കുടുംബ ജീവിതത്തിൽ നിന്നും ഇപ്പോൾ ഒരു സന്തോഷവും ലഭിക്കുന്നില്ല എന്നു പറഞ്ഞ് എന്നെ വിളിച്ച ആളിനോട് ഞാൻ പെട്ടെന്ന് തിരികെ ചോദിച്ചുപോയി, “സന്തോഷം ലഭിക്കുന്നില്ല എന്നു പറയുമ്പോൾ, സന്തോഷം കൊടുക്കുന്നുണ്ടോ എന്ന് ചോദിക്കേണ്ടി വരുമല്ലോ, നിങ്ങളുടെ ഉള്ളിൽ സന്തോഷം ഉണ്ടായിരുന്നു എങ്കിൽ അത് അങ്ങോട്ടു കൊടുക്കുകയും, ആ സന്തോഷം നിങ്ങളുടെ കുടുംബ ജീവിതത്തിൽ പ്രതിഫലിക്കുകയും ചെയ്യുമായിരുന്നില്ലേ? സന്തോഷം കൊടുത്തെങ്കിലല്ലേ തിരിച്ചു ലഭിക്കുകയുള്ളൂ?”
അദ്ദേഹം ഒന്നും പ്രതികരിക്കാതെ നിശ്ശബ്ദനായി.
അനിയാ എന്നോട് ക്ഷമിക്കണം, നിങ്ങളെ വിഷമിപ്പിക്കാൻ വേണ്ടിയല്ല, നിങ്ങളെക്കൊണ്ട് ചിന്തിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചോദിച്ചത്.
ഇപ്പോഴത്തെ നിങ്ങളുടെ അവസ്ഥ എന്തായിരുന്നാലും ശരി, നിങ്ങളുടെ ഉള്ളിലെ സന്തോഷം നഷ്ടപ്പെട്ടു പോകുന്ന വഴികളും, സന്തോഷം ഉറവെടുക്കുന്ന മാർഗ്ഗങ്ങളും ശ്രദ്ധിച്ച് പഠിച്ച് അതനുസരിച്ച് പ്രവർത്തിച്ചാൽ സന്തോഷം വീണ്ടെടുക്കാൻ സാധിക്കും.
ഞാൻ ഇത്രയും പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷമായിട്ട് ഒന്നു ചിരിച്ചു, എന്നിട്ട് പറഞ്ഞു, ഇങ്ങനെ എന്തേലും കേൾക്കാനാ സാറിനെ വിളിച്ചത്. എനിക്കും ആശ്വാസമായി.
സന്തോഷം എന്നത് ഒരു വൈകാരിക അവസ്ഥയാണ്. ഉല്ലാസം, ആനന്ദം, ആഹ്ളാദം എന്നൊക്കെ പറയപ്പെടുന്ന ഈ സന്തോഷം, സത്യത്തിൽ എന്താണ്?
ജീവിതത്തിൽ ഓരോന്നു സംഭവിക്കുമ്പോഴും, ഓരോന്നിനെ കുറിച്ച് നമ്മൾ ചിന്തിക്കുമ്പോഴും, നമ്മുടെ ഉള്ളിൽ അനുഭവപ്പെടുന്ന, തൃപ്തി, അഭിമാനം, ആവേശം, ഉത്സാഹം, ആശ്വാസം തുടങ്ങിയ പോസിറ്റീവ് മാനസിക അവസ്ഥയ്ക്കാണ് സന്തോഷം എന്നു പറയുന്നത്.
സന്തോഷം എന്നത് ജീവിതം മികച്ചതാക്കാനുള്ള പരിശ്രമം ആസ്വദിക്കുന്നതിന്റെ അടയാളമാണ്. ആ അടയാളങ്ങൾ കണ്ടെത്തുന്നവർക്ക് ജീവിതം കൂടുതൽ മെച്ചം ആക്കിയെടുക്കാനും സാധിക്കും. ആഗ്രഹങ്ങളുടെ പൂർത്തീകരണം സന്തോഷം ഉളവാക്കും. അതിനുള്ള വഴി തെളിയുന്നതു പോലും സന്തോഷം സൃഷ്ടിക്കും. ജീവിതം മെച്ചപ്പെടുത്താൻ പരിശ്രമിച്ചു കൊണ്ടേയിരുന്നെങ്കിലേ സന്തോഷത്തിന് നമ്മിലേക്ക് വരാനുള്ള വഴികളും തുറക്കപ്പെടുകയുള്ളു.
സന്തോഷം നഷ്ടപ്പെടുന്നു എന്നു തോന്നുമ്പോൾ ആദ്യം ചെയ്യേണ്ടത്, അത് ചോർന്നു പോകുന്ന വഴികൾ അടയ്ക്കുക എന്നതാണ്.
സന്തോഷം ചോർന്നു പോകുന്ന വഴികൾ ഏതൊക്കെയെന്നു നോക്കാം. നമ്മുടെ ആഗ്രഹങ്ങൾക്ക് നേരിടുന്ന തിരിച്ചടികളാണ് ഇതിൽ പ്രധാനം.
പലവിധത്തിലുള്ള ഭയങ്ങളുണ്ട് മനുഷ്യന്. ഇതിലേതെങ്കിലും ഭയം യാഥാർത്ഥ്യം ആകുന്നതിനെയാണ് തിരിച്ചടികൾ എന്നു വിശേഷിപ്പിക്കുന്നത്. തിരിച്ചടികൾ കൂടുതൽ ഭയങ്ങൾ ഉളവാക്കും. ഭയങ്ങളെ നേരിടാൻ പഠിച്ചാൽ, ഭയം മൂലം സന്തോഷം ചോർന്നു പോകാതെ കാക്കാൻ കഴിയും. അഥവാ ഏതെങ്കിലും തിരിച്ചടികൾ വന്ന്, സന്തോഷം ചോർന്നു പോയാലും, ഏതെങ്കിലും ആശ്വാസം കണ്ടെത്തി, സന്തോഷം തിരികെ പിടിക്കാൻ സാധിച്ചേക്കും.
മോശമായതോ ആഗ്രഹിക്കാത്തതോ പ്രതീക്ഷിക്കാത്തതോ വേദനിപ്പിക്കുന്നതോ, അപകടകരമോ ആയ അനുഭവങ്ങൾ ഉണ്ടാകും എന്ന തോന്നലിനാണ് ഭയം എന്ന് പറയുന്നത്. അതായത് ഭയം എന്നത് ഒരു തോന്നൽ ആണ്.
ദാരിദ്ര്യ ഭയം - മനുഷ്യൻ ഏറ്റവും ഭയപ്പെടുന്നത് ദാരിദ്ര്യത്തെയാണ്. ഏറ്റവും വിലപ്പെട്ടത് എന്താണ് എന്നറിഞ്ഞാൽ ഈ ഭയം മാറും. നമ്മുടെ ബന്ധങ്ങളും, ഉള്ളിലെ മൂല്യങ്ങളും, സിദ്ധികളും, കഴിവുകളും, നന്മകളുമാണ് ഏറ്റവും വിലപ്പെട്ടത്.
കണക്കില്ലാത്ത അത്ര സമ്പത്ത് സന്തോഷം തരില്ല. ആവശ്യങ്ങൾ സാധിച്ചെടുക്കാനുള്ള സാമ്പത്തിക ഭദ്രതയാണ് പ്രധാന ഘടകം. അദ്ധ്വാനിക്കാവുന്ന പ്രായത്തിൽ കഴിവും സിദ്ധികളും വിനിയോഗിച്ച് സമ്പാദിക്കുകയും, മിച്ചം പിടിക്കുകയും, ചിലവുകൾ നിയന്ത്രിക്കുകയും ചെയ്ത്, അതനുസരിച്ചുള്ള ആവശ്യങ്ങൾ സാധിച്ചെടുക്കാവുന്ന ജീവിത സൌകര്യങ്ങളിൽ തൃപ്തിപ്പെടുന്ന മനസ്സു വേണം.
വിമർശന ഭയം - മറ്റുള്ളവർ കുറ്റപ്പെടുത്തുമോ, പരാതിപ്പെടുമോ, നാണം കെടുത്തുമോ എന്നുള്ള ഭയം. നീതിയും ന്യായവും ധർമ്മവും പാലിക്കുന്നവർക്ക്, ബോദ്ധ്യമുള്ളത് ചെയ്യാനും, അതേക്കുറിച്ച് വരുന്ന വിമർശനത്തെ അതിജീവിക്കുവാനും സാധിക്കും എന്ന് മനസ്സിൽ ഉറപ്പിക്കണം.
രോഗഭയം - ശരീരത്തിന്റെ അസ്വാസ്ഥ്യങ്ങളും, വേദനകളും സഹിക്കാൻ ആർക്കും ഇഷ്ടമില്ല. ആരോഗ്യം സംരക്ഷിക്കാൻ അറിയാവുന്ന മുൻ കരുതലുകൾ എടുക്കുക, ബാക്കി വരുമ്പോൾ നോക്കാം എന്ന് തീരുമാനിക്കുക.
സ്നേഹം നഷ്ടപ്പെടുമോ എന്ന ഭയം - ആരുടെയെങ്കിലും ഒക്കെ സ്നേഹം ഏതെങ്കിലുമൊക്കെ വിധത്തിൽ ലഭിക്കുന്നതു കൊണ്ടാണ് മനുഷ്യൻ നിലനിൽക്കുന്നത്. അളക്കാതെയും അതിരുവെക്കാതെയും സ്നേഹം കൊടുത്തു കൊണ്ടിരുന്നാൽ, അത് ലഭിച്ചവരിൽ നിന്നല്ലെങ്കിൽ പോലും, മറ്റാരിൽ നിന്നെങ്കിലും ഏതെങ്കിലും വിധത്തിൽ തിരിച്ചു കിട്ടുന്നതാണ് സ്നേഹം.
വാർദ്ധക്യ ഭയം - മരണം എത്തും വരെ നിലനിൽക്കാനുള്ള ഘടകങ്ങൾ എല്ലാം ചേർത്തിണക്കിയാണ് നമ്മളീ ഭൂമിയിലേക്ക് പിറന്നു വീണതെന്ന് മനസ്സിലാക്കിയാൽ പിന്നെ ഈ ഭയം തോന്നില്ല.
മരണഭയം - എല്ലാ മനുഷ്യർക്കും സംഭവിക്കും എന്നുറപ്പുള്ള ഒരു യാഥാർത്ഥ്യം. മരണത്തെ ഭയപ്പെടുകയല്ല, എപ്പോൾ വേണമെങ്കിലും നേരിടാൻ തയാറെടുത്ത് ജീവിക്കുകയാണ് വേണ്ടത്. അന്നന്ന് ചെയ്യാവുന്നത്, മടിപിടിച്ച് മാറ്റി വെക്കാതെ അന്ന് തന്നെ ചെയ്ത് വെയ്ക്കുക.
“Integrity” അതായത് സ്വഭാവദാർഢ്യം ഉള്ളവർക്കേ ഈ ഭയങ്ങളെ പൂർണ്ണമായും അതിജീവിക്കുവാൻ സാധിക്കൂ. നമ്മൾ ബോധപൂർവ്വം ചെയ്തിരിക്കുന്ന തെറ്റുകളാണ് നമ്മുടെ ഇന്റഗ്രിറ്റി കളങ്കപ്പെടുത്തുന്നത്. തെറ്റു പറ്റിപ്പോയാലും പശ്ചാത്താപവും, പ്രായശ്ചിത്തവും, ഏറ്റു പറച്ചിലും, പരിഹാരങ്ങളും കൊണ്ട് നഷ്ടപ്പെട്ട ഇന്റഗ്രിറ്റി വീണ്ടെടുക്കാൻ സാധിക്കും എന്ന് മറക്കരുത്.
ചെയ്യുന്ന പ്രവർത്തികളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനല്ല ശ്രമിക്കേണ്ടത്, ഉത്തരവാദിത്വമെടുത്ത് അതിന്റെ ഭവിഷ്യത്ത് നേരിടാൻ സന്നദ്ധരായിരിക്കുക അപ്പോൾ നമ്മുടെ ഇന്റഗ്രിറ്റി തിളങ്ങും.
ഇതൊക്കെ നമ്മള് സാധാരണ മനുഷ്യരെക്കൊണ്ട് സാധിക്കുന്ന കാര്യമാണോ എന്ന് ചിന്തിച്ച് അപ്പാടെ തള്ളിക്കളയാൻ വരട്ടെ, സാധിക്കുന്നിടത്തോളം പരിശ്രമിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ധർമ്മം. അത് ചെയ്യാനുള്ള സന്തോഷം കണ്ടെത്താൻ ഇനി പറയുന്ന പത്ത് കാര്യങ്ങൾ ഉത്സാഹത്തോടെ ചെയ്തു നോക്കുക.
1. സന്തോഷമുള്ളവരുടെ സാമീപ്യവും സൌഹൃദവും നേടുക. സന്തോഷം ഉള്ള മനുഷ്യരോടൊപ്പം ആവുന്നത്ര ഇടപെടാൻ കാരണം ഉണ്ടാക്കി സമയം ചിലവഴിക്കുക.
2. നമ്മുടെ മൂല്യങ്ങളെ വിലമതിക്കുക, മുറുകെപ്പിടിക്കുക.
3. ഏതുകാര്യത്തിലും ഉള്ള നല്ലത് കൂടി തേടുക, കാണുക, തിരിച്ചറിയുക, വിലമതിക്കുക. പെർഫെക്ട് അല്ലെന്നു കരുതി ചെറിയ നന്മകളെ അവഗണിക്കാതിരിക്കുക.
4. നമുക്ക് വളരെ നല്ലത് സംഭവിക്കുന്നതായി സങ്കല്പിക്കണം. എന്തെങ്കിലും നല്ലത് നേടിയെടുക്കണമെങ്കിൽ ആദ്യം അത് മനസ്സിൽ സങ്കല്പിക്കാൻ സാധിക്കണം.
5. ചെറുതോ വലുതോ എന്ന് നോക്കാതെ, സമയം കണ്ടെത്തി ഇഷ്ടമുള്ള പ്രവർത്തികളിൽ ഏർപ്പെടണം. അത് ആസ്വദിക്കണം.
6. ജീവിതത്തിന് ഒരു സദുദ്ദേശം നിശ്ചയിക്കണം. മറ്റൊരു മനുഷ്യനോ, മനുഷ്യർക്കോ, സഹജീവികൾക്ക് മുഴുവനുമോ പ്രയോജനം ചെയ്യുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നത് ജീവിതത്തിന് കൂടുതൽ അർത്ഥവും തൃപ്തിയും നൽകും. (ഉപദ്രവം ഒഴിവാക്കുന്നതും സദ്പ്രവർത്തി തന്നെ.)
7. സ്വന്തം ഹൃദയം മന്ത്രിക്കുന്നത് ശ്രവിക്കണം. ഒരാൾക്ക് തൃപ്തി നൽകുന്നത് എന്തെന്ന് തിരിച്ചറിയാൻ അയാളുടെ ഹൃദയത്തിനു മാത്രമേ സാധിക്കു.
8. സന്തോഷം ലഭിക്കാനായി സ്വയം സമ്മർദ്ദം ചെലുത്തണം, മറ്റാരെയും സമ്മർദ്ദത്തിലാക്കരുത്. നിങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കേണ്ടത് മറ്റാരുമല്ല, നിങ്ങൾ തന്നെയാണ്.
9. മാറ്റങ്ങൾക്ക് തയ്യാറായിരിക്കണം. നിങ്ങളുടെ കാഴ്ച്ചപ്പാട്, പെരുമാറ്റം, ജീവിത ശൈലി, ബന്ധങ്ങൾ, സൌഹൃദങ്ങൾ, തൊഴിൽ തുടങ്ങി എന്തിലും ഏതിലും മാറ്റങ്ങൾ സംഭവിക്കാം, അതിനെ ചെറുത്തു നിൽക്കാതെ ഉൾക്കൊള്ളുവാൻ സന്നദ്ധതയുണ്ടായിരിക്കണം.
10. നിങ്ങളുടെ പ്രിയപ്പെട്ടവർ, നല്ല ഓർമ്മകൾ, തമാശകൾ, നല്ല ദിവസങ്ങൾ, രാത്രികൾ തുടങ്ങി ഇതു വരെ ലഭിച്ച കൊച്ചു കൊച്ചു സന്തോഷങ്ങളെ ഇടയ്ക്കിടയ്ക്ക് മനസ്സിൽ താലോലിക്കുക.
ഒരു കഥ വായിച്ചിട്ടുണ്ട്, സന്തോഷം ഇല്ലായെന്ന് സങ്കടപ്പെട്ടിരുന്ന ഒരു രാജാവിനെ സന്തോഷിപ്പിക്കാൻ ഒരു സന്യാസി വന്നു. രാജാവിന്റെ ഏറ്റവും വിലപ്പെട്ട സമ്പത്തെല്ലാം കൂടി ഒരു ഭാണ്ഡത്തിലാക്കി കാണിക്കാൻ സന്യാസി ആവശ്യപ്പെട്ടതു പ്രകാരം രാജാവ് വിലയേറിയ വൈരവും രത്നങ്ങളും ഒരു ഭാണ്ഡത്തിലാക്കി സന്യാസിയുടെ മുന്നിൽ വെച്ചു. സന്യാസി അതെടുത്തു കൊണ്ട് ഒറ്റ ഓട്ടം വെച്ചു കൊടുത്തു. രാജാവ് ഞെട്ടിപ്പോയി, ഉടനെ ഭൃത്യന്മാരെയും കൂട്ടി സന്യാസിയെ ഓടിച്ചിട്ടു പിടിച്ചു. അപ്പോൾ സന്യാസി ചോദിച്ചു, മഹാരാജാവേ, അങ്ങയുടെ ഏറ്റവും വിലപ്പെട്ട ഈ സ്വത്തുക്കൾ കയ്യിലിരുന്നപ്പോൾ അങ്ങേയക്ക് സന്തോഷം ഉണ്ടായിരുന്നോ? നഷ്ടപ്പെട്ടത് അങ്ങ് ഓടി അദ്ധ്വാനിച്ച് തിരിച്ചു പിടിച്ചപ്പോൾ സന്തോഷമായില്ലേ? . . .
പ്രിയപ്പെട്ടവരേ, വിലപിടിപ്പുള്ള ഒത്തിരി കാര്യങ്ങൾ നമ്മുടേയും കൈവശമില്ലേ, കുറേയേറെ നഷ്ടപ്പെട്ടിട്ടും ഉണ്ടാകും. നഷ്ടപ്പെടാതെ കയ്യിലിരിക്കുന്നതിനെ കുറിച്ച് സന്തോഷിക്കണം. നഷ്ടപ്പെട്ടത് തിരിച്ചു പിടിച്ചോ, മനസ്സു കൊണ്ട് വിട്ടു കൊടുത്തോ സന്തോഷിക്കണം. എന്തായാലും നിങ്ങൾ പരിശ്രമിക്കാതെ സന്തോഷം നിങ്ങളെത്തേടി വരില്ല.
അതു കൊണ്ട് അനിയൻ ഈ പത്തു മാർഗ്ഗങ്ങൾ പരീക്ഷിച്ച് സ്വയം സന്തോഷം കണ്ടെത്താൻ പരിശ്രമിക്കുക. എന്നിട്ട് അനിയന്റെ ഉള്ളിൽ കിട്ടിയ സന്തോഷം, സ്വന്തം ജീവിത പങ്കാളിയുമായി പങ്കു വെയ്ക്കുക.
നീ സന്തോഷിക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നു എന്ന മാനസികാവസ്ഥയിൽ വേണം ഇനി മുതൽ ഭാര്യയോട് പെരുമാറുവാൻ.
I am happy that You are Happy.
I Like It that You Like It.
സ്നോഹത്തോടെ
ജോർജ്ജ് കാടൻകാവിൽ
ഡയറക്ടർ ബെത്-ലെഹം.