വിധവയായ ഒരമ്മയുടെ സങ്കടം കേൾക്കാൻ കുറച്ച് സമയം തരുമോ സാറെ?
അതിനെന്താ, തീർച്ചയായും കേൾക്കാമല്ലോ, അമ്മ പറഞ്ഞോളൂ.
ഒരു നാട്ടിൻപുറത്താണ് ഞങ്ങളുടെ വീട്. എന്റെ ഭർത്താവ് മരിച്ചിട്ട് പത്ത് വർഷമായി. മൂന്ന് മക്കളാണ്, മൂത്തതു രണ്ടും പെൺകുട്ടികളാണ്, ഇളയത് മകനും. മൂന്നു പേരുടെയും കല്യാണം കഴിഞ്ഞു. മകന്റെ വിവാഹം നടന്നിട്ട് ഒരു വർഷമായി. പട്ടണത്തിൽ ജനിച്ചു വളർന്ന കുട്ടിയാണ് മകന്റെ ഭാര്യ. അതുകൊണ്ടായിരിക്കും ഞങ്ങളോടെല്ലാം വലിയ അകൽച്ചയാണ് അവൾക്ക്.
ഒരുപാട് പ്രതീക്ഷകളോടെയാണ് ഞാനദ്ധ്വാനിച്ച് മകനെ പഠിപ്പിച്ച് വലുതാക്കിയത്. അവന് എറണാകുളത്ത് നല്ല ഒരു ജോലിയുണ്ട്. മാസത്തിൽ ഒരിക്കലെങ്കിലും വീട്ടിൽ വന്ന് ഇവിടത്തെ കാര്യങ്ങളെല്ലാം അന്വേഷിച്ച് വേണ്ടവിധം നടത്തുമായിരുന്നു.
മകന്റെ ഭാര്യക്കും എറണാകുളത്ത് ജോലിയുണ്ട്. അവളിവിടെ വരുമ്പോഴൊക്കെ മുറിയിൽ കയറി കതകടച്ച് ഇരിക്കുകയേ ഉള്ളു. ഭക്ഷണത്തിനു വിളിച്ചാൽ പോലും നിങ്ങളു കഴിച്ചോ, ഞാൻ പിന്നെ കഴിച്ചോളാം എന്നു പറഞ്ഞ് ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞ് വന്ന് പേരിനെന്തെങ്കിലും കഴിച്ചിട്ട് പാത്രം കഴുകി വെച്ച് തിരികെ മുറിയിൽ പോയി കതകടയ്ക്കും.
മോളേ നമുക്ക് വല്ലതും മിണ്ടിയും പറഞ്ഞും കുറച്ചു നേരം ഇരിക്കാം എന്നു ഞാനൊരിക്കൽ പറഞ്ഞു, അപ്പോൾ ഒന്നും മിണ്ടാതെ അവൾ ഭക്ഷണം നിർത്തി പൊയ്ക്കളഞ്ഞു. മകൻ പറയുന്നത്, എറണാകുളത്ത് ചെന്നാലും ഓരോ ഇടങ്ങേട് ഉണ്ടാക്കി അവൾ ഇങ്ങനെ ബലം പിടിച്ചിരിക്കുകയേ ഉള്ളു എന്നാണ്.
അവൻ ഇപ്പോൾ വല്ലപ്പോഴുമേ ഇവിടെ വരാറുള്ളു, അവള് കൂടെ വരാറേ ഇല്ല. ഫോൺ വിളിച്ചാലും പെട്ടെന്ന് എന്തെങ്കിലും പറഞ്ഞ് കട്ട് ചെയ്യും. സാറിവളോടൊന്നു സംസാരിക്കാമോ, ഞാൻ ഫോൺനമ്പരു തരാം.
അമ്മേ ഒരു കാരണവും ഇല്ലാതെ ഒരു നവവധു ഇങ്ങനെ മിണ്ടാതിരിക്കില്ല. നിങ്ങളുടെ ആരുടെയെങ്കിലും ഏതോ ചെയ്തികളോടുള്ള അവളുടെ പ്രതിഷേധ പ്രകടനമാണിത്. അമ്മ അവളെ എന്തിനെങ്കിലും കുറ്റപ്പെടുത്തുകയോ, ശാസിക്കുകയോ, സ്ത്രീധനത്തിന് കണക്കു പറയുകയോ മറ്റോ ചെയ്തിട്ടുണ്ടോ?
അത് സാറെ, അവൾക്ക് സ്ത്രീധനം കിട്ടിയത് കുറച്ച് സ്വർണ്ണവും 10 സെന്റ് സ്ഥലവുമായിരുന്നു. എന്റെ മൂത്ത മകളുടെ ഭർത്താവിന് ബിസിനസ്സാണ്, അത് ഒന്നു വിപുലപ്പെടുത്താനായി അവളുടെ ഒരു മാലയും രണ്ട് വളയും വിറ്റ് പണം മൂത്തവൾക്ക് കൊടുക്കാമോ എന്ന് ചോദിച്ചു, അവൾ സമ്മതിച്ച പ്രകാരം സ്വർണ്ണം വിറ്റു പണം കൊടുത്തു. അതിനിടക്ക് മൂത്ത മരുമകൻ പറഞ്ഞു അവളുടെ സ്ഥലം വിറ്റ് പത്ത് ലക്ഷം രൂപാകൂടി കൊടുത്താൽ അവന്റെ ബിസിനസ്സിൽ ഇവർക്ക് പകുതി പാർട്ട്നർഷിപ്പ് കൊടുക്കാമെന്ന്. അതേതായാലും ഞാൻ പറഞ്ഞ് ഒഴിവാക്കി വിട്ടു. കല്യാണം കഴിഞ്ഞ് അധികമാകുന്നതിനു മുമ്പാ ഈ സംഭവം. അതിൻ്റെ കുറച്ച് കിറുകിറുപ്പായിരിക്കും ഇവളുടെ പിണക്കത്തിനു കാരണം.
എന്റെ വിവരക്കേടു കൊണ്ട് അങ്ങനെയൊരബദ്ധം പറ്റിപ്പോയി; ഇനി ഇതെങ്ങിനെയാ സാറെ ഒന്നു നേരെയാക്കിയെടുക്കുക. എന്റെ മോനൊന്നു ചിരിച്ചു കണ്ടിട്ട് വർഷം ഒന്നാകുന്നു. ഞാനിവിടെ തീ തിന്നാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. സാറവളെ ഒന്നു വിളിക്കുമോ.
നല്ല ബെസ്റ്റ് അമ്മായിയമ്മ. ഒരു പടംവരപ്പിച്ച് ഫ്രെയിം ചെയ്ത് വെക്കണം.
മരുമകള് നിങ്ങടെ അടുത്തു മിണ്ടാനും പറയാനും ഒരു പ്രാവശ്യം വന്നപ്പോൾ അവളുടെ ആഭരണങ്ങൾ പോയിക്കിട്ടി, ഇനി വന്നാൽ ഉള്ള സ്ഥലംകൂടി പോകുമെന്ന് അവൾക്ക് മുന്നറിയിപ്പും കിട്ടി. ശകലമെങ്കിലും ബോധമുള്ളവളാണെങ്കിൽ ഇനി നിങ്ങടെ കണ്ണുംവെട്ടത്ത് അവളു വരുമോ?
പഞ്ചതന്ത്രത്തിലെ ഒരു കഥയാണിപ്പോൾ ഓർമ്മ വരുന്നത്. ഒരു കാട്ടിലെ സിംഹരാജന് മൂന്ന് ശിങ്കിടികൾ ഉണ്ടായിരുന്നു. ഒരു കാക്ക, ഒരു കുറുക്കൻ, പിന്നെ ഒരു കടുവയും. സിംഹം കൊന്നു തിന്നുന്ന മൃഗങ്ങളുടെ ബാക്കി ആയിരുന്നു ഇവരുടെ അന്നന്നയപ്പം. ഒരിക്കൽ കാട്ടിലൂടെ യാത്രചെയ്തു പോയ കച്ചവടസംഘത്തിൽ നിന്നും ഒരു ഒട്ടകം കൂട്ടം തെറ്റി വന്നു സിംഹത്തിന്റെ മുന്നിൽ പെട്ടു.
ആദ്യമായിട്ടാണ് സിംഹം ഒരു ഒട്ടകത്തെ കാണുന്നത്.
ഇതെന്തു ജന്തു എന്ന് സിംഹം അനുചരന്മാരോട് തിരക്കി. പറന്ന് പറന്ന് ലോകം കൂടുതൽ കണ്ടിട്ടുള്ള കാക്ക ഉടനെ പറഞ്ഞു, പ്രഭോ ഇത് ഒട്ടകം എന്ന ജീവിയാണ്. ധാരാളം മാംസം ഉള്ള ശരീരമാണ്, അങ്ങേയ്ക്ക് കൊന്നു തിന്നാനുള്ള ഒരു മൃഗമാണിത്. കുറുക്കനും കടുവയും കാക്കയുടെ അഭിപ്രായം ശരിവെച്ച് ഒട്ടകത്തെ വളയാനാരംഭിച്ചു.
പക്ഷേ സിംഹം പറഞ്ഞു, നിൽക്ക് ഇവൻ നമ്മെ കണ്ടിട്ട് ഭയന്ന് ഓടാൻ ശ്രമിച്ചില്ലല്ലോ. പകരം ആശ്രയം തേടി നമ്മുടെ അടുത്തേക്ക് വരുകയാണല്ലോ?.
അഭയം തേടിവരുന്നവനെ ഉപദ്രവിക്കുന്നത് അന്യായമാണ്.
ഒട്ടകം സിംഹത്തിന്റെ മുന്നിൽ വന്ന് തന്റെ അവസ്ഥ പറഞ്ഞു. ശരി നമ്മുടെ അനുചരനായി കൂടിക്കൊള്ളുക, മറ്റുമൃഗങ്ങൾ ഉപദ്രവിക്കാതെ നാം നിന്നെ സംരക്ഷിക്കാം.
അങ്ങനെ ഒട്ടകം സിംഹരാജന്റെ സംഘത്തിൽ സുരക്ഷിതമായി കഴിഞ്ഞുവന്നു. ഒരിക്കൽ സിംഹം ഒരാനയെ ആക്രമിച്ചു, പക്ഷേ ആന സിംഹത്തെ കുത്തി പരിക്കേല്പിച്ച് രക്ഷപ്പെട്ടു. സിംഹത്തിന് പരിക്കു മൂലം ഇരപിടിക്കാൻ പറ്റാതായി. ഏതാനും ദിവസം കൊണ്ട് ഒട്ടകമൊഴികെ എല്ലാവരും വിശന്നു വലഞ്ഞു.അപ്പോൾ കുറുക്കൻ കാക്കയോടും കടുവയോടും ഗൂഢാലോചന നടത്തി സിംഹത്തിന്റെ പക്കൽ തനിച്ചു ചെന്നു പറഞ്ഞു. പ്രഭോ നമ്മൾ വിശന്ന് ചാകാറായി. നമുക്ക് ഈ ഒട്ടകത്തെ കൊന്നു തിന്നാം. അഭയം കൊടുത്തവനെ കൊല്ലാൻ പാടില്ലെന്ന് ശരി തന്നെ, പക്ഷേ ഒട്ടകം തന്നെ കൊന്നു തിന്നുകൊള്ളു എന്നു സമ്മതിച്ചാൽ പിന്നെ അതിൽ അന്യായമില്ലല്ലോ? സിംഹം തലയാട്ടി.
കുറുക്കൻ തിരികെ ചെന്ന് മറ്റ് മൂന്നു പേരെയും കൂട്ടി വീണ്ടും സിംഹത്തിന്റെ പക്കൽ വന്നു. ആദ്യം കാക്ക പറഞ്ഞു പ്രഭോ അങ്ങയുടെ അവസ്ഥ എനിക്ക് അസഹനീയമാണ്, ദയവായി അങ്ങ് എന്നെ കൊന്നു തിന്ന് വിശപ്പടക്കണം.
ഉടനെ കുറുക്കൻ - എടോ കാക്കേ, ഇത്തിപ്പോരമുള്ള നിന്നെ തിന്നാൽ എന്താകാനാണ്. പ്രഭോ അങ്ങ് എന്നെ കൊന്നു തിന്നാൽതിന്നാൽ മതി.
ഉടനെ കടുവ തടസ്സം പറഞ്ഞു, പല്ലും നഖവും ആയുധമാക്കിയ മൃഗത്തിനെ തിന്നരുത് എന്നുണ്ട്, അതിനാൽ അങ്ങ് എന്നെ തിന്നു കൊള്ളുക.
ഒട്ടകം നോക്കുമ്പോൾ എല്ലാവരും ഭംഗി വാക്കു പറഞ്ഞു. സിംഹം ആരേയും കൊന്നതുമില്ല. അവനും ആവേശത്തിൽ പറഞ്ഞു - പ്രഭോ കടുവയും, കുറുക്കനെപ്പോലെ, പല്ലും നഖവും ആയുധമാക്കിയ ജീവിയാണ്, അങ്ങ് എന്നെ കൊന്നു തിന്നുകൊള്ളു. . .
ഒട്ടകം പറഞ്ഞു നിർത്തിയില്ല, നാലുപേരും കൂടി ചാടിവീണ് ഒട്ടകത്തിനെ കൊന്നു തിന്നു.
ഈ കഥ നമുക്കൊന്ന് മാറ്റി നോക്കാം. സിംഹത്തിന് പെട്ടെന്ന് നീതിബോധം ഉണ്ടായി, ഒട്ടകത്തെ കൊല്ലേണ്ട, പകരം അത്യാവശ്യം വിശപ്പടക്കാനുള്ള കുറച്ച് ഇറച്ചി മാത്രം കടിച്ചെടുത്താൽ മതി എന്നു അനുചരന്മാരോട് നിർദ്ദേശിക്കുന്നു. അങ്ങനെ ഒട്ടകത്തിന്റെ ജീവൻ രക്ഷപ്പെട്ടു എന്നു കരുതുക. ഇനി ഈ ഒട്ടകം ഇവരുടെ മുമ്പിൽ വാതുറക്കുമോ?.
അതുപോലായിരിക്കും നിങ്ങളുടെ മകന്റെ ഭാര്യയും വാ തുറക്കാത്തത്.
നിങ്ങളുടെ മകൻസംരക്ഷിച്ചു കൊള്ളും എന്ന് വിശ്വസിച്ച് അവന്റെ കൂടെ ജീവിക്കാനിറങ്ങിത്തിരിച്ച ആ പെൺകൊച്ച്, ഭർത്താവിന്റെ വീട്ടിലെത്തി കല്യാണത്തിന്റെ പുതുമോടി മാറിയില്ല, അതിനു മുമ്പ് തന്നെ, മിണ്ടീം - പറഞ്ഞും - അവളുടെ ആഭരണങ്ങൾ വിട്ടുകൊടുക്കാൻ സമ്മതിപ്പിച്ചത്; ഒട്ടകത്തിന്റെ ദേഹദാനം പോലെ തന്നെയല്ലേ എന്ന് അമ്മ ഒന്നു ചിന്തിച്ചു നോക്കിക്കേ.
അവളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടവർ അത് ചെയ്യാതിരുന്നത് ഗുരുതരമായ ഒരു കുറ്റമാണ്.
അതിന്റെ ഭവിഷ്യത്തുകളാണ് നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്. അവള് ഒരു നല്ല കൊച്ചാണ്. അല്ലായിരുന്നെങ്കിൽ അവളൊരു പരാതി കൊടുത്താൽ വേറെ എന്തെല്ലാം കൂടി നിങ്ങൾ അനുഭവിക്കേണ്ടി വരുമായിരുന്നു എന്നറിയാമോ?.
ഏതായാലും അമ്മയ്ക്കിപ്പോൾ മനസ്താപം തോന്നുന്നുണ്ടല്ലോ, ഇനി പ്രായശ്ചിത്തം കൂടി ചെയ്ത് മകനെയും ഭാര്യയെയും വീണ്ടെടുക്കാൻ ശ്രമിക്കണം. അവളുടെ അടിച്ചു മാറ്റിയ ആഭരണങ്ങളോ, അല്ലെങ്കിൽ അതിന്റെ മൂല്യത്തിനു തുല്യമായ വേറെ ആഭരണങ്ങളോ, അതിന്റെ വിലയോ, അവൾക്ക് തിരികെ കൊടുക്കണം.
കെട്ടി വരുന്ന പെണ്ണിന്റെ പിതൃസ്വത്ത് പുരുഷന്റെ വീട്ടുകാർക്ക് ഇപ്രകാരം കെണിവെച്ച് പിടുങ്ങി എടുക്കാനുള്ളതല്ല. ധനസംബന്ധമായ ഇടപാടുകൾ അത്യാവശ്യമാകുന്ന പക്ഷം ആ മൂല്യത്തിനു തുല്യമോ കൂടുതലോ ഉള്ള എന്തെങ്കുിലും ഈട് അവളുടെ പേർക്ക് എഴുതി കൊടുത്തിരിക്കണം.
അവളിങ്ങോട്ട് വരുന്നില്ല എങ്കിലെന്ത്? അമ്മയ്ക്ക് അങ്ങോട്ട് പോകാമല്ലോ. അവളുടെ ആഭരണങ്ങൾ അവിടെ കൊണ്ടുപോയി അവളെ ഏല്പിക്കുക. അമ്മയ്ക്ക് അറിവില്ലായ്മകൊണ്ട് പറ്റിപ്പോയ അബദ്ധമാണ്, മോള് പൊറുക്കണം എന്ന് ആത്മാർത്ഥമായി പറയണം.
വീട്ടിലേക്ക് ഇടയ്ക്കിടക്ക് വരണം എന്ന് ക്ഷണിക്കണം. പക്ഷേ നിർബന്ധിക്കരുത്. അമ്മയുടെ പെരുമാറ്റം അവളുടെ ഹൃദയത്തെ സ്പർശിച്ചാൽ അവൾ വരും. ഇല്ലെങ്കിൽ അത് സംഭവിക്കണമേ എന്ന പ്രാർത്ഥനയിൽ ജീവിതം മുന്നോട്ട് നീക്കുക, പ്രതീക്ഷയോടെ കാത്തിരിക്കുക.
ഇത്രയൊക്കെ ചെയ്യാൻ അമ്മ തയ്യാറാണെങ്കിൽ ഞാനും അവളോട് സംസാരിക്കാം..
George Kadankavil