Back to articles

പേരപ്പന്റെ ക്രൂരകൃത്യങ്ങൾ !

May 04, 2018

പിതൃസഹോദരന്റെ ക്രൂരകൃത്യങ്ങളെക്കുറിച്ച് സങ്കടം പറഞ്ഞുകൊണ്ടാണ് ഒരു സഹോദരി വിളിച്ചിരിക്കുന്നത്. ഇവരുടെ അപ്പച്ചന്റെ പിതാവ് മരിച്ചപ്പോൾ വിൽപത്ര പ്രകാരം കുറെ ഭൂസ്വത്തും മനോഹരമായ തറവാട്ടുവീടും കുടുംബത്തിലെ ഇളയ മകനായ അപ്പച്ചനു ലഭിച്ചു.

അപ്പച്ചന്റെ മൂത്ത സഹോദരന് കൂടുതൽ ഭൂസ്വത്തും ഒരു വലിയ വീടും ഭാഗത്തിൽ ലഭിച്ചു. പേരപ്പന് കൂടുതൽ സ്വത്ത് കിട്ടിയെങ്കിലും; അപ്പച്ചനു കിട്ടിയ സ്വത്തിനെ കുറിച്ച് വല്ലാത്ത കണ്ണുകടിയാണ്.

ഞങ്ങളേക്കാൾ കൂടിയ ആൾക്കാരാണ് അവരെന്ന് കുടുംബസദസ്സുകളിൽ വലിപ്പം പറഞ്ഞ് രസിക്കുകയാണ് പേരപ്പന്റെ ഒരു ഹോബി. അവരുടെ മക്കളേക്കാൾ കൂടുതൽ പഠിപ്പും ജോലിയും എനിക്കും സഹോദരനും ലഭിച്ചതിൽ അവർക്ക് നല്ല അസൂയ ഉണ്ട്.

എന്റെ വിവാഹം അന്വേഷിക്കുമ്പോൾ പേരപ്പൻ ഓരോരോ കെണികൾ ഉണ്ടാക്കി കുറെ ഭൂമി വിൽപ്പിച്ചു, പിന്നെ അവരു പ്ലാൻ ചെയ്ത ആളുമായി എന്റെ കല്യാണം കേമമായി നടത്തി ഒരുപാട്  ദുർച്ചെലവ് വരുത്തി വെച്ചു.

ചേട്ടന്റെ വിവാഹം അന്വേഷിക്കുമ്പോഴും നല്ല ബന്ധം ഒന്നും കിട്ടാതിരിക്കാൻ, തരം കിട്ടുന്നിടത്തൊക്കെ പാര വെക്കുമായിരുന്നു ദൈവാധീനത്താൽ ഞങ്ങൾക്ക് രണ്ടു പേർക്കും നല്ല ബന്ധം തന്നെ കിട്ടി.

പക്ഷേ, പേരപ്പനും കൂട്ടരും എന്റെ ഭർത്താവിന്റെ വീട്ടുകാരോടും, ചേട്ടന്റെ ഭാര്യയുടെ വീട്ടുകാരോടും സ്നേഹം അഭിനയിച്ച് പറ്റിക്കൂടി അവരെ വരുതിയിലാക്കി.

ചേട്ടന്റെ ഭാര്യക്ക് ഞങ്ങളോടുള്ളതിനേക്കാൾ വിധേയത്വം പേരപ്പനോടും പേരമ്മയോടും ആണ്. എല്ലാവരും കൂടി പദ്ധതിയിട്ട് ഇപ്പോൾ ഞങ്ങളുടെ തറവാട് വീട് വിൽക്കാൻ അപ്പച്ചനെ നിർബന്ധിക്കുകയാണ്.

എന്റെ ഭർത്താവിനെ ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി, അദ്ദേഹത്തിന് ആദ്യം ഉണ്ടായ അതൃപ്തി ഒക്കെ മാറി. പേരപ്പന്റെ ഗൂഢലക്ഷ്യം എന്റെ ഭർത്താവിന് കുറെയൊക്കെ ബോദ്ധ്യമായിട്ടുണ്ട് ഇപ്പോൾ.

പക്ഷേ ചേട്ടന്റെ ഭാര്യക്ക് ഇതൊന്നും മനസ്സിലായിട്ടില്ല. ചേച്ചി ഇപ്പോൾ വീട്ടിൽ എന്നും ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. എന്റെ അമ്മയോട് കഴിഞ്ഞ ദിവസം ചേച്ചി പറയുകയാണ്, ആഴ്ചതോറും ഇവിടെ വന്ന് നിങ്ങൾക്ക് വെച്ചു വിളമ്പിത്തരാനും, വലിയ മുട്ടൻ വീട്ടിൽ എട്ടുകാലി വല അടിച്ചു വാരാനും വന്ന വേലക്കാരിയൊന്നും അല്ല ഞാൻ, ഈ ഭൂത ബംഗ്ളാവ് വിറ്റിട്ട് സിറ്റിയിലേക്ക് താമസം മാറിക്കൂടേ?

ഫ്ളാറ്റിൽ അടുത്തടുത്തായി  രണ്ട്  അപ്പാർട്ട്മെന്റ് വാങ്ങി ഒരു ജോലിക്കാരിയെയും വെച്ചാൽ അവിടെ താമസിക്കാമെന്നാ ചേച്ചി പറയുന്നത്. അമ്മ എന്നെ വിളിച്ച് ഇതു പറഞ്ഞ് കുറേ കരഞ്ഞു. അമ്മയെ സമാധാനിപ്പിക്കാൻ എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു, അപ്പോഴാ സാറിനെ വിളിച്ച് ഇതൊക്കെ ഒന്നു പറയാം എന്നു തോന്നിയത്.

സാറേ, പേരപ്പന്റെ ഭാര്യ ആണ് ചേച്ചിയുടെ ഈ പറച്ചിലിനു പിന്നിൽ. പേരമ്മയുടെ തേൻ പുരട്ടിയ വർത്തമാനത്തിൽ വീണു പോയതാ ചേച്ചി. ചേട്ടന്റെ ചെറുപ്പത്തിലെ  കുറെ അബദ്ധങ്ങളും, ഉണ്ടായിട്ടുള്ള ചില നാണക്കേടുകളും ഒക്കെ പൊടിപ്പും തൊങ്ങലും വെച്ച് പേരമ്മ ചേച്ചിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ചേട്ടന് ചേച്ചിയെ ശാസിക്കാനോ, നിലക്കു നിർത്താനോ തന്റേടം പോരാ.

മോളേ നിന്റെ അപ്പനും തന്റേടം കുറവാണോ?

ഇല്ല സാർ, അപ്പച്ചന് കയ്യിൽ കാശില്ലാത്തതിന്റെ ബലഹീനതയാണ്. പണ്ട് കൃഷി ആയിരുന്നു പ്രധാന വരുമാനം. ഇപ്പോൾ കൃഷി നഷ്ടമാണ്, പല പ്രാവശ്യമായി ഭൂമി വിറ്റ കാശുകൊണ്ടാ കാര്യങ്ങൾ ഒരുവിധം ഓടിച്ചിരുന്നത്. വീടിന്റെ അറ്റകുറ്റ പണികൾക്ക് നല്ല ചിലവുവരും. കയ്യിൽ കാശുണ്ടെങ്കിൽ അപ്പച്ചൻ നല്ല ഉഷാറാണ്. 

ഇപ്പോൾ എന്തേലും തറപ്പിച്ചു പറയാൻ അമ്മച്ചി മാത്രമേ ഉള്ളു. അതുകൊണ്ട് അമ്മച്ചിയെ 'അവരാ മാപ്പിള' എന്നാണ് പേരപ്പൻ കളിയാക്കി വിളിക്കുന്നത്.

നിന്റെ ചേട്ടന് അവന്റെ കുടുംബം നോക്കാനുള്ള പ്രാപ്തിയും തൊഴിലും ഉണ്ടോ?

ഉവ്വ്, ചേട്ടൻ എം.ബി.എ ഫിനാൻസ് കഴിഞ്ഞ് ഇപ്പോൾ ഒരു എം.എൻ.സി യുടെ ഫിനാൻസ് മാനേജറാണ്. ചേച്ചി സോഫ്റ്റ് വെയർ എൻജീയറും. അവരു തമ്മിൽ പൊരുത്തപ്പെട്ടു പോകുന്നുണ്ട്. തറവാട് വിറ്റ് ഫ്ളാറ്റ് വാങ്ങണം എന്ന ആശകൊണ്ടാ ചേച്ചി ഇങ്ങനെ ബഹളം വെക്കുന്നത് എന്നാ എനിക്കു തോന്നുന്നത്. ചേട്ടൻ വല്യ അഭിമാനിയാ, തറവാടു വിറ്റാൽ നാണക്കേടാണ് എന്നാ ചേട്ടന്റെ നിലപാട്. അത് പക്ഷേ ചേച്ചിയെ പേടിച്ച് തറപ്പിച്ച് പറയില്ല.

നിനക്കും ഭർത്താവിനും ജീവിക്കാനാവശ്യമായ തൊഴിലും താമസിക്കാൻ വീടും ഒക്കെയുണ്ടോ?

ഉണ്ട്., വല്യ ധനികരൊന്നും അല്ലെങ്കിലും വീടും കുറച്ചു പറമ്പും ഉണ്ട്. രണ്ടു പേർക്കും ജോലിയും ഉണ്ട്. പക്ഷേ തറവാട് വിറ്റു പോയാൽ എനിക്ക് കയറി ചെല്ലാൻ ഒരു വീടില്ലാതാകും. തന്നെയുമല്ല അത് കോടിക്കണക്കിന് വില വരുന്ന പുരാതന കെട്ടിടം ആണ്. അപ്പനപ്പൂപ്പന്മാരായിട്ട് എത്രയോ പേരുടെ മധുര സ്മരണകളാണെന്നോ ആ വീടിന്റെ ഓരോ ഭാഗത്തിനും. പേരപ്പന് ബിസിനസ്സ് ആണ്, അത് വാങ്ങി റിസോർട്ട് നടത്താൻ ഏതോ പാർട്ടിക്ക് താല്പര്യം ഉണ്ട്, കച്ചവടം നടന്നാൽ പേരപ്പന് അതിന്റെ കമ്മീഷൻ കിട്ടും.

മുമ്പ് അപ്പന്റെ സ്ഥലം വിറ്റപ്പോഴും പേരപ്പന് കമ്മീഷൻ കിട്ടിയിരുന്നു. അതിനു വേണ്ടിയാ പേരപ്പൻ അപ്പച്ചനെ സമ്മർദ്ദത്തിലാക്കുന്നത്.

മോളേ, നീ വിവരിച്ച പോലുള്ള സെന്റിമെന്റ്സ് ഉറങ്ങുന്ന ആ തറവാടു വീട് വിൽക്കണോ വേണ്ടയോ എന്നു നിശ്ചയിക്കാൻ നിന്റെ അപ്പച്ചനു മാത്രമേ അവകാശമുള്ളു.

മകൾ എന്ന നിലയിൽ നിന്നോടു അപ്പൻ ചോദിച്ചാൽ നീ എന്തു പറയണം എന്ന് ആലോചിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ മാത്രം ഞാൻ പറയാം.

നിന്റെ അപ്പച്ചനോ ചേട്ടനോ ആ വീട് അറ്റകുറ്റപ്പണികൾ സമയാസമയം ചെയ്ത് സൂക്ഷിക്കാൻ ശേഷിയുണ്ടോ?

പേരപ്പനെക്കുറിച്ച് പറഞ്ഞതിൽ വസ്തുവിറ്റപ്പോൾ കമ്മീഷൻ വാങ്ങി എന്നല്ലാതെ നിങ്ങളെ കരുതി കൂട്ടി ചതിച്ച ഏതെങ്കിലും അനുഭവം ഉണ്ടോ?

സഹോദരങ്ങളുടെ വളർച്ചക്കിടയിൽ ഉരുത്തിരിഞ്ഞ ഒരു മത്സരം  എന്നതിൽ കവിഞ്ഞ് ഒരു ശത്രുതയായി പരിഗണിക്കേണ്ട ഒന്നാണോ നിന്റെ പേരപ്പന്റെ പെരുമാറ്റം?

നിന്റെ അപ്പച്ചന്റെ പ്രാപ്തി കുറവിനെയോ, വരുമാന കുറവിനെയോ പരിഗണിച്ച്, മൂത്ത ജ്യേഷ്ഠൻ എന്ന നിലയിൽ അനിയനെ സംരക്ഷിക്കാനുള്ള അധികാരത്തോടെ പെരുമാറിയത് ആയിരിക്കുമോ?

നിങ്ങൾ ക്രൂരകൃത്യം എന്നു കണക്കാക്കിയതൊക്കെ, പേരപ്പൻ, സൽകൃത്യം എന്നു കരുതി ഏകപക്ഷീയമായി ചെയ്തത് ആയിക്കൂടെ?

ഒരു റിസോർട്ട് ആക്കുകയാണെങ്കിൽ അതിൽ ഒരു മുറി നിശ്ചിത കാലത്തേക്ക് നിങ്ങൾക്ക് വന്ന് താമസിക്കത്തക്ക വിധത്തിൽ നിങ്ങളുടെ കുടുംബ പേരിൽ നിലനിർത്തുന്ന ഉടമ്പടി ഉണ്ടാക്കിയാൽ സെന്റിമെന്റ്സിന് തൃപ്തി ആകുമോ?

ചേച്ചിയുടെ ആഗ്രഹപ്രകാരം നിങ്ങൾ ചേച്ചിയുടെ ഉപദേശം സ്വീകരിക്കുന്നു, ചേച്ചി മിടുക്കി ആണ്,ബുദ്ധി മതി ആണ്, വളരെ പ്രായോഗികം എന്നൊക്കെ എല്ലാവരും ചേച്ചിയെ പ്രശംസിച്ചാൽ, അമ്മയും ചേച്ചിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടില്ലേ?

ചേട്ടനോ, നിനക്കോ, നിന്റെ ഭർത്താവിനോ വേറെ എന്തെങ്കിലും പോം വഴി ചെയ്യാൻ പദ്ധതിയും പ്രാപ്തിയും ഉണ്ടോ?

ഇതൊക്കെ സ്വയം ചിന്തിച്ച ശേഷം, അപ്പച്ചനും ചേട്ടനും ആയി ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് നിനക്ക് ബോദ്ധ്യപ്പെട്ടത് പറയുക. അപ്പൻ എന്തു തീരുമാനം എടുത്താലും, അതിന്റെ ഭവിഷ്യത്ത് ഗുണമായാലും ദോഷമായാലും പരാതി കൂടാതെ നേരിടാൻ അപ്പനോടും ചേട്ടനോടും ഒപ്പം നിൽക്കും എന്ന് പറയുക.

സോഷ്യൽ മീഡിയയിൽ  എവിടെയോ വായിച്ച ഒരു കഥ കൂടി പറയാം.

ഒരു കുഞ്ഞിക്കിളി ആകാശത്തു കൂടി ഉല്ലസിച്ചു പറക്കുന്ന സമയം പെട്ടെന്നു മഞ്ഞു കാറ്റു വന്നു, കിളി തണുത്ത് മരവിച്ച് താഴെ വീണു. അപ്പോൾ ഒരു പശു വന്നു, കൃത്യം കിളിയുടെ നേരേ മുകളിലെത്തിയപ്പോൾ പശു ചാണകമിട്ടു. അയ്യയ്യോ എന്തൊരു കഷ്ടം, നാറ്റം, വൃത്തികേട് എന്നൊക്കെ ചിന്തിച്ച് കിളി ആദ്യം വല്ലാതെ വിഷമിച്ചു. അപ്പോഴാണ് ചാണകത്തിന്റെ ചൂട് കൊണ്ട് തണുപ്പ് മാറി ശരീരം ഉഷാറായെന്ന് കിളി തിരിച്ചറിഞ്ഞത്. ആ  ഊർജ്ജത്തിൽ കിളി തല പുറത്തിട്ട് സന്തോഷിച്ച് പാട്ട് പാടി ചിലയ്ക്കാൻ തുടങ്ങി.

ഈ കിളിയുടെ ചിലയ്ക്കൽ കേട്ട് ഒരു പൂച്ച വന്ന് കിളിയെ പിടിച്ചു കൊണ്ടു പോയി....................

കൊല്ലാനാണോ? വളർത്താനാണോ? കിളി അവിടുന്നു രക്ഷപ്പെടുമോ? കാലത്തിനു മാത്രമെ അതു വെളിപ്പെടുത്താൻ സാധിക്കു.

ജീവിതത്തിൽ ഉയരങ്ങളിൽ പറക്കുമ്പോൾ നല്ലത് മാത്രം സംഭവിക്കണം  എന്നില്ല.

ദേഹത്ത് വീഴുന്ന ചാണകം പ്രതിസന്ധി മാത്രം ആകണം എന്നില്ല.

സർവ്വോപരി പ്രതിസന്ധി മറികടന്ന സന്തോഷത്തിൽ തല പുറത്തിട്ട് പാട്ടുപാടി ബഹളം വെച്ച് അനാവശ്യമായ ശ്രദ്ധ ക്ഷണിക്കലും വേണ്ട....

GEORGE KADANKAVIL --MAY 2018

What is Profile ID?
CHAT WITH US !
+91 9747493248