Back to articles

നിങ്ങള്‍ ആരെ കല്യാണം കഴിക്കും?

May 04, 2019

ഈ ഭൂമിയിലെ ജീവിതത്തില്‍ നിന്നും, ഒരു മനുഷ്യന് ജനനം മുതല്‍ മരണം വരെ കിട്ടിയിട്ടുള്ള സകല നേട്ടങ്ങളും കോട്ടങ്ങളും ചേര്‍ത്തു വെച്ച്, അത് എല്ലാം കൂടി ഒറ്റവാക്കില്‍ പറയാന്‍ ശ്രമിച്ചാല്‍, നിങ്ങള്‍ എന്തു പറയും ?

അനുഭവങ്ങള്‍ - എന്താ ശരിയല്ലേ?

എന്തൊക്കെ നേടിയാലും അത് ആത്യന്തികമായി നമുക്കു തരുന്നത് കുറെ അനുഭവങ്ങളാണ്.

അനുഭവങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, മനുഷ്യന്‍ പ്രവര്‍ത്തന രഹിതനായി ദ്രവിച്ച് നശിച്ചു പോകും. അനുഭവങ്ങള്‍ ലഭിക്കണമെങ്കില്‍ വേറെയും മനുഷ്യര്‍ ഉണ്ടായിരിക്കണം, അവരോട് ഇടപെടണം.

ഒരു മനുഷ്യന് അനുഭവിക്കാവുന്ന എല്ലാ വിധ അനുഭവങ്ങളും സൃഷ്ടിക്കണമെങ്കില്‍ ആണും പെണ്ണുമായി രണ്ടു മനുഷ്യ ജീവികള്‍ ഒത്തു ചേരണം എന്നും, ആണും പെണ്ണും ചേര്‍ന്ന് ഒരുമിച്ച് ജീവിച്ച്, മരണം വരെ നിലനില്‍ക്കാന്‍ അത്യാവശ്യമായ അനുഭവങ്ങളും അനുഭൂതികളും, മറ്റു മനുഷ്യരെയും സൃഷ്ടിക്കുന്ന, കുടുംബം എന്ന സംവിധാനം സ്വന്തമാക്കാനാണ് വിവാഹം എന്നും ആയിരുല്ലോ കഴിഞ്ഞ ലക്കത്തിലെ കണ്ടെത്തല്‍?

അങ്ങിനെയെങ്കില്‍ ഒരു പുരുഷന്‍ ആരെയാണ് വിവാഹം ചെയ്യേണ്ടത്?

ഒരു സ്ത്രീയെ വിവാഹം ചെയ്യണം അല്ലേ?

സ്ത്രീയാണെങ്കിലോ ഒരു പുരുഷനെ അല്ലേ വിവാഹം ചെയ്യേണ്ടത് ?.

(ഒരു ഡോക്ടറെ വേണം, എന്‍ജിനീയറെ വേണം, സര്‍ക്കാരുദ്യോഗസ്ഥരെ വേണം, പിജി വേണം, പ്രൊഫഷണല്‍ വേണം എന്നൊക്കെ മസിലു പിടിക്കുന്നവരെ കണ്ടിട്ടുണ്ട്.)

സാധാരണ നാട്ടു നടപ്പനുസരിച്ച്, സ്ത്രീയേക്കാള്‍ പ്രായക്കൂടുതലും, പൊക്കക്കൂടുതലും ഉള്ള പുരുഷനെയാണ് വിവാഹത്തിന് അന്വേഷിക്കുന്നത്. മറിച്ചായാല്‍ എന്തെങ്കിലും കാതലായ കുഴപ്പമുണ്ടോ എന്നതിനെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട്. ഏതായാലും നാട്ടു നടപ്പ് പിന്തുടരുവാനാണ് എന്‍റെ പക്ഷം.

സ്വന്തം സമുദായത്തില്‍ നിന്നും പങ്കാളിയെ തിരഞ്ഞെടുക്കുന്നത്, മറ്റൊരു നാട്ടു നടപ്പാണ്. കുടുംബത്തിലെ ഓരോ സംഭവ വികാസങ്ങളും (ജനനം, മരണം, സ്വത്ത് വിഭജനം മുതലായവ) അതതു സമുദായത്തിന്‍റെ ആചാരവും ചിട്ടയും അനുസരിച്ച് ഔദ്യോഗികം ആക്കി നിയമ സാധുത നേടുന്ന നടപടിക്രമം രാജ്യത്തിന്‍റെ ഭരണഘടനയിലും വിഭാവനം ചെയ്തിരിക്കുന്നു.

ഏതു മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടത്തിയിരിക്കുന്നത് എന്നതനുസരിച്ചല്ലേ കുടുംബത്തിന്‍റെ ആസ്തികള്‍ക്കും ബാദ്ധ്യതകള്‍ക്കും പിന്തുടര്‍ച്ച ലഭിക്കുന്നത്.

ദമ്പതികള്‍ ഒരേ സമുദായത്തിലാണെങ്കില്‍, ഓരോ സാഹചര്യവും കൈകാര്യം ചെയ്യാന്‍ അതിൻ്റെതായ നിശ്ചിത ശൈലി ഉണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന ദുര്‍ഘട സാഹചര്യങ്ങളില്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കോ, സമുദായ അധികാരികള്‍ക്കോ നടപടികള്‍ എടുക്കാന്‍ ആ പ്രോട്ടോക്കോള്‍ സഹായകരമാകും.

ഒരേ വിശ്വാസമുള്ളവരാണെങ്കില്‍, ആത്മീയ ആവശ്യങ്ങളില്‍, ഒരുമയോടെ പെരുമാറുവാന്‍ സാധിക്കും. അതിനാല്‍ ഏതെങ്കിലും പ്രത്യേക സാഹചര്യം ഇല്ലെങ്കില്‍ സ്വസമുദായത്തില്‍ നിന്നും വിവാഹം അന്വേഷിക്കുന്ന നാട്ടു നടപ്പ് പിന്തുടരാം.

നിയമ സാധുത വേണ്ട ഒരു ഉടമ്പടി കൂടിയാണ് വിവാഹം.

നിയമം അനുവദിക്കുന്ന ആളെ വേണം വിവാഹം കഴിക്കാന്‍. നിലവില്‍ വിവാഹം കഴിച്ചിരിക്കുന്ന ആളിനെ അതറിയാതെ മറ്റൊരാള്‍ വിവാഹം ചെയ്താല്‍, ആ വിവാഹത്തിന് നിയമസാധുത ലഭിക്കാതെ വരാം. മാനസിക പക്വത, അല്ലെങ്കില്‍ സുബോധം ഇല്ലാത്ത ആളുമായുള്ള വിവാഹവും അസാധു ആകാം.

അതിനാല്‍, ഒരു വിവാഹ ആലോചന വരുമ്പോള്‍, അവരുടെ വിവാഹ അവസ്ഥ, മാനസിക പക്വത, ക്രിമിനല്‍ പശ്ചാത്തലം, കടക്കെണി തുടങ്ങി സ്വച്ഛമായ കുടുംബ ജീവിതത്തിന് തടസ്സമാകുന്ന എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടോ എന്നും, അവര്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വാസ്തവം ആണോ എന്നും അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്.

മാതാപിതാക്കള്‍ അല്ലെങ്കില്‍ രക്ഷകര്‍ത്താക്കള്‍ ആണ് സാധാരണ ഈ ചുമതല ചെയ്തു വരുത്. വന്ന പ്രൊപ്പോസലിലെ വ്യക്തിയെയോ കുടുംബത്തെയോ അറിയുന്ന രണ്ടു പേരോടെങ്കിലും അന്വേഷിച്ച് എതിരഭിപ്രായം ഉണ്ടായില്ലെങ്കില്‍ മാത്രം അടുത്ത പടിയിലേക്കു കടക്കുക.

അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ തടസ്സങ്ങളില്ല എന്നു തോന്നിയാല്‍ പെണ്ണുകാണല്‍ എന്ന പ്രധാന നടപടിയിലേക്ക് കടക്കാം.

ആയുഷ്ക്കാലം മുഴുവന്‍ ഒന്നിച്ചു കഴിയേണ്ട ആളെ എങ്ങിനെയാണ് അരമണിക്കൂര്‍ പെണ്ണുകാണല്‍ കൊണ്ടു മനസ്സിലാക്കുക എന്ന ചോദ്യം ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഒരായിരം പേരെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ട്. അതേക്കുറിച്ചും മുമ്പ് എഴുതിയിട്ടുണ്ട്.

ഒരാളെ മനസ്സിലാക്കാന്‍ ഒരായുഷ്കാലം മതിയാവില്ല. ആയുസ്സ് അവസാനിച്ച ശേഷമായിരിക്കും പലര്‍ക്കും അവരുടെ പങ്കാളിയെ കൂടുതല്‍ മനസ്സിലാവുക.

ആളെ മനസ്സിലാക്കല്‍ എന്നതിനേക്കാള്‍,  മനസ്സിലാക്കാന്‍ പറ്റിയ ആളാണോ എന്ന തിരിച്ചറിയലാണ് പെണ്ണു കാണല്‍ ചടങ്ങില്‍ പെണ്ണും ചെറുക്കനും കൂടി നടത്തേണ്ടത്. ദാമ്പത്യ ജീവിതം എന്നത്, തുടര്‍ന്നുള്ള അനന്തമായി നീളുന്ന പരസ്പരം മനസ്സിലാക്കല്‍ പ്രക്രിയ ആയിരിക്കട്ടെ.

പെണ്ണുകാണലില്‍ എന്തു ചെയ്യണം എന്നു എന്നോടു ചോദിച്ചിട്ടുള്ള യുവതീ യുവാക്കളോട് ഞാന്‍ ഉപദേശിക്കാറുള്ളത് ഇങ്ങിനെയാണ്.

ആദ്യമായി കാണുമ്പോള്‍ സ്വന്തം ഹൃദയത്തോടു ചോദിക്കണം മരിക്കുന്നതു വരെ ഇയാളോടൊപ്പം ജീവിക്കാന്‍ തയ്യാറാണോ എന്ന്.

അല്ല എന്നാണ് ഹൃദയം മറുപടി തരുന്നതെങ്കില്‍ പണി എളുപ്പമായി, ബുദ്ധിയുടെ തലത്തില്‍ നിന്നും ഉപചാര വാക്കുകള്‍ ഉപയോഗിച്ച്, ചടങ്ങ് പൂര്‍ത്തിയാക്കി, സസന്തോഷം പിരിയുക.

അതേ എന്ന് ഹൃദയം മറുപടി തന്നാല്‍ പകുതി തീരുമാനമായി.

ഇനി മറ്റേയാള്‍ക്കും അങ്ങിനെ തന്നെ അനുഭവപ്പെടുുണ്ടോ എന്ന് കണ്ടെത്തണം. അതറിയാനാണ് അയാളോട് സംസാരിക്കേണ്ടത്. ആ സംഭാഷണം ബുദ്ധിയുടെ തലത്തില്‍ നിന്നല്ല, മറിച്ച് ഹൃദയത്തിന്‍റെ തലത്തില്‍ നിന്നായിരിക്കണം.

''മരണം വേര്‍പെടുത്തും വരെ നമുക്ക് ഒരുമിച്ച് അനുഭവിച്ച് ജീവിക്കാമോ''' എന്ന് ശുദ്ധ സാഹിത്യം സംസാരിക്കാം, അല്ലെങ്കില്‍ ''മേരിക്കുട്ടീടെ പേരെന്താ''എന്ന് ശുദ്ധ മണ്ടത്തരം വേണമെങ്കിലും സംസാരിക്കാം.

നിങ്ങളുടെ ഹൃദയത്തില്‍ ഉയരുന്ന സംഭാഷണം എന്തായാലും അത് മറ്റേ ആളുടെ ഹൃദയത്തോട് ആയിരിക്കണം ചോദിക്കേണ്ടത്. അയാളുടെ ഹൃദയം കൊണ്ടാണ് നിങ്ങളുടെ സംഭാഷണം കേട്ടതെങ്കില്‍, രണ്ടു ഹൃദയങ്ങളും തടസ്സമില്ലാതെ സംവദിക്കും. ഹൃദയങ്ങളുടെ ഐക്യം ''Harmony of the hearts'' നിങ്ങള്‍ക്ക് അനുഭവപ്പെടും. അങ്ങിനെയെങ്കില്‍ അയാളെ പങ്കാളി ആയി സ്വീകരിക്കാം.

ഇതാണെന്‍റെ പങ്കാളി എന്ന് നിങ്ങളുടെ ഹൃദയം പറയുന്നില്ലെങ്കില്‍, ആ വിവാഹത്തിന് തയ്യാറാവേണ്ട.

സ്വന്തം ഹൃദയത്തെ ശ്രവിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ മാത്രമേ ഹൃദയത്തോടു സംവദിക്കാന്‍ കഴിയൂ. നിശ്ശബ്ദമായി ഒന്നും ചിന്തിക്കാതെ മെഡിറ്റേഷനില്‍ ഇരുന്നു പ്രാക്ടീസ് ചെയ്താല്‍ ഹൃദയത്തെ ശ്രവിക്കാന്‍ പഠിക്കും.

ബുദ്ധി കൊണ്ടു മാത്രം വിവാഹത്തിന് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ബുദ്ധി പരിഗണിക്കുന്ന പ്രധാന ഘടകങ്ങള്‍ക്ക് പിന്നീട് എപ്പോഴെങ്കിലും മാറ്റം വന്നാല്‍, ആദ്യമെടുത്ത തീരുമാനത്തെ തള്ളിപ്പറയാനായിരിക്കും ബുദ്ധി ശ്രമിക്കുക.

ഉദാഹരണത്തിന്, നല്ല മുഖസൗന്ദര്യം ഉള്ള പെണ്‍കുട്ടി എന്നു പരിഗണിച്ച് വിവാഹം ചെയ്തു എന്നു കരുതുക. കുറച്ചു കാലത്തിനു ശേഷം എപ്പോഴെങ്കിലും അടുക്കളയില്‍ ഭക്ഷണത്തിന് പപ്പടം കാച്ചുമ്പോള്‍ തിളച്ച എണ്ണ തെറിച്ച് അവളുടെ മുഖം വികൃതമായാല്‍?

അല്ലെങ്കില്‍, സുമുഖന്‍ സുന്ദരന്‍ എന്നു പരിഗണിച്ച് കെട്ടിയ പയ്യന്‍, വിവാഹശേഷം ബൈക്കില്‍ നിന്നു മൂക്കും കുത്തി വീണവിരൂപനാകുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍?

നിങ്ങളുടെ ബുദ്ധി പറയും, ഞാന്‍ സ്വീകരിച്ചപ്പോള്‍ നല്ലതായിരുന്നു, ഇപ്പോള്‍ മോശമായി, അതുകൊണ്ട്, ഇതെനിക്ക് ഇഷ്ടമല്ലാതായിരിക്കുന്നു എന്ന്.

ആദ്യ കാഴ്ചയിലോ, ഇടക്കെപ്പോഴെങ്കിലുമോ ഹൃദയം കൊണ്ട് സ്വീകരിച്ച ആളാണെങ്കില്‍, ഈ വക മാറ്റങ്ങള്‍ ഒന്നും  ഹൃദയത്തിന്‍റെ ഊഷ്മളതയെ ബാധിക്കുകയില്ല. അവിചാരിതമായ ദുരവസ്ഥകള്‍ അപ്രസക്തമാക്കാനായിരിക്കും ഹൃദയം ശ്രമിക്കുക.

ഹൃദയം ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍, അത് അപ്പപ്പോഴത്തെ അസൗകര്യം പോലെ തള്ളിക്കളയുകയില്ല.

Listen to your Heart and Do what your Heart Tells.

What is Profile ID?
CHAT WITH US !
+91 9747493248