പലമടങ്ങ് ശക്തിയിലുള്ള സമ്മർദ്ദം തിരികെയും വരും എന്നു മനസ്സിലാക്കിയിരിക്കണം. ആവശ്യം നടത്തിയെടുക്കാൻ സഹായിക്കുന്ന ബദൽ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതാണ് കൂടുതൽ ഫലപ്രദം.

അതിനു ശ്രമിക്കുന്നവരുടെ വാക്കും പ്രവർത്തികളും, മറ്റുള്ളവർ ഉടനടി അപ്പാടെ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കരുത്. അവർ നിങ്ങൾക്ക് എത്ര വേണ്ടപ്പെട്ടവർ ആയിരുന്നാൽ പോലും, അവരുടെ അഭിപ്രായ ഭിന്നത പ്രതീക്ഷിക്കണം, അവിടെ ആശയ സമന്വയത്തിന് വേണ്ടിയും പരിശ്രമിക്കണം. നിങ്ങളുടെ പരിശ്രമം വിജയിക്കുമ്പോൾ ആദ്യം എതിർത്തവരും, നിങ്ങളോടൊപ്പം ചേർന്നു കൊള്ളും.

സ്വന്തം തിരിച്ചറിവും സ്വയം ബോദ്ധ്യപ്പെടലും പ്രതിവിധി കണ്ടെത്താനുള്ള സാദ്ധ്യതയും  ഇല്ലാതെ, സമ്മർദ്ദത്തിന് വഴങ്ങിയോ, ആരുടെയെങ്കിലും വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടരായിട്ടോ, ഏതെങ്കിലും തിക്താനുഭവത്തോട് പ്രതിഷേധിക്കാനോ മാത്രമായി വ്യവസ്ഥിതി മാറ്റാൻ ഇറങ്ങി തിരിക്കരുതേ.

ഇതിനൊരു നല്ല മറുവശം കൂടിയുണ്ട്. സാമൂഹത്തെ ആകെ മാറ്റണമെങ്കിൽ, ഇവിടെ വിവരിച്ചതിലും വളരെ അധികം ത്യാഗങ്ങളും കഷ്ടതകളും, ചിലപ്പോൾ ആയുഷ്ക്കാലം മുഴുവനും ക്ഷമയോടെ സഹിക്കേണ്ടി വന്നേക്കാം. നല്ല ഉൾക്കരുത്തും, സ്ഥിര പരിശ്രമവും, ആർജ്ജവവും വേണം. അതിന്റെ ചെറിയൊരു ഭാഗം ത്യാഗവും പരിശ്രമവും കൊണ്ട് നീ കണ്ടതിൽ പലർക്കും, അവരുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചമാക്കിയെടുക്കാൻ സാധിക്കുമായിരുന്നില്ലേ?.

മോളേ, നീ നേരിട്ട് കണ്ട കപടനാട്യ സാമ്പിളുകളാണ് കുടുംബ ജീവിതം അരോചകമാണെന്ന് നിനക്ക് തോന്നാനിടയാക്കിയത്. നീ അവരെ ഇനിയും നിരീക്ഷിക്കണം. കൂടുതൽ സാമ്പിളുകൾ പരിശോധിക്കണം. ത്യാഗം, പരിശ്രമം, ക്ഷമ, നർമ്മം, സ്നേഹം, വകതിരിവ് ഇവയുടെ പോരായ്മ ആയിരുന്നോ, അവരുടെ അസ്വസ്ഥതകൾക്ക് കാരണം എന്നു കൂടി വിലയിരുത്തിയ ശേഷം നിനക്ക് ബോദ്ധ്യമുള്ള ഏതു തീരുമാനവും നിനക്ക് എടുക്കാം.

ഇവിടെ വിവരിച്ചതുൾപ്പെടെ വരും വരായ്കകൾ എല്ലാം പരിഗണിച്ച് ശേഷം ലഭിച്ച ഉറച്ച ബോദ്ധ്യത്തിൽ നിന്നാണ് നിന്റെ തീരുമാനമെങ്കിൽ, നിന്റെ മാതാപിതാക്കൾ അവരുടെ വാക്കു മാറ്റില്ല എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്.

പ്രിയപ്പെട്ടവരേ, നിങ്ങളുടെ മക്കൾ സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ച് രോഷം കൊണ്ട് നിങ്ങളോട് പൊട്ടിത്തെറിക്കുന്നത് അവരുടെ ബലഹീനതയായി കണക്കാക്കി അപ്പാടെ നിരുത്സാഹപ്പെടുത്തരുതേ. സാമൂഹ്യമാറ്റത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള ആർജ്ജവം അവർക്ക് ഉണ്ട് എന്നതിന്റെ അടയാളമായി കണക്കാക്കണം. വ്യവസ്ഥിതി ശരിയല്ലെന്നു നിനക്കു തോന്നുന്നുണ്ടെങ്കിൽ അതിന് സ്വന്ത നിലയിൽ ഒരു മാറ്റം വരുത്താൻ പരിശ്രമിക്കൂ എന്നാണ് അവരോട് പറയേണ്ടത്.


സസ്നേഹം
ജോർജ്ജ് കാടൻകാവിൽ.
ഡയറക്ടർ ബെത്‌ലെഹം

What is Profile ID?
CHAT WITH US !
+91 9747493248