Back to articles

കഴിവും പ്രാപ്തിയും കണ്ടെത്തുവാന്‍

May 23, 2020

ഒരു പ്രൊപ്പോസല്‍ വരുമ്പോള്‍, അത് യോജിക്കുന്നതാണോ എന്നു  വിലയിരുത്താന്‍ ഇന്നത്തെ കാലത്ത് നമ്മള്‍ ആദ്യം പരിഗണിക്കുന്ന ഘടകം, അയാളുടെ വിദ്യാഭ്യാസ യോഗ്യതയാണ്.

ഒരു ക്വാളിഫിക്കേഷന്‍ ഉണ്ടെന്നു പറയുമ്പോൾ സര്‍ട്ടിഫിക്കേറ്റ് മാത്രമല്ല, ആ ക്വാളിഫിക്കേഷന്‍ ഉള്ളവരില്‍ നിന്നു പ്രതീക്ഷിക്കുന്ന ചില വൈഭവങ്ങളും അയാള്‍ക്ക് ഉണ്ടായിരിക്കും എന്നാണ് നമ്മുടെ പ്രാഥമിക ധാരണ. എന്നു വെച്ചാല്‍ ഒരാളുടെ ക്വാളിഫിക്കേഷന് ചേരുന്ന ചില ക്വാളിറ്റികള്‍ കൂടി ഉണ്ടെന്ന ധാരണയിലാണ്, നമ്മള്‍ ഏതൊരു വ്യക്തിയുടെയും ക്വാളിഫിക്കേഷനെ പരിഗണിക്കുന്നത്. 

പൊന്ന് ഉരച്ചറിയണം ആളെ അടുത്തറിയണം, എന്ന ചൊല്ലു പോലെ, അണ്ടിയോടടുക്കുമ്പോഴാണ് മാങ്ങയുടെ പുളിയറിയുന്നത്.

ക്വാളിഫിക്കേഷനുള്ള പലര്‍ക്കും നമ്മള്‍ ധരിച്ചു വെച്ചിരിക്കുന്ന ക്വാളിറ്റി ഉണ്ടാവാറില്ല. ക്വാളിറ്റിയുള്ള പലര്‍ക്കും, പറയാന്‍ ഗമയുള്ള ക്വാളിഫിക്കേഷനും കാണില്ല.

ക്വാളിഫിക്കേഷന്‍ ഏതായിരുന്നാലും, ജീവിതം കാര്യക്ഷമമായി മുന്നോട്ടു നയിക്കാന്‍ ഒരു മനുഷ്യനെ സഹായിക്കുന്നത് അയാളുടെ വ്യക്തി വൈഭവങ്ങള്‍ അഥവാ ക്വാളിറ്റികള്‍ ആണ്. അതിനാല്‍ പ്രൊപ്പോസലില്‍ വന്ന ആളുടെ വൈഭവങ്ങള്‍ കൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. 

ഇനി നമ്മള്‍ ഒരു പ്രൊപ്പോസല്‍ കൊടുക്കുമ്പോഴും, അത് തിരിച്ചു പരിഗണിക്കപ്പെടണമെങ്കില്‍ നമുക്കും കുറെ ക്വാളിറ്റികള്‍ ഉണ്ടായിരിക്കണം. സ്വന്തം വൈഭവങ്ങള്‍ തിരിച്ചറിയാനും, മറ്റൊരാളുടെ ക്വാളിറ്റിയെ വിലമതിക്കാനും സാധിക്കണമെങ്കില്‍, ആ ക്വാളിറ്റികള്‍ എന്താണ് എന്നെങ്കിലും നമ്മള്‍ അറിഞ്ഞിരിക്കണ്ടേ?

അതിനു സഹായിക്കുവാന്‍, ചില പ്രധാനപ്പെട്ട വ്യക്തി വൈഭവങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു. ഓരോന്നിനെക്കുറിച്ചും ചിന്തിച്ച്, നിങ്ങള്‍ക്ക് ഇത് എത്രമാത്രമുണ്ട് എന്ന് ഒന്നു മുതല്‍ പത്ത് വരെ മാര്‍ക്ക് കൊടുത്ത് സ്വയം വിലയിരുത്തി നോക്കുക.

മനുഷ്യന്‍റെ ഉള്ളിലെ നിധികള്‍
1. രൂപത്തിലോ ഭാവത്തിലോ ചലനത്തിലോ ഉള്ള മനോഹാരിത - Beauty

2. ഉത്സാഹം, ആവേശം - Enthusiasm

3. ആത്മവിശ്വാസം, ശുഭാപ്തിവിശ്വാസം - Confidence & Optimism.

4. ക്രിയാത്മകമായ മനോഭാവം - Creative Attitude.

5. മറ്റുള്ളവരുമായി ഇടപെടുന്നതിലെ മികവ് - Excellence in dealing with others.

6. അര്‍ത്ഥശങ്കയ്ക് ഇടവരുത്താതെ ആശയവിനിമയം നടത്തുക - Clear communication.

7. സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മനോഭാവം - Cooperative nature.

8. സഹായമനസ്ഥിതി  - Helping mentality.

9. സൗഹാര്‍ദ്ദം, വിനയം, മര്യാദ - Friendly, Humble & Polite.

10. പൊരുത്തപ്പെടുവാനുള്ള കഴിവ് - Adaptability.

11. കാര്യങ്ങള്‍ അപഗ്രഥിക്കുവാനും, സങ്കല്‍പ്പിക്കുവാനും, വിവേചിച്ചറിയുവാനുമുള്ള ഉള്‍ക്കാഴ്ച - Insight to Analyse, Conceptualise & Discern

12. നര്‍മ്മഭാഷണം, രസിപ്പിക്കുവാനുള്ള കഴിവ് - Humor & Entertaining.

13. ഊര്‍ജ്ജസ്വലത - Energetic.

14. വിവിധ വിഷയങ്ങളില്‍ പ്രാഗത്ഭ്യം - Multi Talented.

15. യുക്തിചിന്തനം, ജാഗ്രത - Logical reasoning & Caution.

16. വിശദാംശങ്ങളില്‍ പോലും കാണിക്കുന്ന ശ്രദ്ധ - Meticulous, Attention to details.

17. ക്ഷമ, പരിശ്രമശീലം - Patience & Diligence.

18. ധീരത, ആപത്തിനെ ഭയപ്പെടാത്ത ചൈതന്യം - Courageous & Fearless.

19. കൃത്യത, വ്യക്തത, ഹൃസ്വത - Precision, Clarity & Brevity.

20. മാനസികവും വൈകാരികവുമായ സ്ഥിരത - Mental & emotional Stability.

21. സമ്മര്‍ദ്ദാവസ്ഥയിലും പ്രവര്‍ത്തിക്കുവാനുള്ള ശേഷി - Ability to perform under pressure. 

22. അപകടസന്ധികളും നിര്‍ണ്ണായകഘട്ടങ്ങളും കൈകാര്യം ചെയ്യുവാനുള്ള ശേഷി - Ability to respond to emergencies.

23. സംഘാടന പാടവം, ഉത്സാഹം പകരുവാനുള്ള കഴിവ്, അധികാരം മറ്റുള്ളവരെ ഭരമേല്‍പ്പിക്കാനുള്ള കഴിവ്.- Ability to Organise, Motivate & Delegate. 

24. ആത്മാര്‍ത്ഥത, സത്യസന്ധത - Sincerity  &  Honesty.

25. വസ്തുനിഷ്ഠത - Objectivity.

26. തീരുമാനങ്ങളെടുക്കുവാനുള്ള കഴിവ്, സന്നദ്ധത - Decisiveness.

27. നേട്ടങ്ങള്‍ കൈവരിക്കുവാനുള്ള ശക്തിയായ അഭിലാഷം - Ambition.

28. നിശ്ചയദാര്‍ഢ്യം, സമര്‍പ്പണഭാവം - Perseverance& Dedication.

29. സ്വാഭാവികത, യഥാര്‍ത്ഥത - Natural & Original.

30. സാമാന്യബുദ്ധി - Common Sense.

ഇതിലെ ഓരോ സവിശേഷതയെക്കുറിച്ചും ചിന്തിച്ച് മനസ്സിലാക്കണം. ഇങ്ങിനെ ഒരു ഗൃഹപാഠം ചെയ്ത് സ്വന്തം നിലവാരം ആത്മാര്‍ത്ഥമായി കണ്ടുപിടിക്കാന്‍ കഴിയുന്ന ആളിന് അത് മെച്ചപ്പെടുത്താനും തീര്‍ച്ചയായും സാധിക്കും.
                             - - -
ഏതെങ്കിലും ഒരു ക്വാളിഫിക്കേഷന്‍ ഉണ്ട് എന്നതിൻ്റെ അര്‍ത്ഥം, ഒരു നിശ്ചിത വിഷയത്തെക്കുറിച്ച് നിശ്ചിത കാലം ചിലവഴിച്ച്, നിശ്ചിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട്, അതെക്കുറിച്ച്, നിശ്ചിത അളവു കാര്യങ്ങള്‍, നിശ്ചിത രീതിയില്‍, പരിശോധകരുടെ മുന്നിൽ പ്രകടിപ്പിച്ചിട്ടുണ്ട് എന്ന്, ഒരു അംഗീകൃത സംവിധാനം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു എന്നാണ്.

നമ്മുടെ നാട്ടില്‍ ആണ്‍കുട്ടികള്‍ വിദ്യാഭ്യാസ യോഗ്യതകള്‍ നേടുന്നതിലുപരി, ഒരു തൊഴില്‍ ലഭിക്കാനാവശ്യമായ അടിസ്ഥാന യോഗ്യത നേടി, എത്രയും വേഗത്തില്‍ ഒരു തൊഴില്‍ കണ്ടെത്താനാണ് ശ്രമിക്കുന്നത്.

പെൺകുട്ടികളാകട്ടെ, കല്യാണം, അല്ലെങ്കില്‍ ജോലി ആകുന്നതു വരെ, പഠിച്ചു കൊണ്ടേയിരിക്കുന്നു. അതിനാല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെണ്‍കുട്ടികളുടെ എണ്ണത്തിന് ഒപ്പം തുല്യ ക്വാളിഫിക്കേഷന്‍ ഉള്ള ആണ്‍കുട്ടികള്‍ നമ്മുടെ ഇടയിലില്ല. അതുകൊണ്ട് നിരവധി പെണ്‍കുട്ടികള്‍ക്ക് അവളെക്കാള്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള പുരുഷനെ വിവാഹം ചെയ്യേണ്ട സ്ഥിതിവിശേഷം ഉണ്ടൊണ് വൈവാഹിക രംഗത്തെ എന്‍റെ അനുഭവം.

ഇങ്ങനൊരു അസന്തുലിതാവസ്ഥ നമ്മുടെ യുവജനങ്ങളെ ഇന്ന് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പണ്ടൊക്കെ അമ്മമാര്‍ ഭര്‍ത്തക്കന്മാരോട് ചോദിച്ചിരുന്നത്, പെണ്ണ് പുരനിറഞ്ഞു നില്‍ക്കുന്ന കണ്ടില്ലേ, നിങ്ങള്‍ക്കൊരു ഉത്തരവാദിത്വ ബോധം ഇല്ലേ മനുഷ്യാ എന്നൊക്കെ ആയിരുന്നു. ഇപ്പോള്‍ പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാരാണ് അമ്മമാരുടെ സങ്കടം. ഇത് സമൂഹത്തെ മുഴുവനും പ്രതികൂലമായി ബാധിക്കും വിധം വളര്‍ന്നു കൊണ്ടിരിക്കുകയാണ്.

വിവാഹബന്ധത്തിന് പരിഗണിക്കുമ്പോള്‍, ക്വാളിഫിക്കേഷനേക്കാള്‍ ഉപരിയായി ക്വാളിറ്റിയെ വിലയിരുത്തുന്ന മനോഭാവത്തിലേക്കു നമ്മള്‍ ഇനി മാറിയേ മതിയാകൂ. സമയം ഇനിയും അതിക്രമിച്ചിട്ടില്ല. വ്യക്തി വൈഭവങ്ങള്‍ വിലയിരുത്തുന്ന ഒരു അംഗീകൃത സംവിധാനത്തിന് ഇന്ന് വളരെ പ്രസക്തിയുണ്ട്.

പക്ഷേ, ഒരു സംവിധാനം ഉണ്ടായി വരാന്‍ കാത്തിരിക്കരുത്. സ്വന്തനിലയില്‍ തന്നെ വ്യക്തി വൈഭവങ്ങളെ വിലമതിക്കുന്ന സ്വഭാവം കുടുംബങ്ങളിലും, സുഹൃദ് വലയങ്ങളിലും നമ്മള്‍ വളര്‍ത്തിയെടുക്കണം. ക്വാളിറ്റിയെക്കുറിച്ച് കൂടുതല്‍ പ്രാധാന്യത്തോടെ വിലമതിച്ചു കൊണ്ടാകട്ടെ ഇനിയുള്ള നമ്മുടെ സംഭാഷണങ്ങളും, കല്യാണക്കാര്യങ്ങളും.

ഭാര്യയും ഭര്‍ത്താവും ഒരേ ലക്ഷ്യത്തിനു വേണ്ടി അവരവരുടെ അറിവും പരിചയവും വെച്ചു ചിന്തിക്കാനും, ചിന്തകള്‍ വ്യത്യസ്തമാണെങ്കിലും അവ പങ്കു വെച്ച് പരസ്പരം ധാരണയുണ്ടാക്കാനും, യോജിപ്പോടെ പ്രവര്‍ത്തിക്കാനും പരിശീലിച്ചെടുത്താല്‍ അതായിരിക്കും ലോകത്തിലെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം. അവരുടെ കുടുംബം ലോകോത്തരമായ ഒരു ഇന്‍സ്റ്റിറ്റ്യൂഷന്‍ തന്നെ ആയി മാറും.

What is Profile ID?
CHAT WITH US !
+91 9747493248