Back to articles

കോഴി എന്തിനാ, മുട്ടയിട്ടിട്ട് കൊക്കിപ്പാടുന്നത്?

November 30, 2020

ജോർജ്ജ് കാടൻകാവിൽ, ഡയറക്ടർ ബെത് ലെഹം.

പഠിക്കാൻ മിടുക്കനും, ജോലിയിൽ സമർത്ഥനുമായ മകൻ, ഒരു ജോലിയിലും ഉറച്ചു നിൽക്കുന്നില്ല എന്ന കാരണത്താൽ കല്യാണാലോചന ഒന്നും ശരിയാകുന്നില്ലല്ലോ എന്ന് സങ്കടം പറഞ്ഞ് ഒരമ്മ എന്നെ വിളിച്ചു. അവൻ മൂന്നു വർഷം കൊണ്ട് നാലു കമ്പനികളിൽ ജോലി നേടി, ഓരോന്നും ഏതാനും മാസം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു. നല്ല പഠിപ്പുള്ള, മിടുക്കനും ബുദ്ധിമാനുമായതു കൊണ്ട്, ഇന്റർവ്യു ഒക്കെ നിഷ്പ്രയാസം പാസ്സാകും, ഇപ്പോൾ അഞ്ചാമത്തെ കമ്പനിയിൽ ജോലിക്ക് കയറുകയാണ്. അതിനു മുമ്പ് ഒരു ആൾഇന്ത്യാ പര്യടനത്തിന് പോയിരിക്കുകയാണത്രെ. 

ഏതെങ്കിലും പ്രൊപ്പോസൽ മുറുകി വരുമ്പോൾ, പെൺകൂട്ടര് ഇന്റർനെറ്റിൽ തപ്പി അവന്റെ റെസ്യുമെയും ജോലി ചെയ്ത സ്ഥാപനങ്ങളും ഒക്കെ മനസ്സിലാക്കിയിട്ട്, ജോലിയിൽ കൺസിസ്റ്റൻസി (Consistency) ഇല്ലാത്ത പയ്യനാണെന്നു പറഞ്ഞ് ആലോചന വിട്ടു കളയും.  

സാറ് ഇവനോട് ഒന്നു സംസാരിക്കാമോ? 

ഞാൻ സംസാരിക്കാം പെങ്ങളേ, അവനോട് എന്നെ വിളിക്കാൻ പറയുക. ആട്ടെ അവൻ പെട്ടെന്ന് ജോലി ഉപേക്ഷിക്കുന്നതിന്‍റെ കാരണം എന്തെങ്കിലും അമ്മയോട് പറഞ്ഞിട്ടുണ്ടോ. അമ്മയുടെ നീരീക്ഷണത്തിൽ നിന്ന് അമ്മയ്ക്ക് എന്താ തോന്നുന്നത്? 

സാറേ അവൻ നല്ല മിടുക്കനാണ്. ഏതു കാര്യവും പെട്ടെന്ന് മനസ്സിലാക്കും പഠിച്ചെടുക്കും. ആരും ചിന്തിച്ചിട്ടു പോലും ഇല്ലാത്ത വിധത്തിൽ സാങ്കേതിക പ്രശ്നങ്ങൾ മനസ്സിലാക്കി എടുക്കുകയും, അതിനുള്ള പ്രതിവിധികളും, പരിഹാര മാർഗ്ഗങ്ങളും നിർദ്ദേശിക്കുകയും ചെയ്യും. ടീമിൽ അവന്റെ കൂടെയുള്ളവർ അവൻ പറഞ്ഞതു കേട്ട്, സൂത്രത്തിൽ ആ കാര്യം ചെയ്തെടുക്കും. ബുദ്ധി ഇവന്റെയാണെങ്കിലും, പണിയുടെ ക്രെഡിറ്റും അംഗീകാരവും മറ്റുള്ളവർക്കാണ് കിട്ടുന്നത്. അതു കാണുമ്പോൾ ഇവന് ദേഷ്യവും സങ്കടവും വരും. ആ പ്രോജക്ടു കഴിയുന്ന ഉടൻ അവൻ രാജിവെച്ചു പോരും.  

പക്ഷേ ഉടനെ തന്നെ അടുത്ത ജോലി കണ്ടുപിടിച്ച് അതിൽ കയറിക്കോളും. 

പെങ്ങളെ, അവൻ ജോലി ചെയ്യുന്നിടത്ത്, ഉള്ള ആക്ഷൻ ആൻഡ് റിപ്പോർട്ടിംഗ് പ്രോട്ടോക്കോൾ ചിട്ടയോടെ പാലിക്കാൻ അവനു സാധിക്കാത്തതായിരിക്കണം അവന്റെ ഒരു പ്രശ്നം. 

ഒരു ടീമിലിരുന്ന് ഓരോ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്ത്, ഓരോരുത്തരുടെയും കഴിവും, പ്രവത്തന മേഘലയും, അനുസരിച്ചുള്ള ആശയങ്ങൾ പങ്കു വെച്ച്, പ്രായോഗിക പരിഹാരങ്ങൾ നിശ്ചയിക്കുന്ന ശൈലിയാണ് ഇന്ന് മിക്ക സ്ഥാപനങ്ങളിലും അനുവർത്തിക്കുന്നത്. 

ഒരു ആശയം പ്രാവർത്തികമാക്കി റിസൽട്ട് സൃഷ്ടിച്ചു എന്ന് മേലധികാരി ധരിച്ചു വെച്ചിരിക്കുന്ന ആളിനാണ് സ്പഷ്ടമായ അംഗീകാരം സാധാരണ ലഭിക്കാറുള്ളത്. 

എങ്കിലും നല്ല ആശയങ്ങൾ ഉചിതമായ രീതിയിലും സമയത്തും അവതരിപ്പിക്കാനോ, നിർദ്ദേശിക്കാനോ കഴിയുന്നവർക്ക് ടീമിൽ വിലയുണ്ട്, ഏതെങ്കിലും രീതിയിലുള്ള അംഗീകാരവും അവർക്ക് ലഭിക്കാറുണ്ട്. ഇനി ഒന്നും ലഭിച്ചില്ലെങ്കിലും ടീമിലേയ്ക്ക് നല്ല ആശയങ്ങൾ കാഴ്ചവെയ്ക്കാൻ കഴിഞ്ഞതിൽ അവക്ക് സ്വയം ഒരു തൃപ്തി ലഭിക്കാറുണ്ട്.  

ശമ്പളം കൊടുത്ത് ജോലിക്കു വെച്ചിരിക്കുന്നവർ, ഇരുന്ന് ചർച്ച ചെയ്ത്, ടീമിൽ ഉരുത്തിരിയുന്ന ആശയങ്ങളുടെ ഉടമസ്ഥത, ആ സ്ഥാപനത്തിനാണ്. അവനെക്കാൾ കൂടുതൽ കാലം അവിടെ ജോലി ചെയ്തവരായിരിക്കും ടീമിലുള്ള പലരും. വന്ന ഉടനെ എല്ലാവരും കൂടി അവനെ മിടുക്കൻ എന്ന് അഭിനന്ദിക്കും എന്നു പ്രതീക്ഷിക്കാമോ? അവന്റെ പ്രത്യേകതകൾ മേലധികാരികൾക്ക് മനസ്സിലായി വരണമെങ്കിൽ, അതിനുള്ള അവസരവും സാവകാശവും കൂടി അവർക്ക് ലഭിക്കണം. 

എത്ര നല്ല ആശയമാണെങ്കിലും, ഉചിതമല്ലാത്ത രീതിയിലോ, അസമയത്തോ ഒക്കെ അവതരിപ്പിച്ചാലും പ്രശ്നമാകാം. ആശയം സ്വീകരിക്കപ്പെട്ടാൽ പോലും അവതരിപ്പിച്ച ആളിന് വിപരീത ഫലമായിരിക്കും ലഭിക്കുക. 

ശരിയാണ് സാറേ, അവൻ മിടുക്കനാ സമർത്ഥനുമാണ്. പക്ഷേ, അവന് കൂട്ടുകാരാണ് എല്ലാറ്റിലും വലുത്, അതാ അവന്റെ ഒരു കുഴപ്പം. കൂട്ടുകാരല്ലല്ലോ അവന് ശമ്പളവും അംഗീകാരവും ഒക്കെ കൊടുക്കേണ്ടത്.  

ഇവന്റെ സാമർത്ഥ്യം മനസ്സിലാക്കി ചില സീനിയേഴ്സ് ഒക്കെ ഇവനോട് കമ്പനി അടിക്കും. നല്ല നല്ല ആശയങ്ങള് തോന്നുമ്പോൾ, മേലധികാരിയോട് പറയുന്നതിനു പകരം അവൻ കൂട്ടുകാരുടെ അടുത്ത് അവതരിപ്പിക്കും, കൂട്ടുകാര് ചിലപ്പോൾ അവരുടെ കൂട്ടുകരോടും പറയും. അതു കേട്ട ഏതെങ്കിലും മിടുക്കന്മാര് അത് മുതലെടുക്കും. എന്നാലും അവന് അത് മനസ്സിലാകുന്നില്ല. അവന്റെ മാനേജരോടും കമ്പനിയോടുമാണ്അവൻ ദേഷ്യം കാണിക്കുന്നത്. അതുകൊണ്ടാണ് എടുപിടീന്ന് രാജി വെയ്ക്കുന്നത്. 

പെങ്ങളെ മറ്റുള്ളവർ ചെയ്തതിന്റെ ക്രെഡിറ്റ്, കുതന്ത്രങ്ങൾ പ്രയോഗിച്ച് തട്ടിയെടുക്കുന്ന സ്വഭാവമുള്ളവരും, ക്രെഡിറ്റ് സ്വന്തമാക്കാൻ വേണ്ടി ആശയങ്ങൾ പൂഴ്ത്തി വെക്കുന്നവരും ഒക്കെ മിക്ക സ്ഥലത്തും ഉണ്ടായിരിക്കും.  

ചിലപ്പോൾ അവൻ ജോലി ചെയ്തിടത്ത് വ്യക്തമായ റിപ്പോർട്ടിംഗ് രീതികളോ ശീലങ്ങളോ ഒന്നും ഉണ്ടായിരുന്നിരിക്കില്ല. കാര്യം മനസ്സിലാക്കാൻ ഇവൻ മിടുക്കനല്ലേ, അവനായിട്ട് അത്തരം രീതികൾ തുടങ്ങി വെക്കാമല്ലോ? എന്നിട്ട് അതിന്റെ ക്രെഡിറ്റ് നേടാമല്ലോ? 

പോയത് പോട്ടെ, ഇനി കയറുന്ന ജോലിയിൽ ഇതൊക്കെ ശ്രദ്ധിച്ചു കൊണ്ട്, അവന്റെ കഴിവിന്റെ പരമാവധി, ആ സ്ഥാപനത്തിനു കൊടുത്തു കൊണ്ടിരിക്കാൻ പറയുക. ഏതെങ്കിലും ചർച്ച കഴിഞ്ഞാൽ അവന്റെ ആശയങ്ങളും കണ്ടെത്തലുകളും, നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അതും, ചിട്ടയോടെ എഴുതി സമർപ്പിക്കുന്ന സ്വഭാവം അവൻ ആരംഭിക്കണം. നമ്മൾ എന്തെങ്കിലും ചെയ്താൽ, ചെയ്തു എന്ന് മേലധികാരിയോട് റിപ്പോർട്ട് ചെയ്യാൻ മടി വിചരിക്കരുത്. കോഴി മുട്ടയിട്ടാലുടനെ കൊക്കിപ്പാടുന്നത് കേട്ടിട്ടില്ലേ? അതു പോലെ അവൻ ചെയ്യുന്ന കാര്യങ്ങൾ വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽ പെടാൻ അവൻ തന്നെ മാർഗ്ഗങ്ങൾ കണ്ടെത്തണം. 

ഈ പറഞ്ഞത് ശരിയാ സാറേ, അവൻ വന്നാലുടൻ അവനെക്കൊണ്ട് സാറിനെ വിളിപ്പിക്കും ഞാൻ. സാറിതൊക്കെ അവനോട് ഒന്നൂടെ പറഞ്ഞു കൊടുക്കണം. ഇതു തന്നെയാണ് അവന്റെ പ്രശ്നവും അതിനുള്ള പരിഹാരവും. താങ്ക് യു സാർ. 

സാറേ, ഒരു സംശയം ചോദിച്ചോട്ടെ? 

എന്താ പെങ്ങളേ? 

കോഴി മുട്ടയിട്ടിട്ട് കൊക്കിപാടി നടക്കുന്നത്, ശരിക്കും ഇതിനു തന്നെയാണോ? 

ഒരു നിമിഷം എന്റെ വായടഞ്ഞു പോയി. 

അതു പെങ്ങളേ, ഞാൻ ഒരു റിക്രൂട്ടറായി കുറെക്കാലം ജോലി ചെയ്തിട്ടുണ്ട്. എംപ്ളോയബിലിറ്റി എന്ന വിഷയത്തെക്കുറിച്ച് ക്ളാസ്സെടുക്കുമ്പോൾ ഈ ഉപമ പറഞ്ഞ് ശീലിച്ചു പോയതാണ്. എന്റെ വല്യമ്മച്ചിയുടെ കോഴികളെ ശ്രദ്ധിച്ചിട്ട് ആയിരിക്കണം, ഈ ഉപമ എന്റെ മനസ്സിൽ കയറിയത്. 

വല്യമ്മച്ചിക്ക് കുറേ കോഴികളുണ്ട്. അതിലൊരു പുള്ളിക്കോഴി എന്നും മുട്ടയിട്ടു കഴിഞ്ഞാൽ ഉടനെ, അടുക്കള ഭാഗത്തെത്തി കുറേ നേരം കൊക്കിപ്പാടി നടക്കും. വല്യമ്മച്ചി അപ്പോൾ കോഴിയോട് പറയും, മതിയെടീ കൊക്കിപ്പാടിയത്, നീ മുട്ടയിട്ടു . . സമ്മതിച്ചൂ. . . പക്ഷേ കോഴി മുട്ടയിടലും പാട്ടും തുടർന്നു കൊണ്ടേയിരുന്നു. 

കുറേക്കാലം കഴിഞ്ഞപ്പോൾ പുള്ളികോഴിയുടെ പാട്ട് കേൾക്കാതെയായി. അപ്പോൾ വല്യമ്മച്ചി പറഞ്ഞു, നമ്മടെ പുള്ളിക്കോഴി ഇപ്പോ പഴയപോലെ പാട്ട് പാടലൊന്നും ഇല്ലല്ലോ, അവളിപ്പോൾ മുട്ടയിടുന്നില്ലെന്നാ തോന്നുന്നത്. 

പിന്നീടെപ്പോഴോ വീട്ടിൽ അതിഥികൾ വന്നപ്പോൾ, വല്യമ്മച്ചി പറഞ്ഞു, ആ പുള്ളിക്കോഴിയെ പിടിച്ചോണ്ടു വാ, നമുക്ക് കറിവെയ്ക്കാം. അവൾ ഇപ്പോൾ മുട്ടയിടാറില്ലെന്നാ തോന്നുന്നത്. 

പ്രിയപ്പെട്ടവരേ, 

നമ്മൾ ജോലി ചെയ്യുന്നിടത്തും ഇതിനു സമാനമായ അവസ്ഥയല്ലേ? നിങ്ങൾ എന്തെല്ലാം കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും, നിങ്ങളെ കൊണ്ട് സ്ഥാപനത്തിന് എത്ര പ്രയോജനം ലഭിക്കുന്നുണ്ട് എന്നും, സ്വയം വിലയിരുത്തണം. അത് മേലധികാരികളെ പതിവായി ബോദ്ധ്യപ്പെടുത്തി കൊണ്ടേയിരിക്കണം. ഇല്ലെങ്കിൽ നിങ്ങൾ ഒരു മുട്ടയിടാത്ത കോഴി ആണെന്നു തെറ്റിദ്ധരിക്കപ്പെടും. 

NB: 

ഫോൺ വെച്ചിട്ട്, ഞാൻ ഗൂഗിൾ നോക്കി, സത്യത്തിൽ കോഴി കൂവുന്നത് എന്തിനാണ് എന്നൊന്ന് അറിയണമല്ലോ? 

കോഴിയുടെ വയറ്റിൽ മുട്ടയ്ക്ക് കനം വെച്ചു വരുമ്പോൾ കോഴിയ്ക്ക് വലിയ അസ്വസ്ഥത ആകും, തന്മൂലം കോഴി സ്വയം പ്രഷർ ചെലുത്തി വല്ല വിധവും മുട്ട തള്ളി പുറത്താക്കും. അതോടെ അസ്വസ്ഥതയും വിഷമവും മാറി, ആശ്വാസം ലഭിക്കും. ആ സന്തോഷം ശബ്ദരൂപത്തിൽ പ്രകടിപ്പിക്കുന്നതിനെയാണ് നമ്മൾ കൊക്കിപ്പാടൽ എന്നു വിശേഷിപ്പിക്കുന്നതത്രെ.

എല്ലാവർക്കും ബെത്ലെഹമിലെ കാലിത്തൊഴുത്തിൽ പിറന്ന രക്ഷകന്‍റെ ശാന്തിയും സമാധാനവും ആശംസിക്കുന്നു. 

Wish you All 

A Merry Christmas &

a Happy New Year 2021 

What is Profile ID?
CHAT WITH US !
+91 9747493248