അങ്കിളേ ഈ പ്രേമം, പ്രണയം എന്നൊക്കെ പറയുന്നത്, വെറും കവി ഭാവനയല്ലേ? കാര്യസാദ്ധ്യത്തിനു വേണ്ടി ഓരോരുത്തര് വർണ്ണിച്ചു കൂട്ടുന്ന വെറും പുറം പൂശലുകളല്ലേ ഇത്?
കല്യാണമേ വേണ്ടെന്നു പറഞ്ഞ് മുമ്പ് ഒരിക്കൽ എന്നെ വിളിച്ച് ദീർഘ നേരം സംസാരിച്ചിട്ടുള്ള ഒരു പെൺകുട്ടിയാണ്, ഇപ്പോൾ പുതിയ ചിന്താ ശകലവുമായി എന്നെ ഫോണിൽ വിളിച്ചിരിക്കുന്നത്.
താങ്ക്-യൂ മോളേ, ഈ മാസം ഞാൻ എന്തിനെ കുറിച്ച് എഴുതണം എന്നു ചിന്തിച്ച് ഇരിക്കുകയായിരുന്നു, അപ്പോഴാണ് നീ വിളിക്കുന്നത്. മോള് പറയൂ, എന്താണ് നിന്റെ പുതിയ ഫിലോസഫിക്ക് പിന്നിൽ.
അത് അങ്കിളേ, എന്നെ ഇഷ്ടമാണെന്നും, എന്നോട് ഒരുപാട് സ്നേഹമാണെന്നും പറഞ്ഞ ഒരു പയ്യനോട്, എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അതേ സമയം, എനിക്ക് ഒരു പയ്യനെ ഒത്തിരി ഇഷ്ടം തോന്നിയിട്ട് അത് ഞാൻ എന്റെ വീട്ടിൽ പറഞ്ഞു, എന്റെ മാതാപിതാക്കൾക്കും ഇഷ്ടമായി, അവര് പയ്യന്റെ വീട്ടിൽ വിളിച്ച് കല്യാണം ആലോചിച്ചു, അവർക്കും താല്പര്യം ആയി. പയ്യൻ എന്നോട് ഫോണിൽ കുറേ നേരം സംസാരിച്ചു. ഞങ്ങളുടെ സംഭാഷണം രസകരവും, നല്ല ഉത്സാഹത്തിലും ആയിരുന്നു. പിന്നെ വിളിക്കാം എന്നു പറഞ്ഞ് പയ്യൻ സംസാരം അവസാനിപ്പിച്ചു. പയ്യൻ എന്നിട്ട് അവന്റെ വീട്ടുകാരോട് പറഞ്ഞു, നല്ല കുട്ടിയാണ്, മിടുക്കിയാണ്, പക്ഷേ എന്നെ കല്യാണം കഴിക്കാൻ തക്ക വിധമുള്ള ഒരിഷ്ടം അവന് എന്നോട് തോന്നുന്നില്ലത്രെ.
പോട്ടെ, എന്നോട് പ്രണയം തോന്നിയ ആളോട് എനിക്ക് ഒന്നും തോന്നിയില്ലല്ലോ. അതുപോലെ, എനിക്ക് പ്രണയം തോന്നിയ ആളിന്, എന്നോടും ഒന്നും തോന്നിയില്ല. അതു കൊണ്ട് ഞാനത് ടിറ്റ് ഫോർ ടാറ്റ് എന്ന് സമാധാനിച്ചു. എന്നാലും പിന്നെയും പിന്നെയും ആലോചിക്കുമ്പോൾ ഒരു സംശയം! പ്രണയം എന്നത് സത്യമാണോ?
മിടുക്കി, ഇച്ഛാഭംഗം എന്നും പറഞ്ഞ് നീ ഡിപ്രഷൻ അടിക്കാനൊന്നും പോയില്ലല്ലോ. ആരോടെങ്കിലും അതെക്കുറിച്ച് ചർച്ച ചെയ്യണമെന്നും ഉത്തരം അന്വേഷിക്കണമെന്നും നിനക്ക് തോന്നിയല്ലോ. നല്ല പ്രായോഗിക ബുദ്ധിയുണ്ട് മോളെ നിനക്ക്.
മോളോട്, ഞാനൊരു കാര്യം ചോദിക്കട്ടെ, നിനക്ക് നിന്നെ ഇഷ്ടമാണോ?
ഉത്തരം നീ എന്നോട് പറയണ്ട, നിന്റെ മനസ്സിൽ ആലോചിച്ചാൽ മതി.
നിനക്ക് നിന്നോട് പ്രണയം ഉണ്ടെങ്കിലേ, മറ്റൊരാളെ പ്രണയിക്കാനും, പ്രണയം അറിയാനും, അനുഭവിക്കാനും, ആസ്വദിക്കാനും സാധിക്കൂ.
നിനക്ക് നിന്നോട് പ്രണയമുണ്ടെങ്കിൽ നീ നിന്നെത്തന്നെ കൂടുതൽ മെച്ചപ്പെടുത്താനും, നിന്റെ ബന്ധങ്ങൾ മെച്ചപ്പെടുത്താനും, മടുപ്പില്ലാതെ ഉത്സാഹിച്ചു കൊണ്ടിരിക്കും.
ഉത്സാഹം (Enthusiasm) എന്നത് പ്രത്യേകം ശ്രദ്ധിക്കണം, വാക്കുകൾ ആവശ്യം ഇല്ലാത്ത ഒരു ഭാഷയാണത്. അറിയുന്നവരിലേക്കും അടുത്തുള്ളവരിലേക്കും, വൈറസിനേക്കാൾ വേഗത്തിൽ പടർന്നു പിടിക്കാൻ കഴിവുള്ള ഒരു നല്ല സ്വഭാവ വിശേഷമാണ് ഉത്സാഹം. ഉത്സാഹമുള്ളവരോട് മറ്റുള്ളവർക്ക് ഇഷ്ടം തോന്നും. ഒരുപക്ഷേ അതിൽ ആരുടെയെങ്കിലും ഇഷ്ടം ശരിക്കുള്ള പ്രണയമായും മാറിയേക്കാം. അതുകൊണ്ട് നീ നിന്നെത്തന്നെ മെച്ചപ്പെടുത്തിക്കൊണ്ട്, ഉത്സാഹത്തോടെ പ്രവർത്തന നിരതയായി ഇരിക്കുക.
സ്ത്രീയും പുരുഷനും തമ്മിൽ പ്രണയിക്കുന്നത്, അവരൊന്നാകാൻ വേണ്ടിയാണ്. ആ ഒന്നാകലാണ് നമ്മുടെ സമൂഹ്യ വ്യവസ്ഥിതിയിലെ വിവാഹജീവിതം അഥവാ കുടുംബജീവിതം എന്നു പറയുന്നത്.
പ്രണയം കണ്ടെത്തിയിട്ട് വിവാഹം കഴിക്കണോ, വിവാഹം കഴിഞ്ഞിട്ട് പ്രണയം കണ്ടെത്തണോ എന്നത് നിനക്ക് നിന്റെ താല്പര്യ പ്രകാരം നിശ്ചയിക്കാം. മക്കളെ പ്രസവിച്ച് വളർത്തി അവർ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകുന്നതു വരെ, നിന്റെ ശരീരത്തിന് ആരോഗ്യം ഉണ്ടായിരിക്കണം. അതിനു തക്ക പ്രായത്തിനുള്ളിൽ നിന്റെ വിവഹം നടക്കണ്ടേ? നീ അതിനുള്ളിൽ പ്രണയം കണ്ടെത്തിയാൽ അങ്ങിനാവട്ടെ, ഇല്ലെങ്കിൽ മാതാപിതാക്കളുടെ ഇടപെടലിലൂടെ യോഗ്യനെന്നു കണ്ടെത്തുന്ന ഒരു പുരുഷനെ നിന്റെ ഹൃദയം കൊണ്ട് വിലയിരുത്തി, ഹൃദയം സമ്മതിച്ചാൽ, അയാളുമായി വിവാഹം നടത്തി, ഒരു കുടുംബമായി ഒപ്പം ജീവിച്ച് പ്രണയം കണ്ടെത്തണം എന്നാണ് എന്റെ അഭിപ്രായം.
കുടുംബം ആയ ശേഷം പ്രണയം കണ്ടെത്താൻ ഇനിപ്പറയുന്ന ഏഴു കാര്യങ്ങൾ നടപ്പിലാക്കിയാൽ മതി. കാപ്പിപ്പൊടി അച്ചൻ എന്ന് സ്നേഹമുള്ളവർ വിളിക്കുന്ന, ബഹു. ജോസഫ് പുത്തൻ പുരയക്കലച്ചന്റെ ഒരു വീഡിയോ പ്രസംഗത്തിൽ ഞാൻ ശ്രദ്ധിച്ചതാണിത്. വളരെ വളരെ ഫലപ്രദമായ മാർഗ്ഗം.
ഭാര്യാഭർത്തൃ ബന്ധത്തെ താങ്ങി നിർത്തുന്നത് ഏഴു തൂണുകൾ ആണത്രെ.
സ്വാതന്ത്ര്യം, സുരക്ഷിതത്വം, സാമീപ്യം, സംതൃപ്തി, സമർപ്പണം, സമാധാനം, സ്നേഹം ഇതാണാ ഏഴു തൂണുകൾ.
1 സ്വാതന്ത്ര്യം - ഭാര്യക്ക് ഭർത്താവിനോടും, ഭർത്താവിന് ഭാര്യയോടും എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. നീ ഇങ്ങോട്ടൊന്നും പറയണ്ട ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി എന്ന ഏകപക്ഷീയ രീതി ശരിയല്ല. ഭർത്താവ് എന്ത് വിചാരിക്കും എന്നോർത്ത് മനസ്സിൽ തോന്നിയത്, ഭാര്യ മിണ്ടാതിരിക്കും, അല്ലെങ്കിൽ ഭാര്യ എന്തു വിചാരിക്കും എന്നോർത്ത് ഭർത്താവ് മിണ്ടാതിരിക്കും, ഈ രീതിയും പാടില്ല. ഉള്ളിൽ തോന്നുന്ന കാര്യങ്ങൾ, കുറ്റബോധവും, കുറ്റപ്പെടുത്തലും പരിഹാസവുമില്ലാതെ പരസ്പരം സംസാരിക്കാൻ സ്വാതന്ത്ര്യം ഉള്ള കുടുംബത്തിലേ അഭിപ്രായ ഐക്യം ഉണ്ടാകൂ. അഭിപ്രായ ഐക്യം ഇല്ലാത്തിടത്ത് അസ്വസ്ഥതകൾ കൂടി കൊണ്ടിരിക്കും.
2 സുരക്ഷിതത്വം - എന്തു വന്നാലും ഞാൻ നിങ്ങളുടെ കൂടെയുണ്ടാകും എന്ന ഉറപ്പ്. അത് വാക്കിൽ മാത്രം പോരാ ഭാവത്തിലും, പെരുമാറ്റത്തിലും, പ്രവർത്തിയിലും പരസ്പരം അനുഭവപ്പെടണം. ചെറുതെങ്കിലും സ്വന്തമായി ഒരു വീടും, ഉപജീവനത്തിന്, പ്രാപ്തിയും സ്ഥിരതയുമുള്ള ഒരു തൊഴിലും ചെയ്ത്, അല്ലലില്ലാതെ കുടുംബം സംരക്ഷിക്കുന്ന ഭർത്താവ്, ഭാര്യക്ക് നൽകുന്നത് വലിയ ഒരു സുരക്ഷിതത്വ ബോധമാണ്. തിരിച്ച് ഭാര്യയും കുടുംബത്തിലെ കാര്യങ്ങളിലെല്ലാം ശ്രദ്ധവെയ്ക്കുകയും, സ്നേഹപൂർവ്വം ഇടപെടുകയും, എല്ലാ പ്രശ്നങ്ങളിലും ഗുണദോഷിച്ച് കൂടെ നിൽക്കുകയും ചെയ്യുമ്പോൾ ഭർത്താവിനും വലിയ ഒരു സുരക്ഷിതത്വമാണ് അനുഭവപ്പെടുന്നത്. രണ്ടു പേരും തൊഴിൽ ചെയ്യുകയും വീട്ടു കാര്യങ്ങൾ, പ്രായോഗികമായി പങ്കിട്ട് ഏറ്റെടുത്ത് അത് ഉത്തരവാദിത്വത്തോടെ നിറവേറ്റുകയും, തൊഴിൽ സ്ഥലത്തെ പ്രശ്നങ്ങളിൽ ധൈര്യപ്പെടുത്തി ഒപ്പം നിൽക്കുകയും ചെയ്യുമ്പോൾ, രണ്ടു പേർക്കും വലിയ സുരക്ഷിതത്വമാണ് അനുഭവപ്പെടുക.
3 സാമീപ്യം - ഭാര്യയും ഭർത്താവും എങ്ങിനെയും ഒരുമിച്ച് ജീവിക്കണം. ഒരു വീട്ടിൽ കഴിഞ്ഞാൽ മാത്രം പോര, ഒരേ മുറിയിൽ തന്നെ ദർശിച്ചും സ്പർശിച്ചും കഴിയണം. സാമീപ്യം മനസ്സിലും ഉണ്ടായിരിക്കണം. പരസ്പരം മറ്റെയാളെക്കുറിച്ച് മനസ്സിൽ എപ്പോഴും ഓർമ്മ വേണം.
4 സംതൃപ്തി - ഭാര്യയും ഭർത്താവും രണ്ട് വ്യക്തികളാണ്. അവരുടെ അറിവ്, ബുദ്ധി, സ്വഭാവം, കഴിവ്, സമ്പത്ത്, ജീവിതപരിചയം, പശ്ചാത്തലം എല്ലാം വ്യത്യസ്തമാണ്. ഏറ്റക്കുറച്ചിലുകൾ തീർച്ചയായും ഉണ്ടാകും. ഈ കൂടതലിനേയും കുറവിനേയും പരാതിയില്ലാതെ പൂർണ്ണ മനസ്സോടെ സ്വീകരിക്കണം. അത് മാത്രമല്ല കുടുംബത്തിലെ വരുമാനമനുസരിച്ച്, അപ്പപ്പോൾ ഉള്ളത് ഇത്രയേ ഉളളല്ലോ എന്ന് എന്ന് വിചാരിക്കാതെ, ഇത്രയും ഉണ്ടല്ലോ എന്ന നന്ദിയോടെ ജീവിക്കണം. മറ്റുള്ളവരുടെ ജീവിത സൗകര്യങ്ങൾ നോക്കി താരതമ്യം ചെയ്യുമ്പോഴാണ് അസംതൃപ്തി ഉണ്ടാകുന്നത്.
5 സമർപ്പണം – ഇത് മൂന്നു രീതിയിലുണ്ട്. ശാരീരിക സമർപ്പണം - ആരോഗ്യം അനുവദിക്കുന്നിടത്തോളം രണ്ടുപേരുടെയും ശരീരം പരസ്പരം വിട്ടുകൊടുക്കണം. പങ്കാളിക്ക് അറപ്പോ വെറുപ്പോ ഉളവാക്കുന്ന ശാരീരിക ബന്ധത്തിന് നിർബന്ധിക്കരുത്. സാമ്പത്തിക സമർപ്പണം – ഭാര്യ അറിയാതെ ഭർത്താവോ, ഭർത്താവ് അറിയാതെ ഭാര്യയോ രഹസ്യമായ സാമ്പത്തിക ഇടപാടുകൾ നടത്താതിരിക്കുക. വീട്ടുകാരെ സഹായിക്കുന്നത് രണ്ടു പേരും അറിഞ്ഞ് ചെയ്യുക. ആത്മീയ സമർപ്പണം – പങ്കാളികൾ രണ്ടുപേരും ഒരുമിച്ച് പ്രാർത്ഥിക്കണം. പരസ്പരം മറ്റേയാൾക്കു വേണ്ടി പ്രാർത്ഥിക്കണം. കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ഒരുമിച്ചിരുന്ന് പതിവായി പ്രാർത്ഥിക്കണം.
6 സമാധാനം – ആരോടെങ്കിലും ദേഷ്യമോ ഇഷ്ടക്കേടോ തോന്നിയാൽ, ആ വാശിക്ക് പരസ്പരമോ, കുടുംബത്തിലുള്ള മറ്റാരോടെങ്കിലുമോ ശണ്ഠ കൂടുന്നതും, കലഹിക്കുന്നതും, കുടുംബത്തിന്റെ സമാധാനം തകർക്കും. ചേതമില്ലാത്തതും വിട്ടു കൊടുക്കാവുന്നതുമായ കാര്യങ്ങൾ പോട്ടെ എന്നു വെയ്ക്കാനും, വിട്ടു കൊടുക്കാനും തയ്യാറാവുന്നവർക്ക് ലഭിക്കുന്ന വലിയ ഒരു സമ്മാനമാണ് സമാധാനം. ക്ഷമ ചോദിക്കാനും ക്ഷമിക്കാനും തയ്യാറുള്ളവർക്ക് സമാധാനം നിലനിർത്താൻ സാധിക്കും.
7 സ്നേഹം - ഉള്ളിൽ വെച്ചു കൊണ്ടിരിക്കാതെ പരസ്പരം പ്രകടിപ്പിക്കാനുള്ളതാണ് സ്നേഹം. അതിന് മടിയും നാണവും ഗമയും ഒന്നും തടസ്സമാകരുത്.
ഈ തൂണുകൾക്ക് ഇളക്കം തട്ടാതെയും, അഥവാ ഇളകിയാൽ, യാതൊരു ഉപേക്ഷയും വിചാരിക്കാതെ, ഉടനടി ബലപ്പെടുത്തിയും, കാത്തു സൂക്ഷിക്കുന്ന ഏതൊരു കുടുംബത്തിലും പ്രണയം സത്യമാകും, യാഥാർത്ഥ്യമാകും. അതു കൊണ്ട് മോളേ, നല്ലൊരു പുരുഷനെ ഭർത്താവായി ലഭിക്കാനും, യഥാർത്ഥ പ്രണയം കണ്ടെത്താനും സാധിക്കണമേ എന്ന് നീ ദിവസവും പ്രാർത്ഥിക്കണം. അങ്കിളും നിനക്കു വേണ്ടി പ്രാർത്ഥിക്കാം.
പ്രിയപ്പെട്ടവരെ, കോവിഡിന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള ഭീതിയിലാണ് ഇന്ന് രാജ്യം മുഴുവനും. ആരോഗ്യ പ്രവർത്തകർ പറയുന്നതു പോലെ ഭയമല്ല ജാഗ്രതയാണ് ആവശ്യം എന്നേ, എനിക്കും പറയാനുള്ളു. അറിയാവുന്ന മുൻകരുതലുകൾ മടികൂടാതെ സ്വീകരിക്കുക. ഞങ്ങൾ ദിവസവും നാനൂറിലധികം ബെത്-ലെഹം അംഗങ്ങളെ വിളിച്ചു കുശലം പറയുകയും ക്ഷേമം അന്വേഷിക്കുകയും ചെയ്തു വരുന്നു. ഭൂരിപക്ഷം പേരും വളരെ യാഥാർത്ഥ്യ ബോധത്തോടെ ഈ മഹാമാരിയെ നേരിടുന്നു എന്നതിൽ വളരെ ആശ്വാസം ഉണ്ട്. ബെത്‌ലെഹം സ്റ്റാഫ് എല്ലാവരും ഇപ്പോഴും വീട്ടിലിരുന്ന് തന്നെയാണ് ജോലി ചെയ്യുന്നത്.
ഏതായാലും ഈ കോവിഡ് കാലം നമ്മുടെ ചിന്താഗതിയെ മാറ്റി മറിക്കാനും സാഹചര്യത്തിന് യോജിച്ച തീരുമാനങ്ങൾ എടുക്കാനുമുള്ള ഒരു നിമിത്തമായി. ലോക്കഡൌൺ തുടങ്ങയതു മുതൽ ഇതു വരെ 3200ൽ അധികം കാൻഡിഡേറ്റ്സ് ആണ് വിവാഹം കഴിഞ്ഞ് ബെത്‌ലെഹമിൽ നിന്നും പ്രൊഫൈൽ ക്യാൻസൽ ചെയ്തിരിക്കുന്നത്. ഇവരുടെ മാതാപിതാക്കളുമായി സംസാരിച്ചപ്പോൾ, എത്രത്തോളം സിമ്പിൾ ആയിട്ട് പ്രഹസനങ്ങൾ ഒഴിവാക്കി ഒരു കല്യാണം നടത്താൻ സാധിക്കുമോ അത്രത്തോളം ടെൻഷനും, ബുദ്ധിമുട്ടുകളും, ക്ലേശങ്ങളും ഒഴിവാക്കാൻ സാധിക്കുമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.
എങ്കിലും നിരവധി ആളുകൾ മനസ്സു മടുത്തും ടെൻഷനിലും ആണ് കഴിയുന്നത് എന്നു ചിലരോട് സംസാരിച്ചപ്പോൾ തോന്നാനിടയായി. വിഷമഘട്ടങ്ങളിൽ ഉൾവലിയരുത്. മറ്റുള്ളവരുമായി സമ്പർക്കത്തിൽ തുടരണം. ഓരോരുത്തരും തങ്ങളുടെ പരിചയക്കാരെ ഫോണിൽ വിളിച്ച് അവരുടെ ക്ഷേമം അന്വേഷിക്കണം. അവർക്ക് ഉത്സാഹം പകർന്നു കൊടുക്കണം.
സ്വന്ത ജീവൻ അപകടപ്പെടാമെന്നറിഞ്ഞു കൊണ്ട് തന്നെ കോവിഡിനെതിരെ പൊരുതുന്ന സ്തുത്യർഹമായ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോരുത്തർക്കും എൻറെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.
ഒത്തിരി സ്നേഹത്തോടെ
ജോർജ്ജ് കാടൻകാവിൽ, ഡയറക്ടർ ബെത്‌ലെഹം
NB: കോവിഡ് കാലത്ത് നമ്മൾ പ്രകാശനം ചെയ്ത ബെത്-ലെഹമിലെ കല്യാണവിശേഷങ്ങൾ “The Theory of Marriage Alliance” എന്ന പുസ്തകം, ആദ്യ വർഷത്തിൽ തന്നെ മൂന്നാം പതിപ്പ് പുറത്തിറക്കാനായി എന്നത് ഒരു വലിയ അനുഗ്രഹമായി കരുതുന്നു.
ബെത്‌ലെഹം പ്രീമിയം അംഗങ്ങൾക്ക് കോംപ്ളിമെന്ററി കോപ്പികൾ രജിസ്റ്റേർഡ് പാഴ്സൽ വഴി അയച്ചു വരുന്നു. പുസ്തകത്തിന്റെ വലിപ്പവും ഭാരവും ചിലവും ഓഫീസ് പരിമിതികളും നിമിത്തം എല്ലാവർക്കും ഒരുമിച്ച് അയക്കുന്നത് പ്രായോഗികമല്ല. ഏതാനും മാസങ്ങൾ കൊണ്ട് എല്ലാവർക്കും എത്തിച്ചു തരാൻ ആണ് ശ്രമിക്കുന്നത്.