കോവിഡ് മഹാമാരി മനോഭാവങ്ങളെയും ജീവിത ശൈലികളെയും മാറ്റിമറിച്ചു എന്നത് ശരി തന്നെ.
മാറിയ സാഹചര്യത്തിൽ ലൈവ് ലിങ്കിലൂടെയെങ്കിലും വിവാഹത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിന്റെ സന്തോഷം കുറച്ചു പേർക്കുണ്ടായി എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയത് മൂലം പ്രിയപ്പെട്ടവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത അനേകരുണ്ട്. ജീവിതസായാഹ്നത്തിൽ എത്തിയവർ - എന്നാൽ യാത്ര ചെയ്യാൻ സാധിക്കുന്നവർ- അവരിൽ കൊറോണ കല്യാണങ്ങൾ നഷ്ടബോധം തന്നെയാണ് ഉളവാക്കിയത്. തങ്ങളുടെ ചെറു മകന്റെ/ ചെറുമകളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നിന് പങ്കാളിയാകുവാൻ സാധിക്കാതിരിക്കുന്നത് അവർക്ക് എത്ര സങ്കടകരമാണ്.
14 പേർ / 25 പേർ / 50 പേർ മാത്രം പങ്കെടുത്ത വിവാഹ ആഘോഷങ്ങളെ കുറിച്ച് ഈ കാലത്ത് നമ്മൾ കേട്ടു. കൊറോണ കാലം കഴിഞ്ഞും അത് തുടർന്നാൽ സമൂഹത്തിന്റെ കെട്ടുറപ്പിനെപോലും അത് ബാധിച്ചേക്കാം. വീണ്ടും നമ്മൾ ചെറുതാകുവാൻ തുടങ്ങും.
പണ്ടത്തെ കാലത്ത് പ്രായമായവരെ കാണുവാനും ബന്ധുജനങ്ങളെ സന്ദർശിക്കുവാനും നമ്മൾ സമയം കണ്ടെത്തിയിരുന്നു. അതിന് ഒരു വിവാഹമോ മരണമോ നമ്മുടെയൊക്കെ വീടുകളിൽ സംഭവിക്കുന്നത് വരെ നമ്മൾ കാത്തിരിക്കുകയില്ലായിരുന്നു! പക്ഷേ ഇപ്പോൾ അങ്ങനെയാണോ? ഗ്രാമങ്ങളിൽ പോലും മനുഷ്യർ തങ്ങളിലേക്ക് ഉൾവലിയുന്ന അവസ്ഥയാണുള്ളത്.
അനുദിന ജീവിതത്തിൽ നമ്മൾ അനുഭവിക്കേണ്ടി വരുന്ന ചില ടെൻഷനുകൾ നമ്മളെ സന്തോഷത്തിലേക്കും ആത്മസംതൃപ്തിയിലേക്കും നയിക്കുമെന്നത് വിസ്മരിക്കുവാൻ സാധിക്കുകയില്ലല്ലോ.
വിവാഹം പോലുള്ള ആഘോഷങ്ങൾ സ്നേഹം, സന്തോഷം, സൗഹൃദം മുതലായവ പങ്കുവെച്ച് പുതുക്കുന്ന അവസരവും കൂടിയാണല്ലോ. തങ്ങളുടെ മകന്റെ/ മകളുടെ വിവാഹത്തിന് തങ്ങൾ ക്ഷണിക്കുന്നവർ യഥാർത്ഥത്തിൽ ക്ഷണിക്കപ്പെടേണ്ടവർ തന്നെയാണോ എന്ന് മാതാപിതാക്കൾ ചിന്തിച്ച് തീരുമാനിക്കണം. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വിളമ്പുന്ന ഭക്ഷണം മുതലായവ ഒരു സ്റ്റാറ്റസ് സിംബലായി മാറ്റാതിരിക്കുവാനും, ആർഭാടവും മത്സരവും ഒഴിവാക്കാനും ആണ് ശ്രദ്ധിക്കേണ്ടത്.
വിവാഹം എന്നത് ഓരോ കുടുംബത്തിലെയും വേണ്ടപ്പെട്ടവർ എല്ലാം പങ്കെടുക്കുന്ന, ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാനുള്ള, ഒരു വിശിഷ്ട സന്ദർഭം തന്നെ ആയി നിലനിൽക്കണമേ എന്നാണ് എന്റെ പ്രാർത്ഥന.
സസ്നേഹം ജോസഫ് ജോർജ്ജ്.