Back to articles

ഇന്റെഗ്രിറ്റിക്ക് മലയാളത്തിൽ എന്താ പറയുന്നത് ?

October 04, 2018

ഭാര്യ വഴക്കിട്ട് പിണങ്ങി പോയി എന്നു പറഞ്ഞാണ് ഒരു ചെറുപ്പക്കാരൻ വിളിച്ചത്. ഇദ്ദേഹത്തിന്റെ പഴയപ്രേമത്തിലെ നായികയുമായി ഇപ്പോഴും  സമ്പർക്കം തുടരുന്നു എന്നു അറിഞ്ഞാണ് ഭാര്യ വഴക്കിട്ടത്.
അത് സത്യമാണോ ? അതെ
ഇതെങ്ങിനെയാ ഭാര്യ അറിഞ്ഞത് ?
ഏതോ അഭ്യുദയകാംക്ഷി അറിയിച്ചതാണത്രെ.
എന്നിട്ട് ഭാര്യയോട് ഇത് തുറന്നു സമ്മതിച്ചോ?
 
ഇല്ല, സത്യം പറഞ്ഞാൽ അവൾ വീട് ഇളക്കി മറിച്ച് വേറെ എന്തെല്ലാം പ്രശ്നങ്ങൾ കൂടി ഉണ്ടാക്കും എന്ന് എനിക്ക് ആലോചിക്കാനേ വയ്യ.
 
ഭാര്യ നിങ്ങളോട് ഇതേക്കുറിച്ചു ചോദിച്ചോ?
ഉവ്വ്.
എന്നിട്ട് നിങ്ങൾ എന്തു പറഞ്ഞു?
 
ബിസിനസ്സിലെ ശത്രുക്കൾ മനപ്പൂർവ്വം ഉപദ്രവിക്കാൻ പറഞ്ഞുണ്ടാക്കുന്ന ആരോപണങ്ങൾ മാത്രം ആണെന്നു പറഞ്ഞ്, എല്ലാം നിഷേധിച്ചു.
 
ഭാര്യയോട് കള്ളം പറയാറുണ്ടായിരുന്നോ?
 
സത്യം പറഞ്ഞപ്പോഴൊക്കെ, കുറെ ബഹളം  വെക്കും എന്നല്ലാതെ വേറെ പ്രയോജനം ഇല്ല എന്ന് അനുഭവമുള്ളതുകൊണ്ട്, ഒന്നും തുറന്നു പറയാറില്ലായിരുന്നു. എന്തെങ്കിലും സംസാരിച്ചാലും, പറയുന്നത് പലപ്പോഴും കള്ളം തന്നെ ആയിരുന്നു.
നിന്റെ ഭാര്യ എങ്ങനെയാ, കള്ളത്തരം കാണിക്കുന്ന സ്വഭാവക്കാരിയാണോ ?
 
അല്ല സാർ. നല്ല പ്രാർത്ഥനയും ദൈവഭയവും ഉള്ള ആളാ. പെട്ടെന്ന് ദേഷ്യം വരികയും ബഹളം വെക്കുകയും ചെയ്യുമെന്നേ ഉള്ളു. ഇപ്പോളെന്റെ ശത്രുക്കളുടെ ചൊൽപടിയിലാണവൾ, ഇനി എങ്ങനെ പെരുമാറും എന്ന് അറിഞ്ഞുകൂടാ.
 
മോനേ, നിന്റെ ഭാര്യ വിട്ടു പോയതേ നീ ശ്രദ്ധിച്ചുള്ളൂ. അതിനു മുമ്പേ തന്നെ നിന്റെ ഇന്റെഗ്രറ്റി ആണ് നിന്നെ വിട്ടു പോയിരിക്കുന്നത്. അതോടെ നിന്റെ മൂല്യം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഭാര്യ നിന്നെ വിലമതിക്കാൻ ആവാതെ പിണങ്ങി പോയത്. നിന്റെ ഇന്റെഗ്രിറ്റി വീണ്ടെടുക്കാൻ നിനക്കു സാധിക്കുമോ?
 
അപ്പോളവന്റെ മറു ചോദ്യമിതായിരുന്നു, സാർ ഇന്റെഗ്രിറ്റിക്ക് മലയാളത്തിൽ എന്താ പറയുന്നത് ?
 
മോനേ, എന്റെ അറിവ് പരിമിതമാണ്, കച്ചവടം പൊട്ടി ജോലി പോയി, സ്ഥാനം പോയി, കടക്കെണിയിൽ പെട്ടു, പേരുദോഷം വന്നു എന്നൊക്കെ പറഞ്ഞ് വിളിക്കുന്നവരോട് കരകയറാനുള്ള മാർഗ്ഗങ്ങൾ സംസാരിക്കുമ്പോൾ, അവരിൽ അവശ്യം ഉണ്ടോ എന്നന്വേഷിക്കുന്ന ഒരു സ്വഭാവഗുണമാണ് ഇന്റെഗ്രിറ്റി. ഈ വാക്കിന് പകരം ഉപയോഗിക്കാവുന്ന ഒറ്റവാക്ക് മലയാളത്തിൽ ഉണ്ടോ എന്നെനിക്ക് അറിയില്ല. നമുക്ക് ഗൂഗിളിനോട് ചോദിക്കാം.
 
സത്യസന്ധത, സമഗ്രത, സത്യനിഷ്ഠ, പൂർണ്ണത്വം, സ്വഭാവദാർഢ്യം, സമ്പൂർണ്ണത, ആർജ്ജവം, ധർമ്മനീതി, അവികലാവസ്ഥ എന്നൊക്കെയാണ് ഗൂഗിൾ പറഞ്ഞുതരുന്നത്. എന്നു വെച്ചാൽ സന്ദർഭം അനുസരിച്ച് ആണ് ഒരോ ഗുണവും പ്രകടമാകേണ്ടത്.
 
ഗൂഗിൾ ഒരു കഥയും കാണിച്ചു തന്നു. ഒരു നാട്ടുരാജാവിന് മക്കളില്ലായിരുന്നു. അതിനാൽ ഒരു ആൺകുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു, താല്പര്യമുള്ളവർ നിശ്ചിത ദിവസം കൊട്ടാരത്തിലെത്താൻ അദ്ദേഹം വിളംബരം ചെയ്തു. ആയിരത്തോളം കുട്ടികൾ അവിടെ വന്നെത്തി. രാജാവ് ഒാരോ കുട്ടിയെയും അരികിൽ വിളിച്ച് ഒാരോരുത്തർക്കും ഒാരോ വിത്തു വീതം കൊടുത്തു പറഞ്ഞു, നിങ്ങൾ ഇത് ഒരു ചെടിച്ചട്ടിയിൽ നട്ട് ദിവസവും പരിചരിക്കുക. ഒരു വർഷം തികയുന്ന അന്ന്, ഇന്ന് വന്നിരിക്കുന്ന എല്ലാവരും, അവരവരുടെ  ചെടിച്ചട്ടിയുമായി ഇവിടെ വീണ്ടും വരണം. നിങ്ങളുടെ ചെടി നോക്കി ആരെ ദത്തെടുക്കണം എന്ന് ഞാൻ അപ്പോൾ തീരുമാനിക്കുന്നതാണ്.
 
കുട്ടികളെല്ലാം വീട്ടിലെത്തി വിത്തു നട്ടു കുറെ നാൾ കാത്തിരുന്നു. ഒടുവിൽ എല്ലാവരും മടുക്കാറായപ്പോൾ ഒാരോ കുട്ടികളുടെ ചട്ടിയിൽ ചെടികൾ മുളച്ചു വന്നു തുടങ്ങി. അവർ പരസ്പരം ചെടികൾ കാണിച്ച് ഏതാ നല്ല ചെടി എന്ന് വിലയിരുത്താനും വീമ്പടിക്കാനും തുടങ്ങി. അതിലൊരു പയ്യന് ചട്ടിയിൽ വിത്തിട്ട് എത്ര പരിചരിച്ചിട്ടും കാത്തിരുന്നിട്ടും ചെടി മുളക്കുന്നില്ല. കൂട്ടുകാരെല്ലാം അവനെ കളിയാക്കി എങ്കിലും രാജാവിന്റെ നിർദ്ദേശം അവൻ നിഷ്ഠയോടെ പാലിച്ചു. ഒടുവിൽ ഒരു വർഷം തികയുന്ന ദിവസം എത്തി. എല്ലാ കുട്ടികളും അവരുടെ ചെടിച്ചട്ടിയുമായി രാജാവിന്റെ സന്നിധിയിലെത്തി. പലതരം പൂക്കളും കായ്കളും ഉള്ള പല വലിപ്പവും നിറവും ഒക്കെയുള്ള പലതരം ചെടികളുടെ നല്ലൊരു ചലിക്കുന്ന തോട്ടമായി മാറി ആ രാജസന്നിധി.
 
രാജാവ് ഇറങ്ങി നടന്ന് എല്ലാ കുട്ടികളുടെയും ചട്ടികൾ പരിശോധിച്ചു. അപ്പോഴതാ ഒരു കുട്ടി മാത്രം ചെടിയില്ലാത്ത ചട്ടിയുമായി നിൽക്കുന്നു. രാജാവ് അവനോടു ചോദിച്ചു, എന്താ നിന്റെ ചട്ടിയിൽ ചെടിയില്ലാത്തത് ? ഞാൻ തന്ന വിത്ത്, നീ വേണ്ട പോലെ നട്ടു നനച്ചില്ലായിരുന്നോ?
 
പയ്യൻ സങ്കടത്തോടെ പറഞ്ഞു, ഞാൻ ചട്ടിയിൽ മണ്ണു നിറച്ച് വിത്ത് ഇട്ടു, പിന്നെ ദിവസവും നനക്കുകയും കീടങ്ങൾ പെറുക്കി മാറ്റുകയും വെയിൽ കൊള്ളിക്കുകയും ചെയ്തിരുന്നു. പക്ഷേ വിത്ത് ഇതുവരെ കിളുത്തു വന്നില്ല.
 
രാജാവ് ഒന്നും മിണ്ടാതെ, ബാക്കി കുട്ടികളുടെ ചെടികൾ കൂടി പരിശോധിച്ച ശേഷം തിരികെ സിംഹാസനത്തിൽ വന്നിരുന്നു പറഞ്ഞു, രാജാവിന്റെ പുത്രനാകാൻ കിണഞ്ഞു പരിശ്രമിച്ച ധാരാളം കുട്ടികളെ എനിക്കിവിടെ കാണാൻ സാധിച്ചു. പക്ഷേ ഒരു കുട്ടി മാത്രം ചെടി ഇല്ലാത്ത ചട്ടിയുമായി വന്നിരിക്കുന്നു, അവൻ എന്റെ അടുത്തേക്കു വരുക, എല്ലാവരും കാണട്ടെ.
 
പയ്യൻ വിറക്കുന്ന കാലുകളോടെ രാജാവിന്റെ അടുത്തു വന്നു, രാജാവ് അവനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു, ഇപ്പോൾ മുതൽ നീയാണ് എന്റെ മകൻ. വെള്ളത്തിലിട്ട് പുഴുങ്ങി ഉണക്കിയെടുത്ത, നട്ടാൽ കിളുക്കാത്ത, വിത്തുകളാണ് ഞാൻ എല്ലാവർക്കും നൽകിയത്. എന്നാൽ ഈ കുട്ടിയൊഴികെ മറ്റെല്ലാവരുടെയും വിത്തുകൾ മുളച്ച് എങ്ങനെ ചെടികളായി? ഇവൻ മാത്രം സത്യസന്ധമായി ഞാൻ ആവശ്യപ്പെട്ടതു പോലെ പ്രവർത്തിക്കുകയും, ഒരു വർഷം നിഷ്ഠയോടെ പെരുമാറുകയും അപഹാസ്യനായെങ്കിലും ചെടിയില്ലാത്ത ചട്ടിയുമായി, നിശ്ചിത സമയത്ത് തന്നെ ഇവിടെ എത്തി എന്റെ നിർദ്ദേശം പൂർത്തിയാക്കുകയും ചെയ്തു. ഈ സത്യനിഷ്ഠയാണ് എന്റെ മകനിൽ ഞാൻ പ്രതീക്ഷിച്ച സ്വഭാവ ഗുണം....
 
എന്റെ ഒരു മേലധികാരി ഒരിക്കൽ എന്നോടു പറഞ്ഞ വാക്കുകൾ  ഞാൻ ഒാർമ്മിക്കുന്നു. ജോർജ്ജ്, നിനക്ക് എന്റെടുത്ത് സത്യം പറയാതിരിക്കാം, പക്ഷെ കള്ളം പറയരുത്. പറയുന്നതെല്ലാം സത്യമായിരിക്കണം, സത്യം പറഞ്ഞാൽ മാത്രം പോരാ, സത്യമാണ് പറഞ്ഞത് എന്ന് ബോദ്ധ്യപ്പെടുത്താനും ശ്രദ്ധിക്കണം.
 
നഷ്ടപ്പെട്ട ഇന്റെഗ്രിറ്റി വീണ്ടെടുക്കണമെങ്കിൽ, ഭാര്യയുടെ അടുത്ത് സത്യം പറയാനും, അതിന്റെ ഭവിഷ്യത്ത് എന്തായാലും എതിർപ്പില്ലാതെ ഏറ്റെടുക്കാനും, പരാതി കൂടാതെ അനുഭവിക്കാനും തക്ക ഉൾക്കരുത്ത് ഉണ്ടായിരിക്കണം. അതുണ്ടോ നിനക്ക്?
 
ഇല്ല സാർ, എന്റെ തൊഴിലിന്റെ പ്രത്യേകത മൂലം സത്യം പറയാൻ നിവൃത്തി ഇല്ല എന്നു മാത്രമല്ല, ധാരാളം കള്ളം പറയേണ്ടതായും വരും. പഴയ കാമുകിയുമായി എനിക്ക് മാനസികബന്ധം ഒന്നുമില്ല, പക്ഷേ എന്റെ ഒരു പ്രധാനപ്പെട്ട ക്ളൈന്റിന്റെ വലം കയ്യാണവൾ, അവളെ ഒഴിവാക്കിയാൽ ഞങ്ങൾക്ക് വലിയ നഷ്ടം സംഭവിക്കും. ഇതുവരെ നേടിയതെല്ലാം ചീട്ടുകൊട്ടാരം പോലെ ഇടിഞ്ഞു വീഴും.
 
മോനേ, തെറ്റു പറ്റിയാൽ അതേക്കുറിച്ച് ആത്മാർത്ഥമായ പശ്ചാത്താപം ഉണ്ടെങ്കിൽ മാത്രമേ, എന്തു നഷ്ടവും സഹിച്ച് പരിഹാരം ചെയ്യാനുള്ള ഉറച്ച തീരുമാനം എടുക്കാൻ കഴിയൂ. അങ്ങിനെ സാധിച്ചാൽ, അതിന്റെ ഭവിഷ്യത്ത് എന്തായിരുന്നാലും അതു നേരിടാൻ വേണ്ട ഉൾക്കരുത്ത് തമ്പുരാൻ തരും. പ്രത്യക്ഷത്തിൽ ഉടനടി വലിയ നഷ്ടങ്ങൾ വന്നാലും, ഒടുവിൽ അത് ഗുണകരമായി തീരും.
 
ആത്മാർത്ഥമായ പശ്ചാത്താപം ഒന്നും തോന്നുന്നില്ലെങ്കിൽ അതിന്റെ അർത്ഥം, ഭാര്യ പിണങ്ങിപ്പോയതിന്റെ അസൌകര്യവും നാണക്കേടും ശത്രുഭയവും മാത്രമാണ് നീ പ്രശ്നമായി കാണുന്നത്. അതായത്, പണ്ടേ തന്നെ നിന്റെ ഇന്റെഗ്രിറ്റി, വീണ്ടെടുക്കാൻ പറ്റാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു.
 
ഏതായാലും ഒഴുക്കിനൊപ്പിച്ച് നീയും നീന്തിക്കോളു. ഏതെങ്കിലും ഒരു കരയിലെത്തിക്കണേ എന്ന് ഞാനും തമ്പുരാനോടു പ്രാർത്ഥിക്കാം.
 
പക്ഷേ തീർത്തും നിരാശപ്പെടരുത്, നിന്റെ ജീവിതത്തിൽ നീ മരിക്കും മുമ്പ് ഒരിക്കൽ കൂടി, ഒരു വലിയ നന്മ ചെയ്യാൻ നിനക്ക് അവസരം ലഭിക്കും. ആ അവസരം പാഴാക്കരുത്. നിനക്കു നഷ്ടപ്പെട്ട സകലമൂല്യവും വീണ്ടു കിട്ടിയേക്കാവുന്ന ആ അവസരത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കണം.
 
ജോർജ്ജ് കാടൻകാവിൽ
ഒക്ടോബർ - 2018

What is Profile ID?
CHAT WITH US !
+91 9747493248