“How Old Is Too Old to Chase A Dream?”
ബ്ളെസ്സിൽ സംഘടിപ്പിച്ചു വരുന്ന സൂം-വെബിനാറിൽ ഇതായിരുന്നു ഒരിക്കൽ എടുത്ത വിഷയം. മലയാള സാഹിത്യകാരൻ സേതു, ലോക സഞ്ചാരി സന്തോഷ് കുളങ്ങര, റേഡിയോ ആർ.ജെ അഞ്ജലി ഉതുപ്പ് ഇവരായിരുന്നു പാനലിസ്റ്റുകൾ. ബ്ളെസ്സ് ചെയർമാൻ ബാബു ജോസഫ് മോഡറേറ്ററും.
അഞ്ജലിയുടെ അമ്മ പ്രശസ്ത ഗായിക ഉഷാ ഉതുപ്പ് കൽക്കട്ടയിൽ നിന്നും സർപ്രൈസ് അതിഥിയായി ഓൺലൈനിൽ വന്ന് പാട്ടും തമാശകളും ആയതോടെ, ബ്ലെസ്സിലെ ഡൈനിംഗ് ഹാളിൽ ഇരുന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും സ്റ്റാഫ് അംഗങ്ങളും ആവേശഭരിതരായി. അതു വരെ ലോക്ഡൌണിന്റെ മനംമടുപ്പും വിരസതയും പുറത്തു കാണിക്കാതെ അടക്കിപ്പിടിച്ചിരുന്നവർ, ഉഷാ ദീദിയുടെ ഒരു പാട്ട് കൂടി കേട്ടതോടെ ഏറെ ഉത്സാഹഭരിതരായി. ഒരു വ്യക്തിയുടെ ഊർജ്വസ്വലത എത്ര മനസ്സുകളെയാണ് ഞൊടിയിടയിൽ ഉഷാറാക്കിയത്.
നമുക്ക് ഒരു സ്വപ്നം ഉണ്ടെങ്കിൽ അത് പിന്തുടരാൻ പ്രായം ഒരു പരിമിതിയേ അല്ല എന്നായിരുന്നു ശ്രീ കുളങ്ങരയുടെ അഭിപ്രായം. പക്ഷേ മിക്ക മനുഷ്യരും മക്കളുടെ ജനനം, പഠനം, വിവാഹം, പ്രസവം തുടങ്ങിയ ഉത്തരവാദിത്വങ്ങളാണ് സ്വപ്നം ആയി കൊണ്ടു നടക്കുന്നത്. അത് സ്വപ്നമല്ല കടമകളാണ്. ഏതായാലും ഈ പരാമർശം, സ്വപ്നം എന്താണെന്നു കൂടുതൽ അന്വേഷിക്കാൻ ഇടയാക്കി.
ഗാഢനിദ്രയിൽ മാത്രമേ മനസ്സ് സ്വസ്ഥമായിരിക്കുന്നുള്ളു. നേരിയ ഉറക്കത്തിൽ നമ്മളറിയാതെ മനസ് പ്രവർത്തിക്കുന്നുണ്ട്. ഈ അർദ്ധ ബോധാവസ്ഥയിൽ മനസ്സിൽ ഉയരുന്ന ചിന്തകളും, അതിന്റെ അനുഭൂതികളും ആണ് സ്വപ്നം എന്ന പ്രതിഭാസം. എന്നാൽ ഇങ്ങനെ ഉറക്കത്തിൽ കാണുന്ന സ്വപ്നമല്ല ഇവിടെ പ്രതിപാദിക്കുന്നത്. നമ്മുടെ ഉറക്കം വരെ കെടുത്തുന്ന, വ്യക്തമായ ആശയമുള്ള, തീവ്രമായ ഏതെങ്കിലും ആഗ്രഹത്തെക്കുറിച്ചാണ്, പിന്തുടരാനുള്ള സ്വപ്നം എന്ന് ഇവിടെ പറയുന്നത്.
ഇപ്പോഴത്തെ നമ്മുടെ അവസ്ഥയേക്കാൾ കൂടുതൽ തൃപ്തിയോ സന്തോഷമോ തരുന്ന ഒരു അവസ്ഥ ഉണ്ടാകണം എന്ന് പലർക്കും തോന്നാറുണ്ട്. ആ പുതിയ അവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നവരുടെ ഭാവനയിൽ ഉരുത്തിരിയുന്ന മനോചിത്രമാണ് അയാളുടെ സ്വപ്നം. ഭാവന എന്ന കഴിവ്, മനുഷ്യന്റെ അനേകം സിദ്ധികളിലൊന്നാണ്. പക്ഷേ, മനസ്സിരുത്തി പരിപോഷിപ്പിച്ചെങ്കിലെ, ഈ സിദ്ധി ഉപകാരപ്രദമായി പ്രവർത്തിക്കുകയുള്ളു.
ധാരാളം സ്വപ്നങ്ങൾ കാണുകയും, അതിൽ ചിലതൊക്കെ സാക്ഷാത്കരിക്കുകയും, ഒട്ടേറെ നഷ്ടസ്വപ്നങ്ങൾ ഇപ്പോഴും നെഞ്ചിലേറ്റി നടക്കുകയും ചെയ്യുന്ന എനിക്ക്, എന്റെ സ്വപ്നം എന്തായിരിക്കണം, എന്ന് നിർവചിക്കാനും ഈ ചർച്ച ഒരു നിമിത്തമായി.
എനിക്ക് ജന്മം തന്ന്, എന്നെ പുലർത്താൻ അവശ്യം വേണ്ടതെല്ലാം തന്നു കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തിലെ ഘടകങ്ങൾക്ക്, എന്റെ ജന്മം കൊണ്ട്, എന്തു ഞാൻ തിരികെ നൽകും? എന്ന ആത്മശോധനയുടെ ആവിഷ്കാരം ആയിരിക്കണം എന്റെ സ്വപ്നം.
ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ഈ പ്രപഞ്ചത്തിൽ നിന്നും എന്റെ നിലനില്പിന് വേണ്ടി പ്രാണവായു, വെള്ളം, വെളിച്ചം, ചൂട്, മണ്ണ്, ധാതുക്കൾ, മരങ്ങൾ, സസ്യങ്ങൾ, ജന്തുക്കൾ തുടങ്ങി ഒരുപാടൊരുപാട് വിഭവങ്ങൾ, അറിഞ്ഞും അറിയാതെയും, ഞാൻ എടുത്ത് ഉപയോഗിച്ചു കൊണ്ടേയിരിക്കുകയാണ്. പ്രപഞ്ചം എന്നിൽ നിന്നും അതിനു പകരം പലതും തിരികെ ആവശ്യപ്പെടുന്നുണ്ട്. എന്റെ ശരീരവും ജീവനും വരെ, പ്രപഞ്ചം ചോദിക്കുമ്പോൾ തിരികെ കൊടുക്കാനുള്ളതാണ്. ഞാനത് അറിഞ്ഞ് പെരുമാറുന്നില്ലെങ്കിൽ പ്രപഞ്ചത്തിന്റെ ബാലൻസ്ഷീറ്റ് ടാലി ആകാതെ വരും. അപ്പോൾ പ്രപഞ്ചം, ചിലതൊക്കെ എന്നിൽ നിന്നും, ബലമായിത്തന്നെ പകരം എടുക്കും. അത്തരം തിരിച്ചെടുക്കലുകളെയാണ്, സെറ്റ്ബായ്ക്ക് അഥവാ ജീവിതത്തിലെ തിരിച്ചടികൾ എന്നു നമ്മൾ കണക്കാക്കുന്നത്.
പ്രപഞ്ചത്തിൽ നിന്നും ഞാൻ എടുക്കുന്നതിനെല്ലാം പകരമായി, പ്രപഞ്ചത്തിന് എന്റെ കഴിവും, സിദ്ധികളും ഉപയോഗിച്ച്, എടുത്തതിൽ കൂടുതൽ ഞാനും തിരിച്ചു കൊടുത്തേ മതിയാകൂ. അതിനു വേണ്ടി ഞാൻ ബോധപൂർവ്വം നടപ്പിലാക്കേണ്ട പദ്ധതികളാണ്, ഏറ്റവും ഉദാത്തമായ സ്വപ്നം, എന്നാണ് എന്റെ കാഴ്ചപ്പാട്.
ഏതു സ്വപ്നം പിന്തുടരുമ്പോഴും തിരിച്ചടികൾ ഉണ്ടാകും. അത് പ്രപഞ്ചത്തിന്റെ സന്തുലനപ്പെടുത്തൽ എന്ന സ്വാഭാവിക പ്രക്രിയ ആണ്. പക്ഷേ ഓരോ തിരിച്ചടിയും, നഷ്ടപ്പെട്ടതിലും അധികം മൂല്യമുള്ള നിരവധി പുതിയ അവസരങ്ങളാണ് തുറന്നു തരുന്നത്.
പ്രപഞ്ചത്തിനു തിരിച്ചും കൊടുക്കാൻ ബാദ്ധ്യസ്ഥരാണെന്ന ചിന്തയില്ലാതെ, “എടുക്കൽ” മാത്രമായി സ്വപ്നം കാണുന്നവർ, തിരിച്ചടികൾ സംഭവിക്കുമ്പോൾ അതിലെ നഷ്ടം മാത്രം ശ്രദ്ധിച്ച്, നിരാശപ്പെട്ട് നിഷ്ക്രിയരായിപ്പോകും.
എന്നാൽ, “തിരിച്ചു കൊടുക്കൽ” സ്വപ്നങ്ങൾ പിന്തുടരുന്നവർക്ക് തിരിച്ചടികളിലെ പ്രപഞ്ച നീതി എളുപ്പത്തിൽ മനസ്സിലാകും. തിരിച്ചടി മൂലം നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ച് കുറെ വിഷമിക്കുമെങ്കിലും, നഷ്ടപ്പെട്ടതിനു പകരം തുറന്നു കിട്ടിയ പുതിയ അവസരങ്ങൾ പെട്ടെന്ന് തിരിച്ചറിഞ്ഞ്, ഇവർ അതിവേഗം പ്രവർത്തന നിരതരാകും.
ഇപ്പോൾ കൊറോണയുടെ പേരിൽ മനുഷ്യർ എല്ലാം അനുഭവിച്ചു കൊണ്ടിരിക്കുന്നതും ഒരുതരം തിരിച്ചടിയാണ്. ഇതു ശാപമാണോ? അനുഗ്രഹമാണോ? എന്നത്, “എടുക്കൽ” ആണോ “കൊടുക്കൽ” ആണോ ഞാൻ പിന്തുടരുന്ന സ്വപ്നം എന്നതനുസരിച്ച് ആയിരിക്കില്ലേ?
നമുക്ക്, “കൊടുക്കുന്ന” സ്വപ്നങ്ങൾ കാണാം. കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പത്ത് എടുത്ത് ആർക്കെങ്കിലും വെറുതെ കൊടുക്കാനല്ല ഉദ്ദേശിക്കുന്നത്, നമ്മുടെ കഴിവും സിദ്ധികളും കൊടുക്കാമല്ലോ? അത് കൊടുക്കും തോറും ഏറുകയും ചെയ്യുന്നതാണ്. ഉഷാ ഉതുപ്പ് അപ്രതീക്ഷിതമായി ഓൺലൈനിൽ വന്നൊന്ന് ചിരിച്ച് സംസാരിക്കുകയും പാടുകയും ചെയ്തപ്പോൾ എത്ര പേർക്കാണ് ഉണർവ്വ് കിട്ടിയത്.
മറ്റുള്ളവരെ ഉഷാറാക്കാനുള്ള സിദ്ധി, പ്രശസ്തർക്കും പ്രഗത്ഭർക്കും മാത്രമല്ല, എനിക്കും നിങ്ങൾക്കും, മറ്റ് എല്ലാ മനുഷ്യർക്കും ഉണ്ട്. നമ്മൾ ശ്രദ്ധിക്കുന്നില്ല എന്നേയുള്ളു. ഐ.സി.യു-വിൽ കിടക്കുന്ന രോഗിയെ സന്ദർശിച്ചു വരുന്ന ആൾക്കാർ വലിയ ഉത്സാഹത്തോടെ പറയുന്നത് കേട്ടിട്ടുണ്ട് “എന്നെ തിരിച്ചറിഞ്ഞു, ചിരിച്ചു കാണിച്ചു” എന്നൊക്കെ. നോക്കണേ ഒരു ചിരിയുടെ വില!
ആരും അറിയാത്ത, തനിച്ച് സ്വന്തം കാര്യങ്ങൾ ചെയ്യാൻ കൂടി സാധിക്കാത്ത ഒരു കിടപ്പു രോഗിയാണെങ്കിൽ പോലും “കൊടുക്കൽ” സ്വപ്നമുള്ള ആളാണെങ്കിൽ, തന്റെ മുന്നിൽ വരുന്ന ആളിന് ഉത്സാഹം പകരാൻ ഒരു പുഞ്ചിരി പോരേ?, ഒന്നഭിനന്ദിച്ചാൽ പോരേ?, ഒരു നന്ദി വാക്കു പറഞ്ഞാൽ പോരേ? എന്തിന് നല്ല ഭാവത്തിലുള്ള ഒരു നോട്ടം മാത്രം മതിയാവില്ലേ?
ഇതേ രോഗിക്ക് “എടുക്കൽ” മാത്രം ആണ് സ്വപ്നമെങ്കിലോ? തന്നെ ശുശ്രൂഷിക്കാൻ വരുന്ന ആളിന്റെ പോലും സന്തോഷം എടുത്തു കളയില്ലേ?. ഒരു കുറ്റപ്പെടുത്തലോ, മുഖം വീർപ്പിക്കലോ, അതൃപ്തിയുടെ നിശബ്ദത പോലും മതി, ഏറ്റവും വേണ്ടപ്പെട്ടവരുടെ വരെ ഉത്സാഹം കെടുത്താൻ. അനുഗ്രഹം ലഭിക്കാൻ വേണ്ടതെല്ലാം ഉള്ളിലുണ്ടായിരുന്നിട്ടും, അത് മനസ്സിലാകാതെ, ഇങ്ങിനെ സ്വയം ശാപം വിളിച്ച് വരുത്തുന്ന എത്രയോ പേരുണ്ട് നമ്മുടെ ചുറ്റിലും.
മനുഷ്യന് വളരെ അധികം സന്തോഷം ലഭിക്കുന്ന കാര്യങ്ങളാണ് അഭിനന്ദനത്തിന്റെയും, നന്ദിയുടെയും, ആശ്വസിപ്പിക്കലിന്റെയും ഒക്കെ വാക്കുകൾ. നമ്മൾ ഇടപെടുന്നവർക്ക് ഇതു ആത്മാർത്ഥമായി കൊടുത്താൽ അവരുടെയും ഉത്സാഹം വർദ്ധിക്കും.
മക്കളുടെ വിവാഹം ഒരു വലിയ സ്വപ്നമായി കൊണ്ടു നടക്കുന്നവരാണ് ബെത്-ലെഹമിലെ കുടുംബങ്ങൾ. മക്കളുടെ വിവാഹം കടമയാണ്, കർത്തവ്യമാണ്, പക്ഷേ സ്വപ്നമല്ല. കുടുംബ ജീവിതത്തിലെ സന്തുഷ്ടി, സമൃദ്ധി, തുടങ്ങിയ മേന്മകൾ ആണ് സ്വപ്നം. കൊറോണ മൂലം ഇനി ഒന്നും നടക്കില്ല എന്ന ചിന്ത മാറ്റണം. വലിയ പണച്ചിലവും, ആൾക്കൂട്ടവും, ബഹളവുമില്ലാതെ ഏറ്റവും മുന്തിയ രീതിയിൽ കല്യാണം നടത്താനുള്ള മികച്ച അവസരമാണ് ഇപ്പോഴുള്ളത് എന്നു വേണമെങ്കിലും ചിന്തിക്കാമല്ലോ?. മക്കൾക്ക് ഈ അനിശ്ചിതത്വവും കൂടി പങ്കുവെയ്ക്കാൻ ഒരു ജീവിതപങ്കാളിയെ ഇപ്പോൾ ഈ വിഷമഘട്ടത്തിൽ തന്നെ ലഭിക്കുമെങ്കിൽ അതല്ലേ രണ്ടു പേർക്കും നല്ലത്?. അതിനു വേണ്ടി പ്രാർത്ഥിക്കണം, ഉത്സാഹത്തോടെ പ്രവർത്തിക്കണം.
എനിക്ക് വളരെ പ്രിയപ്പെട്ട ഒരു പെൺകുട്ടിയുടെ വിവാഹം ഉറപ്പിക്കലായിരുന്നു ഇന്നലെ. ബെത്-ലെഹം വഴി വന്ന പ്രൊപ്പോസലാണ്. രണ്ടു വീട്ടുകാരും, പെണ്ണും ചെറുക്കനും, കൊറോണ പ്രോട്ടോക്കോൾ പ്രകാരം, അതിഥികളുടെ എണ്ണം കുറച്ച് ഒത്തു കൂടി, ഇവരുടെ വിവാഹം നടത്താമെന്ന് ഔപചാരികമായി നിശ്ചയിച്ചു. സാമൂഹ്യ അകലവും നിർദ്ദേശങ്ങളും പാലിക്കാൻ സൌകര്യപ്രദമായ ഹോട്ടലിൽ ബുക്കിംഗ് കിട്ടുന്നതനുസരിച്ച്, വിവാഹം എന്നു നടത്താമെന്ന് പുറകേ തീരുമാനിക്കാം എന്ന ധാരണയിൽ ആ ചടങ്ങ് തൃപ്തികരമായി നടന്നു.
പ്രിയപ്പെട്ടവരേ, സാഹചര്യത്തിന്റെ പരിമിതികളോർത്ത് നിഷ്ക്രിയരായിപ്പോകരുത്. നിലവിലുള്ള അനുകൂല ഘടകങ്ങൾ വിലയിരുത്തി ജീവിതം മുന്നോട്ടു കൊണ്ട് പോയേ മതിയാകൂ. ഇപ്പോൾ പലർക്കുമുള്ള മനംമടുപ്പ് മാറാൻ ഒരു സൂത്രം പറയാം. വേണമെങ്കിൽ പരീക്ഷിച്ചു നോക്കിക്കോളു.
നിങ്ങളുമായി വിവാഹാലോചന താല്പര്യം പറഞ്ഞിരുന്ന വീട്ടുകാരെ, അടുത്ത ആഴ്ച നിങ്ങളുടെ വീടുകാണാൻ ക്ഷണിക്കണം എന്ന് വെറുതെ അങ്ങ് സങ്കല്പിക്കുക. അവരെ സ്വീകരിക്കാനായി, വീടും പരിസരവും ഒന്ന് അടുക്കി പെറുക്കി വൃത്തിയാക്കണം.
കുടുംബാംഗങ്ങൾ എല്ലാവരെയും ഉത്സാഹിപ്പിച്ച് ഈ ക്ളീനിംഗിൽ പങ്കെടുപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അവരെ ഉത്സാഹിപ്പിക്കണമെങ്കിൽ സ്വയം ഉത്സാഹം തോന്നണം. ഒരു സ്പെഷ്യൽ ശാപ്പാടു കൂടി സംഘടിപ്പിച്ചോളൂ. ക്ളീനിംഗ് കഴിയുമ്പോൾ എല്ലാവർക്കും നല്ലോണം വിശക്കും. വീടു വെടിപ്പായി കഴിയുമ്പോഴുള്ള കാഴ്ച ഭാവനയിൽ കാണുക. നിങ്ങളുടെ ഭാവന നല്ലതാണെങ്കിൽ ഉത്സാഹം വർദ്ധിക്കും. കാരണം എത്ര ലോക്ക്ഡൌൺ വന്നാലും നിങ്ങളുടെ ഭാവനയ്ക്ക് പൂട്ടിടാൻ മറ്റാർക്കും സാധിക്കില്ല.
സ്വപ്നങ്ങളുടെ അനന്ത വിഹായസ്സിൽ, ഭാവനയുടെ ചിറകു വിരിച്ച് പറന്ന് ഉത്സാഹം ആർജിക്കണം, അത് ചുറ്റുമുള്ളവർക്ക് പകർന്നു കൊടുക്കണം. വേണ്ടപ്പെട്ടവരെ ഓരോരുത്തരെ ആയി ഫോണിൽ വിളിച്ച് ഉത്സാഹത്തോടെ കുശലം പറയുക. അവരെ കുറിച്ച് നിങ്ങൾ ശ്രദ്ധിച്ചിരിക്കുന്ന നല്ല കാര്യങ്ങൾ പറഞ്ഞ് അഭിനന്ദിക്കുക. ലഭിച്ച ഉപകാരങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുക. അത് അവർക്ക് ഉത്സാഹം പകരും. അപ്പോൾ നിങ്ങളുടെ ഉത്സാഹവും വളരും.
ഉത്സാഹത്തിന്റെ ഈ സ്വപ്നചിന്തകൾ ഫേസ്ബുക്കിലും വാട്സാപ്പിലും ഒക്കെ പങ്കു വെച്ചും ഉത്സാഹം പകരാം.
ഏവർക്കും സ്വപ്ന തുല്യമായ ഒരു പൊന്നോണം ആശംസിക്കുന്നു.
സസ്നേഹം, ജോർജ്ജ് കാടൻകാവിൽ.