Back to articles

പടക്കുതിരയോ? പന്തയക്കുതിരയോ?

January 25, 2019

ഞാനൊരു ഡോക്ടറാണ്, വിദേശത്താണ് പഠിച്ചത്. ഇനി ഒരു പിജിയും സൂപ്പർസ്പെഷ്യാലിറ്റിയും കൂടി ഇല്ലാതെ ഒരു ഡോക്ടറായി ജോലി ചെയ്യാൻ ഇക്കാലത്ത് വലിയ പ്രയാസമാണ്. വിദേശത്തു നിന്നു തന്നെ പിജിയും സൂപ്പർസ്പെഷ്യാലിറ്റിയും കൂടി ചെയ്തിട്ട് വന്നാൽ ഇവിടെയും ഡിമാൻഡുണ്ടാകും. പക്ഷേ പണമാണ് പ്രശ്നം. അവിടെ തുടരണമെങ്കിൽ പണം വേണം. വിവാഹം കഴിക്കുമ്പോൾ സ്ത്രീസ്വത്തായിട്ട് കുറച്ച് പണം കിട്ടി, അത് കല്യാണച്ചിലവ് കഴിഞ്ഞ് മിച്ചം ഒന്നും ഉണ്ടായില്ല. കൂടുതൽ സ്വർണ്ണവും രണ്ട് ഹൌസ് പ്ളോട്ടുകളുമാണ് വേറെ ലഭിച്ചത്. അതിൽ ഒരു പ്ളോട്ടും കുറച്ച് സ്വർണ്ണവും  വിറ്റാൽ മതി പിജിക്ക് പോകാൻ വേണ്ട പണമാകും.

പക്ഷേ എന്റെ ഭാര്യ പറയുന്നത്, സ്വർണ്ണമോ വസ്തുവോ വിൽക്കാൻ സാദ്ധ്യമല്ല എന്നാണ്. മാത്രമല്ല, ഞാൻ ഇനി വിദേശത്തു പോകുന്നെങ്കിൽ അവളെയും കുട്ടിയേയും കൂടി എന്റെ കൂടെ കൊണ്ടു പോകണം എന്നും. അതു കൂടുതൽ പണച്ചിലവല്ലേ എന്നൊന്നും അവളു ചിന്തിക്കുന്നതേ ഇല്ല. ''എന്റെ ആഭരണങ്ങൾ വിൽക്കട്ടെ'' എന്ന ലേഖനം വായിച്ചപ്പോഴാണ് താങ്കളെ നേരിൽ കാണണമെന്ന് തോന്നിയത്. സാറ് എന്റെ ഭാര്യയെ ഒന്ന് ഉപദേശിക്കണം.

നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി?
വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷമാകുന്നു.

ഇപ്പോൾ മൂന്നു പേരുടെയും പ്രായം എത്രായായി?
എനിക്ക്  35 വയസ്സായി, ഭാര്യക്ക് 31, മോൾക്ക് 2 വയസ്സും.

സ്വന്തം കാലിൽ നില്ക്കാൻ ആവുന്നതിനു മുമ്പ് നിങ്ങളെന്തിനാ കല്യാണം കഴിച്ചത്?
സത്യം പറഞ്ഞാൽ ഭാര്യയുടെ സ്വത്ത്, എന്റെ പഠനച്ചിലവിന് സഹായകമാകും എന്നു കരുതിയാണ് വിവാഹത്തിന് തീരുമാനമെടുത്തത്. പക്ഷേ, ഒരു കോടി രൂപ സ്ത്രീസ്വത്ത് ഉണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം, എന്റെ ആവശ്യം നടക്കുന്നില്ല.

അനിയാ  അവളുടെ അപ്പൻ അവളെ  സ്വത്തും കൊടുത്ത് കെട്ടിച്ച് വിട്ടത്, അവൾക്ക് ഒരു കുടുംബ ജീവിതം ഉണ്ടാകാൻ വേണ്ടിയാണ്. നിങ്ങൾ അവൾക്ക് ഒരു തുണയാകും എന്ന് വിശ്വസിച്ചാണ്. അല്ലാതെ ഒരു പാവം പയ്യൻ പഠിക്കാൻ പണമില്ലാതെ വിദേശത്തു കിടന്ന് കഷ്ടപ്പെടുന്നു, എന്റെ മകളെയും സ്വത്തും കൊടുത്ത് അവനെ സഹായിച്ചേക്കാം എന്നു കരുതിയിട്ടാവില്ല.

നിങ്ങളൊരു സൂപ്പർസ്പെഷ്യാലിറ്റി ഡോക്ടർ ആകാൻ വേണ്ടി, ഭാര്യയെയും കുഞ്ഞിനെയും നാട്ടിൽ തനിച്ചാക്കിയിട്ട് വർഷങ്ങളോളം വിദേശത്ത് പോയി കഴിയുന്നത് സ്വന്തം കുടുംബം അനാഥമാക്കുന്ന പ്രവർത്തി ആണെന്ന് നിങ്ങളുടെ ഭാര്യ കരുതുന്നുണ്ടാവണം. അതായിരിക്കാം പുറത്തു പോകുന്നെങ്കിൽ അവരെയും കൂടെ കൊണ്ടുപോകണം എന്ന അവളുടെ നിലപാടിന്റെ കാരണം.

ഒരാളോട്  ''പണം ചിലവഴിച്ചോ'' എന്ന് ഉപദേശിക്കണമെങ്കിൽ അതിന്റെ  പ്രയോജനത്തെക്കുറിച്ച് എന്തെങ്കിലും ഉറപ്പ് കൊടുക്കാൻ സാധിക്കണം. ഇക്കാര്യത്തിൽ നിങ്ങളുടെ ഭാര്യയ്ക്ക് എന്ത്  ഉറപ്പാണ് ഞാൻ ചൂണ്ടിക്കാണിക്കേണ്ടത്. എന്റെ കാഴ്ചപ്പാടുകൾ പറയാം, അതിൽ കാര്യമുണ്ടെന്നു തോന്നിയാൽ അതനുസരിച്ച് പ്രവർത്തിച്ചു നോക്കാം. ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ  നടക്കാതെ വന്നാലും തങ്ങൾ സുരക്ഷിതരായിരിക്കും എന്ന് നിങ്ങളുടെ ഭാര്യക്ക് ധൈര്യം ലഭിച്ചാൽ അവളുടെ  സ്വത്ത് വിൽക്കാനും അവൾ തയ്യാറായേക്കാം.

ഉയർന്ന പ്രൊഫഷനിൽ എത്തിച്ചേരണം എന്നതല്ലേ നിങ്ങളുടെ യഥാർത്ഥ ആവശ്യം? എങ്ങനെയും ഭാര്യയുടെ സ്വത്ത് വിൽക്കണം എന്നല്ലല്ലോ? അത് നിങ്ങളുടെ ഭാര്യയെ  ബോദ്ധ്യപ്പെടുത്തണം. എന്നിട്ട് ഡോക്ടറും, ഭാര്യയും കുഞ്ഞും ചേരുന്ന കുടുംബത്തിന്റെ ഭാവി നിങ്ങൾ രണ്ടുപേരും കൂടി ആസൂത്രണം ചെയ്യുക.

വിവാഹിതനായ നിങ്ങൾക്ക് നിങ്ങളുടെ കുടുംബം ആയിരിക്കണം സർവ്വപ്രധാനം. അപ്പന്റെയും അമ്മയുടെയും സ്നേഹസാമീപ്യം നിങ്ങളുടെ കുഞ്ഞിന് മാത്രമല്ല നിങ്ങൾക്കും അത്യന്താപേക്ഷിതമാണ്. അപ്പനും  അമ്മയും  കുഞ്ഞുങ്ങളും  ഒരുമിച്ചിടപഴകി ജീവിക്കുമ്പോഴാണ് കുടുംബത്തിന് വേരുകൾ മുളയ്ക്കുന്നതും, കുടുംബം വളരുന്നതും. അത് സാധിക്കും  വിധം വേണം താങ്കൾ ഭാവി പ്ളാൻ  ചെയ്യാൻ.

വിദേശത്ത് നിന്നും താങ്കൾ മെഡിക്കൽ ബിരുദം നേടി. ഒരു പ്രൊഫഷണൽ ആയിക്കഴിഞ്ഞു.  ഇനി ഇൻഡ്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ ഇവിടെ  ക്വാളിഫൈയിംഗ് എക്സാം എഴുതി പാസ്സാകണം. പി.ജി.യും, സൂപ്പർസ്പെഷ്യാലിറ്റിയും അവിടെ  നിന്നു തന്നെ  എടുത്താലും , ഇൻഡ്യയിൽ ജോലി ചെയ്യണമെങ്കിൽ അപ്പോഴും ഇവിടുത്തെ പരീക്ഷ പാസ്സാകണ്ടേ? എങ്കിൽ പിന്നെ ഇപ്പോൾതന്നെ ഇൻഡ്യയിലെ  പരീക്ഷ എഴുതി യോഗ്യത നേടിയിട്ട് ഇവിടെ തന്നെ ജോലിയിൽ കയറരുതോ? ഇവിടെ എൻട്രൻസ് എഴുതി കിട്ടിയാൽ പിജിയും ചെയ്യാം.

ബഹുഭൂരിപക്ഷം ഡോക്ടർമാരും പിജിക്കുവേണ്ടി നെട്ടോട്ടം ഓടുന്നതിനാൽ എക്സ്പീരിയൻസ് ഉള്ള എം.ബി.ബി.എസ് കാർക്ക് ഇവിടെ  സാമാന്യം  നല്ല ശമ്പളം  ലഭിക്കുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പിജി ഇല്ലാത്ത എത്രയോ ഡോക്ടർമാർ ജോലി ചെയ്ത് സന്തോഷത്തോടെ നല്ല കുടുംബ ജീവിതം നയിയ്ക്കുന്നു. അത് ശ്രമിച്ചുനോക്കരുതോ?

ഇൻഡ്യയിൽ പ്രാക്ടീസ് ചെയ്യാൻ ഉദ്ദേശമില്ല, പിജിയും സൂപ്പർസ്പെഷ്യാലിറ്റിയും വിദേശത്തു തന്നെ ചെയ്യണം എന്നുമാണ് നിങ്ങളുടെ ശക്തമായ ആഗ്രഹമെങ്കിൽ, ആദ്യം താങ്കൾ  അവിടെ ഒരു ജോലിയിൽ  പ്രവേശിക്കുക, പുറകെ ഭാര്യയെയും കുഞ്ഞിനെയും കൂടെ കൊണ്ടുപോയി  ഭാര്യക്കും ജോലി ശരിയാക്കുക. അങ്ങനെ ഒരു വർഷം എങ്കിലും ജോലി ചെയ്ത് നിത്യവൃത്തിക്കുള്ള അടിത്തറ ഇട്ട ശേഷം, ഭാരിച്ച പണച്ചിലവുള്ള പഠനത്തിന് ചേരുകയാണെങ്കിൽ നിങ്ങളുടെ പഠനത്തിനു വേണ്ടി പിതൃസ്വത്ത് വിൽക്കാനും നിങ്ങളുടെ ഭാര്യക്ക് ധൈര്യം തോന്നിയേക്കാം.

 വിവാഹം കഴിഞ്ഞ് മൂന്നു വർഷമായിട്ടും, വയസ്സ് മുപ്പത്തിയഞ്ചായിട്ടും, താങ്കൾ സ്വന്തം കുടുംബം പുലർത്താൻ കഴിയുന്ന അവസ്ഥയിലെത്തിയിട്ടില്ല. ഇപ്പോൾ ഭാര്യയെയും മകളെയും നാട്ടിൽ വിട്ടിട്ട്, വീണ്ടും അഞ്ചാറു വർഷം വിദേശത്തു തനിച്ച് കഴിയാൻ പദ്ധതിയിടുന്നു. കുറച്ചെങ്കിലും ജീവിത പരിചയമുള്ളവർക്ക്, ഇതൊക്കെ കേൾക്കുമ്പോൾ  അകൽച്ചയുടെ അപകടമാണ് മനസ്സിൽ ഉയരുന്നത്.

പ്രൊഫഷന്റെ ഉന്നതങ്ങളിലെത്താൻ പണം മുടക്കി മത്സരിച്ചു യോഗ്യതാ സർട്ടിഫിക്കേറ്റുകൾ വാരിക്കൂട്ടുന്നത്, പന്തയക്കുതിര ആകുന്നതു പോലെയാണ്. ഓട്ടപന്തയത്തിലെ  “പ്രകടനം”  ആണ് കുതിരയുടെ വില നിശ്ചയിക്കുന്നത്. മികച്ച പ്രകടനം നടത്തുന്ന കുതിരക്ക് വലിയ വിലയുണ്ട്. വില ഇടിയാതിരിക്കണമെങ്കിൽ പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കണം. അതിനു വേണ്ടി കുതിരയുടെ ആയുസ്സു പോലും കുറയ്ക്കുന്ന ചില കൃത്രിമ മാർഗ്ഗങ്ങൾ ഉടമസ്ഥൻ സ്വീകരിച്ചേക്കാം. വിജയം കൊയ്യുന്ന കുതിരകൾക്ക് മിത്രങ്ങളേക്കാൾ കൂടുതൽ ശത്രുക്കളായിരിക്കും. ഉടമസ്ഥനു പോലും അതിനോട് ആത്മബന്ധമില്ല, ലാഭനഷ്ട ബന്ധം മാത്രമേയുള്ളു. ഓരോ പന്തയക്കുതിരയുടെയും തിളക്കം ഒരു ഹൃസ്വകാലത്തേക്കു മാത്രം. തിളക്കം പോയ പന്തയക്കുതിര ഉടമസ്ഥന് ബാദ്ധ്യതയാണ്, പിന്നീടുള്ള അതിന്റെ ദയനീയാവസ്ഥ ഒരിക്കലും  ലോകമറിയില്ല.

എന്നാൽ ഒരു പടക്കുതിര ആണെങ്കിലോ? തന്റെ  ഉടമസ്ഥനുമായി ആഴമുള്ള ആത്മ ബന്ധമാണ്  പടക്കുതിരയ്ക്ക്. അതിന് വയ്യാണ്ടായാലും, ജീവൻ തന്നെ പോയാലും, ആ കുതിരയെക്കുറിച്ച് അഭിമാനിക്കാൻ ഒരാളെങ്കിലും ഉണ്ടായിരിക്കും. ചിലപ്പോൾ ഒരു രാജ്യം  മുഴുവനും.

മുപ്പത്തിയഞ്ച് വയസ്സായിട്ടും ഉപരിപഠനത്തിന്റെ മോഹവലയത്തിൽ  കഴിയുന്ന താങ്കൾ ഇനി എപ്പോഴാണ് ജീവിക്കാൻ പോകുന്നത്?  സ്വന്തം കുഞ്ഞിന്റെ വളർച്ചക്ക് പിതാവ് എന്ന നിലയിൽ എന്താണ് നിങ്ങളുടെ  പങ്കാളിത്തം? ഇതൊക്കെ ചിന്തിച്ചിട്ടുണ്ടോ?

 പി.ജി ഇല്ലെങ്കിലും, കൈപുണ്യം ഉള്ള ഡോക്ടറായാൽ എല്ലാവർക്കും നല്ല മതിപ്പാണ്, വിശ്വാസവുമാണ് . ഒരു  രോഗിക്ക് രോഗശാന്തിയും ആശ്വാസവും കൊടുക്കാൻ മനസ്സുള്ള ഒരു ഡോക്ടറായി  എത്രയും  വേഗം നിങ്ങൾ പ്രവർത്തി ആരംഭിക്കുക. ക്രമേണ ഒരു പടക്കുതിര ആകും എന്ന് ഉറച്ച് വിശ്വസിക്കുക. തൊഴിലിൽ  സമർത്ഥനാണെന്നു തെളിയുമ്പോൾ, കൂടുതൽ ഉയരാനുള്ള അവസരങ്ങൾ ഡോക്ടറുടെ മുന്നിൽ താനെ വന്നുകൊള്ളും.

''A Right Decision for a wrong reason is a Wrong  Decision''....

What is Profile ID?
CHAT WITH US !
+91 9747493248