- ജോർജ്ജ് കാടൻകാവിൽ
സമ്പത്തു കാലത്തു തൈ പത്ത് വെച്ചാൽ!!
ആപത്തു കാലത്ത് കായ് പത്തു തിന്നാം
എന്നാൽ പിന്നെ കുറച്ച് കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്താലെന്താ?
അനിശ്ചിതത്വത്തിന്റെ ഈ കോവിഡ് കാലത്ത്, നമ്മുടെ ഉപജീവന ശൈലിയും, തൊഴിൽ സംസ്കാരവും, എങ്ങിനെയെല്ലാം മാറിമറിയും എന്ന്, ആർക്കും പ്രവചിക്കാൻ ആവില്ല. വരാൻ പോകുന്ന സാഹചര്യങ്ങൾ മുൻകൂട്ടി പ്രതീക്ഷിച്ച്, അതിനെ അതിജീവിക്കുവാൻ, സ്വന്തം കുടുംബത്തിനു വേണ്ടി പദ്ധതികളിടുകയും, അതു പ്രകാരം പ്രവർത്തിക്കുകയും ആണ് എല്ലാ കുടുംബ നാഥൻമാരുടെയും കർത്തവ്യം.
അന്നന്നു വേണ്ട ആഹാരം ആണ് അടിസ്ഥാന ആവശ്യങ്ങളിൽ മുഖ്യം. ഭക്ഷ്യ ക്ഷാമം വരുമോ എന്നു ഭയപ്പെടുന്ന കുറേപ്പേരോട് സംസാരിക്കാനിടയായി. പക്ഷേ തൊഴിലില്ലായ്മയെ കുറിച്ചും, പണമില്ലായ്മയെക്കുറിച്ചും ആശങ്കപ്പെടുന്നവരാണ് അതിലുമധികം.
ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നെങ്കിലും, ഇപ്പോഴും തൊഴിൽ പുനരാരംഭിക്കാൻ സാധിച്ചിട്ടില്ലാത്ത നിരവധി തൊഴിൽ മേഖലകളുണ്ട്. കാറ്ററിംഗ്, കൺവൻഷൻ സെന്ററുകൾ, തിയേറ്ററുകൾ, കല്യാണ മണ്ഡപങ്ങൾ. ഉത്സവം, തിരുനാൾ, പെരുന്നാൾ, വിവാഹം, മറ്റ് ആഘോഷ അനുബന്ധ വ്യവസായങ്ങളും സേവനങ്ങളും നടത്തുന്നവർ.
കലാപരിപാടി, നാടക ട്രൂപ്പുകൾ, ടൂറിസം, ട്രാവൽസ്, നാടക ശാലകൾ, സിനിമ തിയേറ്ററുകൾ, സിനിമ നിർമ്മാണം, മെഗാഷോ, ഫോട്ടോഗ്രാഫി, സ്റ്റുഡിയോകൾ, നൃത്ത സംഗീത ക്ളാസ്സുകൾ, ബാലവാടി ഡേകെയർ, ട്യൂഷൻ ക്ളാസ്സുകൾ, കൂടാതെ നല്ലൊരു ഭാഗം ദിവസ വേതന തൊഴിലാളികളും ഉപജീവനം മുടങ്ങി ഇനി എന്തു ചെയ്യണം എന്ന് ചിന്തിച്ച്, ആലംബം എവിടെ എന്നറിയാതെ ആകുലരായി കഴിയുകയാണ്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും തൊഴിൽ ഉപേക്ഷിച്ചും, നഷ്ടപ്പെട്ടും ഒക്കെ എത്തിക്കൊണ്ടിരിക്കുന്ന മിക്ക പ്രവാസികളുടെ അവസ്ഥയും മറ്റൊന്നല്ല.
ഇതുവരെ മിച്ചം പിടിച്ച സമ്പാദ്യവും, ഫിക്സഡ് ഡിപ്പോസിറ്റ് പൊട്ടിച്ചതും, കടം വാങ്ങിയതും കൊണ്ട് കുറച്ചു നാൾ കൂടി പിടിച്ചു നിൽക്കാനായേക്കും, പക്ഷേ അങ്ങിനെ എത്ര നാൾ വിത്തു കുത്തി തിന്നാനാകും?
എന്തെങ്കിലും ചെയ്തേ മതിയാകൂ. പക്ഷേ എന്തു ചെയ്യണം? എന്റെ മനസ്സിൽ തോന്നിയ ചില ആശയങ്ങൾ പങ്കു വെയ്ക്കുന്നു, ഇവ എത്ര മാത്രം പ്രായോഗികം ആണെന്ന്, നമുക്ക് കൂട്ടായി ചിന്തിക്കാം.
“സായിപ്പേ, ദിസ് ഈസ് കേരളാ” എന്നോ മറ്റോ ഒരു സിനിമാ ഡയലോഗ് ഓർക്കുന്നു.
യെസ്, ദിസ് ഈസ് കേരള. അത്യാഹിതങ്ങൾ ഉണ്ടായപ്പോൾ സഹജീവികളുടെ രക്ഷയ്ക്ക് വേണ്ടി കയ്യും മെയ്യും മറന്ന് ഇറങ്ങി ഏറ്റവും ആത്മാർത്ഥതയോടെ ഒത്തൊരുമിച്ചു പ്രവർത്തിച്ച ഒരു ജനതയാണ് ഈ കൊച്ചു കേരളത്തിൽ ഉള്ളത്. പ്രളയം വന്നപ്പോഴും, ലോക്ക്ഡൌണിലും നമ്മൾ ഈ സത്യം തിരിച്ചറിഞ്ഞതാണ്. ആ ഒത്തൊരുമ തന്നെ ആയിരിക്കട്ടെ ഇപ്പോഴും നമ്മുടെ കരുത്ത്.
പണ്ട് പണ്ട് ഒരു രാജ്യത്ത്, കടുത്ത മാന്ദ്യം ബാധിച്ചപ്പോൾ, ഒരു റോഡു നിർമ്മാണ കമ്പനി, അവശ്യ വസ്തുക്കൾ ശേഖരിച്ചു വെച്ച്, അവ സൌജന്യമായി വിതരണം ചെയ്യുന്നതിനു പകരം, റോഡ് പണി എന്ന തൊഴിൽ കൊടുത്ത് പതിനായിരക്കണക്കിന് ആളുകൾക്ക് ഉപജീവനം സാദ്ധ്യമാക്കി. ഒപ്പം രാജ്യത്തിന്റെ റോഡ് ഗതാഗതം വിപുലമാകുകയും, അതുവഴി കൂടുതൽ പുരോഗതി കൈവരിക്കുകയും ചെയ്തതായി ഒരു കഥ കേട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച റോഡ് സൌകര്യം ഉള്ള രാജ്യമായി അവർ ഇന്നും നിലകൊള്ളുന്നു.
ഈ മോഡൽ കേരളത്തിന്റെ ഇപ്പോഴത്തെ പശ്ചാത്തലത്തിൽ പ്രയോഗിക്കാൻ സാധിക്കുമോ എന്ന ചിന്തയാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. കൃഷി ഒന്നും ചെയ്യപ്പെടാതെ കിടക്കുന്ന പ്ളോട്ടുകളും പറമ്പുകളും കേരളത്തിൽ അനവധി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശം ഉണ്ട്.
ചെറുതും വലുതും ആയ പല സ്ഥാപനങ്ങളും ഇപ്പോൾ തൊഴിൽ നടത്താൻ സാഹചര്യം ഇല്ലെങ്കിലും, ഇതുവരെ കൂടെയുണ്ടായിരുന്ന തൊഴിലാളികളെ പിരിച്ചു വിടാതെ, കുറെശ്ശെയെങ്കിലും ശമ്പളം കൊടുത്ത് അവർക്ക് താങ്ങാവുന്നുണ്ട്. പൂർണ്ണ തോതിൽ ഉത്പാദനം നടത്തിയാൽ വിറ്റഴിക്കാൻ സാധിക്കാത്തതു കൊണ്ട്, നാമമാത്രമായി ഉത്പാദനം നടത്തുന്ന ചെറുതും വലുതുമായ ഫാക്ടറികളുണ്ട്.
അത്തരം സ്ഥാപനങ്ങൾക്ക് കോർപ്പൊറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി (സി.എസ്.ആർ) പ്രകാരമുള്ള ആവശ്യം എന്ന് കണക്കാക്കി, ഇത്തരം സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാൻ സാധിക്കില്ലേ?
അവരുടെ സ്വന്തം തൊഴിലാളികളെ കൂടാതെ, രണ്ട് മണിക്കൂർ ജോലിക്കു വേണ്ടി മാത്രം താത്കാലിക ജോലിക്കാരെയും നിയോഗിക്കേണ്ടത് ആവശ്യമാണ്. കാരണം, ജനങ്ങളുടെ കയ്യിൽ പണമുണ്ടെങ്കിലേ, ക്രയവിക്രയങ്ങൾ നടക്കുകയുള്ളു. കച്ചവടം നടന്നെങ്കിലേ, വ്യവസായങ്ങളുടെ ഉത്പന്നങ്ങൾ ചിലവാകുകയുള്ളു.
പ്രതിഫലം മണിക്കൂറിന് ഒരു 100 രൂപ നിരക്കിൽ കൊടുക്കാൻ സാധിക്കണം. എന്തെന്നാൽ, ദിവസേന രണ്ട് മണിക്കൂർ അദ്ധ്വാനിച്ചാൽ കുറച്ചു പണം പ്രതിഫലം ലഭിക്കും എന്ന സാഹചര്യം സൃഷ്ടിക്കേണ്ടത്, ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇപ്പോൾ വരുമാനം ഒന്നും ലഭിക്കാത്ത ചെറുകിട കച്ചവടക്കാർക്ക്, രണ്ട് മണിക്കൂർ ജോലി ചെയ്ത് അന്നത്തെ അപ്പത്തിന് വക ഉണ്ടാക്കാനും, ബാക്കി സമയം സ്വന്തം കച്ചവടത്തിന്റെ ശൈലി മാറ്റിയോ, മൂല്യ വർദ്ധന വരുത്തിയോ, പുതിയ ചരക്കുകൾ ഉൾപ്പെടുത്തിയോ, മറ്റേതെങ്കിലും വിധത്തിലോ നിലവിലുണ്ടായിരുന്ന സ്വന്തം ബിസിനസ്സ് രക്ഷപ്പെടുത്താൻ പരിശ്രമിക്കാമല്ലോ.
ഉപജീവനത്തിനു പ്രയാസപ്പെടുന്നവർക്ക് കുറച്ചു ഭക്ഷണമോ പണമോ കൊടുക്കുന്നത് വലിയ ജീവകാരുണ്യ പ്രവർത്തിയാണ് സംശയമില്ല. എന്നാൽ പ്രൊഫഷണൽ സോഷ്യൽ വർക്ക് എന്നത്, ഒരു പടി കൂടി കടന്ന്, വിശപ്പടക്കാൻ അപ്പം കൊടുക്കുന്നതോടൊപ്പം, അന്നന്നത്തെ അപ്പം അദ്ധ്വാനിച്ചു നേടാനുള്ള മാർഗ്ഗങ്ങളും, സാഹചര്യവും, പ്രാപ്തിയും കൂടി ഉണ്ടാക്കി കൊടുക്കുക എന്ന തത്വമാണ്.
ഈ അടിസ്ഥാന തത്വ പ്രകാരം, പ്രൊഫഷണൽ സാമൂഹ്യ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന N G O (Non-Governmental Organisations) കൾക്കും, ഈ ആശയം ഒരു പ്രോജക്ട് ആയി പരിഗണിക്കാവുന്നതാണ്.
സൗജന്യ സഹായങ്ങളേക്കാൾ, വേലചെയ്തു ലഭിക്കുന്ന കൂലി, അർഹതപ്പെട്ടതും, വിലപ്പെട്ടതുമായി കണക്കാക്കുന്ന ആർജ്ജവമുള്ളവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും.
കേരളത്തിൽ, പെട്ടെന്നു കൃഷി ചെയ്യാവുന്ന ഭക്ഷ്യ വസ്തു കപ്പയല്ലേ, പക്ഷേ എല്ലാവരും കപ്പ തന്നെ കൃഷി ചെയ്ത്, ആവശ്യത്തിലും അധികം വിളവ് ഉണ്ടായാൽ എന്തു ചെയ്യും?
വ്യവസായ സ്ഥാപനങ്ങൾ കൃഷി ചെയ്യുന്നതിന്റെ പ്രസക്തി ഇവിടെയാണ്. വിളവ് ശേഖരിക്കാനും, വൻതോതിൽ സംസ്കരിക്കാനും, ഭാവിയിലേക്ക് വേണ്ട കരുതൽ ഭക്ഷ്യശേഖരമായി സൂക്ഷിക്കാനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ സ്ഥാപനങ്ങൾക്ക് കൂടുതൽ എളുപ്പമായിക്കും. പണ്ടും ഉണക്കകപ്പ ആയിരുന്നല്ലോ നമ്മുടെ എല്ലാം വീടുകളിലെ കരുതൽ ഭക്ഷ്യശേഖരം. ഉണക്കു കപ്പ മിച്ചം വന്നാൽ അത് പ്രോസസ്സ് ചെയത് ഷെൽഫ് ലൈഫ് കൂടുതലുള്ള മറ്റ് ഭക്ഷ്യ വസ്തുക്കളും ഉത്പാദിപ്പിക്കാമല്ലോ.
പക്ഷേ കപ്പയിൽ മാത്രമായി കൃഷി ഒതുങ്ങി പോകേണ്ടതില്ല. കൃഷി ഇറക്കുന്ന കാലത്തിനും, മണ്ണിന്റെ പ്രത്യേകതക്കും അനുസരിച്ച്, പച്ചക്കറികളും, ഭക്ഷ്യ സുരക്ഷക്ക് ഉതകുന്ന ഏതുതരം വിളകളും കൃഷി ചെയ്യേണ്ടതുണ്ട്.
ഭാവി തർക്കങ്ങൾ ഒഴിവാക്കാനാവശ്യമായ ഔദ്യോഗിക മാർഗ്ഗ നിർദ്ദേശങ്ങൾ കൂടി ഏർപ്പെടുത്തി, ഇങ്ങിനൊരു ശ്രമം ഫലപ്രദമാക്കാൻ കഴിയുമോ എന്ന് താങ്കളും ഒന്നു ചിന്തിക്കണേ.
ഏതു കാലത്തു തൈ വെച്ചാലും,
ആപത്തു കാലത്ത് അത് ഫലം ചെയ്യും.