Back to articles

വാദം തുടര്‍ന്നാല്‍ മൃതി നിന്ന നില്‍പ്പില്‍ !! വണക്കമാര്‍ന്നാല്‍ മൃതി പോര്‍ക്കളത്തില്‍ !!

February 25, 2020

ഡ്രൈവിംഗിനിടയില്‍ വഴിയിലുള്ള മറ്റു വാഹനങ്ങളെ കുറ്റപ്പെടുത്തുകയും, നിയമം തെറ്റിക്കുന്ന ഡ്രൈവര്‍മാരോട് വഴക്കടിക്കുകയും ചെയ്യുന്ന ഭര്‍ത്താവിന്‍റെ പെരുമാറ്റം ജീവിതം ദുഃസ്സഹമാക്കുന്നു എന്നാണ് ഒരു ഭാര്യയുടെ സങ്കടം. വഴിയിലെ വഴക്കിന്‍റെ ടെന്‍ഷന്‍ അദ്ദേഹത്തിന്‍റെ ജോലിസ്ഥലത്തും, ബാക്കി വീട്ടിലും തുടരുന്നുവത്രേ.

വളരെ സൂക്ഷിച്ചും, സുരക്ഷിതമായും, എല്ലാ ട്രാഫിക് റഗുലേഷന്‍സും പാലിച്ചുമാണ് പുള്ളിക്കാരന്‍ ഡ്രൈവ് ചെയ്യുന്നത്. പക്ഷെ ആരെങ്കിലും ലെയിന്‍ തെറ്റിച്ച് ഓവര്‍ടേക്ക് ചെയ്യുകയോ, സൈഡ് കൊടുക്കാതിരിക്കുകയോ, പിന്നില്‍ വന്ന് ഹോണടിച്ച് ബഹളം വയ്ക്കുകയോ ചെയ്താല്‍, പുള്ളിക്കാരന്‍റെ മുഖത്തെ പേശികളൊക്കെ വലിഞ്ഞു മുറുകി, ശരീരം സ്റ്റിഫ് ആകും. മൂക്ക് വിറയ്ക്കും. വിന്‍ഡോ തുറന്ന് അയാളെ ഉറക്കെ ശകാരിക്കും. അവരു തിരിച്ചും എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ ഭയങ്കര ബഹളമാകും

ബൈക്കുകളും, ഓട്ടോറിക്ഷകളും ഇടയില്ലാത്ത വഴികളില്‍ ഇടയിലൂടെ നുഴഞ്ഞ് കയറി ട്രാഫിക് ബ്ലോക്ക് ആകുമ്പോള്‍ ഭര്‍ത്താവിന് ദേഷ്യം സഹിക്കാന്‍ പറ്റുന്നില്ല. കഴിഞ്ഞ ദിവസം ഒരു ബൈക്കുകാരനുമായി വഴക്ക് കൂടി. അത് മൂത്ത് വലിയ ചീത്ത വിളിയും, റോഡിലിറങ്ങിയുള്ള കയ്യാങ്കളിയുമായി മാറി. ആദ്യമായി അന്ന് എന്‍റെ ഭര്‍ത്താവിന് തല്ലും കിട്ടി.

ജോലിയില്‍ അതിസമര്‍ത്ഥനും, ബുദ്ധിമാനുമായ ആളാണ്. സാമ്പത്തിക പ്രശ്നങ്ങളോ, വീട്ടില്‍ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നുമില്ല. എന്നോടും വളരെ സ്നേഹമായിട്ട് മാത്രമേ പെരുമാറിയിട്ടുള്ളൂ. പക്ഷെ വാഗ്വാദം തുടങ്ങിയാല്‍ നിര്‍ത്താന്‍ സാധിക്കുന്നില്ല. തുടക്കത്തില്‍ അദ്ദേഹത്തിന്‍റെ വാദങ്ങള്‍ വളരെ ശരിയായിരിക്കും. പക്ഷെ തര്‍ക്കം മൂത്തു കഴിയുമ്പോള്‍ ലക്കും ലഗാനുമില്ലാതെ സംസാരിച്ചു കളയും. നല്ല നിലയും വിലയുമുള്ള ഒരാളെന്തിനാണ് ഇങ്ങനെ നില മറന്നു പെരുമാറുന്നത്? എന്‍റെ ഭര്‍ത്താവിനെയും കൊണ്ട് ഒരു സൈക്കോളജിസ്റ്റിന്‍റെ അടുത്ത് പോകണമെന്നുണ്ട്. പക്ഷെ എനിക്കത് അദ്ദേഹത്തോടു പറയാന്‍ ധൈര്യമില്ല. സാറിന് ഞങ്ങളെ സഹായിക്കാന്‍ കഴിയുമോ?

"എന്‍റെ സഹോദരീ, അതു അദ്ദേഹത്തോട് നേരിട്ടു പറയാന്‍ എനിക്കും ധൈര്യമില്ല, അവകാശവും ഇല്ല. എന്‍റെ കാഴ്ചപ്പാട് പറയാം, ഇതേക്കുറിച്ച് എഴുതാം. അത് അദ്ദേഹത്തെ കാണിച്ചു കൊടുത്തു കൊള്ളൂ. എന്നിട്ട് അദ്ദേഹം തന്നെ തീരുമാനിക്കട്ടെ".

ഇക്കാലത്ത് ഏതാണ്ട് എല്ലാവരും തന്നെ ഏതെങ്കിലും വാഹനം ഓടിക്കുന്നവരാണ്. വാഹനവുമായി റോഡിലിറങ്ങുന്ന ഓരോരുത്തര്‍ക്കും ഡ്രൈവിംഗിലെ പ്രാവീണ്യവും, ആരോഗ്യവും, മനോഭാവവും വ്യത്യസ്തമായിരിക്കും. അതിനാല്‍ എല്ലാവരും സുരക്ഷിതമായി മാത്രമേ വണ്ടി ഓടിക്കുകയുള്ളൂ എന്ന മുന്‍വിധിയോടെ ഡ്രൈവ് ചെയ്താല്‍ അപകടം ഉറപ്പാണ്. മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍ക്കോ, വാഹനത്തിന്‍റെ ഭാഗങ്ങള്‍ക്കോ എപ്പോള്‍ വേണമെങ്കിലും പിഴവു പറ്റാം എന്ന് സ്വയം അംഗീകരിച്ച്, ആ ജാഗ്രതയോടെ വാഹനം ഓടിക്കുന്നവര്‍ക്ക് ടെന്‍ഷന്‍ കുറവായിരിക്കും, അപകട സാദ്ധ്യതയും കുറഞ്ഞിരിക്കും.

ഡ്രൈവിംഗ് തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നത്, ആളിനോ വാഹനത്തിനോ നേരിയ പരിക്കുകള്‍  മാത്രം സംഭവിക്കുമ്പോഴാണ്. ഒരിക്കല്‍ ഒരു തര്‍ക്കം മൂത്തു വഴി മുടക്കിയപ്പോള്‍ ഒരാള്‍ മദ്ധ്യസ്ഥനായി വന്ന് ചോദിക്കുതു കേട്ടു, "എന്‍റെ ചേട്ടാ കാര്യമായിട്ടൊന്നും പറ്റാത്തതു കൊണ്ടല്ലേ നിങ്ങളിങ്ങനെ  തര്‍ക്കിച്ചു നില്‍ക്കുന്നത്. വല്ല കയ്യോ കാലോ ഒടിഞ്ഞിരുന്നെങ്കിൽല്‍ നിങ്ങള്‍ തര്‍ക്കത്തിനു നില്‍ക്കുമോ, അതോ ആശുപത്രിയില്‍ പോകുമായിരുന്നോ?" എന്ന്.

തലനാരിഴക്ക് അപകടം ഒഴിവാകുമ്പോഴും ഇതുപോലെ നിയന്ത്രണം വിട്ട തെറിവിളിയും തര്‍ക്കവും സംഭവിക്കാറുണ്ട്. അതിനു തക്കതായ ഒരു കാരണമുണ്ട്. അപകടമോ അപകടസാദ്ധ്യതയോ പെട്ടെന്നു വന്നു പെടുമ്പോള്‍ അയാള്‍ ഭയന്നു പോകും. ഭയം മൂലം ശരീരത്തില്‍ അഡ്രിനാലിന്‍ ഉത്പാദിപ്പിക്കപ്പെടും. അത് ചിലവഴിക്കപ്പെട്ടില്ലെങ്കില്‍ ശരീരത്തിന് ദോഷം ചെയ്യുന്ന ഒരു രാസവസ്തു ആണ്. ഇത്തരം ഒച്ചവെയ്ക്കലും ബഹളവും കൊണ്ട് ശരീരത്തില്‍ ഉളവായ അഡ്രിനാലിന്‍ പെട്ടെന്ന് ചിലവഴിക്കപ്പെട്ടു പൊയ്‌ക്കൊള്ളും. ഈ വസ്തുത മനസ്സിലായാല്‍ മതി, നമ്മളോട് ബഹളം വയ്ക്കാനെത്തുന്ന ആളെ തിരികെ തെറിവിളിക്കുന്നതില്‍ നിന്നും നമ്മുടെ മനസ്സ് ശാന്തമായിക്കൊള്ളും. അയാളെ അഡ്രിനാലിനില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി നമ്മള്‍ ഒരു സോറി കൂടി പറഞ്ഞ് വല്ലതും പറ്റിയോ എന്നു തിരക്കി സഹാനുഭൂതി കാണിക്കുകയും കൂടി ചെയ്താല്‍ റോഡിലെ പല വഴക്കും നിര്‍വീര്യമാക്കാം എന്നാണ് എന്‍റെ അനുഭവം.

ആകസ്മികമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍ നമ്മളും ഭയന്നു പോകും. അപ്പോള്‍ നമ്മുടെ ഉള്ളിലും ഈ അഡ്രിനലിന്‍ ഉറവെടുക്കും. അതു ചിലവഴിക്കാന്‍ എന്തെങ്കിലും ഉടനടി ചെയ്യണം. ബഹളം വയ്ക്കാനും ചീത്ത വിളിക്കാനുമായിരിക്കും പലര്‍ക്കും ആദ്യം തോന്നുത്. അതിനു പകരം വണ്ടി തുറന്ന് പുറത്തിറങ്ങി, അയാളെ ആശ്വസിപ്പിക്കുകയും, രണ്ടു വണ്ടികളുടെയും ഡാമേജ് പരിശോധിക്കുകയോ, മറ്റെന്തെങ്കിലും പ്രവര്‍ത്തിയില്‍  ഏര്‍പ്പെടുകയോ ചെയ്താല്‍ മതി, നമ്മുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെട്ട രാസവസ്തുവും ചിലവഴിക്കപ്പെട്ടു പൊയ്‌ക്കൊള്ളും .

റോഡിലെ തര്‍ക്കത്തിനു പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാകും. വലിയ വണ്ടിക്കാരനോട് ചെറിയ വണ്ടിക്കാരനും, തിരിച്ചുമുള്ള സങ്കുചിത മനോഭാവമാണ് അതിലൊന്ന്. അപകടമുണ്ടായാല്‍ തെറ്റ് ആരുടെ ഭാഗത്താണെങ്കിലും, ചെറിയ വണ്ടിയുടെ ഡ്രൈവര്‍ക്കല്ലേ വഴിപോക്കരുടെ സഹതാപം കൂടുതല്‍ ലഭിക്കുന്നത്. അപ്പോള്‍ നിയമം പാലിച്ചു വണ്ടിയോടിച്ച പാവം വലിയ വണ്ടിക്കാരനു പ്രഷറും കോപവും പൊട്ടിത്തെറിയും ഒക്കെ സംഭവിക്കില്ലേ? വണ്ടിക്കുള്ളിലിരുന്ന്, ഭാര്യയും ഭര്‍ത്താവും തമ്മിലോ, മറ്റാരോടെങ്കിലുമോ, ഫോണില്‍ കൂടിയോ ഒക്കെ വാദപ്രതിവാദം നടത്തി, ആ കോപത്തില്‍ അപകടകരമായി ഡ്രൈവ് ചെയ്ത്, ആരോടെങ്കിലും മെക്കിട്ടു കയറി വഴക്കുണ്ടാക്കുന്നതും അപൂര്‍വ്വമല്ല.

സമയം വൈകിയതിനാല്‍ പരവേശം പിടിച്ച് ധൃതിയില്‍ വണ്ടിയോടിക്കുന്നതാണ് മറ്റൊരു പ്രശ്നം. ലേറ്റ് ആയി പോയത് പരിഹരിക്കാന്‍ സ്പീഡ് കൂട്ടിയതു കൊണ്ട് സാധിക്കില്ലല്ലോ? ലേറ്റ് ആയാലും ലക്ഷ്യത്തില്‍ സുരക്ഷിതമായി എത്തുകയല്ലേ നമ്മുടെ ആവശ്യം? ലേറ്റ് ആകുന്നതു കൊണ്ടു സംഭവിക്കുന്ന നഷ്ടമാണോ, അപകടം കൊണ്ടു സംഭവിക്കുന്ന നഷ്ടമാണോ ഏതാണ് വലിയ നഷ്ടം? ഇതൊക്കെ ചിന്തിച്ച്, അല്പം നേരത്തേ പുറപ്പെടുന്ന ശീലം ആരംഭിക്കുക.

ലാഭം ഉണ്ടാക്കാനും, നഷ്ടം ഒഴിവാക്കാനും ഉദ്ദേശിച്ച് അനാവശ്യ തര്‍ക്കങ്ങള്‍ നടത്തുന്നത് ചില മനുഷ്യരുടെ ദുഃസ്വഭാവമാണ്. കാര്യമാത്ര പ്രസക്തമായി തര്‍ക്കിക്കുക എന്നത് എല്ലാ മനുഷ്യര്‍ക്കും അവശ്യം വേണ്ട ഒരു സ്വഭാവഗുണമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ വരുമ്പോള്‍ അഭിപ്രായ സമന്വയം ഉണ്ടാകുന്നതിനും, ആ സാഹചര്യത്തിന്‍റെ ഉത്തരവാദിത്വവും, ഉത്തമമായ നടപടിയും നിശ്ചയിക്കുന്നതിനും, ബന്ധപ്പെട്ടവരുടെ വാദങ്ങള്‍ അവതരിപ്പിക്കുകയും, ന്യായമായ തീര്‍പ്പുകള്‍ ഉണ്ടാകുകയും ചെയ്യേണ്ടത് മനുഷ്യന്‍റെ സാമൂഹ്യ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.

സാമൂഹ്യ ജീവിയായ മനുഷ്യന്‍റെ ഏറ്റവും വലിയ പ്രത്യേകത, ചിന്തിക്കുകയും, സംഘമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതാണ്. മറ്റു മനുഷ്യരോട് ഇടപെട്ടു കൊണ്ടിരുന്നെങ്കിലേ മനുഷ്യന് ജീവിച്ചിരിക്കാന്‍ അവശ്യം വേണ്ട അനുഭവങ്ങള്‍ ലഭിക്കുകയുള്ളൂ. ഏതെങ്കിലും ആവശ്യം നേടുന്നതിനു വേണ്ടി സംഘമായി പ്രവര്‍ത്തിക്കുന്നതിനാണ് സഹകരണം എന്നു പറയുന്നത്. പക്ഷേ സഹകരണം മാത്രമല്ല മത്സരവും മനുഷ്യ സ്വഭാവം ആണ്. കാരണം മത്സരം കൊണ്ടും അനുഭവങ്ങള്‍ ലഭിക്കുന്നുണ്ട്.

സമാധാനത്തോടെ ഒന്നു ജീവിച്ചു മരിച്ചാല്‍ മതിയായിരുന്നു എന്നു ചിന്തിക്കുമെങ്കിലും, സമാധാനം മാത്രമല്ല പലപ്പോഴും യുദ്ധങ്ങളും നേരിടേണ്ടി വരും. കാരണം, പുരോഗമിക്കും തോറും സഹകരണത്തേക്കാളുപരി, മല്‍സരിക്കാനാണ് മനുഷ്യന്‍റെ പ്രവണത. ആരോഗ്യകരമായ മത്സരം അനാരോഗ്യകരമായി കൈകാര്യം ചെയ്യുമ്പോഴാണ് അത് യുദ്ധമായി മാറുന്നത്. ഏതൊരു യുദ്ധവും ആദ്യം ആരംഭിക്കുന്നത് ഏതെങ്കിലും ഒരു മനുഷ്യന്‍റെ മനസ്സിലെ കടുംപിടുത്തത്തില്‍ നിന്നാണ്.

തര്‍ക്കം തുടങ്ങിയാല്‍ പിന്നെ ചേതമില്ലാത്ത കാര്യങ്ങള്‍ക്കു പോലും വിട്ടു കൊടുക്കാതെ വാദിച്ചു നില്‍ക്കുന്നത് ചിലരുടെ പ്രത്യേകതയാണ്. ചെറുപ്പത്തില്‍ ഞാന്‍ ഈ സ്വഭാവം കാണിച്ചപ്പോള്‍ എന്‍റെ അപ്പന്‍ എന്നോടു പറഞ്ഞു, "വാദം തുടര്‍ന്നാല്‍ മൃതി നിന്ന നില്‍പ്പില്‍, വണക്കമാര്‍ന്നാല്‍ മൃതി പോര്‍ക്കളത്തില്‍" എന്ന് (തര്‍ക്കം തുടര്‍ന്നാല്‍ ഉടനടി മരണം. ബഹുമാനം പാലിച്ചാല്‍, അന്തസ്സായ മരണം പോര്‍ക്കളത്തില്‍).

പോര്‍ക്കളം എന്നത് വ്യവസ്ഥാപിത സംവിധാനങ്ങളാണ്. എന്തിനു  പോര്‍ക്കളത്തില്‍ ഇറങ്ങണം എന്നതും, യുദ്ധമാണോ സന്ധിയാണോ  ഉചിതം എന്ന് അതതു സമയത്ത് നിശ്ചയിക്കുന്നതും ഓരോ മനുഷ്യന്‍റെയും പ്രധാനപ്പെട്ട തീരുമാനമാണ്. നീതിക്കു വേണ്ടി വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ നടത്തുന്ന ഓരോ പ്രയത്നവും പോര്‍ക്കളത്തിലെ പോരാട്ടമാണ്.

"ഞാന്‍ നല്ലവണ്ണം യുദ്ധം ചെയ്തു എന്‍റെ ഓട്ടം ഞാന്‍ പൂര്‍ത്തിയാക്കി" എന്നു മരിക്കുമ്പോള്‍ ആത്മാര്‍ത്ഥമായി പറയാന്‍ സാധിക്കുന്നതാണ് എന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥപൂര്‍ണ്ണമായ പൂര്‍ത്തീകരണം. അതിനാല്‍, തക്കതായ ഒരു ആവശ്യത്തിനു വേണ്ടി യുദ്ധം ചെയ്യാന്‍ ഞാന്‍ മടിക്കില്ല എന്നു ചിന്തിക്കുക.

റോഡിലെ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നതാണ് നിങ്ങളുടെ ഭര്‍ത്താവിന്‍റെ തക്കതായ ആവശ്യമെങ്കില്‍ അദ്ദേഹത്തെ തടയേണ്ട. കുറേക്കൂടി ആസൂത്രിതവും ഔദ്യോഗികവുമായി അത് ചെയ്യാന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. സുനിശ്ചിത ലക്ഷ്യമോ, പ്ലാനോ, പദ്ധതിയോ ഇല്ലാത്ത വാദപ്രതിവാദ യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ അദ്ദേഹത്തിനു തോന്നണമേ എന്ന് പ്രാര്‍ത്ഥിക്കൂ.

What is Profile ID?
CHAT WITH US !
+91 9747493248