വിവാഹം വേണ്ട എന്ന് ദൃഢനിശ്ചയം ചെയ്ത ഒരു അതിസുന്ദരി ആയിരുന്നു യവനകഥയിലെ അറ്റലാന്ത എന്ന വേട്ടക്കാരി. തന്‍റെ സൗന്ദര്യം കണ്ട് മോഹിച്ച് വിവാഹ അഭ്യര്‍ത്ഥന നടത്തുന്ന യുവാക്കളെ ഒഴിവാക്കാന്‍ അവള്‍ ഒരു സൂത്രം പ്രയോഗിച്ചു. ഓട്ട മത്സരത്തില്‍ തന്നെ ഓടി തോല്‍പിച്ച് മുന്നിലെത്തുന്ന പുരുഷനെ മാത്രമേ വിവാഹം ചെയ്യൂ എന്ന്. മത്സരത്തില്‍ പുരുഷന്‍ തോറ്റാല്‍ അയാളെ കുന്തത്തിനു കുത്തി കൊല്ലും എന്നും നിബന്ധന വെച്ചു. ഒരു വരണമാല്യം എടുത്ത് കുന്തത്തില്‍ ചാര്‍ത്തി തയ്യാറാക്കി വെച്ചിട്ടായിരുന്നു മത്സരം ആരംഭിക്കുന്നത് തന്നെ.
അറ്റലാന്തയെ ഓടി തോല്‍പിക്കുന്നത് ഏതാണ്ട് അസാദ്ധ്യമായ കാര്യം തന്നെ, കാരണം അവള്‍ വളര്‍ന്ന പശ്ചാത്തലം അങ്ങനെ ആയിരുന്നു.
ലാസിയുസ് രാജകുമാരന്‍റെ മകളായാണ് അറ്റലാന്ത ജനിച്ചത്. ഒരു ആണ്‍കുഞ്ഞിനു വേണ്ടി തീഷ്ണമായി മോഹിച്ചു കാത്തിരിക്കുകയായിരുന്നു ലാസിയുസ്, പക്ഷേ ജനിച്ചത് പെണ്‍കുഞ്ഞ്. പുരുഷപ്രജയെ ലഭിക്കാത്തതില്‍ നിരാശ പൂണ്ട ലാസിയുസ് രാജാവ്, ആ കുഞ്ഞിനെ പാര്‍ത്തേനിയന്‍ പര്‍വ്വതത്തിന്‍റെ താഴ്വരയില്‍ നിഷ്കരുണം ഉപേക്ഷിച്ചു പോയി. കാട്ടില്‍ ആരോരുമില്ലാതെ കിടന്ന് നിസ്സഹായയായി കരഞ്ഞ ആ കുഞ്ഞിന് അതു വഴി വന്ന ഒരു പെണ്‍കരടി പാലുകൊടുത്ത് സ്വന്തം കുട്ടികളുടെ കൂടെ വളര്‍ത്തി. കാടിന്‍റെയും കാട്ടുമൃഗങ്ങളുടെയും അധിപയായ ആര്‍ട്ടെമിസ് ദേവതയുടെ അനുഗ്രഹവും സംരക്ഷണവും അങ്ങനെ അവള്‍ക്ക് ലഭിച്ചു.
ഒരിക്കല്‍ ആ കാട്ടിലെത്തിയ ചില നായാട്ടുകാര്‍, കരടികളോടൊപ്പം കരടികളെ പോലെ പെരുമാറുന്ന ആ പെണ്‍കുട്ടിയെ കണ്ടെത്തി തന്ത്രപൂര്‍വ്വം പിടികൂടി നാട്ടിലെത്തിച്ചു. ക്രമേണ മനുഷ്യരുടെ പെരുമാറ്റ രീതികള്‍ അവള്‍ക്ക് ശീലമായി. ആദ്യമൊക്കെ കരടികളെപ്പോലെ ശബ്ദമുണ്ടാക്കി നാലു കാലില്‍ നടന്നിരുന്ന അവള്‍ നായാട്ടുകാരുടെ രീതികളോട് പെട്ടെന്നു പൊരുത്തപ്പെട്ടു. നായാട്ട് ആയിരുന്നു അവളുടെ ഏറ്റവും കഴിവുറ്റ പ്രവര്‍ത്തി. ദുഷ്കരമായ വനഭാഗങ്ങളിലുടെ മനുഷ്യസാദ്ധ്യമല്ലാത്ത വേഗത്തില്‍ പാഞ്ഞു പോകുവാന്‍ അവള്‍ക്ക് സാധിക്കുമായിരുന്നു. പുരുഷന്‍റെ തൊഴിലായ നായാട്ടില്‍, പുരുഷന്മാരേക്കാള്‍ സമര്‍ത്ഥയായി മികവുറ്റ ഒരു വേട്ടക്കാരിയായി, ഒരു രാജകുമാരിയുടെ സൗന്ദര്യത്തോടെ അവള്‍ വളര്‍ന്നു വന്നു.
നിരവധി സാഹസിക സംഭവങ്ങളില്‍ അറ്റലാന്ത പങ്കെടുത്തു. പങ്കെടുത്ത സാഹസിക പ്രവര്‍ത്തികളിലെല്ലാം കടുത്ത സ്ത്രീപുരുഷ വിവേചനം അനുഭവിക്കുകയും, അതിനെതിരേ തനിച്ച് പോരാടി വിജയിക്കുകയും ചെയ്ത അവളോട്, പല വീരന്മാര്‍ക്കും ശത്രുത ഉണ്ടായി. പലരും അവളെ യുദ്ധം ചെയ്ത് കൊല്ലാന്‍ ശ്രമിച്ചെങ്കിലും, അവരെല്ലാം യുദ്ധത്തില്‍ വധിക്കപ്പെടുകയാണ് ഉണ്ടായത്. അതി സാഹസികമായ കാലിഡോണിയന്‍ പന്നി വേട്ടയോടെ ഗ്രീസിലെങ്ങും അവള്‍ പ്രശസ്തയായി. അപ്പോള്‍ ലാസിയുസ് രാജാവ് അത് സ്വന്തം മകളാണെന്നും, അവള്‍ ആണ്‍കുട്ടികളേക്കാള്‍ വീരശൂരപരാക്രമി ആണെന്നും തിരിച്ചറിഞ്ഞ് കൊട്ടാരത്തിലേക്ക് കൂട്ടികൊണ്ടു വന്നു.
മകളെ വിവാഹം ചെയ്ത് അയക്കേണ്ടത് തന്‍റെ കടമയാണ് എന്ന് ഏകപക്ഷീയമായി നിശ്ചയിച്ച് രാജാവ് അവളുടെ വിവാഹത്തിന് അന്വേഷണം തകൃതിയായി ആരംഭിച്ചു. പുരുഷന്മാരോട് അവള്‍ക്ക് വിരോധമായിരുന്നു. അവര്‍ ഭൂരിപക്ഷവും വഞ്ചകരാണെന്നായിരുന്നു അവളുടെ വാദം. താന്‍ വിവാഹം കഴിച്ചാല്‍ അത് വലിയ പരാജയം ആയിരിക്കും എന്നും അവള്‍ക്ക് ഉള്‍വിളി തോന്നിയിരുന്നു. പക്ഷേ ഇക്കാരണത്താല്‍ വിവാഹം കഴിക്കുന്നില്ല എന്നു പറഞ്ഞാല്‍ രാജാവിനും രാജ്യത്തിനും അഭിമാന പ്രശ്നമാകും. പെണ്‍കുഞ്ഞായതു കൊണ്ട് തന്നെ ഉപേക്ഷിച്ച അച്ഛന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അച്ഛന്‍ പറയുന്ന ആരെയെങ്കിലും വിവാഹം ചെയ്യാന്‍ അവള്‍ക്കു മനസ്സുണ്ടായില്ല. തിരിച്ചറിവുണ്ടായപ്പോള്‍ തെറ്റു തിരുത്തി തന്നെ മകളായി തിരികെ സ്വീകരിച്ച ലാസിയുസിന് മാനക്കേടുണ്ടാകാനും പാടില്ലല്ലോ, അതു കൊണ്ട് അവള്‍ കണ്ടു പിടിച്ച സൂത്രമായിരുന്നു ഓട്ട മത്സരം.
നിരവധി യുവാക്കള്‍ ഈ ഓട്ട മത്സരത്തില്‍ തോറ്റ് കൊല്ലപ്പെട്ടു. മെലാനിയോണ്‍ എന്നൊരു രാജകുമാരന്‍, അറ്റലാന്ത രാജകുമാരിയുടെ സവിശേഷതകള്‍ അറിഞ്ഞ് മനം മയങ്ങിപോയി, എങ്ങിനെയും അറ്റലാന്തയെ സ്വന്തമാക്കണം എന്നായി മെലാനിയോണിന്‍റെ ആഗ്രഹം. അതിനായി രാജകുമാരന്‍ അഫ്രോഡൈറ്റ് ദേവതയോട് മനമുരുകി പ്രാര്‍ത്ഥിച്ചു സഹായം തേടി. ആത്മാര്‍ത്ഥമായി പ്രേമിക്കുന്നവരെ സഹായിക്കുന്ന അഫ്രോഡൈറ്റ് ദേവി, മെലാനിയോണിന് മൂന്ന് സ്വര്‍ണ്ണ ആപ്പിളുകള്‍ നല്‍കി. മത്സരത്തിനിടയില്‍ സ്വര്‍ണ്ണ ആപ്പിളുകള്‍ ഓരോന്നായി എറിഞ്ഞ് അറ്റലാന്തയുടെ ശ്രദ്ധ തെറ്റിക്കാന്‍ ഉപദേശിച്ചു. മത്സരത്തില്‍ വിജയിച്ചു വന്ന് തന്നെ കാണണമെന്നു പറഞ്ഞ് അഫ്രോഡൈറ്റ് അവനെ യാതയാക്കി. സന്തുഷ്ടനായ മെലാനിയോണ്‍ നേരേ ലാസിയുസിന്‍റെ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു.
അറ്റലാന്തയുടെ കൊട്ടാരത്തിലെത്തിയ സുന്ദരനും സുമുഖനും ആരോഗ്യദൃഡഗാത്രനുമായ മെലാനിയോണിനെ കണ്ടപ്പോള്‍, ഇവന്‍ തരക്കേടില്ലല്ലോ എന്ന് തോന്നി അറ്റലാന്ത ഉത്സാഹത്തോടെ സ്വീകരിച്ചു, എങ്കിലും അവള്‍ ഉള്ളില്‍ ഇങ്ങനെ കരുതി, എത്രയോ കാമുകന്മാര്‍ എന്നെ സ്വന്തമാക്കാന്‍ വന്നതാണ്. അവരെല്ലാം കുന്തമുനയില്‍ ഒടുങ്ങി, ഇവനും അതു തന്നെ ഗതി.
കുന്തവും വരണമാല്യവും തയാറാക്കി വെച്ച്, അറ്റലാന്ത മത്സരത്തിന്‍റെ നിബന്ധനകള്‍ വിവരിച്ചു. "നമുക്ക് ഓട്ടം തുടങ്ങാം. എന്നോടൊപ്പം ഓടി എനിക്കു മുമ്പേ ലക്ഷ്യത്തിലെത്തിയാല്‍ ഞാന്‍ നിങ്ങളുടെ ഭാര്യ ആകും. മറിച്ച് ഞാന്‍ ആദ്യമെത്തിയാല്‍, നിങ്ങളെ ഈ കുന്തത്താല്‍ കുത്തി വധിക്കും. സമ്മതമാണോ?"
അതെ, എന്നു പറഞ്ഞ് രണ്ടു പേരും ഓട്ടം ആരംഭിച്ചു. കുറച്ചു ദൂരം ഓടിയശേഷം മെലാനിയോണ്‍ സ്വര്‍ണ്ണ ആപ്പിള്‍ ഒരെണ്ണമെടുത്ത് അറ്റലാന്തയുടെ മുന്നിലേക്കെറിഞ്ഞു. ഓടാനുള്ള സ്വന്തം കഴിവില്‍ അമിതവിശ്വാസമുള്ള അറ്റലാന്ത കുനിഞ്ഞ് ആപ്പിള്‍ പെറുക്കി എടുത്തു. അല്‍പദൂരം കൂടി കഴിഞ്ഞപ്പോള്‍ മെലാനിയോണ്‍ അടുത്ത ആപ്പിളെടുത്ത് അവളുടെ വശത്തേക്ക് കൂടുതല്‍ നീട്ടി എറിഞ്ഞു, അറ്റലാന്ത വളഞ്ഞ് ഓടിച്ചെന്ന് ആ ആപ്പിളും കൈക്കലാക്കി ഓട്ടം തുടര്‍ന്നു. മത്സരത്തിന്‍റെ അവസാന ഭാഗം എത്താറായപ്പോള്‍ മെലാനിയോണ്‍ മൂന്നാമത്തെ ആപ്പിളെടുത്ത് വളരെ ദൂരേക്ക് എറിഞ്ഞു. അറ്റലാന്ത ആ ആപ്പിളിനു പുറകെ പോയി എടുത്തു വന്ന സമയം കൊണ്ട്, മെലാനിയോണ്‍ ലക്ഷ്യത്തില്‍ ഓടിയെത്തി, അറ്റലാന്തയെ തോല്‍പിച്ചു. അറ്റലാന്തക്ക് അങ്ങനെ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.
ദീര്‍ഘകാലത്തെ കാത്തിരിപ്പിനും, ഒരുപാട് യുവാക്കളുടെ ദാരുണ മരണത്തിനും ശേഷം, ഒടുവില്‍ മകളെ വിവാഹം ചെയ്തയക്കുക എന്ന തന്‍റെ സ്വപ്നം പൂവണിയുന്നതിന്‍റെ അത്യാഹ്ളാദമായിരുന്നു ലാസിയുസ് രാജാവിന്. രാജാവ് തന്‍റെ പ്രജകളെയും പരിവാരങ്ങളെയും, വിളിച്ചു കൂട്ടി അതി ഗംഭീരമായ വിധത്തില്‍ അറ്റലാന്തയുടെയും, മെലാനിയോണിന്‍റെയും വിവാഹം നടത്തി. പിതാവിന്‍റെ കടമ നിറവേറ്റിയ കൃതാര്‍ത്ഥതയോടെ ലാസിയുസ് ചുടുനിശ്വാസങ്ങള്‍ ഉതിര്‍ത്തു.
അറ്റലാന്ത ഒരു പിഞ്ചുകുഞ്ഞായിരിക്കെ താന്‍ അവളെ കാട്ടിലുപേക്ഷിച്ചപ്പോള്‍ മുതല്‍ അവളുടെ ജീവിതം ഓരോ ദിവസവും, ഓരോ നിമിഷവും ജീവന്മരണ പോരാട്ടങ്ങള്‍ മാത്രമായിരുന്നു. അതിലെല്ലാം അവള്‍ വിജയിച്ചു. ഇന്ന് അവളുടെ ആദ്യത്തെ പരാജയം! പക്ഷേ അതല്ലേ അവളുടെ ഏറ്റവും മനോഹരമായ വിജയം. രാജാവ് നെഞ്ച് വിരിച്ചു അഭിമാന പുളകിതനായി.
വിവാഹം കഴിഞ്ഞു, ഇനിയല്ലേ ജീവിതം!
അറ്റലാന്തയും, മെലാനിയോണും മധുവിധു ആഘോഷിച്ച് ലാസിയുസിന്‍റെ കൊട്ടാരത്തില്‍ കുറച്ചു നാള്‍ താമസിച്ച ശേഷം രണ്ടാളും കൂടി മെലാനിയോണിന്‍റെ കൊട്ടാരത്തിലേക്ക് യാത്രയായി. വിജയം വരിച്ച ശേഷം അഫ്രോഡൈറ്റിനെ ചെന്നു കാണുന്ന കാര്യം മെലാനിയോണ്‍ തിരക്കിനിടയില്‍ മറന്നു പോയിരുന്നു. ദേവിക്ക് ഇതില്‍ നീരസം തോന്നി. രണ്ടാളും കൂടി യാത്രക്കിടയില്‍ സ്യൂസ് ദേവന്‍റെ ക്ഷേത്രത്തില്‍ അന്തിയുറങ്ങുമ്പോള്‍, അഫ്രോഡൈറ്റ് അവരില്‍ കാമം ജ്വലിപ്പിച്ചു. ക്ഷേത്രത്തിന്‍റെ പരിശുദ്ധി നഷ്ടപ്പെടുത്തിയതില്‍ കോപിച്ച് സ്യൂസ് ദേവന്‍ അവരെ ശപിച്ച് സിംഹങ്ങളാക്കി മാറ്റി എന്നാണ് ഐതീഹ്യം. അങ്ങിനെ അവര്‍ ഐതീഹ്യ കഥാപാത്രങ്ങളായി, കഥാവശേഷരായി.
0-0-0
ധാരാളം വിവാഹാലോചനകളുടെ അന്തര്‍ധാര അടുത്തറിയാന്‍ അവസരം ലഭിച്ച എനിക്ക്, ഗ്രീക്ക് പുരാണത്തിലെ ഈ കഥ വായിച്ചപ്പോള്‍, ഇതിലെ ചില മനോഭാവങ്ങളും, കാഴ്ചപ്പാടുകളും, ഇപ്പോഴും പിന്തുടരുന്ന ചിലരെ ഓര്‍മ്മ വന്നു.
ധാരാളം ഓട്ട മത്സരങ്ങള്‍ നമ്മളറിയാതെ നമ്മള്‍ തന്നെ ഇപ്പോഴും നടത്തുന്നില്ലേ?
കുന്തവും, കുത്തികൊലയും രൂപമാറ്റം സംഭവിച്ച് മനപ്രയാസവും ഉല്‍സാഹം കെടുത്തലും, ആകുന്നില്ലേ?
കാട്ടില്‍ കൊണ്ടു കളഞ്ഞില്ലെങ്കിലും, മക്കളെ മനസ്സു കൊണ്ട് ഉപേക്ഷിച്ചവരില്ലേ?
അവര്‍ നേട്ടങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഓടിചെന്ന് അവകാശം സ്ഥാപിക്കുന്നവരും നമുക്കിടയിലില്ലേ?
ഉടമസ്ഥാവകാശത്തോടെ മാതാപിതാക്കള്‍ അടിച്ചേല്പിക്കുന്ന തീരുമാനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കടുത്ത നിബന്ധനകള്‍ വെച്ച ഓട്ട മത്സരങ്ങള്‍ നടത്തുന്ന ചില മക്കളും നമുക്കിടയിലുണ്ട്.
പ്രിയപ്പെട്ടവരേ, കുറഞ്ഞപക്ഷം കല്യാണക്കാര്യത്തിലെങ്കിലും മക്കളുടെ മേല്‍ തീരുമാനങ്ങള്‍ അടിച്ചേല്പിക്കാതിരിക്കുക. ഇണയെ കണ്ടെത്താനുള്ള കഴിവ് കൂടി നല്‍കിയാണ് എല്ലാ ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇണയെ വേണമെന്നും, ഇണയെ പോറ്റാന്‍ പ്രാപ്തി ആയെന്നും, അവര്‍ക്കു ഉറപ്പു തോന്നുമ്പോള്‍ പോരെ അവര്‍ക്കു വേണ്ടി വിവാഹം അന്വേഷിക്കുന്നത്.