Back to articles

കണ്ണില്‍ പെട്ടാല്‍, കണ്ടൂന്ന് അറിയിക്കണ്ടേ?

March 06, 2019
(തിയറി ഓഫ് മാര്യേജ് അലയന്‍സ് - 2)
 
സ്വര്‍ഗ്ഗത്തില്‍ നിശ്ചയിക്കപ്പെട്ട വിവാഹം, ഭൂമിയില്‍ നടപ്പിലാക്കാന്‍ നമ്മള്‍ മനുഷ്യരുടെ പരിശ്രമം കൂടിയേ തീരൂ. ആ പരിശ്രമത്തെ ഒന്നു വിശകലനം ചെയ്യുകയാണ് ഇവിടെ. നിങ്ങള്‍ക്കു പറ്റിയ ഒരാള്‍ നിങ്ങളുടെ കണ്ണില്‍ പെട്ടെങ്കിലേ ഒരു വിവാഹാലോചന ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. പലവിധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തപ്പി തിരഞ്ഞ്, കൊള്ളാമെന്നു തോന്നിക്കുന്ന ഒരാള്‍ കണ്ണില്‍ പെട്ടു എന്നു കരുതുക. എന്തു ചെയ്യണം? നേരേ ഫോണെടുത്ത് അവരെ വിളിച്ച് സംസാരിക്കണോ? പലരും ചോദിക്കാറുള്ള സംശയമാണിത്.
 
അല്പം തയ്യാറെടുപ്പും, കുറച്ചു ഗൃഹപാഠവും ചെയ്തിട്ടു വേണം മറു പാര്‍ട്ടിയെ വിളിക്കുന്നത് എന്നാണ് എന്‍റെ അഭിപ്രായം.
 
മനസ്സിലെ ചിത്രം നന്നാക്കണം.
നിങ്ങള്‍ അവരുടെ പ്രൊഫൈല്‍ കണ്ട്, കുറെ വിവരങ്ങള്‍ മനസ്സിലാക്കിയിട്ടാണ്, അവരെ വിളിക്കുന്നത്. എന്നാല്‍ ഫോണിന്‍റെ അങ്ങേ തലക്കല്‍ ഉള്ള ആളിന് നിങ്ങള്‍ വെറും അപരിചിതന്‍ ആണ്. പരിചയമില്ലാത്ത എന്തിനോടും എല്ലാവര്‍ക്കും ഭയം ഉണ്ട്. അതിനാല്‍ വിളിക്കും മുമ്പ്, വെബ്സൈറ്റ് വഴി പല പ്രാവശ്യം അവരുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അപ്പോള്‍ അവരും നിങ്ങളുടെ പ്രൊഫൈല്‍ പലവട്ടം കാണും. നിങ്ങളെക്കുറിച്ച് ഏതാനും പ്രസക്ത വിവരങ്ങളും, ഫോട്ടോ വഴി ആളിന്‍റെ രൂപത്തെ കുറിച്ച് ചില ധാരണകളും അവര്‍ക്ക് ലഭിച്ച ശേഷം സംസാരിക്കുകയാണെങ്കില്‍, ഇരു കൂട്ടരുടെയും മനസ്സില്‍ ചില ചിത്രങ്ങള്‍ രൂപപ്പെടുകയും, അത് സംഭാഷണത്തിന്‍റെ ഗതിയെ സ്വാധീനിക്കുകയും ചെയ്യും. ഇതിനു വേണ്ടിയാണ് ഫാമിലി ഫോട്ടോയും, വീടിന്‍റെ ചിത്രവും മറ്റും പ്രൊഫൈലില്‍ ചേര്‍ക്കേണ്ടത്.
 
പ്രതീക്ഷ ഉളവാക്കണം.
മെസ്സേജ് വഴി ബന്ധപ്പെട്ട്, എപ്പോഴാണ് സംസാരിക്കാന്‍ സൗകര്യം എന്നും തിരക്കി നിങ്ങളുടെ വിളി പ്രതീക്ഷിക്കാന്‍ മറുപാര്‍ട്ടിക്ക് അവസരം കൊടുക്കുക, അപ്പോള്‍ അപ്രതീക്ഷിതത്തിനു പകരം നിങ്ങളെ കുറിച്ച് പ്രതീക്ഷ ഉളവാകും.
 
അപരിചിതത്വം മാറ്റാന്‍ ഗൃഹപാഠം ചെയ്യണം.
വിളിച്ച് സംസാരിക്കും മുമ്പ് അവരെക്കുറിച്ച് അല്പം ഗൃഹപാഠം ചെയ്യണം. വീട്ടുപേരും സ്ഥലവും നോക്കി ആ കുടുംബവുമായി ബന്ധമോ അടുപ്പമോ ഉള്ളവരെ കണ്ടെത്തണം. ഇത് അപരിചിതത്വം കുറയാന്‍ സഹായകരമാകും. അവരെയും നിങ്ങളെയും അറിയുന്ന ഒരാളെയെങ്കിലും കണ്ടു പിടിക്കണം.
 
തനിച്ച് കണ്ടു പിടിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത്തരം സേവനദാതാക്കള്‍ വഴി ശ്രമിക്കാം
 
അവരുടെ വേണ്ടപ്പെട്ടവരുടെ പരിചയക്കാരോ അടുപ്പക്കാരോ ആണ് നിങ്ങള്‍ എന്ന അറിവ് സംഭാഷണം ഊഷ്മളമാകാനും, സൗഹൃദം ഉളവാകാനും സഹായിക്കും.
 
സ്വന്തം ഗുണങ്ങള്‍ മനസ്സിലാക്കണം.
ഒരു വിവാഹാലോചന വന്നാല്‍, അതിന്‍റെ ദോഷങ്ങളാണ് മിക്കവാറും ആദ്യം വിശകലനം ചെയ്യപ്പെടുക. വിളിക്കുന്ന ആളിന്‍റെ ഉള്ളിലും പലപ്പോഴും സ്വന്തം പോരായ്മകളായിരിക്കും മനസ്സില്‍ തികട്ടി നില്‍ക്കുന്നത്. ആദ്യം സ്വന്തം കുട്ടിയുടെ കഴിവുകളും ഗുണങ്ങളും സാമര്‍ത്ഥ്യവും എന്തൊക്കെ എന്ന് സ്വയം ചിന്തിച്ച് ബോദ്ധ്യപ്പെട്ട് അതെക്കുറിച്ച് മനസ്സില്‍ തൃപ്തി ഉണ്ടായിരിക്കണം. ഇത്രയേ ഉള്ളു എന്ന് ചിന്തിക്കരുത്. തമ്പുരാന്‍ സഹായിച്ച് ഇത്രയും ഉണ്ട് എന്ന് ചിന്തിക്കണം. ഉള്ള കഴിവുകളെക്കുറിച്ച് അഭിമാനം തോന്നണം, പക്ഷേ അഹങ്കാരം തോന്നരുത്, പ്രകടിപ്പിക്കുകയും അരുത്.
 
അവരുടെ ഗുണങ്ങളും കണ്ടു പിടിക്കണം, പ്രശംസിക്കണം.
മറുപാര്‍ട്ടിയെക്കുറിച്ച് ലഭ്യമായ വിവരങ്ങളില്‍ നിങ്ങള്‍ക്ക് ഏറ്റവും സന്തോഷവും അഭിമാനവും തോന്നുന്നത് അയാളുടെ ഏതൊക്കെ കാര്യങ്ങളെക്കുറിച്ചാണ് എന്ന് ചിന്തിച്ചു കണ്ടു പിടിക്കണം. സംഭാഷണത്തിനിടയില്‍ അതിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കാന്‍ മടി വിചാരിക്കരുത്. വെറുതെ പുകഴ്ത്തി പറയുകയും അരുത്.
 
വീട്ടുകാരെക്കുറിച്ച് പറയണം, ചോദിക്കണം.
അമ്മാവന്‍, അമ്മായി, പേരപ്പന്‍, പേരമ്മ, ചിറ്റപ്പന്‍, ഇളയമ്മ, സഹോദരങ്ങള്‍, അളിയന്മാര്‍, നാത്തൂന്‍മാര്‍ തുടങ്ങി ഒരുപാട് ബന്ധുക്കളുണ്ടല്ലോ നിങ്ങള്‍ക്ക്, അവരെ കുറിച്ച് അങ്ങോട്ട് സംസാരിക്കുകയും, മറു പാര്‍ട്ടിയുടെ ഈവിധ ബന്ധുക്കളെക്കുറിച്ച് വിവരം തേടുകയും ചെയ്യണം.
 
സോപാധികമോ? നിരുപാധികമോ?
"ഞങ്ങള്‍ക്കു താല്പര്യമാണ്, നിങ്ങള്‍ക്കും താല്പര്യമാണെങ്കില്‍ ഇവരുടെ വിവാഹം നടത്താനുള്ള സാധ്യതകള്‍ ആലോചിക്കാം"  എന്നതില്‍ കവിഞ്ഞ ഉപാധികള്‍ ഒന്നും ഇല്ലാതെ വിവാഹം ആലോചിക്കാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥയാണ് നല്ല ബന്ധുത ലഭിക്കാന്‍ ഏറ്റവും സഹായകരം.
 
പക്ഷേ, ഓരോരുത്തരുടെയും സാഹചര്യങ്ങളുടെ പ്രത്യേകത മൂലം, അവശ്യവും അനാവശ്യവുമായ പലവിധ ഉപാധികള്‍ക്ക് പലരും നിര്‍ബന്ധിതരാകുന്നുണ്ട്. അത്തരം ഉപാധികളും നിബന്ധനകളും വിവാഹാലോചനകള്‍ തീരുമാനത്തിലെത്താതെ നീണ്ടു പോകാന്‍ ഇടയാക്കാറുണ്ട്.
 
ഉദാഹരണത്തിന് - പയ്യന് 172 സെന്‍റിമീറ്റര്‍ തന്നെ ഉയരം വേണം, 1 സെന്‍റി മീറ്റര്‍ കുറവാണ് ഉയരമെങ്കില്‍, ആ കേസ് എനിക്ക് വേണ്ട എന്ന് നിബന്ധന വെച്ചിരുന്ന ഒരു പെണ്‍കുട്ടിയെ എനിക്കറിയാം.
 
മീശയുള്ള ചെക്കനെ കെട്ടില്ല എന്നു പറഞ്ഞ് ഒരുപാട് ആലോചനകള്‍ വിട്ടു കളഞ്ഞ പെണ്‍കുട്ടി, ഒടുവില്‍ ഒരു നല്ല കട്ടി മീശക്കാരനെ കണ്ടപ്പോള്‍ തന്നെ വീണു പോയി, ആ കല്യാണം നടന്നു (ആ ചെക്കന്‍  വിവാഹ ശേഷം സ്നേഹപൂര്‍വ്വം സ്വന്തം മീശ എടുത്തു കളഞ്ഞൂട്ടോ).
 
കുറഞ്ഞത് ഒരു അളിയനെങ്കിലും വേണം, പെണ്ണിന്‍റെ അമ്മക്ക് ജോലിയുണ്ടെങ്കില്‍ ആ കുട്ടിയെ വേണ്ട തുടങ്ങി പയ്യന്മാരും ചില അസാധാരണ നിബന്ധനകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
 
നിങ്ങള്‍ വെക്കുന്ന നിബന്ധനകള്‍ വെച്ച് നിങ്ങളും അളക്കപ്പെടും എന്ന് ഓര്‍മ്മിക്കണം. അതിനാല്‍ നിങ്ങളുടെ നിബന്ധനകള്‍ എന്തൊക്കെ ആണ്? അത് ഒരു പേപ്പറില്‍ എഴുതുക, ഇനി അതില്‍ അവശ്യം അല്ലാതെ അനാവശ്യം ആയ ഏതെങ്കിലും നിബന്ധനകള്‍ കടന്നു കൂടിയിട്ടുണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കില്‍ അവയെല്ലാം വിട്ടു കളയുക.
 
സംസാരിക്കുക, ഒപ്പം ശ്രവിക്കുകയും വേണം.
ചിലര്‍ റേഡിയോ പോലെയാണ്, പറച്ചില്‍ മാത്രമേ ഉള്ളു, കേള്‍ക്കുന്ന ശീലം ഇല്ല. പറയാനുള്ളതെല്ലാം മനസ്സില്‍ ചിട്ടപ്പെടുത്തി വെച്ചിട്ട്, അത് മറന്നുപോകും മുമ്പ്, തത്ത പറയും പോലെ, നിര്‍ത്താതെ പറഞ്ഞ് തീര്‍ക്കുന്ന രീതിയാണ് ചിലര്‍ക്ക്. സംസാരിക്കുക  എന്നത് വണ്‍വേ ട്രാഫിക് അല്ല എന്ന് വിളിക്കുന്നവര്‍ മറക്കരുത്.
 
വിളിക്കുന്ന ആളിന് അഥവാ സംഭാഷണത്തില്‍ ചാതുര്യം കുറവാണെങ്കില്‍, കേള്‍ക്കുന്ന ആള്‍ അത് തുറന്നു പറഞ്ഞാല്‍ വിഷമം വിചാരിക്കരുത്. "ക്ഷമിക്കണം, താങ്കള്‍ പറഞ്ഞത് മനസ്സിലായില്ല, ഒന്നു കൂടി പറയാമോ?" എന്നു ചോദിച്ച്, വിളിച്ച ആളെ ട്രാക്കില്‍ കൊണ്ടു വന്ന ചില സംഭവങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്.
 
ഏതായാലും മറു പാര്‍ട്ടിയെ അനുഭാവപൂര്‍വ്വം പരിഗണിച്ചു കൊണ്ട് പരസ്പരം നടക്കുന്ന സംഭാഷണത്തിനു മാത്രമേ ക്രിയാത്മകമായ ഫലസിദ്ധി ഉണ്ടാവുകയുള്ളൂ.
 
അപ്പന്‍ സംസാരിക്കണമോ? അമ്മ സംസാരിക്കണമോ?
അപ്പനില്ലാത്തതു കൊണ്ട്, എനിക്ക് ആരെയും വിളിച്ച് പ്രൊപ്പോസല്‍ സംസാരിക്കാന്‍ സാധിക്കുകയില്ല എന്നു പറയുന്ന ഒരുപാട് അമ്മമാരുടെ സങ്കടം പറച്ചില്‍ കേട്ടിട്ടുണ്ട്. അപ്പന്‍റെ അസാന്നിദ്ധ്യത്തില്‍ അമ്മയല്ലേ സംസാരിക്കേണ്ടത്? അതില്‍ അരോചകം വിചാരിക്കുന്ന കുടുംബത്തിലേക്ക് ബന്ധം വേണ്ട എന്നു തന്നെ വെച്ചേക്കുക. പിന്നെ ഒരു ഫോര്‍മാലിറ്റിക്കു വേണ്ടി, മറുപാര്‍ട്ടിയുടെ അമ്മയോട് സംസാരിക്കാന്‍ സാധിക്കുമോ എന്നു ആദ്യം ചോദിക്കണം.
 
നിങ്ങള്‍ വിളിക്കുന്ന വീട്ടിലാണ് അപ്പനില്ലാത്ത സാഹചര്യമെങ്കില്‍, അമ്മയും അമ്മയും തമ്മില്‍ സംസാരിക്കാന്‍ ശ്രദ്ധിക്കുന്നത്, നിങ്ങളെക്കുറിച്ച് മതിപ്പ് ഉളവാക്കും.  
 
അപ്പന്‍ സംസാരിച്ചാല്‍ ഉടക്കാകും, അതു കൊണ്ട് അമ്മ സംസാരിക്കട്ടെ എന്നു ചേദിക്കുന്നവരോടു എന്‍റെ നിര്‍ദ്ദേശം ഇതാണ്, നല്ല രീതിയില്‍ സംസാരിക്കാന്‍ കഴിയുന്ന ഏറ്റവും അടുത്ത ബന്ധു സംഭാഷണം ആരംഭിക്കുക എന്നതാണ്. രണ്ടാം വട്ടം വിളിക്കേണ്ട സാഹചര്യത്തിലേക്ക് ആദ്യത്തെ സംഭാഷണം വളര്‍ന്നെങ്കിൽ, പിന്നെ ആരു വിളിച്ചാലും പ്രശ്നമാകില്ല എന്നു കരുതാം. മാനസികമോ, ശാരീരികമോ ആയ പ്രശ്നങ്ങള്‍ ഉള്ള ആളാണ് അപ്പനെങ്കില്‍, അമ്മ മാത്രം സംസാരിച്ചാല്‍ മതി. നിങ്ങളുടെ മേന്മകള്‍ അറിയാന്‍ അവസരം കൊടുത്ത ശേഷം മാത്രം, അപ്പന്‍റെ പ്രത്യേക സ്ഥിതിയെക്കുറിച്ച് സത്യസന്ധമായി തുറന്നു പറയണം.
 

പ്രൊപ്പോസല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങും മുമ്പ്, ഈ സംഭാഷണം വഴി രണ്ടു കുട്ടികളുടെയും ഭാവി ഭാസുരമാകണേ എന്ന് തമ്പുരാനോട് പ്രാര്‍ത്ഥിക്കണം. പ്രൊപ്പോസല്‍  ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, വാക്കിലും സ്വരത്തിലും അതൃപ്തിയുടെയോ, അഹങ്കാരത്തിന്‍റെയോ ധ്വനി വരാന്‍ ഇടയാകരുതേ എന്നും പ്രാര്‍ത്ഥിക്കണം.

What is Profile ID?
CHAT WITH US !
+91 9747493248