എന്റെ ഭാര്യയ്ക്ക് എന്നെ ഭയങ്കര സംശയമാണ് സാർ, ഓഫീസിൽ നിന്നും വന്നാൽ എന്നും എന്റെ വസ്ത്രങ്ങൾ എല്ലാം പരിശോധിക്കും, ദേഹം പരിശോധിക്കും, എവിടെയെങ്കിലും നീളമുള്ള ഒരു മുടിയോ മറ്റോ കണ്ടു പോയാൽ പിന്നെ അന്നു രാത്രി കാളരാത്രി.
ഞാൻ മടുത്തു സാറേ, ഇവൾക്കെന്തോ മനോരോഗമാണ്, ഏതെങ്കിലും മനോരോഗ വിദഗ്ദന്റെ അടുത്തു കൊണ്ടുപോകാൻ സാറെന്നെ സഹായിക്കുമോ?
വലിയ വികാര വിക്ഷോഭത്തിലാണ് ഇദ്ദേഹം ഫോണിൽ വിളിക്കുന്നത്.
തീർച്ചയായും സഹായിക്കാം. ഞാനറിയുന്ന ചില വിദഗ്ദരുണ്ട്. പക്ഷേ അവരുടെ അടുത്ത് പോകും മുമ്പ് കുറച്ച് തയ്യാറെടുപ്പ് വേണം. അതൊക്കെ അല്പം ക്ഷമയോടെ കേൾക്കാമോ?
കേൾക്കാം സാർ. പറഞ്ഞോളൂ.
ശ്വാസം എന്നത്, ശരീരത്തിന്റെ ഒരു പ്രക്രിയ ആണ്. അന്തരീക്ഷ വായൂ വലിച്ചെടുത്ത്, അതിൽ നിന്നും ശരീരത്തിന് ആവശ്യമില്ലാത്തത് നീക്കി, ഓക്സിജൻ ആഗിരണം ചെയ്ത്, ശരീരത്തിന്റെ പ്രവർത്തനം നിലനിർത്തുന്ന സ്വാഭാവിക പ്രക്രിയ.
ഈ പ്രക്രിയക്ക് തടസ്സം വന്നാലോ?
അത് പ്രശ്നം ആകും, മൂർച്ഛിച്ചാൽ മാരകമായിത്തീരും.
ശ്വാസ തടസ്സം ഉണ്ടായാൽ, ശ്വാസം മുട്ടുണ്ടാക്കുന്ന സാഹചര്യങ്ങൾ ഉടനടി കണ്ടെത്തി, ആ കാര്യങ്ങൾക്ക് മാറ്റം വരുത്താനല്ലേ ആദ്യം ശ്രമിക്കുന്നത്?.
ഭേദമാകുന്നില്ലെങ്കിൽ ഡോക്ടറെ കാണും. സംഭവിച്ച തകരാറുകൾക്ക്, ഡോക്ടർ എന്തെങ്കിലും പ്രതിവിധി നൽകും.
പിന്നെ ശ്വാസം മുട്ടുണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും ഡോക്ടർ നിർദ്ദേശിക്കും.
എപ്പോഴെങ്കിലും ശ്വാസതടസ്സം വന്ന് കഷ്ടപ്പെട്ടിട്ടുള്ളവർ, അന്തരീക്ഷത്തെക്കുറിച്ച് വളരെ അധികം ശ്രദ്ധിക്കുന്ന സ്വഭാവം പ്രകടിപ്പിച്ചുകൊണ്ടിരിക്കും. ഇതറിയാവുന്നവർ, ഇവർക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കാൻ സഹകരിക്കുകയും ചെയ്യും.
സംശയം എന്നതും, ഇതുപോലെ മനസ്സിന്റെ ഒരു പ്രക്രിയ ആണ്.
കാണുകയും, കേൾക്കുകയും, അനുഭവപ്പെടുകയും ചെയ്യുന്നതിൽ, ശ്രദ്ധിക്കപ്പെടുന്ന ഓരോന്നിനേയും വിലയിരുത്തി, സ്വീകാര്യം എന്നു ബോദ്ധ്യപ്പെടുന്ന കാര്യങ്ങളിൽ വിശ്വാസം അർപ്പിക്കുന്ന സ്വാഭാവിക പ്രക്രിയ.
അവിശ്വാസം വന്നാലോ? അത് പ്രശ്നമാകും. മൂർച്ഛിച്ചാൽ ഇതും മാരകമായിത്തീരാം.
എപ്പോഴെങ്കിലും വിശ്വാസ ഭംഗംവരുകയോ, വരുത്തുകയോ ചെയ്തിട്ടുള്ളവർ, ചുറ്റുപാടുകളേക്കുറിച്ച് അങ്ങേയറ്റം ശ്രദ്ധിക്കുന്നവരായിരിക്കും. ക്രമേണ, അവരത് പ്രകടിപ്പിക്കാൻ തുടങ്ങുമ്പോൾ, മറ്റുള്ളവർ ഇവരെ സംശയരോഗി എന്നു വിളിക്കും.
നിങ്ങളുടെ ഭാര്യയ്ക്ക് നിങ്ങളോട് അവിശ്വാസം സംഭവിച്ചെങ്കിൽ, അതിന്റെ കാരണങ്ങളും, സാഹചര്യങ്ങളും കണ്ടെത്തണം.
അതിനെല്ലാം മാറ്റം വരുത്തണം. അത് സ്വയം സാധിക്കുന്നില്ലെങ്കിൽ, വിദഗ്ദരുടെ സഹായം തേടണം. സംഭവിച്ച തകരാറുകൾക്ക് വിദഗ്ദർ നിർദ്ദേശിച്ചു തരുന്ന പ്രതിവിധികളും, മാറ്റങ്ങളും വരുത്താൻ നിങ്ങൾ തയ്യാറാണെങ്കിൽ മാത്രമേ, മനോരോഗ വിദഗ്ദന്റെ അടുത്ത് ഭാര്യയെ കൊണ്ടുപോയിട്ട് പ്രയോജനം ഉള്ളു.
ഒരു ഗുളിക കൊണ്ട്
മാറുന്നതല്ല വിശ്വാസ ഭംഗം.
വളരെ സമർത്ഥനായ ഇക്ബാൽ സാർ ഒരു ക്ളാസ്സ് എടുക്കുകയാണ്. ട്രെയിനർമാരുടെ ട്രെയിനറാണ് അദ്ദേഹം.
സദസ്സ് മുഴുവൻ കാത് കൂർപ്പിച്ച് ക്ളാസ്സ് ശ്രദ്ധിച്ച് ഇരിക്കുന്നു. ഞാനും ആ ക്ളാസ്സിലുണ്ട്.
സ്വന്തം അനുഭവം വിവരിക്കുന്നതു പോലെ കഥകൾ പറയുന്നതാണ് അദ്ദേഹത്തിന്റെ ശൈലി.
അദ്ദേഹം വർണ്ണിക്കുകയാണ് . . . എന്റെ വീട് വലിയ തറവാടാണ്. ധാരാളം അംഗങ്ങളുണ്ട്. ഞാനാണ് മൂത്ത മകൻ. എന്റെ കല്യാണം കഴിഞ്ഞ അന്നു രാത്രി ഭാര്യ എന്നോട് ചോദിച്ചു . . നിങ്ങളാഗ്രഹിച്ച പോലെ ഉള്ള ഭാര്യ ആണോ ഞാൻ? . . .
ഒരഞ്ചാറു മാസം കഴിയാതെ എങ്ങിനെയാണ് ഇതറിയുക എന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞു, സ്വഭാവമല്ല, എന്റെ രൂപം, നിങ്ങളുടെ മനസ്സിലുള്ളതു പോലെയാണോ?
ഞാൻ അവളെ ആകെ ഒന്നു നോക്കിയിട്ട് പറഞ്ഞു, കുഴപ്പമില്ല ഏകദേശം ഇതുപോലെ ഒക്കെ തന്നെയാണ്. പക്ഷേ ഒന്നുകൂടി മെലിഞ്ഞ ശരീരമായിരുന്നു മനസ്സിൽ.
സാരമില്ല ഞാൻ ഡയറ്റിംഗ് നടത്തി മെലിഞ്ഞുകൊള്ളാം എന്ന് പറഞ്ഞ് അവൾ വിഷയം ക്ളോസ്സ് ചെയ്തു.
പിന്നെ നല്ല ദാമ്പത്യം, ഒരു കുഴപ്പവും ഇല്ല.
രണ്ട് വർഷം കഴിഞ്ഞ് എന്റെ അനിയന്റെ കല്യാണം ആയി. അവൻ കെട്ടിക്കൊണ്ടു വന്നത്, ഒരു സ്ളിം ബ്യൂട്ടി.
എന്റെ ഭാര്യക്ക് അവളെ അത്ര പിടിച്ചിട്ടില്ല. എന്നാലും കുശുമ്പുകൂടൽ ഒന്നുമില്ല. മാന്യമായ പെരുമാറ്റം മാത്രമേ ഉള്ളു.
ഒരു ദിവസം രാവിലെ ഓഫീസിൽ പോകാൻ ഡ്രസ്സ് ചെയ്യുകയാണ് ഞാൻ. തേച്ചുവെച്ച ഷർട്ട് എടുത്തിട്ട് ബട്ടനിടാൻ തുടങ്ങമ്പോഴുണ്ട്, മുകളിലത്തെ ബട്ടൻ നൂലഴിഞ്ഞ് തൂങ്ങിക്കിടക്കുന്നു.
ഇതൊന്ന് തയ്ച്ച് ശരിയാക്കണമല്ലോ, ഭാര്യ അടുക്കളയിലാണ് - ഞാൻ ചെന്ന് അവളോടു പറഞ്ഞു, ഈ ബട്ടനൊന്ന് തയ്ച്ച് തന്നേ.
ഭാര്യക്ക് കുറച്ച് അരിശം വന്നു. ഞാനിവിടെ പണി ചെയ്യുന്നത് കണ്ടില്ലേ? തന്നത്താൻ ഒരു ബട്ടൻ തയ്ച്ചാലെന്താ?
ഓ ശരി, എന്നു പറഞ്ഞ് ഞാൻ അടുക്കളയിൽ നിന്നും പിൻ വാങ്ങി, പൂമുഖത്ത് വന്നപ്പോൾ അനിയന്റെ ഭാര്യ അവിടെ തയ്യൽ മെഷിനിൽ എന്തോ തയ്ച്ചു കൊണ്ടിരിക്കുക യായിരുന്നു.
അവൾ ആഗ്യം കാട്ടി ചോദിച്ചു, തയ്ച്ചു തരണോ?
ഞാൻ തലയാട്ടി, വേണം!
ഷർട്ട് ഊരിത്തരട്ടേ? എന്ന് ആംഗ്യം ചോദിച്ചു.
വേണ്ട എന്ന് അവൾ തിരികെ മറുപടി ആംഗ്യം കാട്ടി,
എന്നിട്ട് എണീറ്റ് വന്ന് ഷർട്ടിന്റെ തൂങ്ങിക്കിടന്ന ബട്ടൺ നൂല് കടിച്ചു മുറിച്ചു.
ഈ നേരത്ത് എന്റെ ഭാര്യയ്ക്ക് മനസ്താപം തോന്നി ബട്ടൻ തയ്ക്കാനായി അടുക്കളയിൽ നിന്നും പൂമുഖത്തേയക്ക് വന്നു നോക്കുമ്പോൾ ഇതാണ് കാഴ്ച.
ഞങ്ങൾ അറിയാതെ അവൾ വന്നപോലെ അടുക്കളയിലേയ്ക്ക് തിരിച്ചു പോയി.
ഞാൻ പതിവുപോലെ ഓഫീസിൽ പോയി വൈകിട്ട് തിരിച്ചു വന്നു.
സാധാരണ വരുമ്പോൾ നല്ല ചൂടുള്ള കാപ്പി കിട്ടുന്നതാണ്, ഇന്നു തണുത്ത കാപ്പി.
സാധാരണ ഭാര്യ കുറേ വർത്തമാനം പറയുന്നതാണ്, ഇന്ന് മിണ്ടാട്ടമില്ല.
രാത്രി കിടപ്പു മുറിയിൽ വന്നപ്പോൾ ഒരു ഏങ്ങലടി.
എന്താ മോളേ ഒരു പരിഭവം എന്നു ഞാൻ ചേദിച്ചപ്പോൾ, എനിക്കെല്ലാം മനസ്സിലായി, നിങ്ങൾക്ക് ഒരു മെലിഞ്ഞ പെണ്ണിനെ തന്നെ കെട്ടിയാൽ പോരായിരുന്നോ?
പിന്നെ ഒരു കരച്ചിലാണ്. ബാക്കി നിങ്ങൾക്ക് ഇഷ്ടപ്രകാരം പൂരിപ്പിക്കാം.
ഒരു സന്ദർഭം വിശദീകരിക്കാനായി ഉണ്ടാക്കിയെടുത്ത കഥയാണിത്, ഈ കഥയിൽ ആരുടെ ഭാഗത്താണ് തെറ്റ്? എന്നു ചോദിച്ച് ഇക് ബാൽ സാർ ബാക്കി സദസ്സിന് ചർച്ച ചെയ്യാൻ വിട്ടു.
ചർച്ച വളരെ സജീവമായിരുന്നു. പലരും പല അഭിപ്രായങ്ങൾ പറഞ്ഞു. ഭൂരിപക്ഷം പേരും പറഞ്ഞത്, സംശയം ഉണ്ടാകുന്ന സാഹചര്യം പുരുഷൻ ഒഴിവാക്കണമായിരുന്നു എന്നാണ്.
പറഞ്ഞ കഥക്ക് ഉദ്ദേശിച്ച പ്രതികരണം ലഭിച്ച സന്തോഷത്തിൽ ഇക്ബാൽ സാർ ടീ-ബ്രേക്കിനായി ക്ളാസ്സ് നിർത്തി.
ഞാൻ സാറിന്റെ കൂടെ ചായ കുടിക്കാൻ കഫറ്റേരിയയിലേക്ക് നടക്കുകയാണ്, അപ്പോൾ ക്ളാസ്സിൽ ഇരുന്ന ഒരാൾ വന്ന് ഇക്ബാൽ സാറിനോടു ചോദിച്ചു, "സാറേ സാറിന്റെ ഭാര്യയുടെ പിണക്കമൊക്കെ മാറിയോ?
അതോ ഇപ്പോഴും നിങ്ങൾക്ക് വഴക്കാണോ? !!!"
പറഞ്ഞത് ഒരു കഥയാണെന്ന് എടുത്തു പറഞ്ഞിട്ടും, അത് ഗ്രഹിക്കാൻ സാധിക്കാതെ പോകുന്നവരും നമ്മുടെ ഇടയിലുണ്ട് എന്ന് മനസ്സിലാക്കിയിരിക്കണം.
സത്യം പറഞ്ഞാൽ മാത്രം പോരാ, പറഞ്ഞത് സത്യമാണെന്ന് മറ്റുള്ളവർക്ക് ബോദ്ധ്യപ്പെടാനും അവസരം കൊടുക്കണം.
നിങ്ങളെക്കുറിച്ചുള്ള ഭാര്യയുടെ സംശയങ്ങൾക്ക് അട്സ്ഥാനമുണ്ടോ?
എങ്കിൽ അത് മാറ്റിയേ നിങ്ങൾക്ക് സ്വസ്ഥത ലഭിക്കൂ.
അടിസ്ഥാനമില്ലാ എങ്കിൽ അത് അവൾക്ക് ബോദ്ധ്യപ്പെടുന്ന വിധത്തിൽ നിങ്ങൾ തുറന്ന് പെരുമാറണം.
എല്ലാം കലങ്ങി തെളിയാൻ സാഹചര്യം ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കണം. ആ പ്രാർത്ഥനയും ഫലം ചെയ്യും.
ചില നിമിത്തങ്ങൾ പരസ്പര വിശ്വാസം ഉളവാക്കിയ ഒരു കഥ പറയാം.
അല്പ സ്വല്പ വഴക്കും, പിണക്കവും, സംശയവുമായി കഴിയുന്ന ദമ്പതികൾ.
ഭർത്താവ് ഒരു പാർട്ടിക്കു പോയി പതിവില്ലാതെ മദ്യപിച്ചു.
രാത്രി വീട്ടിൽ ചെല്ലുമ്പോൾ ഭാര്യ ബഹളം വെയ്ക്കും എന്ന് അയാൾക്ക് ഉറപ്പായിരുന്നു.
ഇനി കുടിക്കില്ല എന്നയാൾ നിശ്ചയിച്ചു.
പക്ഷേ വീടെത്തിയപ്പോൾ കാലുറയ്ക്കാത്ത നിലയിലായിരുന്നു. ഭാര്യ വന്ന് പിടിച്ചു കൊണ്ടുപോയി കട്ടിലിൽ കിടത്തി.
ഉറങ്ങി എണീറ്റ് നോക്കുമ്പോൾ വേഷം മാറ്റി പുതപ്പിച്ച് കിടത്തിയിരിക്കുന്നു.
സൈഡ് ടേബിളിൽ ഒരു ഫ്ളാസ്കിൽ കട്ടൻ കാപ്പി വെച്ചിരിക്കുന്നു.
എണീറ്റ് ഒരു വൈക്ളബ്യത്തോടെ ഭാര്യയോട് സോറി പറഞ്ഞ് ഇനി കിുടിക്കില്ല എന്ന് പ്രോമിസ് ചെയ്യാൻ അയാൾ അടുക്കളയിൽ ചെന്നു. ഭാര്യ അവിടില്ല.
ദൈവമേ ഇവള് പിണങ്ങി ഇറങ്ങിപ്പോയോ എന്ന് ഭയന്ന് ഡൈനിംഗ് റൂമിൽ ചെന്നു നോക്കുമ്പോൾ ടേബിളിൽ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കി വെച്ചിരിക്കുന്നു. സമീപത്ത് ഒരു കുറിപ്പും.
മിടിക്കുന്ന ഹൃദയത്തോടെ അയാളാ കുറിപ്പെടുത്തു വായിച്ചു.
"ചേട്ടാ എണീറ്റെങ്കിൽ ബ്രേക്ക്ഫാസ്റ്റെടുത്ത് കഴിച്ചോളൂ, ഞാൻ മാർക്കറ്റിൽ പോയിട്ട് വരാം."
അയാൾക്ക് ആശ്വാസമായി, എങ്കിലും വിശ്വസിക്കാൻ കഴിയുന്നില്ല.
ഇവൾക്കിത് എന്തു പറ്റി?
അപ്പോൾ മൂത്ത മകൾ സ്കൂളിൽ പോകാൻ റെഡിയായി വന്നു. അയാൾ മകളോടു ചോദിച്ചു -" ഇന്നലെ എന്താ ഉണ്ടായത്?"
മകളു പറഞ്ഞു, "പപ്പ നല്ല ഫോമിലായിരുന്നു ഇന്നലെ.
മമ്മി കൊണ്ടെ കട്ടിലിൽ കിടത്തിയില്ലായിരുന്നെങ്കിൽ പപ്പ ഇവിടെ വരാന്തയിൽ കിടന്നേനേ. മമ്മി പപ്പായെ താങ്ങിപ്പിടിച്ചപ്പോൾ പപ്പാ കിടന്നു കുതറി,
വിടു പെണ്ണുമ്പിള്ളേ എനിക്ക് എനിക്ക് ഭാര്യയും മക്കളുമുണ്ട്
എന്ന് പപ്പ അലറി വിളിച്ചായിരുന്നു. പൂസായാലും ഞങ്ങളെയൊക്കെ ഓർക്കുന്നുണ്ട് അല്ലേ?"
അവൾ പപ്പയെ കളിയാക്കി ചിരിച്ചു. ഇനി മദ്യപിക്കില്ല എന്ന് അയാൾ മകളോട് പ്രോമിസ് ചെയ്തു.
ഒരു നിമിത്തം കൊണ്ട് വിശ്വാസം ഉളവായ ഈ കഥ കേട്ടിട്ട്, വിശ്വാസമുണ്ടാക്കാൻ വേണ്ടി രണ്ട് സ്മോളടിച്ചിട്ട് നമ്പരിറക്കിയാൽ സംഗതി തിരിച്ചടിക്കും കേട്ടോ.
പരസ്പര വിശ്വാസം ഉളവാകണം എന്ന് ഉള്ളിൽ തീവ്രമായ ആഗ്രഹവും, ആ ലക്ഷ്യം വെച്ചുള്ള വിവേക പൂർവ്വമായ പെരുമാറ്റവും മതി. ബാക്കി തമ്പുരാന് വിട്ടു കൊടുത്തേക്കുക.
"Mind craves for thoughts,
It will continue to seek fuel for more thoughts, good or bad."
"Do not give it the wrong fuel."
George kadankavil