എന്റെ തലയിൽ കൂടിയാണ് ഈ ലോകം കറങ്ങുന്നതെന്ന് തെറ്റിദ്ധരിച്ചിരുന്ന എനിക്കും, എന്നെപ്പോലെയുള്ള മറ്റു പലർക്കും, ഞാനില്ലെങ്കിലും ലോകം കറങ്ങും എന്ന്, ജീവിച്ചിരിക്കുമ്പോൾ തന്നെ വെളിപ്പെടുത്തി തന്നു ഈ ലോക്ക്ഡൌൺ.
നമ്മുടെ രാജ്യത്തിന്റെ സംവിധാനങ്ങൾ അവസരത്തിനൊത്തുയർന്ന്, കോവിഡ് മഹാമാരിയെ തളയ്ക്കുന്നതിനു വേണ്ടി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ജീവൻ പണയം വെച്ച് നാടിനെ കാക്കുന്ന ആതുര ശുശ്രൂഷകരെയും, ഉദ്യോഗസ്ഥരെയും, സന്നദ്ധ സേവകരെയും ഹൃദയം കൊണ്ടു നമിക്കുന്നു. അവരുടെ നിർദ്ദേശങ്ങൾ സുമനസ്സോടെ പാലിക്കുക എന്നതാണ് നമുക്ക് പകരം ചെയ്തു കൊടുക്കാവുന്ന സേവനം.
മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരും, ദുരിതം അനുഭവിച്ചവരും, രോഗപീഡകളനുഭവിച്ചവരും. രോഗഭയത്താൽ മാനസികമായി വിഷമിച്ചവരും, ഉപജീവനം നഷ്ടമായവരും, ദൂരസ്ഥലങ്ങളിൽ പെട്ടുപോയവരും, അവരെ വേദനയോടെ സ്മരിക്കുന്നു.
പക്ഷേ ഇപ്പോൾ അത്യാവശ്യം, രോഗവ്യാപനം ഫലപ്രദമായി തടയുക എന്നതാണ്. ഒപ്പം നമ്മുടെ ഉത്സാഹം വീണ്ടെടുക്കുകയും, നിലനിർത്തുകയും വേണം. അതിന് വേണ്ടി ഈ അത്യാഹിതത്തിന്റെ ഗുണവശങ്ങൾ കൂടി കാണാൻ നമുക്ക് ശ്രമിക്കാം.
എത്ര പെട്ടെന്നാണ്, നമ്മൾ നമ്മുടെ ശൈലികൾ അടിമുടി മാറ്റി, പരിമിതികളിൽ നിന്നു പോലും സംതൃപ്തി കണ്ടെത്തിയത്?
നാടോടുമ്പോൾ നടുവേ ഓടാനും, ഓടി ഒന്നാമതെത്താനും, ലോകം കീഴടക്കാനും വെമ്പൽ കൊണ്ട്, വലിച്ചു മുറുക്കിയ തന്ത്രികൾ പോലെ ടെൻഷനിൽ കഴിഞ്ഞിരുന്ന പലർക്കും, വീട്ടിൽ അടങ്ങിയിരിക്കുന്നതിന്റെ ആനന്ദം വെളിപ്പെട്ട സുവർണ്ണ ദിനങ്ങൾ ആയിരുന്നില്ലേ ഈ അത്യാഹിത ദിവസങ്ങൾ?
വിവാഹം, പാലുകാച്ചൽ, ജന്മദിനം, വാർഷികം, ഏഴ്, പതിനാറ്, ഇരുപത്തെട്ട്, നാല്പത്തൊന്ന് തുടങ്ങി ഒത്തിരി ആഘോഷങ്ങളും അതിന്റെ ഒരുക്കങ്ങളും യാത്രകളും സദ്യകളും ആയിരുന്നു നമ്മുടെ പ്രധാന സാമൂഹ്യജീവിത പരിപാടികൾ. ഓരോ മാസവും എത്ര സദ്യകൾക്കാണ് പോയി മുഖം കാണിച്ച്, ഭക്ഷിച്ച് പോരേണ്ടിയിരുന്നത്. അതെല്ലാം ഒഴിവായി, ഇപ്പോൾ വീട്ടിലിരുന്ന് ഉള്ളത് വെച്ചു വിളമ്പി, തിരക്കും ധൃതിയും ഇല്ലാതെ, തൃപ്തിയോടെ ഭക്ഷിച്ചു വന്നതു കൊണ്ടായിരിക്കണം, പതിവായി ആശുപത്രിയിലേക്ക് ഓടേണ്ടിയിരുന്ന പലർക്കും അത് ഒഴിവായിക്കിട്ടിയത്.
മിതമായ ഭക്ഷണവും, അലച്ചിൽ ഒഴിവാക്കുന്നതും വഴി ആരോഗ്യം മെച്ചപ്പെടുകയും, ചെയ്യും എന്നത് ഒരു വലിയ തിരിച്ചറിവ് തന്നെ ആയിരുന്നു. കൂടാതെ ധനലാഭവും.
ഏറ്റവും വേണ്ടപ്പെട്ടവരെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങുകൾ നടത്തിയാലും ആവശ്യങ്ങൾ നടക്കും എന്നത് മറ്റൊരു തിരിച്ചറിവായിരുന്നു. അലങ്കാരങ്ങളും ആഭരണങ്ങളും, ആൾക്കൂട്ടവും, സദ്യയും ഇല്ലാതെ നിരവധി വിവാഹങ്ങൾ നടന്നു ഈ കാലത്ത്. അതുപോലെ തന്നെ അനവധി മൃതസംസ്കാരങ്ങളും.
പണം ഉണ്ടെങ്കിൽ എന്തും സാധിക്കാം എന്ന ചിന്തയ്ക്കും മാറ്റം വന്നിരിക്കുന്നു. ബുദ്ധിമുട്ടുണ്ട് എന്നു തുറന്നു പറയാൻ മടിക്കുന്ന നമ്മുടെ മിഥ്യാഭിമാനത്തിനും മാറ്റം വന്നിരിക്കുന്നു. കഷ്ടത അനുഭവിക്കുന്നവരെ, കണ്ടറിഞ്ഞും കേട്ടറിഞ്ഞും സഹായിക്കാൻ തക്ക സഹജീവി സ്നേഹവും, കർത്തവ്യ ബോധവും നമുക്കുണ്ടായി എന്ന തിരിച്ചറിവ് എത്രയോ ആശ്വാസകരമാണ്.
അടച്ചു പൂട്ടലിന്റെ വീർപ്പു മുട്ടലിനിടയിൽ, കുടുംബ ബന്ധങ്ങൾ വഷളായി വനിതാ ഹെൽപ്പ് ലൈനിൽ വരുന്ന പരാതികളെക്കുറിച്ച് ചില വാർത്തകൾ പത്രത്തിൽ വായിക്കാനിടയായി.
അപകടങ്ങളെക്കുറിച്ച് ആണ് വാർത്തകൾ വരുന്നത്. നന്നായി നടക്കുന്നതിനെക്കുറിച്ചും നമ്മൾ അറിയേണ്ടത് ആവശ്യമല്ലേ? മുമ്പ് പ്രശ്നങ്ങൾ പറഞ്ഞ് എന്നെ വിളിച്ചിട്ടുള്ള ചിലർക്കെങ്കിലും ഈ അടച്ചിരുപ്പ്, പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇടയായി എന്നറിയുന്നത്, പൊരിവെയിലിൽ നടക്കുമ്പോൾ മരത്തണൽ കിട്ടുന്ന പോലെ ആശ്വാസം തരുന്നു.
ഒരു ചരടില്ലെങ്കിൽ പുള്ളിക്കാരൻ കണ്ടമാനം പൊയ്ക്കളയും എന്നു പറഞ്ഞ് ഇരുപത്തി അഞ്ചു വർഷമായി മസിലു പിടിച്ചു കഴിഞ്ഞ ഒരു വീട്ടമ്മ, കോവിഡ് ഭീതി വിതച്ചപ്പോൾ, ചേട്ടാ എനിക്ക് പേടിയാകുന്നു എന്നു പറഞ്ഞ് ഭർത്താവിനോട് രമ്യതയിലെത്തിയ സംഭവം എന്നെ വിളിച്ച് സന്തോഷത്തോടെ അറിയിക്കുകയുണ്ടായി.
വീട്ടിലിരിക്കുവാൻ നിർബന്ധിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്ക്, പ്രത്യേകിച്ച് ദമ്പതികൾക്ക്, ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ, അസ്വസ്ഥത സൃഷ്ടിക്കുന്നത് സ്വാഭാവികമാണ്. പണ്ട് വീട്ടിലെ അന്തരീക്ഷം അസ്വസ്ഥമാകുമ്പോൾ പുറത്തേക്ക് ഒന്നിറങ്ങി മനസ്സ് സ്വസ്ഥമാകുമ്പോൾ തിരികെ വരാമായിരുന്നു. ഇപ്പോൾ അതു സാധിക്കില്ല. ഒളിച്ചോട്ടത്തിന്റെയും ഒഴിഞ്ഞുമാറലിന്റെയും സൂത്രങ്ങൾ ഇപ്പോൾ നടപ്പില്ല.
മറികടക്കാൻ ഒറ്റ മാർഗ്ഗമേയുള്ളു. ശാന്തതയോടെ നേരിടുക. ന്യായാന്യായങ്ങളെ ചൊല്ലി, വാദപ്രതിവാദവും കണക്കുംപറയലും നടത്താതെ, പങ്കാളിയെ അയാളായിരിക്കുന്ന അവസ്ഥയിൽ തന്നെ നിരുപാധികം അംഗീകരിക്കുക. പറ്റിപ്പോയ അബദ്ധങ്ങൾക്കും ഉപേക്ഷകൾക്കും ഖേദം പ്രകടിപ്പിക്കുക. നിരുപാധികം ക്ഷമിക്കുക. ഇതുവരെ സംഭവിച്ചതും, ഇനി സംഭവിക്കാനിരിക്കുന്നതും, നല്ലതിനാണെന്ന് വിശ്വസിക്കുക. യുക്തിപരമായി ചിന്തിച്ച് അപ്പപ്പോഴത്തെ ആവശ്യങ്ങൾ സാധിച്ചെടുക്കാൻ ഉത്സാഹത്തോടെ പ്രവർത്തിക്കുക. പ്രവർത്തനം വിജയിച്ചോ എന്നതിനേക്കാൾ പ്രസക്തം, ഉത്സാഹത്തോടെ പരിശ്രമിക്കുന്നുണ്ട് എന്നതാണ്.
അത്യാവശ്യങ്ങളും ആവശ്യങ്ങളും അനാവശ്യങ്ങളും തമ്മിൽ തിരിച്ചറിഞ്ഞ്, വേണ്ടതു മാത്രം ചെയ്യാനുള്ള വിവേകം, ഈ ലോക്ക്ഡൌൺ മൂലം എല്ലാവർക്കും ലഭിക്കണമേ, അപകടങ്ങൾ അകന്നു പോകണമേ, ലോകം സൌഖ്യം പ്രാപിക്കണമേ എന്ന പ്രാർത്ഥനയോടെ,
ജോർജ്ജ് കാടൻകാവിൽ.
=======================================
ബെത് ലെഹം സേവനങ്ങളെക്കുറിച്ച് -
നാളെയെക്കുറിച്ച് ഉള്ളിൽ ആശങ്കകളുണ്ടെങ്കിലും, ഇന്നത്തെ ദിവസത്തിൽ ശ്രദ്ധവെച്ചു കൊണ്ട്, നാളെയെക്കുറിച്ച് ശുഭപ്രതീക്ഷയോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ബെതലെഹം അംഗങ്ങളിൽ ബഹു ഭൂരിപക്ഷവും എന്ന് ഞങ്ങളുടെ ഫോൺ വിളികളിൽ നിന്നും, വെബ് സൈറ്റിലെ പ്രൊപ്പോസലുകളുടെ എണ്ണത്തിൽ ഉള്ള വർദ്ധനയിൽ നിന്നും മനസ്സിലാകുന്നു.
വിവാഹം എപ്പോൾ നടത്തണം എന്നു നിശ്ചയിക്കാൻ സാധിക്കുന്നില്ല എങ്കിലും, ഇപ്പോൾ വീണു കിട്ടിയ സമയം, വിവാഹ അന്വേഷണം നടത്താൻ വിനിയോഗിക്കുന്ന പ്രായോഗിക ബുദ്ധിയാണ് ബഹുഭൂരിപക്ഷം അംഗങ്ങളിലും കണ്ടു വരുന്നത്.
അസ്വസ്ഥത തോന്നുന്ന ചിലരൊക്കെ എന്നെ വിളിച്ച് സംസാരിക്കാറുണ്ട്. റെഡിമെയ്ഡ് പരിഹാരങ്ങൾ ഒന്നും നൽകാൻ ഇല്ലെങ്കിലും, ഏതാനും ആശ്വാസ വാക്കുകൾ പറയാനെങ്കിലും സാധിക്കുന്നുണ്ട്.
ഈ മാസത്തെ മാസികയും ഡിജിറ്റൽ വെർഷൻ ആണ്. ലോക്ക്ഡൌൺ തുടങ്ങിയപ്പോൾ തന്നെ, എല്ലാ പ്രൊഫൈലുകളുടെയും കാലാവധി സൌജന്യമായി നീട്ടി കൊടുത്തിരുന്നതിനാൽ പുതിയ പ്രൊഫൈലുകൾ ഈ ലക്കത്തിൽ തീരെ ഉണ്ടാവുകയില്ല എന്നാണ് വിചാരിച്ചിരുന്നത്, പക്ഷേ പ്രതീക്ഷ മറികടന്ന് ഈ ലോക്ക്ഡൌണിലും പുതിയ പ്രൊഫൈലുകൾ രജിസ്റ്റർ ചെയ്തു എന്നത് ബെത് ലെഹം ടീമിനു മുഴുവനും സന്തോഷം പകരുന്നു.
സന്മനസ്സോടെ സഹകരിച്ച എല്ലാവരോടും ഞങ്ങൾക്കുള്ള കടപ്പാട് അറിയിക്കുന്നു.
ജോർജ്ജ് കാടൻകാവിൽ. 9249392518