Back to articles

മക്കളെ കെട്ടിക്കലാണോ മാതാപിതാക്കളുടെ അന്തിമ ലക്ഷ്യം ?

November 02, 2019

എനിക്ക് രണ്ട് മക്കളുണ്ട്. മൂത്തത് മകനാണ് മുപ്പത് വയസ്സായി. ഇളയത് മകള്‍, ഇരുപത്തെട്ടു വയസ്സ്. മകളുടെ കല്യാണം അടുത്ത മാസമാണ്. മകന്‍റെ കാര്യത്തിലാണ് എന്‍റെ സങ്കടം മുഴുവന്‍. അവന് ചെറുപ്പത്തില്‍ ഒരു ഓപ്പറേഷന്‍ ചെയ്യേണ്ടി വന്നു. അസുഖം തീര്‍ത്തും മാറി. നന്നായി പഠിച്ച് എം.ടെക് പാസ്സായി ഉയര്‍ന്ന ജോലിയും ലഭിച്ചു. സാമാന്യം നല്ല ഒരു വീടും, സാമ്പത്തിക ശേഷിയുമുണ്ട് ഞങ്ങള്‍ക്ക്. അവനു വേണ്ടി പല കല്യാണക്കാര്യങ്ങളും ആലോചിച്ചു കൊണ്ടു വരും. പക്ഷേ ഈ ഓപ്പറേഷന്‍റെ കാര്യം പറയുമ്പോള്‍ ആലോചന അവസാനിക്കും. പറയാതിരുന്നാല്‍ ചതിയായി പോകില്ലേ? ഇവന്‍റെ കല്യാണം കൂടി കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് കടമകള്‍ തീര്‍ത്തു എന്ന സമാധാനത്തില്‍ മരിക്കാമായിരുന്നു. സാറൊന്നു ഉത്സാഹിച്ച്, ഇവനൊരു നല്ല പെണ്ണിനെ കണ്ടു പിടിച്ചു തരാമോ?

നമുക്കു ശ്രമിക്കാം പെങ്ങളേ, ഞാന്‍ ഇതേക്കുറിച്ച് എഴുതാം, ചിലപ്പോള്‍ ഇവനു പറ്റിയ ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടാലോ. പക്ഷേ സാധാരണഗതിയില്‍ പോരായ്മയുള്ള ആളെ കെട്ടാന്‍ തയ്യാറാകുന്നത് അവര്‍ക്കും എന്തെങ്കിലും പോരായ്മ ഉള്ളതു കൊണ്ടാകാം. അതറിയുമ്പോള്‍ നിങ്ങള്‍ക്കും പിന്‍വലിയാന്‍ തോന്നില്ലേ?

ഇത്തരം അവസ്ഥ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് നമ്മുടെ വൈവാഹിക സംഗമത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പരിമിതികള്‍ എടുത്തു പറഞ്ഞ് വിവാഹം അന്വേഷിച്ചാല്‍, നമ്മുടെ ഗുണഗണങ്ങള്‍ ഒന്നും മനസ്സിലാക്കാതെ, ആദ്യം കേട്ട പരിമിതി മാത്രം പരിഗണിച്ച് ആലോചന മുടങ്ങുകയേ ഉള്ളൂ, അതിനാല്‍ വിവാഹം അന്വേഷിക്കുമ്പോള്‍ ഇയാളുടെ മെറിറ്റ്സ് വേണം പ്രസിദ്ധപ്പെടുത്തുവാന്‍ എന്നായിരുന്നു, സംഗമത്തിന്‍റെ അഭിപ്രായം.

ഒരു വ്യക്തിയുടെ സ്വഭാവ വിശേഷങ്ങള്‍ അറിഞ്ഞ് ഇഷ്ടപ്പെട്ട ശേഷമാണ്, അയാളുടെ പോരായ്മകള്‍ അറിയുന്നതെങ്കില്‍, ആ ഗുണദോഷങ്ങള്‍ വിശകലനം ചെയ്ത് വസ്തുനിഷ്ഠമായ തീരുമാനത്തിലെത്താന്‍ ഇടയാകും.

ഇതിലൊരു കെണിയുണ്ട് കേട്ടോ. എല്ലാവരും നല്ല ഇഷ്ടത്തില്‍ ആലോചിച്ചു മുന്നോട്ടു നീങ്ങുമ്പോള്‍, ഇതു തുറന്നു പറയാന്‍ നിങ്ങള്‍ക്ക് മടി തോന്നും. അങ്ങിനെ അത് ഒളിപ്പിച്ച് വെച്ച് വിവാഹം നടത്തിയാല്‍, ഭാവിയില്‍ പൊട്ടിത്തെറിക്കും. സത്യം മറച്ചു വെച്ച നിങ്ങള്‍ക്കായിരിക്കും കൂടുതല്‍ പരുക്കു പറ്റുന്നത്. ഇനി തുറന്നു പറഞ്ഞാലോ, പത്തില്‍ ഒമ്പതു കേസിലും മറു പാര്‍ട്ടി ആലോചന ഉപേക്ഷിക്കും. അതിന്‍റെ മനോവിഷമം അനുഭവിക്കാന്‍ രണ്ടാളും മനസ്സിനെ തയ്യാറാക്കി വെച്ചു വേണം ഈ ശൈലി ശ്രമിക്കാന്‍. ഒമ്പതു റിജക്ഷന്‍ അനുഭവിച്ചാലും, പത്താമത്തെ ആളെങ്കിലും ശരിയാകുമെന്ന പ്രതീക്ഷയോടെ പരിശ്രമിക്കണം.

ഇനി ഏതെങ്കിലും വിവാഹ ആലോചന വരുമ്പോള്‍, അവര്‍ക്ക് നിങ്ങളെ ഇഷ്ടപ്പെടണം എന്നതാണ് പ്രധാനമായി സംഭവിക്കേണ്ടത്. പോരായ്മ ഉള്ളവര്‍ക്ക് ചില കാര്യങ്ങളില്‍ സവിശേഷത കൊടുക്കുന്നത് ഒരു പ്രപഞ്ച നീതിയാണ്. അതു കൊണ്ട്, അവന്‍റെ പ്രത്യേക കഴിവുകളും സ്വഭാവ വിശേഷങ്ങളും മനസ്സിലാക്കി, അത് പരിപോഷിപ്പിക്കുകയാണ് മകന്‍ ഇനി ചെയ്യേണ്ടത്. അതിന് ഞാനവനെ പ്രോത്സാഹിപ്പിക്കാം. അവനോട് എന്നെ വിളിക്കാന്‍ പറയുക.

അവന്‍ വിളിക്കില്ല സാറെ. രണ്ടു മൂന്നു പ്രൊപ്പോസലുകള്‍ മുടങ്ങിയതോടെ അവന് കല്യാണക്കാര്യത്തില്‍ താല്പര്യമില്ലാതായി. ഇനി അമ്മ കണ്ടു പിടിച്ച് തീരുമാനിച്ചാല്‍ മതി, ഞാന്‍ വന്ന് കെട്ടിക്കോളാം, എന്നാണ് അവന്‍റെ നിലപാട്.

പെങ്ങളെ, അവനൊരു ഡ്രസ്സ് വാങ്ങാനോ, കാറോ വീടോ വാങ്ങാനോ, ആയിരുന്നെങ്കില്‍ പോലും അമ്മക്ക് അങ്ങനെ ഏകപക്ഷീയമായി ചെയ്യാമായിരുന്നു. കാരണം അത് അവന് പറ്റാതെ വന്നാല്‍, മാറ്റി വാങ്ങുകയോ, വില്‍ക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യാമല്ലോ. എന്നാല്‍ ഇണയെ കണ്ടുപിടിച്ചു കൊടുക്കുന്ന കാര്യം അവന്‍ കൂടി ഉള്‍പ്പെട്ട് അവന്‍റെ സ്വന്തം ബോദ്ധ്യത്തില്‍ മാത്രം നിശ്ചയിക്കേണ്ട ഒന്നാണ്. അതിന് നമുക്ക് അവനെ സഹായിക്കാം. പക്ഷേ, ഒരു ''Ready to Wed bride'' നെ അല്ല നമ്മള്‍ അന്വേഷിക്കേണ്ടത് എന്നാണ് എന്‍റെ അഭിപ്രായം.

ഇണചേര്‍ന്ന് വംശം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ച് സൃഷ്ടിക്കപ്പെട്ട എല്ലാ സൃഷ്ടികള്‍ക്കും, ഇണയെ ആകര്‍ഷിക്കാനുള്ള കഴിവും സൃഷ്ടാവ് തന്നെ നല്‍കിയിട്ടുണ്ട്. ഇണയെ വേണം എന്ന ഉള്‍വിളി ഓരോരുത്തര്‍ക്കും ഓരോ സമയത്തായിരിക്കും ഉണ്ടാവുക. ചിലര്‍ക്ക്, അവരുടെ പ്രത്യേകതകള്‍ നിമിത്തം അങ്ങിനെ ഒരു ഉള്‍വിളി ഉണ്ടാകാറുമില്ല.  തടസ്സങ്ങളും ഇച്ഛാഭംഗങ്ങളും നേരിടുമ്പോള്‍ ഉള്‍വിളി ഉപേക്ഷിക്കുന്ന ധാരാളം പേരെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ പുതിയ ഏതെങ്കിലും പ്രതീക്ഷ ലഭിക്കുമ്പോള്‍ ആ ഉള്‍വിളി വീണ്ടും ഉണര്‍ന്നു വരുന്നതായാണ് കണ്ടിരിക്കുന്നത്.

തനിക്ക് ഒരിണയെ വേണം എന്ന ശക്തമായ ഉള്‍വിളി ഉണ്ടായെങ്കില്‍ മാത്രമേ ഇണയെ കണ്ടെത്താനും, ഇണയെ ആകര്‍ഷിക്കാനുമുള്ള അയാളുടെ സിദ്ധികള്‍ വിനിയോഗിക്കാന്‍ സാധിക്കൂ. അത്തരം ഒരു മോഹവും, അതു സാധിച്ചെടുക്കാനുള്ള ഇച്ഛാശക്തിയും ഇല്ലാത്തവര്‍, കുടുംബ ജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍, തളര്‍ന്നു പോകുകയോ, തകര്‍ന്നു പോകുകയോ, പൊട്ടിത്തെറിക്കുകയോ ഒക്കെ ചെയ്യും.

ഓരോ ആലോചനകള്‍ വന്ന് മോഹിപ്പിച്ചിട്ട് മാറിപ്പോയപ്പോള്‍ അനുഭവിച്ച ഇച്ഛാഭംഗവും, അതിന്‍റെ മനോവിഷമവും ഇനിയും അനുഭവിക്കാന്‍ മടിച്ചിട്ടോ, ഭയന്നിട്ടോ, അല്ലെങ്കില്‍ അമ്മക്ക് ഇനിയും ഇത്തരം വിഷമങ്ങള്‍ ഉണ്ടാവരുത് എന്ന കരുതല്‍ കൊണ്ടോ ആകാം, അവന്‍ ഈ നിലപാട് എടുത്തത്. അതെന്തായാലും നിരാശ മാറ്റി അവിടെ പ്രതീക്ഷ കൊടുക്കാനാണ് അമ്മ ശ്രമിക്കേണ്ടത്. കല്യാണം നടക്കും എന്നല്ല, ജീവിതം നല്ലതാണെന്നും, ഓരോ ജന്മത്തിനും അതിന്‍റേതായ ദൗത്യമുണ്ടെന്നും അവനോടു പറഞ്ഞു കൊടുക്കണം.

അവന്‍റെ ഇച്ഛാഭംഗം എങ്ങിനെ മായിച്ചു കളയാം എന്ന് നമുക്ക് ചിന്തിക്കാം. അമ്മ ആലിബാബയുടെ കഥ വായിച്ചിട്ടുണ്ടോ ?

ദരിദ്രനായ ഒരു വിറകു വെട്ടുകാരനായിരുന്നു ആലിബാബ. ഒരിക്കല്‍ കാട്ടില്‍ വിറകു വെട്ടുന്നതിനിടെ കുറെ കൊള്ളക്കാര്‍ ദൂരെ നിന്നും കുതിരപ്പുറത്തു വരുന്നതു കണ്ട് ആലിബാബ മരങ്ങള്‍ക്കിടയില്‍ ഒളിച്ചു. ആലിബാബ നിന്നതിനടുത്ത് വന്ന് കൊള്ളക്കാര്‍ കുതിരപ്പുറത്തു നിന്നും ഇറങ്ങി. അവരുടെ തലവന്‍ ഒരു പാറക്കൂട്ടത്തെ നോക്കി ''തുറക്കൂ സീസേം'' എന്നു കല്പിച്ചു, ഉടനെ പാറകള്‍ ഉരുണ്ടുമാറി ഒരു ഗുഹാ കവാടം തുറക്കപ്പെട്ടു. കൊണ്ടു വന്ന കൊള്ളമുതല്‍ ഗുഹയില്‍ ഒളിപ്പിച്ചശേഷം എല്ലാവരും പുറത്തു വന്നു, തലവന്‍ ''അടയ്ക്കൂ സീസേം'' എന്നു കല്പിച്ചു, ഉടനെ ഗുഹാകവാടം പാറകള്‍ മൂടി പഴയതുപോലെ അടഞ്ഞു. കൊള്ളക്കാര്‍ എല്ലാവരും തിരികെ പോയി.

ഇതെല്ലാം കണ്ട് ഭയന്നു വിറച്ച് പോയ ആലിബാബ, കുറച്ചു സമയം കൊണ്ട് ആത്മബലം വീണ്ടെടുത്തു. നഷ്ടപ്പെടുവാന്‍ ഒന്നുമില്ലാത്ത ആലിബാബ ആ ഗുഹയില്‍ കയറാന്‍ തീരുമാനിച്ച് പാറക്കൂട്ടത്തിനു നേരെ നോക്കി  ''തുറക്കൂ സീസേം'' എന്നു കല്പിച്ചു. അതാ ഗുഹ തുറക്കപ്പെട്ടു. ആലിബാബ ഉള്ളില്‍ കടന്ന് തന്‍റെ ദാരിദ്ര്യം മാറാന്‍ മാത്രം ആവശ്യത്തിനു ഒരു ചെറിയ സഞ്ചി നിറയെ സ്വര്‍ണ്ണ നാണയങ്ങള്‍ എടുത്ത് വേഗം പുറത്തു വന്ന് ഗുഹ അടച്ചു, വീട്ടിലേക്ക് പോയി.

ആലിബാബയുടെ സഹോദരന്‍ കാസ്സിം ധനികനായ ഒരു കച്ചവടക്കാരനായിരുന്നു. ആലിബാബക്ക് എവിടെ നിന്നോ കുറെ സ്വര്‍ണ്ണം കിട്ടി എന്ന് സൂത്രത്തില്‍ മനസ്സിലാക്കിയ കാസ്സിം, സ്നേഹം നടിച്ച് ആലിബാബയെക്കൊണ്ട് ഗുഹയുടെ കഥയും, ഗുഹ തുറക്കാനുള്ള പാസ്സ് വേര്‍ഡും പറയിച്ചു. കാസ്സിം നേരേ കാട്ടിലേക്കു പോയി. ഗുഹയില്‍ കടന്ന് ആര്‍ത്തിയോടെ തനിക്ക് വഹിക്കാവുന്നതിലും അധികം സ്വര്‍ണ്ണം വാരിയെടുത്ത് പുറത്തു കടക്കാന്‍ നോക്കുമ്പോള്‍, വെപ്രാളം മൂലം പാസ് വേര്‍ഡ് മറന്നു ഗുഹയില്‍ പെട്ടുപോയി. കൊള്ളക്കാര്‍ വന്നപ്പോള്‍ കാസ്സിമിനെ കാണുകയും, അയാളെ കൊന്നു കളയുകയും ചെയ്തു. തെളിവുകള്‍ പഠിച്ച് കൊള്ളക്കാര്‍ ആലിബാബയെ കണ്ടെത്തി വധിക്കാന്‍ ശ്രമിച്ചു. ഭാഗ്യവും, സര്‍വ്വോപരി മനസ്സിന്‍റെ നന്മയും കൊണ്ട് തന്‍റെ ജോലിക്കാരി ആയ മാര്‍ജിയാനയുടെ ബുദ്ധിയാല്‍ ആലിബാബ കൊള്ളക്കാരുടെ ആക്രമണങ്ങളെ അതിജീവിച്ചു അവരെ എല്ലാം നശിപ്പിച്ചു, ആ നിധിയുടെ ഏക അവകാശി ആയി, തന്‍റെ ചുറ്റുമുള്ളവര്‍ക്ക് ആശയും ആശ്രയവും സഹായവും ചെയ്തു കൊണ്ട് ചിരകാലം ജീവിച്ചു, എന്നാണ് ആലിബാബയുടെ കഥ.

പെങ്ങള്‍ക്കറിയുമോ? ധാരാളം അമൂല്യ വസ്തുക്കള്‍ നിറഞ്ഞ ഈ ഗുഹ ഇപ്പോഴും നിലവില്‍ ഉണ്ട്. നമ്മുടെ ഒക്കെ മനസ്സില്‍ ആണ് ഈ ഗുഹ സ്ഥിതി ചെയ്യുത്. മനസ്സിന്‍റെ ആ ഗുഹാ കവാടത്തില്‍ ചെന്ന്  ''തുറക്കൂ മനസ്സേ'' എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ അത് തുറന്നു കിട്ടും. ആക്രാന്തം കാണിച്ച് ആഗ്രഹം തോന്നിയത് എല്ലാം വാരിക്കൂട്ടാനല്ല ശ്രമിക്കേണ്ടത്. നമ്മളുടെ ആവശ്യം നേടാൻ വേണ്ട സിദ്ധികളാണ് എടുക്കേണ്ടത് (Want vs Need). ചുറ്റുമുള്ളവരെ ആകര്‍ഷിച്ച്  അവര്‍ക്ക് സന്തോഷവും ഉല്‍സാഹവും പകരാൻ വേണ്ടത് ആര്‍ജ്ജിച്ചെടുക്കണം. ചുറ്റുമുള്ളവരെ ആകര്‍ഷിക്കാൻ സിദ്ധി ലഭിച്ചാല്‍, ഇണയെ ആകര്‍ഷിക്കാനും ആ സിദ്ധികള്‍ പ്രയോജനപ്പെടും.

മക്കളെ എല്ലാം കല്യാണം കഴിപ്പിച്ചു വിട്ടാല്‍ പിന്നെ സമാധാനമായിട്ട് മരിക്കാമായിരുന്നു എന്ന അമ്മയുടെ ചിന്ത ഇപ്പോള്‍ തന്നെ വെടിയണം. അങ്ങിനെ ചിന്തിച്ചു കല്യാണം കഴിപ്പിച്ചു വിട്ട അനേകം മാതാപിതാക്കളുടെ സങ്കടം എനിക്ക് നേരിട്ട് അറിയാം.

ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും, നമുക്ക് ലഭിച്ചിരിക്കുന്ന നന്മകളും വിഭവങ്ങളും കൊണ്ട്, ചുറ്റുമുള്ളവര്‍ക്ക് സന്തോഷം കൊടുക്കണം. അത് എത്രയെന്ന് അളക്കരുത്. പകരം ഒന്നും അവരില്‍ നിന്ന്  പ്രതീക്ഷിക്കുകയും അരുത്. നമുക്കുള്ള സന്തോഷം മറ്റെവിടെയെങ്കിലും നിന്ന് പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കും തിരികെ ലഭിക്കുന്നത്. അത് പ്രപഞ്ച നീതിയാണ്.

മോനോട് എന്നെ വിളിക്കാന്‍ അമ്മയൊന്നു പറഞ്ഞു നോക്ക്, അല്ലെങ്കില്‍ അമ്മ തന്നെ അവന് ഈ പാസ്സ് വേര്‍ഡ് പറഞ്ഞു കൊടുത്തോളൂ. . .
''തുറക്കൂ മനസ്സേ''

What is Profile ID?
CHAT WITH US !
+91 9747493248