Back to articles

കാശിന്റെ കാര്യങ്ങൾ പറയാതെ കല്യാണം നടത്തല്ലേ!

April 01, 2014

"സ്ത്രീസ്വത്ത് ഇല്ലെങ്കിൽ പിന്നെ കല്യാണച്ചിലവ്" എന്ന ഒരു ലേഖനം ബെത് ലെഹം വെബ് സൈറ്റിലെ എഡിറ്റോറിയൽ കോളത്തിൽ വായിച്ചിട്ടാണ് ഞാൻ വിളിക്കുന്നത്.

മൂന്ന് മക്കളുടെ അമ്മയാണ് ഞാൻ. രണ്ട് ആൺമക്കൾ, ഏറ്റവും ഇളയത് പെൺകുട്ടി. മൂത്ത മകന്റെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമായി. ഇപ്പോൾ ഇളയവനു വേണ്ടി അന്വേഷിക്കുകയാണ്. അപ്പോഴാണ് ജോർജ്ജ് സാറിന്റെ കുറെ ലേഖനങ്ങൾ സൈറ്റിൽ വായിക്കാനിടയായത്. വലിയ പുണ്യ കർമ്മമാണ് നിങ്ങൾ ചെയ്യുന്നത് കേട്ടോ.

ഈ ലേഖനങ്ങൾ വായിക്കുന്നത് കൊണ്ട്, പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം ഒന്നും ആയില്ലെങ്കിലും, അപ്പോഴത്തെ മന:പ്രയാസത്തിന് കുറെ ശാന്തി ലഭിക്കുന്നുണ്ട്. ഇത് സാറിനോട് നേരിട്ട് പറയാൻ കൂടിയാണ് ഞാൻ വിളിച്ചത്.

ആദർശങ്ങൾ ഒക്കെ, എഴുതുമ്പോൾ വളരെ മനോഹരമാണ്. പക്ഷേ കാശിന്റെ കാര്യം ഒന്നും മിണ്ടാതെ, കല്യാണം നടത്താൻ ഇറങ്ങുമ്പോഴാണ് ഓരോരോ വയ്യാവേലികൾ വന്നു പെടുന്നത്.

നമ്മുടെ കുടുംബങ്ങളിൽ, വിവാഹത്തിന് സ്വർണ്ണവും, വസ്ത്രവും എടുക്കുന്നത് രണ്ടു കൂട്ടരും കൂടി ചേർന്ന് ചെയ്യുന്ന ഒരു ചടങ്ങാണ്. എത്ര രൂപയ്ക്ക് സ്വർണ്ണം എടുക്കണം, എത്ര രൂപയ്ക്ക് വസ്ത്രം എടുക്കണം, ഇതിന്റെ ബില്ലുകൾക്ക് ആരാണ് പണം കൊടുക്കേണ്ടത് എന്നൊക്കെ വ്യക്തമായ ധാരണയില്ലാതെ തുണിക്കടയിലും സ്വർണ്ണക്കടയിലും ചെന്നിരുന്ന് നാണക്കേട് സൃഷ്ടിക്കുന്നവരെ നേരിൽ കണ്ടിട്ടുള്ളതു കൊണ്ടാണ്, സാറിനെ വിളിച്ച് ഇത് പറയുന്നത്. ചില പെൺകുട്ടികൾ - ചിലപ്പോൾ അവരുടെ അമ്മമാരും - കടയിൽ കയറി ആഭരണങ്ങളും വേഷങ്ങളും കാണുമ്പോൾ സ്വയം മറന്ന് പെരുമാറുന്നുണ്ട്. ഒരു ദിവസം മാത്രം ഉപയോഗിക്കാനുള്ള വിവാഹ വേഷത്തിന്, ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങൾ വരെ കമ്പോളത്തിലുണ്ട്.
എന്നു കരുതി ഒരു മാസത്തെ വരുമാനത്തിൽ കൂടുതൽ ഒരു വേഷത്തിന് ചിലവഴിക്കുന്നത് ഉചിതമാണോ? മന്ത്രകോടിയും, താലിയും, വെഡ്ഡിംഗ് റിങ്ഗും എടുക്കാൻ മാത്രം പോരേ ഇരു കൂട്ടരും ചേർന്നുള്ള ഷോപ്പിംഗ്?

ഷോപ്പിംഗ്, അത് തനിച്ചായാലും ഇരു കൂട്ടരും കൂടി ആയാലും, അവനവന്റെ ആസ്തിക്കും, വരുമാനത്തിനും, ആവശ്യത്തിനും അനുസരിച്ച് ബജറ്റ് തയ്യാറാക്കി, വേണ്ടപ്പെട്ടവർ തമ്മിൽ ധാരണ ഉണ്ടാക്കി വേണം നടത്താൻ. ഇല്ലെങ്കിൽ കടയിലെ സ്റ്റോക്കിന്റെ അളവിനൊത്ത പോലെ വിവാഹ പർച്ചേസ് പാർട്ടികളും ധൂർത്ത് അടിച്ചു കൊണ്ടേയിരിക്കും.

കമ്പോള ശക്തികളുടെ സ്വാധീനം മൂലം അനാവശ്യ ചിലവുകൾ ചെയ്തിട്ട്, പിന്നീട് പരിതപിക്കുന്ന എത്രയോ പേരുണ്ട്.

ഇൻവിറ്റേഷൻ, ബ്യൂട്ടീഷൻ, ഡെക്കറേഷൻ, കാറ്ററിംഗ്, ഫോട്ടോ, വീഡിയോ, ഇവൻ്റുമാനേജ്മെൻ്റ് ഇതൊന്നും വന്നവരുടെ മിടുക്കു പോലെ ആഘോഷിക്കാൻ വിട്ടു കൊടുക്കരുത്. ഓരോന്നിനും ബജറ്റ് വെച്ച് അതിലൊതുങ്ങുന്ന വിധം വേണ്ടേ ചിലവ് ചെയ്യാൻ?

സ്ത്രീസ്വത്ത് എത്രയെങ്കിലും ആകട്ടെ, ഒന്നുമില്ലെങ്കിൽ അങ്ങനെ, അത് വിവാഹം പ്ളാൻ ചെയ്യുമ്പോൾത്തന്നെ പരസ്പരം ധരിപ്പിക്കേണ്ടത് ഒരാവശ്യമാണ്. അതുപോലെ മറ്റ് കല്യാണ ച്ചിലവുകളും. വലിയ തുക മുടക്കി മനസ്സമ്മതം കെങ്കേമമായി നടത്തിയാൽ പിന്നെ വിവാഹ ചടങ്ങ് കുറയ്ക്കാൻ പറ്റുമോ?
ചെറുക്കൻ വീട്ടുകാരും ചടങ്ങ് പൊടിപൊടിപ്പിക്കേണ്ടി വരും എന്നൊരു മിഥ്യാ ധാരണയും പലർക്കുമുണ്ട്. ആർഭാടവിവാഹം വേണ്ട എന്നു ചിന്തിക്കുന്നവരും, ആർഭാടമായിത്തന്നെ കല്യാണം നടത്തുന്നത് ഇങ്ങനെയായിരിക്കാം.

ഓരോ ചടങ്ങും, രണ്ടു കൂട്ടരും കൂടി ഒരു ബജറ്റ് ഉണ്ടാക്കി അതിന്റെ ചിലവ് ഷെയർ ചെയ്ത് നടത്തുന്ന ഒരു ശൈലി ഇവിടെ സ്വീകരിച്ചു കൂടേ? അങ്ങനെ ആയാൽ ചിലവു നിയന്ത്രിക്കാൻ അതൊരു നിമിത്തമാകുമല്ലോ.

മനസ്സമ്മതം കഴിഞ്ഞ് വിവാഹം മാറിപ്പോകുന്ന സ്ഥിതി ദൌർഭാഗ്യവശാൽ ഇപ്പോൾ കൂടി വരുന്നുണ്ട്. അങ്ങനെ വന്നാൽ ഇരു കൂട്ടർക്കും ധനനഷ്ടവും മാനഹാനിയും മന:പ്രയാസവും ഉറപ്പാണ്.
പെൺകൂട്ടർക്ക് ആണ് ധനനഷ്ടം കൂടുതൽ. ചിലവുകൾ ഷെയർ ചെയ്യുന്ന ശൈലിയാണെങ്കിൽ, സാമ്പത്തിക നഷ്ടത്തിലും ഇരുകൂട്ടർക്കും ഒരു സന്തുലിതാവസ്ഥ ലഭിക്കുമല്ലോ. പരസ്പരം വിശ്വാസത്തിൽ ധാരണയുണ്ടാക്കി പണം ചിലവഴിച്ചിട്ട്, ധാരണ ലംഘിക്കാൻ നിർബന്ധിതരാകുന്നവർക്ക് മറുകൂട്ടരുടെ ധനനഷ്ടമെങ്കിലും പരിഹരിച്ചു കൊടുത്ത് മനസ്താപം പ്രകടിപ്പിക്കാൻ ഇങ്ങനെ ബജറ്റ് ഉണ്ടാക്കി കല്യാണ ചിലവുകൾ ഷെയർ ചെയ്യുന്ന ശൈലി സഹായിക്കില്ലേ?.

ഞാൻ സ്ത്രീധനം വാങ്ങില്ല, സ്ത്രീയ്ക്ക് സ്വത്തവകാശ മുണ്ടെങ്കിൽ അത് അവൾക്ക് കൊടുക്കുന്നതിൽ എനിക്ക് വിരോധമില്ല എന്നതായിരുന്നു, നല്ല ആഢ്യത്തമുള്ള ഒരു ചെറുപ്പക്കാരൻറെ നിലപാട്. പെണ്ണിന്റെ മാതാപിതാക്കൾ, അതുപ്രകാരം സ്വത്ത് വിഹിതം മകളുടെ പേർക്ക് എഴുതി കൊടുത്തു. സ്വത്ത് കയ്യിൽ കിട്ടിയപ്പോൾ പെണ്ണ് അവൾക്ക് ഇഷ്ടമുള്ള മറ്റൊരുവന്റെ കൂടെ ഒളിച്ചോടി.

സ്വത്തും പണവും പ്രധാനപ്പെട്ട വിഷയങ്ങൾ തന്നെയാണ് സാറേ, ഇത് കൈകാര്യം ചെയ്യുന്നത് ഏറ്റം വിവേകപൂർവ്വം ആയിരിക്കണം. സ്വത്തിന്റെ കാര്യത്തിൽ തങ്ങളുടെ നിലപാടെന്താണെന്ന്, ഇരു കൂട്ടരും പരസ്പരം തുറന്ന് സംസാരിച്ചേ മതിയാകൂ.
ഇവിടെ അഭിപ്രായ ഐക്യം ഉണ്ടെങ്കിൽ മാത്രം വിവാഹ നിശ്ചയം നടത്തിയാൽ മതി - ഒരമ്മ എന്ന നിലയിൽ ഇതാണ് എന്റെ കാഴ്ചപ്പാട്.
ഇതൊക്കെ നമ്മുടെ മാതാപിതാക്കളെയും യുവതീ യുവാക്കളെയും ധരിപ്പിക്കാൻ ബെത് ലെഹമിന് ചുമതലയും കഴിവുമുണ്ട് എന്ന വിശ്വാസത്തിലാണ് ജോർജ്ജ് സാറിനോട് ഇതൊക്കെ പറയുന്നത്. വേണ്ടത് ചെയ്യാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ.

പെങ്ങളെ, കാശിന്റെ കാര്യം സംസാരിച്ചിരിക്കണമെന്നും, ആർത്തിയോ അനുചിതത്വമോ കാണിക്കുന്നവരെ ഒഴിവാക്കണ മെന്നും ഞാൻ പല ലേഖനങ്ങളിലും എഴുതിയിട്ടുളളതാണ്. തമ്പുരാൻ കനിഞ്ഞ് അപ്പപ്പോൾ തന്നിരിക്കുന്ന കഴിവുകളല്ലാതെ മറ്റൊന്നും എനിക്കില്ല. ദിവസേനയെന്നവണ്ണം ആളുകൾ എന്നെ വിളിച്ച് പറയുന്ന അഭിപ്രായങ്ങളെപ്പറ്റി ഞാനെഴുതി നോക്കാറുണ്ട്. എഴുതിക്കഴിഞ്ഞത് വായിച്ചു നോക്കുമ്പോൾ, എനിക്കും എന്റെ സഹപ്രവർത്തകർക്കും, ഒരു തൃപ്തി തോന്നിയാൽ മാത്രം പ്രസിദ്ധപ്പെടുത്തും.
അതേക്കുറിച്ച് പ്രസംഗവും ചർച്ചയും ഒക്കെ സംഘടിപ്പിക്കാനും ശ്രമിക്കും. സഹോദരി ഇപ്പോൾ പറഞ്ഞതിൽ, മനസ്സമ്മതം പെൺകൂട്ടരും, കല്യാണം ആൺകൂട്ടരും എന്ന രീതിയിൽ ചടങ്ങുകൾ ഷെയർ ചെയ്യുന്നതിനു പകരം, രണ്ടു ചടങ്ങിന്റെയും കല്യാണച്ചിലവ് ഇരുകൂട്ടരും കൂടി ഷെയർ ചെയ്യുന്ന ആശയം പ്രസക്തമാണെന്ന് എനിക്ക് തോന്നുന്നു.
തീർച്ചയായും ഞാനിതേക്കുറിച്ച് എഴുതാം.

രണ്ട് കുടുംബനാഥൻമാർ ചേർന്ന് നിശ്ചയിച്ചാൽ നടത്താവുന്ന കാര്യമായതിനാൽ, ഈ കുറിപ്പ് വായിക്കുന്ന ചിലരെങ്കിലും ഇത് ശ്രമിച്ചു നോക്കും. ഉന്നത സ്ഥാന ങ്ങളിലുള്ള ധാരാളം കുടുംബനാഥന്മാർ ഇത് ശ്രദ്ധാ പൂർവ്വം വായിക്കുകയും പ്രതികരി ക്കുകയും ചെയ്യാറുണ്ട്. ഇതിന്റെ എന്തെങ്കിലും ദോഷവശങ്ങൾ ഉണ്ടെങ്കിൽ അതെക്കുറിച്ച് എന്നെ വിളിച്ച് പറയുമെന്നാണ് എന്റെ അനുഭവം. അമ്മയെ തല്ലിയാലും രണ്ടഭിപ്രായം ഉണ്ടാകാം. ഏതു കാര്യത്തിനും എന്നപോലെ ഇക്കാര്യത്തിനും ഗുണവും ദോഷവും ഉണ്ടായിരിക്കും. എങ്കിലും, പുതിയ ആശയങ്ങൾ ബന്ധു കുടുംബവുമായി ചർച്ച ചെയ്ത് സമവായമുണ്ടാക്കി സഹകരിച്ച് പ്രവർത്തിക്കുന്നത്, ക്രിയാത്മകമായ ഒരു മാറ്റമാണ്.
അത് വിജയിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി വളരെ വിശേഷപ്പെട്ട ഒന്നാണ്. ഇനി അഥവാ ഉദ്ദേശിച്ച പോലെ പ്ളാൻ വിജയിച്ചില്ലെങ്കിലും, പരസ്പരം കുറ്റപ്പെടുത്താതെ ആ സാഹചര്യം ഇരു കൂട്ടരും കൈകാര്യം ചെയ്യുമെങ്കിൽ അതും ഒരു വലിയ വിജയം തന്നെ.

മാറ്റങ്ങളെ ഭയപ്പെടുന്നവരാണ് ബഹു ഭൂരിപക്ഷം മനുഷ്യരും. മുമ്പേ ഗമിക്കുന്ന ഗോവു തന്റെ പിമ്പേ ഗമിക്കുന്ന ഗോക്കൾ എന്ന് കേട്ടിട്ടില്ലേ? സമൂഹം ഇതു വരെ പരിചയിച്ചിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി പ്രവർത്തിക്കണ മെങ്കിൽ, അല്പം തന്റേടവും, ഉൾക്കരുത്തും മാത്രം പോരാ, അതിനുള്ള ദൈവവിളിയും കൂടി വേണം.

പിന്നെ, ദൌർഭാഗ്യകരമെന്ന് നമ്മൾ വിശേഷിപ്പിക്കുന്ന പല സംഭവങ്ങളും, യഥാർത്ഥത്തിൽ ഭാഗ്യമായിരുന്നു എന്ന് കാലം തെളിയിച്ചിട്ടുണ്ട്. ദു:ഖകരമായ അനുഭവങ്ങൾ സത്യത്തിൽ മറ്റെന്തോ ആവശ്യ ത്തിനായി നമ്മുടെ കരുത്ത് വർദ്ധിപ്പിക്കാനുള്ള പരിശീലന മായിരുന്നു എന്ന് പിന്നീടായിരിക്കും നമ്മൾ തിരിച്ചറിയുക. അത്യാഹിതം എന്നു നമ്മൾ പറഞ്ഞു വരുന്നത് പ്രപഞ്ച ശക്തികളുടെ ഇൻപുട്ട് ഔട്ട്പുട്ട് ബാലൻസ് ചെയ്യാനുള്ള ഒരു സംഭവം മാത്രമല്ല?
എല്ലാം തമ്പുരാന്റെ പദ്ധതികളാണ്, അതിനാൽ ആകാശം ഇടിഞ്ഞു വീഴും എന്ന് ഭയപ്പെട്ട് പന്തലു കെട്ടി കാത്തിരിക്കേണ്ട.
ഇന്നു ചെയ്യാൻ സാധിക്കുന്നത്, ഇന്നു തന്നെ ചെയ്യാൻ പരിശ്രമിച്ചു കൊണ്ടിരിക്കുക...

Yesterday is History. Tomorrow is Mystery

But Today is a Gift, That is why

it is called "The Present

What is Profile ID?
CHAT WITH US !
+91 9747493248