- ജോർജ്ജ് കാടൻകാവിൽ.
ജീവിതവും – ഉപജീവനവും.
പുരുഷനും സ്ത്രീയും കാലക്രമത്തിൽ മക്കളും ചേരുന്ന കുടുംബം എന്ന സംവിധാനത്തിലാണ് ഈ ലോകത്ത് മനുഷ്യ വംശം വളർച്ച പ്രാപിച്ചു വന്നിരിക്കുന്നത്. കുടുംബത്തിലും സമൂഹത്തിലും നിന്നും ലഭിക്കുന്ന നല്ലതോ അല്ലാത്തതോ ആയ അനുഭവങ്ങൾ കൊണ്ട് അറിവും കഴിവും പരിചയവും പരിശീലനവും നേടി, പല വിധത്തിലുള്ള അനുഭൂതികൾ ആസ്വദിച്ച്, വളർന്നു വരുന്നതിനെയാണ് ജീവിതം എന്നു പറയുന്നത്.
ആ ജീവിതം സാദ്ധ്യമാക്കാൻ ആവശ്യമായ സാമഗ്രികൾ സംഘടിപ്പിക്കാൻ വേണ്ടി കുടുംബനാഥനോ, കുടുംബാംഗങ്ങളോ, എല്ലാവരും കൂടിയോ അദ്ധ്വാനത്തിൽ ഏർപ്പെടുന്ന സംവിധാനമാണ് ഉപജീവന മാർഗ്ഗം.
ഉപജീവന മാർഗ്ഗം മുട്ടിപ്പോകുന്നത് കുടുംബത്തിൽ എല്ലാവർക്കും വല്ലാത്ത അരക്ഷിതാവസ്ഥ ഉളവാക്കും. കോവിഡ് വ്യാപനം തടയാനായി വീട്ടിൽ അടച്ചു പൂട്ടി ഇരിക്കേണ്ടി വന്ന ബഹു ഭൂരിപക്ഷത്തിൻറെയും സ്വസ്ഥത കെടുത്തുന്ന പ്രധാന ചിന്ത ഇപ്പോൾ ഇതു തന്നെയാണ്.
വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉപജീവന മാർഗ്ഗം ഉപേക്ഷിച്ചോ നഷ്ടപ്പെട്ടോ ഒക്കെ മടങ്ങുന്ന പ്രവാസികളെക്കൂടി കണക്കിലെടുക്കുമ്പോൾ വല്ലാത്ത ആശങ്കകളാണ് എല്ലാവർക്കും തന്നെ. ഇത്തരം ഉത്കണ്ഠ മൂലം കുടുംബബന്ധത്തിൽ പോലും വിള്ളൽ സംഭവിച്ചിരിക്കുന്നവരും ധാരാളം ഉണ്ട്.
ഈ അവസ്ഥ നമ്മളോരോരുത്തരും നിശ്ചയദാർഡ്യത്തോടെ നേരിട്ടേ മതിയാകൂ. അതിന്, ആദ്യം നിരാശാജനകമായ ചിന്തകൾ നിയന്ത്രിക്കണം, പകരം പ്രത്യാശ പകരുന്ന സാദ്ധ്യതകളെക്കുറിച്ച് ചിന്തിക്കണം.
ലോകത്തിലെ സകല മനുഷ്യരെയും ബാധിച്ച ഒന്നാണ് കോവിഡ് മഹാമാരിയും, അടച്ചു പൂട്ടലും, തൽഫലമായുള്ള സാമ്പത്തിക പ്രതിസന്ധിയും. അതു കൊണ്ടു തന്നെ സ്വന്തം ദാരിദ്ര്യം അംഗീകരിക്കാൻ ഇപ്പോൾ ആർക്കും ഒരു നാണക്കേടും തോന്നേണ്ടതില്ല. ഏതു തൊഴിലിനും മഹത്വം ഉണ്ടെന്ന് എല്ലാവരും ആത്മാർത്ഥമായി സമ്മതിച്ചും തുടങ്ങി എന്നത് വളരെ ആശ്വാസം തരുന്ന ഒരു ചിന്തയാണ്.
എനിക്കു മാത്രം സംഭവിച്ച ദുരവസ്ഥയല്ല, ലോകത്തിനു മുഴുവനും ഏതാണ്ട് ഒരുപോലെ സംഭവിച്ച ദുരന്തമായതിനാൽ പുനരുജ്ജീവനത്തിന് എല്ലാവർക്കും തുല്യ അവസരം ലഭിക്കാൻ ഇടയാകും.
ഒരു മാരത്തോൺ ഓട്ടം, എല്ലാവരും ചേർന്ന് ഇടയ്ക്കു വെച്ച് നിർത്തി, ഏതാനും മാസം വിശ്രമിച്ച ശേഷം, നിർത്തിയിടത്തു നിന്നും വീണ്ടും ഓടാൻ തയ്യാറെടുക്കുന്നതായി ഈ അടച്ചു പൂട്ടലിനെ സങ്കല്പിക്കുന്നതും ആശ്വാസം ലഭിക്കുന്ന ചിന്തയാണ്. വിശ്രമകാലം എന്നത് മടിപിടിച്ച് ഇരിക്കാനുള്ളതല്ല, തയ്യാറെടുപ്പിനു വേണ്ടിയുള്ളതാണ്. ഓടി ഏതെങ്കിലും ലക്ഷ്യത്തിൽ ഒന്നാമതെത്താനല്ല, ഓട്ടം ഭംഗിയായി പൂർത്തിയാക്കാനാണ് തയ്യാറെടുക്കേണ്ടത്.
ചില തയ്യാറെടുപ്പുകൾ.
തൊഴിൽ നഷ്ടപ്പെടുകയോ, നഷ്ടപ്പെടും എന്ന് സൂചന ലഭിക്കുകയോ ചെയ്താൽ ഉടനെ തലയും തല്ലി ബോധം കെട്ട് വീഴുകയല്ല വേണ്ടത്. എന്നെ ഇപ്പോൾ എന്തിനൊക്കെ കൊള്ളും എന്ന് വിലയിരുത്തുക. കടുത്ത സാങ്കേതിക പദങ്ങൾ ഉപയോഗിക്കാതെ, നിങ്ങൾ പഠിച്ച വിഷയങ്ങൾ, അതിൽ നിന്നും വ്യക്തമായി മനസ്സിലാക്കിയിരിക്കുന്ന അറിവുകൾ, എന്തൊക്കെ പ്രവർത്തികൾ ചെയ്ത് പരിചയമുണ്ട്, ശാരീരിക അദ്ധ്വാനം ഉൾപ്പെടെ എന്തൊക്കെ പണികൾ ചെയ്തെടുക്കാനുള്ള കഴിവുകൾ ഉണ്ട്. അതിന് എത്രമാത്രം പ്രാപ്തിയുണ്ട് എന്ന് വിശദീകരിച്ച് സ്വന്തം മാതൃ ഭാഷയിൽ ഒരു റസ്യൂമെ തയ്യാറാക്കുക.
ഇത് വേറെങ്ങും ജോലിക്ക് അപേക്ഷിക്കാനല്ല, നിങ്ങൾ നിങ്ങൾക്കു തന്നെ സമർപ്പിക്കണം. എംപ്ളോയറും എംപ്ളോയിയും നിങ്ങൾ തന്നെ. ഇനി ഈ റസ്യൂമെ വായിച്ച് നിങ്ങൾ ഈ റസ്യൂമെയിലെ ആളിനെ എന്തൊക്കെ ജോലികൾ ഏല്പിക്കും എന്നു ചിന്തിക്കുക.
പുല്ലു പറിക്കാനും, കാടു വെട്ടാനും, കറസ്പോൻഡൻസ് എഴുതാനും, വായിക്കാനും, മറുപടി എഴുതാനും, സെയിൽസും, മാർക്കറ്റിംഗും, ഡിസൈനിംഗും, പരസ്യം എഴുത്തും, ഓൺലൈനും, ഓഫ് ലൈനും, പ്രോജക്ട് തയ്യാറാക്കലും, കൺസ്ട്രക്ഷനും, നടത്തിപ്പും, അക്കൌണ്ടിംഗും, ടാക്സും, ഓഡിറ്റിംഗും, റിട്ടൺസും, ഫയലിംഗും, ഹയറിംഗും, ഫയറിംഗും, മാനേജിംഗും. ഇതിൽ ഏതിലൊക്കെ എക്സപീരിയൻസോ, എക്സ്പോഷറോ, അഭിരുചിയോ ഉണ്ടെന്ന് വിലയിരുത്തുക. അത്തരം അവസരങ്ങൾ അന്വേഷിക്കുക. ഏതിനും കൊള്ളിക്കാവുന്ന ആളാണെങ്കിൽ ഇനി ജോലിക്കു പോകേണ്ട, സ്വന്തം ബിസിനസ്സ് തുടങ്ങിയാൽ മതി.
മനോഭാവം.
സമർത്ഥരായ ആളുകൾ, അവർക്ക് അറിയാവുന്ന തൊഴിൽ മാത്രമേ ചെയ്യുകയുള്ളു എന്നു ചിന്തിക്കാതെ, ആളുകൾക്ക് ആവശ്യമുള്ളത് എന്തെന്നു മനസ്സിലാക്കി, അതു ചെയ്തു കൊടുത്ത് അന്നന്നത്തെയപ്പം നേടണം എന്ന കാഴ്ചപ്പാടിലേക്ക് മാറും.
യൂബറിൻറെ മാതൃകയിൽ മിനിമം രണ്ട് മണിക്കൂർ കാഷ്വൽ ലേബറിന് ആളും അവസരവും കൊടുക്കുന്ന ഒരു സേവനത്തിൻറെ പ്രസക്തിയെക്കുറിച്ച് അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ വായിക്കാനിടയായി. ഒന്നിലധികം ജോലികൾ ചെയ്യാൻ അനുവദിക്കുന്ന തൊഴിൽ നയത്തെക്കുറിച്ചും ചില ചർച്ചകൾ കേട്ടു. അതൊക്കെ നടപ്പിലായേക്കും എന്ന് പ്രതീക്ഷിക്കാം, പക്ഷേ അതിനു വേണ്ടി കാത്തിരിക്കരുത്.
ആഗ്രഹിക്കുന്നത് കിട്ടും വരെ, കിട്ടുന്നത് സ്വീകരിക്കും എന്ന മനോഭാവം നമുക്കുണ്ടെങ്കിൽ ഉപജീവനം മുട്ടിപ്പോകില്ല എന്ന് ഉറച്ച് വിശ്വസിച്ച്, ധൈര്യം വീണ്ടെടുക്കുക. അലസത വെടിഞ്ഞ്, അവനവൻറെ കഴിവുകൾ മെച്ചപ്പെടുത്തിക്കൊണ്ട് എപ്പോഴും ക്രിയാത്മകമായിരിക്കുക.
ലോകത്ത് ഇതുവരെ സമ്പൂർണ്ണ സോഷ്യലിസം നടപ്പിലായിരുന്ന ഒരേയൊരു കാര്യം സമയം എന്ന ധനം മാത്രമായിരുന്നു. എല്ലാവർക്കും 24 മണിക്കൂർ. പക്ഷേ ചിലർക്ക് ഒന്നിനും സമയം മതിയാകാറില്ല, സമർത്ഥരായ ചില മനുഷ്യർക്ക്, വേണ്ടതെല്ലാം വേണ്ടതു പോലെ ചെയ്ത ശേഷവും ആവശ്യത്തിന് സമയം മിച്ചമുണ്ട്. ടൈം മാനേജ്മെൻറ് ലേഖനങ്ങൾ വായിക്കണം.
നിരാശ വെടിഞ്ഞ് ക്രിയാത്മക ചിന്തകൾ ലഭിക്കാൻ വായന സഹായിക്കും. പൌലോ കൊയ്ലോയുടെ ആൽകെമിസ്റ്റ് എന്ന പുസ്തകം സന്നിഗ്ദ ഘട്ടങ്ങളിൽ എനിക്ക് ഉത്സാഹം പകർന്നു തന്നിട്ടുണ്ട്.
കുടുംബ ജീവിതത്തിൽ പരസ്പരം പകർന്നു കൊടുക്കുന്ന അനുഭൂതികളാണ് ജീവിതത്തിൻറെ മാറ്റു വർദ്ധിപ്പിക്കുന്നത്. വിശക്കുമ്പോൾ അപ്പമാണ് പ്രധാനം, വിശപ്പ് മാറിയാൽ നല്ല അനുഭവങ്ങളാണ് അടുത്ത ആവശ്യം. എത്ര രൂപാ നീക്കിയിരുപ്പുണ്ട് എന്നതല്ല, തൻറെ പങ്കാളിയുമായുള്ള ഇടപെടലുകൾ എത്ര ഊഷ്മളമാണ് എന്നതാണ് നമ്മുടെ സമ്പത്തിൻറെ അളവുകോൽ.
ഭീതിയുടെ ഈ നാളുകളിൽ, നമ്മുടെ ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്താൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ.
തിയറി ഓഫ് മര്യേജ് അലയൻസ് ഒന്നാം ഭാഗം -
ബെത് ലെഹമിലെ കല്യാണവിശേഷങ്ങൾ.
(ബഹുവർണ്ണ സചിത്ര ഗ്രന്ഥം)
ജോലി കണ്ടെത്തുന്നതിനെക്കുറിച്ചും, ബിസിനസ്സ് പരാജയങ്ങൾ നേരിടുന്നതിനെക്കുറിച്ചും ഒക്കെ എഴുതിയ നിരവധി കഥകൾ ബെത് ലെഹമിലെ കല്യാണവിശേഷങ്ങൾ എന്ന പുതിയ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.
ഉപജീവനം പ്രശ്നത്തിലായവർക്ക് ഇതിലേതെങ്കിലും ഒരു കഥയിൽ അവരെത്തന്നെ ദർശിക്കാൻ കഴിഞ്ഞേക്കും. ശ്രദ്ധ ചെലുത്തി വായിച്ചാൽ പ്രശ്നത്തിൽ നിന്നും കരകയറാനുള്ള. ഉപായങ്ങളും ഇതിൽ തന്നെ കണ്ടെത്താനായേക്കും.
- അനുബന്ധ കഥകൾ -
ഇൻഡക്സ് നമ്പരും കഥയുടെ പേരും താഴെ കൊടുക്കുന്നു
21 - പ്രഷർ കുക്കറിൽ മുട്ട പുഴുങ്ങരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടത്രെ !
22 - സൂചിമുഖിപക്ഷികൾ
40 - ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ !
23 - ഉപ്പിനെന്താ കൊഴപ്പം?
63 - ഒരു എൻജിനീയറുടെ ഉയിർത്തെഴുന്നേൽപ്പ്!
80 - എഴുതാനും വായിക്കാനും അറിയാവുന്നവരെ അറിയാം.
100 - ശരിയും തെറ്റും ആപേക്ഷികമാണ് !
109 - സൃഷ്ടിയും - നാശവും! മോഹവും - മോഹഭംഗവും!
112 - കഴിവും പ്രാപ്തിയും കണ്ടെത്തുവാന്‍ !