നമ്മുടെ പിള്ളേര്‍ക്ക് തനിച്ചു നിന്ന് ഒരു ഫോട്ടോ എടുത്താല്‍ അതില്‍ അവരുടെ മുഖം, ഒന്നുകില്‍ പേടിച്ചരണ്ട പോലെ തോന്നിക്കും, അല്ലെങ്കില്‍ വെറുതെ മസിലു പിടിച്ചു നില്‍ക്കുന്ന പോലിരിക്കും. നല്ല മുഖഭാവമുള്ള ഫോട്ടോകള്‍ നോക്കിയാല്‍ പലതും ഏതെങ്കിലും ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നും വെട്ടി എടുത്തിരിക്കുതാണെന്നും കാണാം. ആരെങ്കിലും ഒന്ന് താങ്ങി നിര്‍ത്തണം, അല്ലെങ്കില്‍ ആരോടെങ്കിലും ഒട്ടി നില്‍ക്കണം, എങ്കില്‍ മാത്രമേ പലര്‍ക്കും മുഖത്തൊരു കോണ്‍ഫിഡന്‍സ് വരികയുള്ളു എന്ന അവസ്ഥയാണല്ലോ ഈ ചെറുപ്പക്കാര്‍ക്ക് "
മകള്‍ക്ക് മിടുക്കനായ ഒരു പയ്യനെ തേടുന്ന ഒരു പിതാവിന്‍റെ ഈ പരാമര്‍ശം, എനിക്കൊരു വെളിപാടായിരുന്നു. ഒരു ഫസ്റ്റ് ഇംപ്രഷന്‍ സൃഷ്ടിക്കാനുള്ള ഉപാധി എന്നതിലുമപ്പുറം, കാന്‍ഡിഡേറ്റിന്‍റെ ആത്മവിശ്വാസത്തിന്‍റെ അളവുകോലായി വരെ മാട്രിമോണിയലിലെ ഫോട്ടോ വിലയിരുത്തപ്പെടുന്നുണ്ടല്ലോ എന്നാണ് എനിക്ക് ആശ്ചര്യം തോന്നിയത്.
ഏതായാലും സൈറ്റിലെ ഫോട്ടോകളെ കുറിച്ച് ഒരു വിശകലനം നടത്താന്‍ ഇതെന്നെ പ്രേരിപ്പിച്ചു. വിവാഹം ഒന്നും ശരിയാകുന്നില്ല എന്ന് എന്‍റടുത്ത് വിഷമം പറഞ്ഞിട്ടുള്ളവരുടെ ലിസ്റ്റ് എടുത്ത്, അവരോരുത്തരുടെയും ഫോട്ടോ ഞാന്‍ പരിശോധിക്കാന്‍ തുടങ്ങി. സംഗതി ശരിയാണ്. ആണ്‍ പെണ്‍ ഭേദമില്ലാതെ, പലതിനും പലതരം ഫോട്ടോ കോംപ്ലക്സുകള്‍ ഉണ്ട്. ചിലത് ബലം പിടിച്ചിരിക്കുന്ന മുഖഭാവം. ചിത്രത്തിനു തെളിച്ചമില്ലാത്തത്, ഒരു സ്റ്റാമ്പിന്‍റെ അത്ര പോലും മുഴുപ്പില്ലാത്തത്, ആരെങ്കിലും തോളത്ത് കയ്യിട്ടു നില്‍ക്കുന്നത് അല്ലെങ്കില്‍ ആരുടെയെങ്കിലും തോളത്ത് കയ്യിട്ടു നില്‍ക്കുന്നത്. വെഡിംഗ് ആല്‍ബങ്ങളില്‍ നിന്നും വെട്ടിയെടുത്ത പടങ്ങള്‍ നിരവധി.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യത്തിന് ഉചിതമായ ഒരു ഫോട്ടോ എടുക്കാന്‍ പോലും മിനക്കെടാത്തവര്‍ ജീവിതത്തിലും ഇങ്ങനെ തന്നെ ചെയ്യില്ലേ? ഇത്തരം interpretations ഒക്കെയാണ് നിങ്ങളുടെ ഫോട്ടോ കണ്ടിട്ട് മറ്റുള്ളവര്‍ നടത്തിയേക്കാവുന്നത്. ഇത് വസ്തുനിഷ്ടമായിരിക്കില്ല എന്ന് നിങ്ങളെപ്പോലെ എനിക്കുമറിയാം. പക്ഷേ ആളുകള്‍ ഇങ്ങനെയൊക്കെ interpret ചെയ്യും എന്നതും വസ്തുതയാണ്. അതിനാല്‍ നിങ്ങളുടെ നിയന്ത്രണത്തിലുള്ളത് നിങ്ങള്‍ ചെയ്യണം. നല്ല ഫോട്ടോകള്‍ എടുപ്പിക്കണം. ഫോട്ടോയില്‍ നോക്കിയാല്‍, ആളിന്‍റെ കണ്ണ് തെളിമയോടെ കാണാന്‍ കഴിയണം. നമ്മളെ നോക്കുന്നതായി തോന്നിപ്പിക്കുന്ന ചിത്രങ്ങളില്‍ കൂടുതല്‍ നേരം നമ്മുടെയും കണ്ണുടക്കി നില്‍ക്കാറില്ലേ? ഫോട്ടോകള്‍ തയ്യാറാക്കുന്നതില്‍ കുറെക്കൂടി ശ്രദ്ധ വയ്ക്കണം എന്നാണ് എനിക്കു പറയാനുള്ളത്.
ഇക്കൂട്ടത്തില്‍ നിന്നും വ്യത്യസ്തമായി ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ എന്‍റെ ശ്രദ്ധയില്‍ പെട്ടൂ. ഫോട്ടോയില്‍ കാണാന്‍ നല്ല നിറവും ഭംഗിയും ഉള്ള ഒരു പെണ്‍കുട്ടി. എന്നിട്ടും വിവാഹ തടസ്സക്കാരുടെ ലിസ്റ്റിലാണ്. ഈ കുട്ടിയെ പെണ്ണു കാണാന്‍ പോയിട്ടുള്ള ഒരു പയ്യന്‍റെ വീട്ടില്‍ ഞാന്‍ വിളിച്ചു ചോദിച്ചു.
"ആ കുട്ടിയെ കാണാന്‍ പോയതായിരുന്നല്ലോ, എന്തേ വേണ്ടെന്ന് വെച്ചത്? "
"എന്‍റെ സാറേ, ഫോട്ടോയില്‍ കാണുന്ന പോലൊന്നുമല്ല ആ കൊച്ചിരിക്കുന്നത്. കംപ്യൂട്ടറില്‍ ഉണ്ടാക്കിയെടുത്ത പടമോ മറ്റോ ആയിരുന്നു സൈറ്റില്‍ കണ്ടത്. ഞങ്ങളുടെ ചെറുക്കന്‍റെ ഒരു ദിവസത്തെ ലീവ് വെറുതെ വേയ്സ്റ്റ് ആയി. പണ്ട് അനിയത്തിയെ കാണിച്ച് ചേടത്തിയെ കെട്ടിക്കാന്‍ നോക്കുന്ന സൂത്രം പോലെയാ, ഇപ്പഴത്തെ ഈ ഫോട്ടോ സൂത്രങ്ങള് "
നോക്കണേ, ഓരോ ഫോട്ടോകള്‍ സൃഷ്ടിക്കുന്ന പുകിലുകളും അനര്‍ത്ഥങ്ങളും!
ഈ പെണ്‍കുട്ടിയുടെ വീട്ടിലും ഞാന്‍ വിളിച്ചു അമ്മയോട് സംസാരിച്ചു. അമ്മ പറയുന്നത് അവള് നല്ല ഫോട്ടോജനിക് ആണെന്നാണ്. ഇവിടെ തന്ന ഫോട്ടോ അവളുടെ തന്നെയാണ്. കഴിഞ്ഞവര്‍ഷം എടുത്തതാണ്. ഓരോരോ ആലോചനകള്‍ വന്ന് മുടങ്ങിപ്പോയിട്ട് ഇപ്പോള്‍ അവള്‍ കുറച്ച് ക്ഷീണിച്ചിരിക്കുകയാണ്, അതാ ഫോട്ടോയിലെപ്പോലെ അല്ല എന്ന് ചെറുക്കന്‍ കൂട്ടര് പറയുന്നത്. അവളുടെ ഏറ്റവും നല്ല ഫോട്ടോയാണ് ഇവിടെ തന്നിരിക്കുന്നതത്രേ.
ഒരു വ്യക്തിയുടെ രൂപവും ഭാവവും ഇഷ്ടപ്പെട്ടില്ല എങ്കില്‍ കല്യാണത്തിന് പരിഗണിക്കുന്നത് അവിടെ തന്നെ അവസാനിക്കും. എന്നു കരുതി ഇപ്പോള്‍ നേരില്‍ കാണുന്നതില്‍ നിന്നും തീരെ വ്യത്യസ്തമായ രൂപത്തിലുള്ള ഫോട്ടോ കാണിച്ചാല്‍ നേരില്‍ വന്നു കാണുമ്പോഴോ? തീര്‍ച്ചയായും വരുന്നവര്‍ക്ക് ഞെട്ടല്‍, ഇച്ഛാഭംഗം, കോപം, ജാള്യത തുടങ്ങി പലതരം വികാരങ്ങള്‍ ഉണ്ടായിപ്പോകും. കുറഞ്ഞപക്ഷം ഇത് പരോക്ഷമായെങ്കിലും ഒന്നു പ്രകടിപ്പിച്ചിട്ടേ അവര്‍ തിരികെ പോകുകയുള്ളു. ഇത് മകളെ കൂടുതല്‍ ക്ഷീണിപ്പിക്കും, അവളുടെ രൂപഭംഗി കുടുല്‍ മോശമാകുകയും ചെയ്യും.
ഇണയെ ആകര്‍ഷിക്കുക എന്നത് എല്ലാ ജീവജാലങ്ങളിലും പ്രകൃതിദത്തമായി ഉളവായിരിക്കുന്ന ഒരാവശ്യമാണ്. അതിനുള്ള കഴിവുകളും പ്രകൃതി തന്നെ നമുക്ക് തന്നിട്ടുമുണ്ട്. അമ്മ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം, രൂപം കൊണ്ടു മാത്രമല്ല ആകര്‍ഷണം ഉളവാകുന്നത്, ഭാവം കൊണ്ടു കൂടിയാണ്. നല്ല രൂപമുണ്ടെങ്കിലും പെരുമാറ്റം ശരിയല്ല എങ്കില്‍ എന്തായി തീരും? ഭാവം മനസ്സിലാക്കാതെ രൂപം മാത്രം കണ്ട് കെട്ടുന്ന ഒരു ചെറുക്കനെ മതിയോ നിങ്ങള്‍ക്ക്?
ശാന്തമായ മനസ്സോടെ. ഇഷ്ടമുള്ള ഒരു വ്യക്തിയെ ഇഷ്ടത്തോടെ നോക്കുന്ന പോലെ, കാമറയുടെ ലെന്‍സില്‍ നോക്കി ഇഷ്ടപ്പെട്ടവര്‍ക്കുള്ള ഇഷ്ട സന്ദേശം കണ്ണുകൊണ്ട് കൈമാറുക. നല്ല ഭാവങ്ങള്‍ മുഖത്ത് താനെ വിരിയും. എന്നിട്ട് ക്ളിക്. . . ക്ളിക്. . .
അമ്മയോട് ഞാനൊരു ഒരു സംഭവം പറയാം. ധാരാളം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന പതിനഞ്ചു നിലകളുള്ള ഒരു വലിയ കെട്ടിടം. അനവധി ലിഫ്റ്റുകളുണ്ടെങ്കിലും, രാവിലെ ഓഫീസ് തുറക്കുന്ന സമയത്ത് ലിഫ്റ്റിനു വലിയ തള്ളും തിരക്കുമാണ്. ലിഫ്റ്റ് വിട്ടു പോയാല്‍ പിന്നെ കാത്തു നില്‍ക്കുന്നവര്‍ അക്ഷമരാകും, പിന്നെ, പരാതിയാകും വഴക്കാകും. ഓഫീസുകളില്‍ എല്ലാം ഇത് മൂലം ദിവസം തുടങ്ങുന്നതു തന്നെ അസ്വസ്ഥതയിലാണ്.
കെട്ടിടത്തിന്‍റെ ഉടമസ്ഥര്‍ ഇതിന് പരിഹാരമായി വളരെ പണച്ചിലവ് വരുമെങ്കിലും കൂടുതല്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചു, അവരുടെ ആര്‍ക്കിടെക്റ്റിനെ വിളിച്ചു വരുത്തി. അയാള്‍ രണ്ട് ദിവസം ലോബിയിലിരുന്ന് ട്രാഫിക് നിരീക്ഷിച്ചു. തുടര്‍ന്ന് പണിക്കാരെ വരുത്തി ലോബി ആകെ പരിഷ്കരിച്ചു. ലിഫ്റ്റ് കാത്തു നില്‍ക്കുന്നവര്‍ക്ക് ഇരിക്കാന്‍ നല്ല സോഫകളും, ലോബിയില്‍ ധാരാളം നിലക്കണ്ണാടികളും സ്ഥാപിച്ചു.
ഇപ്പോള്‍ ലിഫ്റ്റ് കാത്തു നിൽക്കേണ്ടി വരുന്നില്ല. സുഖമായി ഇരിക്കാന്‍ കഴിയും. ഇരുന്നാലും നിന്നാലും, ചുറ്റും നോക്കുമ്പോള്‍ മനോഹരമായ അന്തരീക്ഷം, ഒപ്പം കണ്ണാടിയില്‍ സ്വന്തം പ്രതിബിംബവും കാണാം. അതോടെ ആളുകളുടെ അക്ഷമ മാറി. ലിഫ്റ്റിനു വേണ്ടിയുള്ള കാത്തിരിപ്പ് അവര്‍ ആസ്വദിക്കുന്ന ഒരു അനുഭവമായി.
നമ്മള്‍ ഏറ്റവും ആസ്വദിക്കുന്ന കാഴ്ച സ്വന്തം രൂപവും, കേള്‍ക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ശബ്ദം സ്വന്തം പേര് ആരെങ്കിലും ഉച്ചരിക്കുന്നതുമാണ്. ഈ സത്യത്തിന്‍റെ പകുതി മാത്രമാണ് ആര്‍ക്കിടെക്റ്റ് പ്രയോജനപ്പെടുത്തിയത്. മനുഷ്യ സ്വഭാവ ശൈലി മനസ്സിലാക്കി പ്രവര്‍ത്തിച്ചതിനാല്‍, എന്തെല്ലാം അസ്വസ്ഥതകളും, എത്ര ധനനഷ്ടവും ആണ് ഒഴിവായിക്കിട്ടിയത്.
കല്യാണം ശരിപ്പെട്ടുവരാനുള്ള കാത്തിരിപ്പിലും, ഇങ്ങനെ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ കഴിയും. എന്നെ കാണാന്‍ കൊള്ളില്ല എന്ന മുന്‍ വിധിയോടെ പെണ്ണ്കാണലിനു നിന്നാല്‍ കാണുന്നവര്‍ക്ക് കൂടുതല്‍ ഇഷ്ടക്കേട് അല്ലേ ഉണ്ടാവുക. രൂപം മാറ്റാന്‍ കഴിയില്ല, പക്ഷേ മെച്ചപ്പെടുത്താന്‍ കഴിയും. ഉള്ളില്‍ സ്വസ്ഥതയും അവനവനെക്കുറിച്ച് തൃപ്തിയുമുണ്ടെങ്കില്‍ അത് മുഖത്ത് വിരിയും. ഉത്സാഹത്തോടെ ഹൃദ്യമായി പെരുമാറണം. നിങ്ങളുടെ പെരുമാറ്റം നന്നായാല്‍, നിങ്ങള്‍ ഇടപെടുന്നവരെ ആകര്‍ഷിക്കാനും നിങ്ങള്‍ക്ക് കഴിയും.
അമിതാഭ് ബച്ചന്‍ 'paa' എന്ന ചിത്രത്തില്‍, ജന്മനാ വൈകൃതം സംഭവിച്ച ഒരു കുട്ടിയെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കുന്ന ഭാവ പ്രകടനം നടത്തുന്നത് ഒന്ന് കാണേണ്ടതാണ്.
മകളോടു പറയുക, അവളുടെ ഭാവം കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ടവളാകാന്‍ തീര്‍ച്ചയായും അവള്‍ക്കും സാധിക്കും എന്ന്. ഒരു കര്‍മ്മ പദ്ധതി എന്ന നിലക്ക് മുറിയും വീടും ചുറ്റുപാടും അടുക്കി പെറുക്കി വൃത്തിയാക്കുക. വൃത്തിയുള്ള വസ്ത്രങ്ങള്‍ വൃത്തിയായി ധരിക്കുക. അതിനു ചെയ്ത അദ്ധ്വാനത്തെക്കുറിച്ച് അഭിമാനിക്കുക. ഇടക്ക് കണ്ണാടിയില്‍ നോക്കി മുഖത്തെ ഭാവങ്ങള്‍ ശ്രദ്ധിക്കണം. നല്ല ഭക്ഷണം പാചകം ചെയ്യാന്‍ പരിശീലിക്കുക. പുതിയ വിഭവങ്ങള്‍ കണ്ടെത്തുക. എന്നും എന്തെങ്കിലും ഒരു പുതിയ കാര്യം പഠിച്ചെടുത്തിരിക്കണം. ഇടപെടുന്നവരെ മനസ്സിലാക്കി അവരെ പലവട്ടം പേരു പറഞ്ഞ് വിളിച്ച് സന്തോഷിപ്പിക്കും വിധം ഉത്സാഹത്തോടെ പെരുമാറി ശീലിക്കുക. എങ്കില്‍ ഏതു ഭവനത്തിലും അവള്‍ ഒരു ഓമന പുത്രി ആയിത്തീരും.
അങ്ങിനെ പ്രവര്‍ത്തനനിരതയായി അവള്‍ അവളുടെ മണവാളനുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കട്ടെ. അവന്‍ വരും, കാണും, ഈ നല്ല പെണ്ണിനെ സ്വന്തമാക്കും.