Back to articles

പിനോക്യോയുടെ കാര്യം ഇനി മിണ്ടിപ്പോകരുത് ?

January 18, 2018

ഒരിക്കൽ ഒരു  മരപ്പണിക്കാരന് സംസാരിക്കുന്ന ഒരു മരക്കഷണം കിട്ടി. അയാൾ അതു കൊണ്ട് ഒരു മരപ്പാവയെ ഉണ്ടാക്കി, അപ്പോൾ ആ മരപ്പാവ സംസാരിക്കാനും ഓടിച്ചാടി നടക്കാനും തുടങ്ങി. മരപ്പണിക്കാരൻ ആ പാവയെ തന്റെ മകനായി സ്വീകരിച്ച് അവന് പിനോക്യോ എന്നു പേരിട്ടു. പക്ഷേ പിനോക്യോ അപ്പൻ പറയുന്നത് ഒന്നും അനുസരിക്കാതെ സ്കുളിൽ പോകുന്നതിനു പകരം ഒളിച്ചോടി പോയി.

 

വികൃതി കാട്ടി അലഞ്ഞു നടന്ന പിനോക്യോ ചില അപരിചിതരോട് കൂട്ടുകൂടുകയും, അവരുടെ കെണിയിൽ പെട്ട് ജീവൻ അപകടത്തിലാവുകയും ചെയ്തു. ആ അപകടത്തിൽ നിന്നും ഒരു ദേവത അവനെ രക്ഷിച്ചു, എങ്കിലും, ആ ദേവതയോടും പിനോക്യോ കള്ളം പറഞ്ഞു. അപ്പോൾ പിനോക്യോയുടെ മൂക്ക് വളരാൻ തുടങ്ങി. ഓരോ കള്ളത്തിനും മൂക്ക് പിന്നേയും പിന്നേയും വളർന്നു  കൊണ്ടിരുന്നു. ഒടുവിൽ, അവൻ മാനസ്സാന്തരപ്പെട്ട് ദേവതയോട് സത്യം പറഞ്ഞു, അപ്പോൾ മൂക്ക് പഴയതു പോലെ ആയി.

അഭ്യസ്തവിദ്യയായ ഒരു വീട്ടമ്മ വികൃതിയായ മകനെ ഉപദേശിക്കാൻ, ഈ പിനോക്യോയുടെ കഥ പറഞ്ഞു കൊടുക്കുമായിരുന്നു. പലവട്ടം ഈ കഥ കേട്ടു വളർന്ന കുട്ടി, ഇടക്കിടക്ക് എന്തെങ്കിലും വികൃതി കാട്ടിക്കഴിയുമ്പോൾ അമ്മേ, പിനോക്യോയുടെ കഥ പറഞ്ഞേ എന്നു പറഞ്ഞ് അമ്മയോടു ചിണുങ്ങും, അമ്മ കഥ ആവർത്തിക്കുും. അവന്റെ വിചാരം എന്തു വികൃതി കാട്ടിയാലും, അമ്മയുടെ അടുക്കൽ ചെന്ന് പിനോക്യോയുടെ കഥ കേട്ടാൽ മതിയല്ലോ എന്നായിരുന്നു.

ഒരു ദിവസം പയ്യൻ അമ്മയോടു ചോദിച്ചു, അമ്മേ പിനോക്യോ കള്ളം പറഞ്ഞാൽ മൂക്കു വളരും അല്ലേ?
അതേ.
സത്യം പറഞ്ഞാലോ?
മൂക്ക് പഴയപോലെ ആകും.
അപ്പോൾ മൂക്ക് ശരിക്ക് ഇരിക്കുമ്പോൾ തന്നെ, എന്റെ മൂക്ക് വളരുന്നുണ്ടേ എന്ന് പിനോക്യോ കള്ളം പറഞ്ഞാൽ എന്നാ പറ്റും.?

അമ്മ പ്ളിംഗ് എന്നായി, എങ്കിലും ഉത്തരം ആലോചിച്ചുനോക്കി, മൂക്കു വളരുന്നു എന്ന് പറയുന്നത് കള്ളമായതു കൊണ്ട് മൂക്ക്  വളരുന്ന ശിക്ഷ സംഭവിക്കണം. പക്ഷേ മൂക്ക് വളർന്നാൽ പറഞ്ഞത് സത്യമാകും. അപ്പോൾ മൂക്ക് പഴയതു പോലെ ആകണം. അങ്ങിനെ ആയാൽ പറഞ്ഞത് പിന്നേം കള്ളം ആയിപ്പോകും, അതുകൊണ്ട് മൂക്ക് വളരുകയും പഴയപോലാവുകയും ചെയ്യുന്ന അപൂർവ്വ സ്ഥിതി സംജാതമാകും.

എന്തുത്തരം പറയണം എന്നറിയാതെ അമ്മ കുഴങ്ങി. അമ്മയ്ക്കു ഉത്തരം മുട്ടി ദേഷ്യം വന്നിട്ട് മകനോടു പറഞ്ഞു, എടാ പിനോക്യോയുടെ കാര്യം ഇനി ഇവിടെ മിണ്ടിപ്പോകരുത് !!!

ഒരു പ്രതിഭയുടെ  ഭാവി ഈ ഉത്തരം കൊണ്ട് കൂമ്പടഞ്ഞു എന്നൊന്നും വിചാരിക്കേണ്ട. ശരിക്കും പ്രതിഭ ആണെങ്കിൽ, അവൻ പുതിയ കണ്ടു പിടുത്തങ്ങളും കൊണ്ട് ഇനീം വരും. പക്ഷേ കാര്യമായ പരസ്പരസംവാദം ഇല്ലാത്ത അമ്മയും മകനുമാണെങ്കിൽ ഇത്രയും മതി അവരുടെ ഉള്ള കമ്യൂണിക്കേഷൻ കൂടി വഷളാകാൻ.

അഞ്ചാം ക്ളാസിൽ പഠിക്കുന്ന മകൻ കള്ളം പറയുന്നു, കള്ളത്തരം കാണുക്കുന്നു, എന്നോട് അടുപ്പം കാണിക്കുന്നില്ല എന്നൊക്കെ സങ്കടം പറഞ്ഞ് എന്നെ വിളിച്ച ഒരമ്മയെ ആശ്വസിപ്പിക്കാൻ പറഞ്ഞതാണി കഥ. സമർത്ഥനായ ആൺ കുട്ടിയാണ്. അമ്മയും മകനും അമ്മയുടെ അമ്മയും മാത്രമാണ് വീട്ടിലുള്ളത്. അപ്പൻ ഇവൻ ജനിക്കും മുമ്പേ പിണങ്ങി പോയതാണ്.

എനിക്ക് ജോലിയുണ്ട്. വീട്ടിൽ കാര്യമായ മിണ്ടാട്ടമില്ല. ധാരാളം കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കും. ഇവന്റെ മുറി നിറയെ കളിപ്പാട്ടങ്ങളാണ്. ഇപ്പോൾ നോക്കുമ്പോൾ ഞാൻ വാങ്ങിക്കൊടുക്കാത്ത കളിപ്പാട്ടങ്ങൾ ഇവന്റെ മുറിയിൽ കാണുന്നു. ഇതേതാ മോനേ ഈ ടോയി, എന്നു ചോദിച്ചാൽ, അമ്മയല്ലേ വാങ്ങി തന്നത്, എന്നു തിരികെ ചോദിക്കും.

ഞാൻ  അങ്ങിനെ മകനറിയാതെ അവന്റെ ടോയ്സ് ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോഴാണ് മനസ്സിലാവുന്നത്, അവൻ സ്കൂളിൽ നിന്നു വരുമ്പോൾ ബാഗിൽ വേറെ വേറെ ടോയ്സ് കാണും. ഇതെവിടെന്നാ എന്നു ചോദിച്ചാൽ അമ്മയല്ലേ വാങ്ങി തന്നത് എന്നു പറഞ്ഞ് ഞങ്ങൾക്ക് വഴക്ക് ആകും. ഒടുവിൽ ഞാൻ അവന്റെ സ്കൂളിൽ പോയി ടീച്ചറോടു സംസാരിച്ചു. അപ്പോഴാണ് അറിയുന്നത്, അവൻ കൂട്ടുകാരുടെ കേടായ ടോയ്സ് റിപ്പയർ ചെയ്തു കൊടുക്കുന്നുണ്ട് എന്ന്. ക്ളാസ്സിൽ എല്ലാവരും അവന്റെ കൂട്ടു കൂടാൻ മത്സരം ആണത്രെ. എൻജിനീയർ, സയന്റിസ്റ്റ് എന്നൊക്കെയാണ് ടീച്ചർമാർ എന്റെ മോനേ ഓമനപ്പേരു വിളിക്കുന്നത്.

അവൻ എന്തൊക്കെ ചെയ്താലും ഞാൻ ക്ഷമിക്കും പക്ഷേ, കള്ളം പറയുന്നത് മാത്രം എനിക്ക് സഹിക്കാൻ പറ്റില്ല. അതവനറിയാം, എന്നിട്ടും, നല്ലത് ചെയ്തിട്ട് എന്റടുത്ത് മാത്രം എന്തിനാണോ ഇവൻ ഇങ്ങനെ കള്ളം പറയുന്നത്.

എനിക്കറിയില്ല പെങ്ങളേ, നമുക്ക് കണ്ടു പിടിക്കാൻ ശ്രമിക്കാം. നിങ്ങളോട് സത്യം പറഞ്ഞാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകും എന്നു അവനു തോന്നുന്നുണ്ടാവാം.

നിങ്ങളുടെ ഭർത്താവ് എന്തിനാ പിണങ്ങി പോയത്?

എനിക്ക് 35 വയസ്സുള്ളപ്പോഴായിരുന്നു എന്റെ കല്യാണം നടന്നത്. ഭർത്താവിനും 35 വയസ്സ് എന്നാണ് ഇടക്കാരൻ ഞങ്ങളോട് പറഞ്ഞിരുന്നത്. കല്യാണം കഴിഞ്ഞ് വിവാഹ സർട്ടിഫിക്കേറ്റിന് അപേക്ഷ കൊടുക്കുമ്പോഴാണ് പുള്ളിക്കാരന് 40 വയസ്സുണ്ടെന്ന് ഞാനും, എനിക്ക് 35 വയസ്സുണ്ടെന്ന് പുള്ളിക്കാരനും അറിയുന്നത്. അപ്പോഴൊന്നും പുള്ളി അതേക്കുറിച്ച് സംസാരിച്ചില്ല. മൂന്നു മാസം കഴിഞ്ഞ് ഞങ്ങൾ തമ്മിൽ ഇതേ ചൊല്ലി വഴക്കായി. ഭർത്താവ് എന്നെ എന്റെ വീട്ടിൽ കൊണ്ടു വന്നു വിട്ടു.

എന്റെ ഭർത്താവോ, ഇടക്കു നിന്നവരോ കള്ളം പറഞ്ഞിട്ടല്ലേ എനിക്കീ ഗതി ഉണ്ടായത്. അതുകൊണ്ട് ആരെങ്കിലും പറയുന്നത്, കള്ളമാണെന്ന് മനസ്സിലായാൽ എനിക്ക് ഭയങ്കര കോപവും ദേഷ്യവും ഒക്കെ വരും. എന്റെ മകൻ കള്ളം പറയുമ്പോൾ അപ്പന്റെ സ്വഭാവം കാണിക്കുകയാണ് എന്നോർത്ത് എനിക്ക് കലി വരും.

പെങ്ങളേ, പ്രായത്തെക്കുറിച്ചു തെറ്റിദ്ധരിക്കപ്പെട്ടു എന്നത് ഗൌരവമേറിയ വിഷയം തന്നെയാണ്. അത് ആരെങ്കിലും മനപ്പൂർവ്വം നിങ്ങലെ പറ്റിക്കാൻ ചെയ്താണെങ്കിൽ അവർക്ക് തക്ക പ്രതിഫലം കിട്ടുകയും ചെയ്യും.

പക്ഷേ ഇത്, നിങ്ങളുടെ അകൽച്ചക്ക്, മറ്റുള്ളവരോടു പറയാനുള്ള  ഒരു കാരണം മാത്രമാണെന്നാ എനിക്കു തോന്നുന്നത്. യഥാർത്ഥത്തിൽ എവിടെയാണ് നിങ്ങളുടെ അകൽച്ച തുടങ്ങിയത് എന്ന് ആലോചിച്ചു നോക്കിക്കേ.

ആദ്യം ഇഷ്ടക്കേടു കാണിച്ചത് ആരാണ്? എന്തിനാണ്? എപ്പോഴാണ്?

ആദ്യം ഇഷ്ടക്കേടു കാണിച്ചത് ഞാനാണ്. പുള്ളിക്കാരന്റെ കംപ്യൂട്ടറിൽ കുറെ പെണ്ണുങ്ങളുടെ ഫോട്ടോയും, ചാറ്റും കണ്ടു പിടിച്ചു ഞാൻ അതേക്കുറിച്ച് ചോദിച്ചു. അനുവാദമില്ലാതെ എന്തിനാ കംപ്യൂട്ടർ തുറന്നതെന്നു ചോദിച്ചു പുള്ളി എന്നെ തിരികെ കുറ്റപ്പെടുത്തി. എന്നിട്ട് എന്റെ മുന്നിൽ വെച്ച് ആ പടങ്ങൾ എല്ലാം ഡിലീറ്റ് ചെയ്തു.

പിന്നെ പുള്ളി ഹാൻസ് പോലെ എന്തോ പാക്കറ്റിൽ നിന്നു ഇടക്ക്  തിന്നാറുണ്ട്. അതെന്താന്നു ചോദിച്ചപ്പോൾ തമ്പാക്കു(ഒരു തരം പുകയില) ആണെന്നു പറഞ്ഞു. അത് ചീത്ത സ്വഭാവമാണ്, പാടില്ല എന്നു ഞാൻ പറഞ്ഞപ്പോൾ, എന്നെ ഭരിക്കാനല്ല, ഭാര്യ ആയിരിക്കാനാ നിന്നെ കെട്ടിയത് എന്നു പുള്ളിക്കാരൻ പറഞ്ഞു. ആ നീരസം തുടർന്നും ചെറുതായി ഉണ്ടായിരുന്നു.

സോറി പറഞ്ഞ് ഞാൻ വിട്ടു കൊടുത്താൽ പുള്ളി പിന്നേയും തോന്നിയപോലെ ചെയ്തെങ്കിലോ എന്നു കരുതി ഞാൻ ഗൌരവം അഭിനയിച്ച് ഇരിക്കുകയായിരുന്നു. ഇങ്ങനെ ഏകപക്ഷീയമായി എന്നെ വീട്ടിൽ കൊണ്ടാക്കി പൊയ്ക്കളയും എന്ന് തീരേ പ്രതീക്ഷിച്ചില്ല.

പെങ്ങളേ, ആരെങ്കിലും നമ്മുടെ പോരായ്മകളും അബദ്ധങ്ങളും ക്ഷമിക്കണമെങ്കിൽ രണ്ടു കാരണങ്ങളാണുള്ളത്, ഒന്ന് അയാൾക്ക് നമ്മളോട് അത്രക്കും ഇഷ്ടമുണ്ട്, രണ്ട് അയാൾക്ക് അത്രക്കും മഹാമനസ്കതയുണ്ട്. മഹാമനസ്കനായ ആൾക്കും നമ്മളോട്  ഇഷ്ടക്കേട് ഉണ്ടെങ്കിൽ അയാളുടെ ക്ഷമിക്കൽ പരിമിതപ്പെട്ടു പോകും. ഭർത്താവിന് നിങ്ങളോട് ഇഷ്ടം തോന്നാൻ തക്ക ഒന്നും നിങ്ങൾ ചെയ്തില്ല എന്നു മാത്രമല്ല, ഇഷ്ടക്കേട് ഉണ്ടാക്കാൻ മാത്രം പ്രവർത്തികളും നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായി.

ഭർത്താവിനോട് നിങ്ങൾക്കുള്ള ദേഷ്യവും നീരസവും ഇപ്പോഴും നിങ്ങളുടെ പ്രവർത്തികളിൽ പ്രതിഫലിക്കുന്നുണ്ടാവും. അതിന്റെ സമ്മർദ്ദം ആയിരിക്കും മകന്റെ പെരുമാറ്റത്തിൽ നിഴലിക്കുന്നത്.

കഴിഞ്ഞതിനെക്കുറിച്ച് വിലപിക്കേണ്ട. ഒരാൾക്ക് നമ്മളോട് ഇഷ്ടം തോന്നണമെങ്കിൽ നമ്മൾ അവരെ ബഹുമാനിക്കുന്നതായും, വിലമതിക്കുന്നതായും, വിശ്വസിക്കുന്നതായും അവർക്ക് അനുഭവപ്പെടണം. നിങ്ങളുടെ മകന്റെ എല്ലാ കഴിവുകളെയും കുറിച്ച് നിങ്ങൾ അഭിമാനിക്കുക. നല്ല വ്യക്തിത്വങ്ങളെ കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ച്, അവന് കഥകൾ പറഞ്ഞു കൊടുക്കുക. പിനോക്യോയെ കുറിച്ച് ആ പയ്യൻ ചോദിച്ച പോലത്തെ കുസൃതി ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കുക. ആ തമാശകൾ മറ്റുള്ളവരോട് അഭിമാനപൂർവ്വം പറയുക. അപ്പോൾ അവനെ നിങ്ങൾ വിലമതിക്കുന്നു എന്ന് അവന് ബോദ്ധ്യപ്പെടും.

സർവ്വോപരി നിങ്ങളുടെ ഭർത്താവ് അടക്കം നിങ്ങൾക്ക് ദ്രോഹം വരുത്തി എന്നു നിങ്ങൾ കരുതുന്ന എല്ലാവരോടും ക്ഷമിക്കുക. അപ്പോൾ  കാലം എന്ന മഹാ മാന്ത്രികൻ നിങ്ങളുടെ വേദനകളെ സന്തോഷങ്ങൾ ആക്കി മാറ്റും.
പ്രിയപ്പെട്ടവരേ, എളുപ്പത്തിൽ കാര്യം നടത്താൻ വേണ്ടി പറയുന്ന കള്ളങ്ങൾ ജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്നു മറക്കരുത്.

George Kadankavil - January 2018   

What is Profile ID?
CHAT WITH US !
+91 9747493248