ബ്ളെസ്സിലെ ബുധനാഴ്ച ക്ളബിൽ ‘മസാലദോശക്കഥ’ മത്സരം എന്നു കേട്ടപ്പോൾ ഒരു മസാലദോശക്ക് എന്ത് കഥ എന്ന് സന്ദേഹമുണ്ടായിരുന്നു. പിന്നെയാണ് അറിയുന്നത്, നാലുപേർ ഹോട്ടലിൽ കയറി മസാലദോശ ഓർഡർ ചെയ്തതിലെ പെരുമാറ്റ രീതികൾ വിശകലനം ചെയ്ത് തലേ ആഴ്ചയിൽ ഒരു ക്ളാസ് ഉണ്ടായിരുന്നത്രെ. അതിന്റെ തുടർ ഗൃഹപാഠമാണ് മസാലദോശക്കഥാ മത്സരം. അപ്പോൾ വിഷയം യഥാർത്ഥത്തിൽ മസാലദോശ അല്ല, മനുഷ്യന്റെ തീരുമാന പ്രകടനങ്ങളാണ്.
തീരുമാന വേളയിലെ പെരുമാറ്റം പോലെ തന്നെ പ്രാധാന്യമുള്ളതാണ്, തീരുമാനം കഴിഞ്ഞുള്ള പെരുമാറ്റ സാമർത്ഥ്യവും.
ഔദ്യോഗിക ജീവിതകാലത്ത് ഒരിക്കൽ ട്രേഡ് യൂണിയൻ പ്രതിനിധികളെയും കൊണ്ട്, ബാഗ്ളൂരിലേക്ക് ഒരു യാത്ര പോകേണ്ടി വന്നു. സ്ഥാപനം വക സുമോയിലാണ് യാത്ര. ഓടിക്കുന്നത് കമ്പനി ഡ്രൈവർ ബാലൻ. കാടിന്റെ സുഖം നുണയാൻ പതിവ് റൂട്ട് വിട്ട്, ബന്ദിപ്പൂർ റിസർവ്വ് വനത്തിലൂടെയാണ് സഞ്ചാരം. ഇടക്കൊരിടത്ത് വഴി രണ്ടായി പിരിയുന്നു. ഏതു വഴിയാണ് ശരിയായത്? അവിടൊരു ബോർഡുണ്ടായിരുന്നത്, ആനയോ മറ്റോ ഒടിച്ചു മടക്കിയിട്ടിരിക്കുന്നു. എനിക്കും ആ റൂട്ട് അത്ര നിശ്ചയമില്ല. ആരോടെങ്കിലും ചോദിക്കാമെന്നു വെച്ചാൽ ഒരു മനുഷ്യക്കുഞ്ഞിനെയും കാണാനുമില്ല.
എങ്ങോട്ടു പോകണം എന്നതിനെക്കുറിച്ച് ആർക്കും ഒരു പിടിപാടുമില്ലാത്ത സാഹചര്യത്തിൽ ബാലൻ ഒരു തീരുമാനമെടുത്തു; വലത്തോട്ടു പോകാം. ഒരാളും എതിരഭിപ്രായം പറഞ്ഞില്ല. വണ്ടി വലത്തോട്ട് തിരിഞ്ഞ് യാത്ര തുടർന്നു. കുറെയങ്ങ് പോയപ്പോൾ ഒരു ആദിവാസി കോളനി കണ്ടു. വഴി ഉറപ്പിക്കാൻ ബാലൻ അവിടെ കണ്ട ഒരാളോട് വഴി ചോദിച്ചു. ഭയപ്പെട്ട കാര്യം വ്യക്തമായി; വഴി തെറ്റിയിരിക്കുന്നു! ഇടത്തോട്ടായിരുന്നു തിരിയേണ്ടിയിരുന്നത്!? ബാലൻ വണ്ടി തിരിച്ചു.
മടക്കയാത്രയിൽ, പിന്നിലിരുന്ന ടോമി, (ടോമിയും ഡ്രൈവറാണ്, ഡ്യൂട്ടിയിൽ അല്ലെന്നു മാത്രം.) ബാലനെ കൊച്ചാക്കാൻ പറഞ്ഞു, “എനിക്ക് അപ്പൊഴേ അറിയാമായിരുന്നു, ഇതല്ല വഴിയെന്ന്. ഞാനീവഴിയൊക്കെ എത്രയോ വന്നിരിക്കുന്നു!”
ബാലൻ ബ്രേക്കിൽ ഒറ്റച്ചവിട്ട്. കുലുക്കത്തോടെ സുമോ നിന്നു. ഡോർ തുറന്ന് അയാൾ പുറത്തിറങ്ങി, ടോമിയെ പിടിച്ച് പുറത്തിട്ട് ആക്രോശിച്ചു, “എടാ #@#മോനേ, വഴിതിരിയുന്ന സമയത്ത് നിന്റെ നാക്ക് ഉപ്പിലിട്ടിരിക്കുകയായിരുന്നോ? എന്നിട്ടിപ്പം തീരുമാനം എടുത്ത ഞാൻ മണ്ടൻ, നീ വല്യ മിടുക്കനും! അതു വേണ്ട മോനേ, നീ ഈ വണ്ടിയിൽ വരേണ്ട, പിന്നാലെ ബസ്സു വരും, അതില് വന്നാൽ മതി.”
ബാലൻ വണ്ടിയിൽ ചാടിക്കയറി, തിടുക്കത്തിൽ സ്റ്റാർട്ടാക്കി ഒറ്റ വിടൽ, ടോമി പെരുവഴിയിലും. സന്ധ്യ മയങ്ങാൻ പോകുന്നു, കാനന പാതയും, എല്ലാവരും ബാലനോട് തർക്കമായി, പക്ഷേ ബാലൻ വഴങ്ങാൻ തയ്യാറല്ലായിരുന്നു. “തൽക്കാലം ഇന്നു രാത്രി അവനാ ആദിവാസി കോളനിയിൽ കിടക്കട്ടെ”.
സംഗതി ഗുരുതരമാവുകയാണ്. ബാലനും ടോമിയും രണ്ട് വ്യത്യസ്ത ട്രേഡ് യൂണിയൻകാരാണ്. യൂണിയനുകൾ തമ്മിലുള്ള പോരു കാരണം സമാധാനക്കേട് മൂത്തിട്ടാണ് ഇരു വിഭാഗക്കാരെയും കൂട്ടി ബാഗ്ളൂരിൽ ട്രെയിനിംഗിന് പുറപ്പെട്ടത്. കള്ളുകുടിയനെ ധ്യാനം കൂടാൻ കൊണ്ടു പോകുന്ന പോലെ! പക്ഷേ കാര്യങ്ങളുടെ പോക്കു കണ്ടിട്ട്, അരക്കുടിയനായി പോയവൻ, ധ്യാനത്തിനു കയറാതെ, മുഴുക്കുടിയനായി തിരിച്ചു വന്നെന്നു പേരുദോഷം വരുത്തുന്ന പോലെ പ്രശ്നങ്ങൾ മൂത്തു മൂത്ത് വരികയാണ്. ബാലനെ അടക്കിയെടുത്തേ പറ്റൂ. അനുനയിപ്പിച്ച് തിരികെ പോയി ടോമിയെ കൂട്ടി വരണം.
ഞാൻ വണ്ടി നിർത്തിച്ചു. അപ്പോഴേക്കും വണ്ടിക്കകത്തിരുന്നവർ യൂണിയൻ തിരിഞ്ഞ് രണ്ട് ചേരിയായിക്കഴിഞ്ഞിരുന്നു. എന്റെ അനുനയ ഭാഷണത്തിന് ബാലൻ പറഞ്ഞ മറുപടി, എന്നെ ഞെട്ടിച്ചു കളഞ്ഞു.
“സാറേ, സാറിന്റെ മുറിയിൽ ഭിത്തിയിലെഴുതി വെച്ചിട്ടുണ്ടല്ലോ - “If you are not part of the Solution, you are part of the Problem” എന്ന്. ടോമി, അവൻ പ്രശ്നമാ സാറേ, വഴിയേതെന്നു നിശ്ചയിക്കേണ്ട പ്രശ്നം വന്നപ്പോൾ അവൻ കൂടെ കൂടിയില്ല, ആരും കൂടിയില്ല, സാറടക്കം.”
“പ്രശ്നം പരിഹരിക്കാൻ കൂടാത്തവരൊക്കെ പ്രശ്നക്കാർ തന്നെയാ സാറേ. ആരെങ്കിലും പ്രശനം എടുത്ത് മടിയിൽ വെച്ചോണ്ട് നടക്കുമോ? അവൻ വഴിയിൽ കിടക്കണം.”
എന്റെ കണ്ണ് തള്ളിപ്പോയി. വിഖ്യാതനായ അമേരിക്കൻ എഴുത്തുകാരൻ Eldridge Cleaver ന്റെ പ്രസിദ്ധമായ വരികളാണ് ഞാനെന്റെ ഓഫീസിൽ ചുവരിൽ എഴുതി വെച്ചിരുന്നത്. അതിപ്പോൾ ബാലൻ എടുത്ത് എനിക്ക് എതിരെ പയറ്റുകയാണ് – തന്റെ നിലപാട് സാധൂകരിക്കാൻ.
ഏതായാലും അത് എനിക്കും ഒരു പിടിവള്ളിയായി. “ബാലാ നീ പറഞ്ഞ വരികൾ പ്രകാരം, നീ പ്രശ്ന പരിഹാരത്തിന്റെ ഭാഗം അല്ലാതാവുകയാണ്. നീയിപ്പോൾ പരിഹാരമല്ല, നീയാണ് ഇപ്പോൾ പ്രശ്നം.
”തൊഴിലാളി ഐക്യം സിന്ദാബാദ് എന്നൊക്കെ മുദ്രാവാക്യം വിളിക്കുന്ന നിങ്ങൾ ഇപ്പോൾ ഈ ചെറിയ വണ്ടിക്കകത്തു തന്നെ രണ്ട് ചേരിയായില്ലേ? കമ്പനിക്കകത്തെ നിങ്ങളുടെ ചേരിപ്പോര് പരിഹരിക്കാനാണ് എല്ലാവരെയും കൂട്ടിക്കൊണ്ട് ഈ ട്രെയിനിംഗിന് പോന്നത്. ഇതും കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പോരു മൂർച്ഛിക്കാനാണെങ്കിൽ പിന്നെന്തിനാ ഈ യാത്രയും പരിശീലനവും? നമുക്കിത് കാൻസൽ ചെയ്യാം.”
ഏതായാലും ആ പ്രയോഗം ഏറ്റു. “എന്നെക്കൊണ്ടൊരു പ്രശ്നവും വേണ്ടേ”, എന്നു പറഞ്ഞ്, ബാലൻ ടോമിയെ കൂട്ടാൻ വണ്ടി തിരിച്ചു.
“If you are not part of the Solution, you are part of the Problem”
K.T. Thomas, Bless Retirement Living.