Back to articles

വിവാഹാലോചനയില്‍ പരിഗണിക്കാന്‍ എട്ടാമതൊരു ഘടകം - സംഭാഷണം !

August 29, 2019

തറവാട്, സ്വഭാവം, ബന്ധുബലം, ആകൃതി, പ്രായം, വിദ്യ, ധനം ഈ ഏഴുകാര്യങ്ങളില്‍ തുലനം ചെയ്യാവുന്നവരുമായി വേണം വിവാഹം ആലോചിക്കാന്‍, എന്ന് ഭാര്യ പറഞ്ഞെങ്കിലും, പ്രപഞ്ചത്തിലെ ഏറ്റവും ശക്തനു മാത്രമേ തന്‍റെ മകളെ വിവാഹം ചെയ്തു കൊടുക്കു എന്ന് നിശ്ചയിച്ച്, മകള്‍ക്ക് വരനെ അന്വേഷിച്ചിറങ്ങിയ, ദിവ്യനും അസാധാരണ പ്രതിഭയുമായ ഒരു മഹര്‍ഷിയുടെ കഥയുണ്ട് പഞ്ചതന്ത്രത്തില്‍.

ഒരു എലിക്കുഞ്ഞിനെ റാഞ്ചിക്കൊണ്ടു പറന്ന പരുന്തിന്‍റെ പിടിവിട്ട് എലി താഴെ വീണു. തര്‍പ്പണം ചെയ്യാനായി കൈക്കുടന്നയില്‍ വെള്ളമെടുത്ത് ധ്യാനിച്ചു നിന്ന ഒരു മഹര്‍ഷിയുടെ കൈകളിലാണ് എലി വന്നു വീണത്. പ്രാര്‍ത്ഥനയ്ക്ക് ഉത്തരം എന്ന പോലെ ലഭിച്ച ആ എലിക്കുഞ്ഞിനെ സംരക്ഷിക്കാന്‍ തീരുമാനിച്ച് മഹര്‍ഷി അതിനെ തന്‍റെ പര്‍ണ്ണശാലയിലേക്കു കൊണ്ടു വന്നു. പര്‍ണ്ണശാലയിലെ പൂച്ചയെക്കണ്ട് എലി ഭയപ്പെട്ടു, അപകടം ശ്രദ്ധിച്ച മഹര്‍ഷി, തന്‍റെ ദിവ്യശക്തി കൊണ്ട്, എലിയെ ഒരു മനുഷ്യ കുഞ്ഞാക്കി മാറ്റി, കൂടെ വളര്‍ത്തി. അവള്‍ക്ക് വിവാഹ പ്രായമെത്തിയപ്പോള്‍ പത്നിയുമായി അവളുടെ കല്യാണക്കാര്യം സംസാരിച്ചു. ഏഴുകാര്യങ്ങളില്‍ തുലനം ചെയ്യാവുന്നവരുമായി വേണം വിവാഹം ആലോചിക്കാന്‍ എന്ന് മനുസ്മൃതിയില്‍ പറയുന്നുണ്ട് എന്നായിരുന്നു ഭാര്യയുടെ മറുപടി.

പക്ഷേ മഹര്‍ഷി പറഞ്ഞു, ഇവളുടെ സുരക്ഷ നമുക്ക് വളരെ പ്രധാനമാണ്. വിവാഹം കഴിഞ്ഞാല്‍ ഇവളെ എല്ലാ വിധത്തിലും സംരക്ഷിക്കാന്‍, ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തനെ തന്നെ വരനായി കണ്ടെത്തണം, എന്നു നിശ്ചയിച്ച് മഹര്‍ഷി ആദ്യം സൂര്യനെ സമീപിച്ചു.

സൂര്യന് പ്രൊപ്പോസല്‍ ഇഷ്ടപ്പെട്ടു, പക്ഷേ ഏറ്റവും കരുത്തന്‍ എന്ന നിബന്ധന കേട്ടപ്പോള്‍, സൂര്യന്‍ സത്യം പറഞ്ഞു. എന്നേക്കാള്‍ ശക്തന്‍ മേഘമാണ്, എന്നെ മറയ്ക്കാനുള്ള ശക്തി മേഘത്തിനുണ്ട്.

മഹര്‍ഷി നേരേ മേഘത്തെ സമീപിച്ചു. മേഘത്തിന് ആലോചന പ്രഥമദൃഷ്ട്യാ ഇഷ്ടമായി, പക്ഷേ ഏറ്റവും ശക്തന്‍ എന്ന പാരാമീറ്റര്‍ കേട്ടപ്പോള്‍ മേഘവും സത്യം പറഞ്ഞു. ഞാന്‍ സുന്ദരനാണ്, പക്ഷേ എന്നേക്കാള്‍ ശക്തി കാറ്റിനാണ്. കാറ്റൂതിയാല്‍ ഞാന്‍ പറന്നു പോകും.

അപ്പോഴേക്ക് ഒരു കാറ്റു വന്ന്  മേഘത്തെ പറപ്പിച്ചു കൊണ്ടു പോയി. മഹര്‍ഷി പിന്നാലെ പോയി, ഒരു പര്‍വ്വതത്തിന് അടുത്തെത്തിയപ്പോൾ കാറ്റിന്‍റെ വേഗം ശമിച്ചു. ആ നേരം നോക്കി മഹര്‍ഷി കാറ്റിനോട് കല്യാണക്കാര്യം അവതരിപ്പിച്ചു. കാറ്റിനു വലിയ സന്തോഷമായി, പക്ഷേ ഏറ്റവും ശക്തി തനിക്കല്ല പര്‍വ്വതത്തിനാണെന്ന്, ഉള്ള വാസ്തവം കാറ്റ് തുറന്നു പറഞ്ഞു.

മഹര്‍ഷി ആ പ്രൊപ്പോസല്‍ പര്‍വ്വതത്തിന് കൊടുത്തു. പര്‍വ്വതത്തിനും ആ പെണ്ണിനെ കെട്ടാന്‍ സന്തോഷമേയുള്ളു, പക്ഷേ ഏറ്റവും ശക്തന്‍ എന്ന കീറാമുട്ടിയില്‍ ഉടക്കി പിന്‍വാങ്ങിക്കൊണ്ട്, പര്‍വ്വതം പറഞ്ഞു, എനിക്ക് ശക്തിയൊക്കെ ഉണ്ട്, പക്ഷേ എലിയാണ് എന്നെക്കോള്‍ കേമന്‍. അവന്‍ എന്നെ തുരന്ന് എന്‍റെ ഉള്ളില്‍ തലങ്ങും വിലങ്ങും മാളങ്ങളുണ്ടാക്കി വെച്ചിരിക്കുകയാണ്. ആര്‍ക്കും പിടി കൊടുക്കത്തില്ലാത്ത ഒരു കേമനാണ് അവന്‍.

മഹര്‍ഷി പര്‍വ്വതത്തിലെമ്പാടും തപ്പി എലിയെ കണ്ടു പിടിച്ച്, പ്രപഞ്ചത്തിലെ ഏറ്റവും ശക്തനെ അന്വേഷിച്ചിറങ്ങിയതു മുതലുള്ള തന്‍റെ അന്വേഷണ ചരിത്രവും, ഒടുവില്‍ എലിയാണ് ഏറ്റവും ശക്തന്‍ എന്നു കണ്ടെത്തിയ കാര്യവും പറഞ്ഞു കേള്‍പ്പിച്ചു.

എലിക്ക് വളരെ വളരെ സന്തോഷമായി. പ്രപത്തിലെ ഏറ്റവും ശക്തനാണ് താനെന്ന്  പ്രകടിപ്പിക്കും വിധം നെഞ്ചും വിരിച്ചു നിന്ന് എലി പറഞ്ഞു, നിങ്ങളുടെ മകളെ കെട്ടാന്‍ എനിക്ക് സമ്മതമാണ്. പക്ഷേ ഇവള്‍ എന്‍റെ മാളത്തില്‍ എങ്ങിനെ കയറും എന്നത് പ്രശ്നമാണല്ലോ. സന്യാസി പറഞ്ഞു, അതു വിഷമിക്കേണ്ട, ഇപ്പോള്‍ ശരിയാക്കിത്തരാം എന്നു പറഞ്ഞ് മന്ത്ര ശക്തി കൊണ്ട്, പെണ്‍കുട്ടിയെ പഴയപടി എലിയാക്കി മാറ്റി. അവരുടെ വിവാഹവും നടത്തി കൊടുത്തു. അങ്ങിനെ മൂഷിക സ്ത്രീ പിന്നേയും മൂഷിക സ്ത്രീയായി മാറി എന്നാണ് കഥ.

സമസൃഷ്ടികള്‍ രണ്ടും പ്രപഞ്ച വിധാതാവിന്‍റെ നിശ്ചയം പോലെ ചേരും പടി ചേര്‍ന്നു എന്ന് കഥാസാരം.

തറവാട്, സ്വഭാവം, ബന്ധുബലം, ആകൃതി, പ്രായം, വിദ്യ, ധനം ഈ ഏഴുകാര്യങ്ങളില്‍ തുലനം ചെയ്യാവുന്നവരുമായി വേണം വിവാഹം ആലോചിക്കാന്‍, അതില്‍ ഏതെങ്കിലും ഘടകത്തില്‍ പോരായ്കയുണ്ടെന്നു തോന്നിയാല്‍ മറ്റു ഘടകങ്ങള്‍ കൊണ്ട് പോരായ്ക പരിഹരിക്കപ്പെടുമോ എന്നും വിലയിരുത്താം എന്നൊക്കെയാണ് ഞാന്‍ മുമ്പ് പറയുകയും എഴുതുകയും ചെയ്തിരിക്കുന്നത്.
    ഇത്തവണ ബെത് ലെഹം വൈവാഹിക സംഗമത്തിന് വിവാഹാര്‍ത്ഥികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ വിഷയം തിരഞ്ഞപ്പോള്‍ ഒരു സഹപ്രവര്‍ത്തക പറഞ്ഞു, മിക്കവാറും വിവാഹാര്‍ത്ഥികള്‍ പ്രൊപ്പോസലുകള്‍ ഉപേക്ഷിക്കുന്നത് ഫോട്ടോ നോക്കിയിട്ടാണ്. പ്രൊഫൈലും ഫോട്ടോയും കണ്ടിട്ട് അത്ര ശ്രദ്ധേയമായി തോന്നാത്ത പല കാന്‍ഡിഡേറ്റ്സിനെയും വെരിഫിക്കേഷനു വേണ്ടി വിളിച്ചു സംസാരിക്കുമ്പോഴാണ് ഇയാള്‍ മിടുക്കനാണല്ലോ, ഇവള്‍ മിടുക്കിയാണല്ലോ എന്നു മനസ്സിലാകുന്നത്. അതുകൊണ്ട്, പ്രൊഫൈലും, ഫോട്ടോയും  മാത്രം കണ്ടിട്ട് പ്രൊപ്പോസല്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ച് വിവാഹാര്‍ത്ഥികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ അവസരം കൊടുക്കുന്നത് ഉചിതമായിരിക്കും.

ജൂലൈ 28-ന് ഹോട്ടല്‍ റിനൈയില്‍ വെച്ചു നടന്ന 266ാ-മത് വൈവാഹിക സംഗമത്തില്‍ ഈ വിഷയം വിവാഹാര്‍ത്ഥികള്‍ ചര്‍ച്ച ചെയ്തു. വളരെ ഉശിരോടെ നടന്ന ചര്‍ച്ച തിരിച്ചറിവുകളുടെ ഒരു നല്ല അനുഭവമായിരുന്നു എന്ന് എല്ലാവരും ഒരേ പോലെ അഭിപ്രായപ്പെട്ടു.

ചര്‍ച്ചയില്‍ നിന്നും കിട്ടിയ തിരിച്ചറിവുകള്‍: നല്ല പ്രൊഫൈല്‍ എന്നു തോന്നിക്കുന്ന ചിലരുടെ ശബ്ദം ചിലപ്പോള്‍ അരോചകമായിരിക്കും. അല്ലെങ്കില്‍ പറയുന്ന കാര്യങ്ങള്‍ അസ്വസ്ഥത ഉളവാക്കുന്നതായിരിക്കാം.

ഇംപ്രസ്സീവ് അല്ലല്ലോ എന്നു തോന്നിക്കുന്ന പ്രൊഫൈലിന്‍റെ ഉടമ ചിലപ്പോള്‍ നല്ല ഔചിത്യത്തോടെ സംസാരിക്കുന്നത് കേള്‍ക്കുമ്പോഴാണ് ഇയാളെ കുറിച്ച് നമ്മുടെ മുന്‍വിധി തെറ്റായിരുന്നല്ലോ എന്നു തിരിച്ചറിയുക.

ചിലരുടെ ശബ്ദം ശ്രവണ സുന്ദരമായിരിക്കും, പക്ഷേ പറയുന്നത് വിവരക്കേടോ അഹംഭാവമോ അടിച്ചമര്‍ത്തലോ ഒക്കെ ആയിരിക്കാം.

ചിലരുടെ സംഭാഷണം റേഡിയോ പോലെ ഇങ്ങോട്ടു മാത്രമായിരിക്കും, അങ്ങോട്ടു പറയാനോ, പറയുന്നത് കേള്‍ക്കാനോ, കേട്ടത് മനസ്സിലാക്കാനോ തയ്യാറാവാത്ത സംഭാഷണം.
അയാള്‍ക്കു മാത്രം എല്ലാം അറിയാം എന്ന ഭാവമാണ് ചിലരുടെ സംഭാഷണത്തിന്.

ചിലരോട് സംസാരിക്കുമ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും വിശദീകരിക്കാനും അനായാസം സാധിക്കാറുണ്ട്. ഇതാണ് ശരിയായ ആശയവിനിമയം. പറച്ചിലും, കേള്‍വിയും, മൂളലും, സംശയം ചോദിക്കലും, ധൃതി ഇല്ലാതെ വ്യക്തവും ഉചിതവുമായ മറുപടിയും, അബദ്ധം പറഞ്ഞാല്‍ ക്ഷമാപണവും, നല്ലത് എന്തെങ്കിലും കേള്‍ക്കുമ്പോള്‍ പ്രശംസയും ഒക്കെ കൂടി ചേര്‍ന്നതാണ് ശരിക്കുള്ള നല്ല സംഭാഷണം.

ഒരാളെ വിവാഹത്തിനു പരിഗണിക്കുമ്പോള്‍ സംഭാഷണത്തിനു തന്നെയായിരിക്കണം തീരുമാനമെടുക്കുന്നതില്‍ മുഖ്യ പങ്ക് എന്ന് ഐക്യകണ്ഠേന കുട്ടികള്‍ അഭിപ്രായപ്പെട്ടു.

ആശയങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് മറുപാര്‍ട്ടിയെ മുറിപ്പെടുത്താത്ത വിധം അറിയിക്കാന്‍ സാധിക്കുന്നതാണ് സംഭാഷണത്തിന്‍റെ മികവ്. അഭ്യസ്ത വിദ്യരെന്ന് കരുതപ്പെടുന്ന പലര്‍ക്കും ഈ സിദ്ധി തീരെ ഇല്ലെന്നതാണ് സത്യം. ഒരു നല്ല സംഭാഷണം കഴിയുമ്പോള്‍ ഇരു കൂട്ടര്‍ക്കും പരസ്പരം കൂടുതല്‍ ബഹുമാനം തോന്നും.

വഴക്കടിച്ച് പ്രശ്നങ്ങളുമായി ഫാമിലി കൗണ്‍സിലിംഗിന് വരുന്ന ഭൂരിഭാഗം ദമ്പതികളുടെയും പരാതി മറ്റേയാളുടെ പെരുമാറ്റം മോശമാണ്, എന്നോടുള്ള മനോഭാവം മോശമാണ്, എന്‍റെ വീട്ടുകാരോട് മിണ്ടുകയില്ല എന്നൊക്കെയാണ്. അതുകൊണ്ട് പെരുമാറ്റവും മനോഭാവവും പൊരുത്തപ്പെടുമോ എന്നല്ലേ വിവാഹാലോചനയില്‍ പ്രധാനമായും അന്വേഷിക്കേണ്ടത്? അത് മനസ്സിലാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അയാളോട് സംസാരിക്കുക എന്നതല്ലേ?

എന്‍റെ അനുഭവത്തില്‍ പ്രൊപ്പോസലുമായി മറുപാര്‍ട്ടിയെ വിളിച്ചു സംസാരിക്കാന്‍ പല മാതാപിതാക്കള്‍ക്കും കുറച്ച് മടിയുണ്ട്. അവര്‍ക്കു നമ്മളെ താല്പര്യം ഇല്ലെന്നു പറഞ്ഞാല്‍ നാണക്കേടാവില്ലേ എന്ന ചിന്തയാണിതിനു പിന്നില്‍.

ആ മഹര്‍ഷിയുടെ കാര്യം ആലോചിച്ചു നോക്കുക. പ്രപഞ്ചത്തിലെ ഏറ്റവും കരുത്തരോട് പോയി തന്‍റെ ആഗ്രഹം മടികൂടാതെ അറിയിച്ചില്ലേ? യോഗ്യരായവര്‍ എത്ര ഉന്നത സ്ഥാനത്ത് എത്തിയാലും അത്രക്ക് എളിമയോടെ പെരുമാറും. അവനവന്‍റെ പോരായ്മയെ കുറിച്ചാണെങ്കില്‍ പോലും സത്യം തുറന്നു പറയാനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും മടി വിചാരിക്കില്ല. ദിവ്യനും അസാധാരണ പ്രതിഭയുമായിട്ടും, നടക്കില്ല എന്ന മറുപടി കേട്ട്, മഹര്‍ഷിക്ക്  നാണക്കേടും തോന്നിയില്ല.

എല്ലാം തുറന്നു പറഞ്ഞ് എലിയെ പ്രശംസിച്ചു കൊണ്ട് മഹര്‍ഷി സംസാരിച്ചത് ശ്രദ്ധിച്ചോ? തന്നെ വിലമതിക്കുന്നവരാണ് മഹര്‍ഷിയും മകളും എന്നറിഞ്ഞ എലി എത്ര അഭിമാനത്തോടെയാണ് എലിപ്പെണ്ണിനെ സ്വീകരിച്ചത്. മാളത്തിന്‍റെ അസൗകര്യം ചര്‍ച്ച ചെയ്ത് പരിഹാരവും കണ്ടു പിടിച്ചില്ലേ?

പ്രിയപ്പെട്ടവരേ, ഇതൊക്കെയാണെങ്കിലും അങ്ങോട്ടു കേറി സംസാരിക്കാന്‍ മടിയാണെങ്കില്‍, അതിനല്ലേ ബെത് ലെഹമിലെ സംവിധാനങ്ങള്‍?
    ഞങ്ങള്‍ നിങ്ങളെ അവര്‍ക്കു പരിചയപ്പെടുത്തി കൊടുക്കാം. തുടർന്നുള്ള സംഭാഷണം അപ്പോള്‍ കൂടുതല്‍ എളുപ്പമാകും. മാതാപിതാക്കളുടെ സംഭാഷണം തൃപ്തികരമാണെങ്കില്‍, പെണ്ണും ചെറുക്കനും തമ്മിലുള്ള സംഭാഷണത്തിന് ഉടനേ തന്നെ  അവസരം ഒരുക്കണം.

മറക്കരുത്- വിവാഹാലോചനയില്‍ പരിഗണിക്കാന്‍ എട്ടാമതൊരു ഘടകം - സംഭാഷണം !

What is Profile ID?
CHAT WITH US !
+91 9747493248