Back to articles

പ്രളയം പറയാതെ പറഞ്ഞവ....

September 05, 2018

കേരളം ഒന്നു മുങ്ങി നിവരുകയാണ്. ഒരു പ്രളയത്തിൽ നിന്ന്, ഒരു ദുരിതത്തിൽ നിന്ന്, ഒത്തിരി പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പുതിയ തിരിച്ചറിവുകളുമായി.

കഴിഞ്ഞ മാസം നമ്മുടെ കൊച്ചു കേരളം പ്രതീക്ഷിക്കാത്ത പലതും നടന്നു, കേൾക്കാത്ത പലതും കേട്ടു, കാണാത്ത പലതും കണ്ടു. പല നാടുകളിലും പല ദുരന്തങ്ങളും സംഭവിച്ചപ്പോൾ നമ്മളിൽ പലരും ഒരു കാഴ്ചക്കാരോ കേൾവിക്കാരോ മാത്രമായി നിന്നിട്ടുള്ളതല്ലേ?. അപ്പോഴും നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഒരു വിശ്വാസമുണ്ടായിരുന്നു കേരളത്തിൽ ഇതൊന്നും വരില്ല. നമ്മുടെ കേരളം ഇങ്ങനെയൊന്നും ആവില്ല  എന്നൊക്കെ. എന്നാൽ പ്രകൃതിയുടെ വികൃതി ആർക്ക് പ്രവചിക്കാൻ സാധിക്കും? പക്ഷേ നമ്മൾ മലയാളികൾ ഈ ദുരന്തത്തെ നേരിട്ട രീതി വളരെ അഭിനന്ദനാർഹം ആണെന്നു പറയാതിരിക്കാൻ എനിക്കാവില്ല.

ഈ ലോകം മുഴുവൻ അത്ഭുതത്തോടെ കണ്ടറിഞ്ഞ ദൌത്യമാണ് നമ്മൾ മല്ലൂസ് എന്ന് വിളിക്കപ്പെടുന്ന മലയാളികൾ കാഴ്ച വച്ചത്.

നമ്മുടെ മത്സ്യതൊഴിലാളികൾ അവരുടെ ജീവൻ പണയം വച്ചും കൂടാതെ വീട് പണയം വച്ച് വാങ്ങിയ ബോട്ടുകളും കൂടെ കൂട്ടി ഓരോ മനുഷ്യ ജീവനു വേണ്ടിയും കളത്തിലിറങ്ങി. 'കടലിന്റെ മക്കൾ' എന്ന് വിളിപ്പേരുള്ള അവരെ 'കരളുള്ള മക്കൾ' എന്ന് വിളിക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ടം. ഇപ്പോൾ ഓർക്കുമ്പോൾ ദുഖം തോന്നുകയാണ്, സ്വയം നാണിക്കുകയാണ്, കടൽ അടിച്ച് കേറിയപ്പോഴും, പലരുടെയും ജീവനും സ്വത്തും തിര കൊണ്ടു പോയപ്പോഴും അവരെ ചെന്നു കാണാനോ അവർക്ക് വേണ്ടത് നൽകാനോ, അവർക്കും കുട്ടികളും, കുടുംബവും, വിശപ്പും, ആവശ്യങ്ങളുമുണ്ടെന്ന് ഓർക്കാനോ എനിക്ക് കഴിഞ്ഞില്ലല്ലോ എന്നോർത്ത്. നിങ്ങളുടെ മുമ്പിൽ തലതാഴ്ത്തി തൊഴുകൈയ്യോടെ നിൽക്കുവാനേ ഞങ്ങൾക്ക് കഴിയൂ.

ദുരന്തബാധിതമായ പല ഗ്രാമപ്രദേശങ്ങളിലെയും കാഴ്ചകൾ കണ്ടു. ഫ്രീക്കൻ എന്നും തല തെറിച്ചവനെന്നും മുദ്രകുത്തി നമ്മൾ തല തിരിച്ചു നടന്ന പലരെയും അവിടെ രക്ഷാപ്രവർത്തനങ്ങളുടെ മുൻ നിരയിൽ ഞാൻ കണ്ടു. അവജ്ഞയോടെ മുഖം തിരിച്ചു കളഞ്ഞ പലരും നിങ്ങളുടെ ഒരു കൈ താങ്ങിനായി ഉറ്റുനോക്കിയ ദൃശ്യം, നിങ്ങൾ ഉന്തുന്ന ബോട്ടിൽ ഒരു കുഞ്ഞിപ്പൂച്ചയെ പോലെ കയറി അടങ്ങി ഒതുങ്ങി ഇരുന്ന കാഴ്ച ഇന്നും കണ്ണിൽ മായാതെ നിൽക്കുന്നു. ഞാനും നിങ്ങളെ കാണുമ്പോൾ ഒരിക്കൽ മുഖം തിരിച്ചവളായിരുന്നല്ലോ എന്നതിൽ ഇന്ന് എനിക്ക് ഖേദമുണ്ട്. സ്വന്തം സുരക്ഷിതത്വം പോലും നോക്കാതെ അതിനുള്ള സംവിധാനങ്ങൾ ലഭ്യമാകാത്ത ആ ചെറു ഗ്രാമങ്ങളിലും നിങ്ങൾ കയ്യും മെയ്യും മറന്ന് ഉത്സാഹഭരിതരായി നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് ഒരായിരം പൂച്ചെണ്ടുകൾ.

രാഷ്ട്രീയം, സേവനം എന്നുള്ളതൊക്കെ വെറും പ്രഹസനങ്ങൾ മാത്രമാണ് എന്ന് ഒരിക്കലെങ്കിലും വിചാരിച്ചു പോയവർക്കും തെറ്റി. അലക്കി തേച്ച് വടിപോലെയാക്കിയ വെള്ള വസ്ത്രത്തിൽ മാത്രം കണ്ടിട്ടുള്ള പലരെയും, ഞാൻ ദുരന്തബാധിത പ്രദേശത്ത് കണ്ടു. വെള്ളയിൽ അല്ലാത്തതിനാൽ തിരിച്ചറിയാൻ, മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു എന്നുമാത്രം. ഇതും പുതിയ തിരിച്ചറിവുകൾ സമ്മാനിച്ചു. വലുപ്പ ചെറുപ്പം നോക്കാതെ  ഈ പ്രായത്തിലും അവർ ഏകോപിപ്പിച്ച സന്നദ്ധ പ്രവർത്തനങ്ങൾ അവർ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങൾ ആണെന്ന് വീണ്ടും തെളിയിച്ചു തന്നു.

നമ്മുടെ മികച്ച സേനകളായ ആർമി, നേവി, എയർ ഫോഴ്സ്, ഫയർ ആന്റ് സേഫ്റ്റി, പോലീസ് തുടങ്ങി എല്ലാ രക്ഷാ സൈന്യങ്ങളുടെയും സേവനം വാക്കുകളാൽ തളച്ചിടാൻ കഴിയാത്തതാണ്. ആദ്യമായി കാണുന്ന ഇനി കാണുവാൻ സാധ്യത പോലും ഇല്ലാത്ത മനുഷ്യർക്കുവേണ്ടി ജീവൻ പോലും മറന്ന് ഇവർ നടത്തുന്ന ഇവരുടെ കർമ്മങ്ങൾ അർപ്പണ ബോധത്തിന്റെയും ആത്മാർത്ഥതയുടെയും പൊൻ നക്ഷത്രങ്ങളായി എന്നും തിളങ്ങി നിൽക്കുക തന്നെ ചെയ്യും.

 യുവത്വത്തിന്റെയും പല യുവജന സന്നദ്ധസംഘടനകളുടെയും പ്രവർത്തനം പല കാരണവന്മാരുടെയും കണ്ണ് തുറപ്പിച്ചു. ഏതു നേരവും ഫേസ്ബുക്കും, വാട്സാപ്പുമായി ആ കുന്ത്രാണ്ടം കുത്തിക്കൊണ്ടിരുന്നോ. ഒരു ഉപകാരോം ഇല്ലാതെ എന്നൊക്കെ ഘോരം ഘോരം ആക്രോശിച്ച നിങ്ങൾ അറിഞ്ഞോ ആ ദിവസങ്ങളിൽ ഇതൊക്കെ ഒരു മിനി കൺട്രോൾ റൂമുകളായി നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നുവെന്ന്. പല ഇടങ്ങളിലായി ഒറ്റപ്പെട്ടുപോയ നിങ്ങൾ പലരെയും കുറിച്ച് വിവരം ലഭിക്കുവാനും കൈമാറുവാനും കണ്ടെത്തുവാനുമൊക്കെ കഴിഞ്ഞത് ഈ കുന്ത്രാണ്ടം കയ്യിൽ ഉണ്ടായിരുന്നത് കൊണ്ടാണ്. ഭക്ഷണം, വസ്ത്രം, മരുന്നുകൾ, കുടിവെള്ളം തുടങ്ങി മറ്റു പല സാധനങ്ങളും പല പല ക്യാമ്പുകളിലേക്കും ആവശ്യം അറിഞ്ഞ് ആവശ്യാനുസരണം എത്തിക്കാൻ ഓൺലൈനിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു നടന്ന ഈ മെസേജുകൾ വഴിയാണ് സാധിച്ചത്. നാട്ടിലിറങ്ങി ദുരന്തപ്രദേശങ്ങളിൽ എത്തിച്ചേർന്ന് സഹായിക്കാൻ സാധിക്കാത്ത പലരും ഓൺലൈൻ വഴി മികച്ച സേവനങ്ങൾ അവരുടെ പരിധിക്കുള്ളിൽ നിന്ന് നടത്തി. ആ ദിവസങ്ങളിൽ ഇതൊക്കെ ഉപയോഗിച്ച എനിക്ക് ഉറപ്പിച്ച് പറയാനാകും ദുരന്തബാധിതർക്ക് കൈത്താങ്ങാവുന്ന വിവരങ്ങളും പോസ്റ്റുകളുമല്ലാതെ വേറൊരു തരത്തിലുമുള്ള ഒരു ഫോട്ടോ പോലും നവമാധ്യമങ്ങൾ  വഴി ആ സമയത്ത് പ്രചരിച്ചിട്ടില്ലെന്ന്.

വിവിധ അസോസിയേഷനുകളും, മത സൌഹാർദ്ദസംഘടനകളും മനുഷ്യനെ മനുഷ്യനായ് മാത്രം കണ്ട്  കൊണ്ട് അവർക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ഒരുക്കാൻ അഹോരാത്രം പ്രയത്നിച്ചു. ജാതിയോ, മതമോ, നിറമോ, ഗുണമോ, പദവിയോ, പ്രശസ്തിയോ നോക്കാതെയുള്ള കുറച്ച് ദിനങ്ങൾ. മനുഷ്യരെല്ലാരും ഒന്നുപോലെ കഴിഞ്ഞ നന്മയുള്ള ചില ഓണ ദിനങ്ങൾ.

വിദേശവും സ്വദേശവുമായി പല നാടുകളിൽ നിന്നും പല  രീതിയിൽ സഹായങ്ങൾ കേരളത്തിലേക്ക് ഒഴുകുകയായിരുന്നു. എത്രയോ നല്ല മനസ്സുകൾ, ഇനിയും പുറത്തറിയാത്ത എത്രയോ വലുതും ചെറുതുമായ സംഭാവനകൾ. ഓരോ സുമനസുകൾക്കും ഹൃദയം നിറഞ്ഞ നന്ദി. ഇവിടെ ഞാൻ പറഞ്ഞവർ മാത്രമല്ല അതിലധികം ആളുകൾ രക്ഷാമുഖത്ത് മുഖ്യധാരയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. അവരെ ഓരോരുത്തരെയും ഈ സമയത്ത് നന്ദിയോടെ ഓർക്കുകയാണ്.

ലോകത്തിന് മുമ്പിൽ മലയാളിയെ ഉയർത്തിയ മലയാളക്കരയുടെ യശസ്സുയർത്തിയ ഒരു ചരിത്ര പ്രളയം തന്നെയായിരുന്നു ഈ കഴിഞ്ഞു പോയത്. മലയാള മനസ്സിന്റെ ധീരതയും ഐക്യവും സ്നേഹവും കരുതലും അതിജീവനവുമെല്ലാം ലോകം മുഴുവനും വാഴ്ത്തി പാടുന്നതിൽ മലയാളിയായ ഞാനും അഭിമാനിക്കുന്നുണ്ട്.

ഈ പ്രളയത്തിൽ മുങ്ങിപോയ ജാതി മത ചിന്തകളും, വേർതിരിവും സ്പർദ്ധയും സ്വാർത്ഥതയും വീണ്ടും പൊങ്ങി വരല്ലേ എന്ന് ആഗ്രഹിക്കുന്നു.

വെള്ളം ഇറങ്ങുന്നതോടെ ക്യാമ്പിൽ നിന്നും തിരിച്ച് ജീവിതത്തിലേക്ക് മടങ്ങുന്നവരെ ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ഉടലെടുക്കുന്നുണ്ട്. പ്രളയദിനങ്ങളിൽ ജീവനെ പറ്റി മാത്രമായിരുന്നു ചിന്ത. അതിനുവേണ്ടി മാത്രമായിരുന്നു പോരാട്ടം. അത് കിട്ടി. എന്നാൽ ഇനി മുന്നോട്ട് ഉള്ള ജീവിതത്തിൽ മറ്റു പലതും കൂടി ആവശ്യമാണല്ലോ. കുമിഞ്ഞ് കൂടിയ ചെളിയിൽ നിന്ന് വീണ്ടും എല്ലാം കെട്ടി പടുത്തേണ്ടിയിരിക്കുന്നു. ഒരു ദീർഘ നിശ്വാസത്തോടു കൂടിയല്ലാതെ നഷ്ടപ്പെട്ടതൊന്നും ഓർക്കാനും കാണാനും ആർക്കും കഴിയില്ല. അത് സ്വന്തമായതല്ലെങ്കിൽ കൂടി. ഈ സമയത്ത് ആശ്വാസവാക്കുകൾ അല്ല നിങ്ങൾക്കാവശ്യം എന്നറിയാം എങ്കിലും പറയട്ടെ നിങ്ങൾ ഇതുവരെ അധ്വാനിച്ചുണ്ടാക്കിയതേ പ്രളയം കൊണ്ടു പോയിട്ടുള്ളൂ. ഇനിയും ഉണ്ടാക്കാനുള്ള കഴിവിനെ നിശ്ചയദാർഢ്യത്തെ പോരാട്ടവീര്യത്തെ കൊണ്ടുപോകാൻ ഒന്നിനും കഴിയില്ല. നിങ്ങൾ ഓരോരുത്തരും  സ്വയം തോൽക്കാത്തിടത്തോളം കാലം വരെ.

നിങ്ങൾ ഒറ്റക്കല്ല ഇനിയും മധുര മനസ്സുള്ള മനുഷ്യർ നിങ്ങൾക്കൊപ്പമുണ്ട്. കേരളം ഒരുങ്ങും. പഴയതിനേക്കാൾ അതീവ സുന്ദരിയായി.

എത്രയോ നല്ലവരായ മനുഷ്യർ നമുക്ക് ചുറ്റുമുള്ളപ്പോൾ  എങ്ങനെ കേരളം ഒറ്റപ്പെടും?  എങ്ങനെ നമുക്ക് തിരിച്ചുവരാൻ കഴിയാതെ ആകും?

ആ നല്ല ദിനങ്ങൾക്കായി ഒരുങ്ങുമ്പോഴും കഴിഞ്ഞു പോയ ദുരന്തങ്ങൾ നമ്മെ പഠിപ്പിച്ച വലിയ പാഠങ്ങൾ മറക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം. എന്റെ നിന്റെ എന്നു  പറഞ്ഞവർ നമ്മുടെ എന്നു മാറ്റി പറയാൻ, മാറി ചിന്തിക്കാൻ അധികം സമയം പോലും ആവശ്യമില്ലെന്ന തിരിച്ചറിവ് നഷ്ടപ്പെടുത്താതെ ഇരിക്കാം.

 പ്രകൃതിയെ ഉപദ്രവിച്ച് ശത്രുത സമ്പാദിക്കാതെ പ്രകൃതിയെ സ്നേഹിച്ച് സംരക്ഷിച്ച് കൂട്ടായി നിർത്താം.

ദൈവത്തിന്റെ സ്വന്തം നാട് എന്നും അതിന്റെ സമൃദ്ധിയിൽ തന്നെ നിലകൊള്ളട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

What is Profile ID?
CHAT WITH US !
+91 9747493248