Back to articles

ചിരിക്കുടുക്കയും! ചിലന്തിവലയും!!

December 05, 2017

മകൾക്ക് പ്രൊപ്പോസൽ ഒന്നും ശരിയാകുന്നില്ല എന്നു പറഞ്ഞ് വിളിച്ച അമ്മയോടു സംസാരിക്കാനായി ഞാനാ പ്രൊഫൈൽ തുറന്നു. മോളുടെ ഫോട്ടോ കണ്ടിട്ട് മുഖത്തെല്ലാം വലിയ സങ്കടമാണല്ലോ, പ്രസന്നഭാവത്തിൽ ഉള്ള ഫോട്ടോകൾ വേണം നമ്മൾ പ്രൊഫൈലിൽ കൊടുക്കാൻ, അല്ലെങ്കിൽ ആ ഫോട്ടോ കാണുന്നവർ വിചാരിക്കും ഈ കൊച്ചിനു ആകെ ഒരു ദുഖഭാവം ആണല്ലോ എന്ന്. സന്തോഷമായി ജീവിക്കാൻ ആഗ്രഹിച്ചല്ലേ എല്ലാവരും വിവാഹം കഴിക്കാൻ ആലോചിക്കുന്നത്, അപ്പോൾ ദുഖപുത്രിമാരെ ഒഴിവാക്കാനല്ലേ അവരു ശ്രമിക്കുക?

എന്റെ സാറെ, ഒരുപാട് പ്രൊപ്പോസലുകൾ വന്നു ഓരോന്നായി മുടങ്ങിയിട്ടാ അവളിപ്പോൾ ഇങ്ങിനെ ആയത്. അതിന്റെ ഉള്ളിലും മുഖത്തും ദുഖം മാത്രമേ ഉള്ളു. ഞാൻ ദേ അവൾക്കു കൊടുക്കാം സാറ് അവളോട് ഒന്നു സംസാരിക്ക്, എന്ന് പറഞ്ഞ് അമ്മ ഫോൺ മോൾക്കു കൊടുത്തു.

ഞാൻ ഈ കൊച്ചിനെ എങ്ങിനെ ഉത്സാഹവതിയാക്കം എന്നൊക്കെ ഓരോന്നു ആലോചിച്ചു കൊണ്ടു പറഞ്ഞു, മോളേ, എന്തൊക്കെ വന്നാലും മനസ്സു മടുക്കരുത്. തമ്പുരാൻ നിനക്ക് ഒരു പുരുഷനെ വെച്ചിട്ടുണ്ടെങ്കിൽ അവൻ വന്നിരിക്കും. അവൻ വരുമ്പോൾ അവനുമായി സന്തോഷം അനുഭവിക്കണമെങ്കിൽ നിന്റെ ഉള്ളിൽ സന്തോഷം ഉണ്ടായിരിക്കണം. അതുകൊണ്ട്, എത്ര പ്രൊപ്പോസലുകൾ മുടങ്ങിയാലും നമ്മുടെ പരിശ്രമം നിർത്താൻ പാടില്ല. മോള് റോബർട്ട് ബ്രൂസ് ചക്രവർത്തിയുടെ കഥ കേട്ടിട്ടുണ്ടോ?

ചക്രവർത്തി ഒരിക്കൽ യുദ്ധത്തിൽ തോറ്റ് ഒരു ഗുഹയിൽ ഒളിച്ചിരുന്നപ്പോൾ ഒരു ചിലന്തി വലയുണ്ടാക്കാൻ ശ്രമിക്കുന്നത് ശ്രദ്ധിച്ചു. പലപ്രാവശ്യം നൂലു പൊട്ടിതാഴെ വീണിട്ടും, ആ ചിലന്തി വീണ്ടും വീണ്ടും പിടിച്ചു കയറി ഊഞ്ഞാലാടി വല പൂർത്തിയാക്കി ഇരയെ പിടിക്കുന്ന  കാഴ്ച കണ്ട ബ്രൂസ് രാജാവിന് പെട്ടെന്ന് നിരാശ മാറി ഉത്സാഹം തോന്നി. അദ്ദേഹം പുറത്തിറങ്ങി കിട്ടിയ പട്ടാളക്കാരെ കൊണ്ട് ചെറിയ സൈന്യം ഉണ്ടാക്കി വീണ്ടും യുദ്ധം ചെയ്തു, സാമ്രാജ്യം വീണ്ടെടുത്തു.

ഇതിന് ആ പെൺകുട്ടിയുടെ മറുപടി എന്നെ ഞെട്ടിച്ച് കളഞ്ഞു. സാറേ ഞാൻ ഈ കഥ വായിച്ചിട്ട് എട്ടുകാലി വലകെട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. നമ്മൾ മനുഷ്യർ നടക്കുന്ന ഇടവഴിയിലും ചിലപ്പോൾ വണ്ടി പോകുന്ന റോഡിനു കുറുകെയും ഒക്കെ ആണ് രാത്രി മുഴുവൻ മിനക്കെട്ടിരുന്ന് ഈ പൊട്ടൻ എട്ടുകാലി വലിയ വലകൾ കെട്ടി വെക്കുന്നത്. രാവിലെ മനുഷ്യർ എണീറ്റ് സഞ്ചാരം തുടങ്ങുമ്പോൾ തന്നെ ആ വല പൊട്ടിപ്പോകും. ഈ മണ്ടൻ ചിലന്തി എന്തിനാ ഈ സ്ഥിരോത്സാഹം കാണിച്ച് വലകെട്ടി കളിക്കുന്നത് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല.

എന്റെ വായ അടഞ്ഞ് ഞാൻ ഒറ്റ ഇരിപ്പ് ഇരുന്നു പോയി.

ഒരുവിധം സംസാരശേഷി വീണ്ടെടുത്ത് ഞാൻ പറഞ്ഞു, മോളേ, പൊട്ടൻ എട്ടുകാലി എന്നു നീ പരിഹസിച്ച ആ മണ്ടൻ ചിലന്തി രാത്രി മുഴുവൻ കഷ്ടപ്പെട്ടു വലകെട്ടിയത് ആജീവനാന്തം അതിൽ തന്നെ ഇരുന്ന് ജീവിതം തീർക്കാനല്ല. പിറ്റേന്ന് ആൾ സഞ്ചാരം തുടങ്ങും മുമ്പ് അതുവഴി വരുന്ന ഒരു പ്രാണിയെ പിടിച്ച് ഭക്ഷിക്കാൻ വേണ്ടി  മാത്രമാണ്. ആ ചിലന്തിക്കു വേണ്ടി സൃഷ്ടാവ് നിശ്ചയിച്ച ഒരു പ്രാണിയായിരിക്കും ആ വലയിൽ വീഴുന്നതും.

ആയുഷ്കാലം മുഴുവൻ മാട്രിമോണിയൽ സൈറ്റിൽ പ്രൊഫൈൽ ഇട്ട് കാത്തിരിക്കാനല്ല, നിനക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട  ആ ഒരു പുരുഷനെ ആകർഷിച്ച് അവനെ സ്വന്തമാക്കാൻ വേണ്ടിയാണു നീയും ശ്രമിക്കേണ്ടത്......

ഈ കഥ ആദ്യം പറഞ്ഞു കൊടുത്ത ആളെ എനിക്കപ്പോൾ ഓർമ്മ  വന്നു. അവൾ അമ്മയെയും കൂട്ടി ആണ് എന്നെ കാണാൻ വന്നത്. ഇതുപോലെ കുടുകുടെ ചിരിക്കുന്ന ഒരു പെൺകുട്ടിയെ ഞാൻ വേറെ കണ്ടിട്ടേയില്ല. അത്ര ചടുലവും മനോഹരവും ആയിരുന്നു ആ ചിരി. 40 വയസ്സായെന്ന് ആ കൊച്ചിനെ കണ്ടാൽ പറയത്തേയില്ല. ഇതുവരെ വിവാഹം നടന്നില്ല, ഇനി നടക്കും എന്നു പ്രതീക്ഷയും ഇല്ല. അടുത്തുള്ള മഠത്തിലെ മദർ പറഞ്ഞിട്ടാണ് എന്നെ കാണാൻ വന്നിരിക്കുന്നത് അത്രെ. സാറ് രസമുള്ള കാര്യങ്ങൾ എഴുതാറുണ്ടെന്ന് മദർ പറഞ്ഞു, കുറെ ഞാനും വായിച്ചിട്ടുണ്ട്. എഴുത്തുകാരനെ കാണാനാണ് വന്നത്. കല്യാണം അന്വേഷിക്കാനല്ല കേട്ടോ, സാറിനെ ഒന്നു കണ്ടിട്ട് ഉടനേ പോകുകയാണ്. എന്നൊക്കെ വാതോരാതെ സംസാരിക്കുകയും, കുത്തും കോമയും ഇടേണ്ടിടത്തെല്ലാം കുടുകുടെ ചിരിക്കുകയും ചെയ്യുന്ന ആ പെൺകുട്ടിയോടു ഞാൻ പറഞ്ഞു, പെങ്ങളേ, കല്യാണം നടക്കുന്നത് തമ്പുരാന്റെ നിശ്ചയം പോലെയാ. കല്യാണം അന്വേഷിക്കാനുള്ള ഒരു ഉപകരണം മാത്രമാണ് ഞങ്ങൾ. കല്യാണം നടത്തിത്തരാം എന്നു പറയാനുള്ള പ്രാപ്തി എനിക്ക് ഇല്ല. നമുക്ക് അന്വേഷിക്കാം, കിട്ടുമോ എന്ന് എനിക്കറിഞ്ഞു കൂടാ.

അയ്യോ സാറേ, അതിനു ഫീസു തരാനൊന്നും എന്റെ കയ്യിൽ കാശില്ല.

അപ്പോൾ അമ്മ കയറി പറഞ്ഞു, സാറെ കാശില്ലാത്ത കൊണ്ടോ കല്യാണം നടക്കാതെ പോയത്. ഇവളുടെ അപ്പച്ചൻ  ഒരു പ്രത്യേക സ്വഭാവക്കാരനാ. റോഡ് സൈഡിൽ മുന്നേക്കർ സ്ഥലമുണ്ട്, പക്ഷേ രൂപാ ഒന്നും കയ്യിലില്ല. വീട് വളരെ പഴയതാണ്, ഒരു പത്തു സെന്റ്  സ്ഥലം വിറ്റാൽ നല്ല അന്തസ്സായിട്ട് ഇവളെ പണ്ടേ കെട്ടിച്ചു വിടാമായിരുന്നു. ദത്തു നിൽക്കാൻ തയ്യാറാള്ള ഏതെങ്കിലും പയ്യനെ കിട്ടിയാലേ കെട്ടിക്കുന്നുള്ളു എന്നാ അപ്പച്ചൻ പറയുന്നത്. അടുത്തുള്ള മഠത്തിലെ മദർ ഭവന സന്ദർശനത്തിനു വന്നപ്പോൾ ഇക്കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി. എന്നാലും സ്ഥലം വിൽക്കുന്ന കാര്യം വരുമ്പോൾ അപ്പച്ചന് വല്യ വിഷമമാണ്. ഞങ്ങളുടെ കാലശേഷം  ഇവളെന്തു ചെയ്യും എന്നാലോചിക്കുന്പോൾ എന്റെ  ഉള്ളിലൊരു ആന്തലാണ്.

എനിക്ക് ഒരു വിഷമവും ഇല്ല സാറേ, ഞാൻ ഒറ്റ പുത്രി ആണേലും, എനിക്ക് പത്തിരുപത്തഞ്ച് കസിൻസ് ഉണ്ട്. എല്ലാരേം കൂടി കാൻവാസ് ചെയ്താൽ ഒരു നഴ്സറി സ്കൂൾ തുടങ്ങാൻ മാത്രം പിള്ളേരെ കിട്ടും.

മോളേ, നിന്റെ പ്രസരിപ്പും മനോഭാവവും ഒത്തിരി വിലപ്പെട്ടതാണ്. നിന്റെ സ്ഥാനത്ത് മറ്റേതൊരു പെൺകുട്ടി ആയിരുന്നെങ്കിലും യാതൊരു മുഖപ്രസാദവും ഇല്ലാതെ ആയിരിക്കും ഇവിടെ വന്നിരിക്കുക. ആരെങ്കിലും അവളെ പെണ്ണുകാണാൻ വന്നാൽ പോലും മുഖം തെളിയില്ല. കാണാൻ വന്നവൻ  മനം മടുത്ത് പോകുകയും ചെയ്യും. ഞാൻ ഉത്സാഹമായിട്ട് ശ്രമിച്ചു നോക്കാം എന്നൊക്കെ പറഞ്ഞ് ഇവരെ യാത്രയാക്കി.

പിറ്റേന്നു രാവിലെ, എന്റെ ടീം എല്ലാവരെയും വിളിച്ച് സൈറ്റിൽ 40 വയസ്സിനു മുകളിലുള്ളവരെ കുറിച്ച് ചർച്ച ചെയ്തു. അതിലൊരാളെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ തന്നെ ഒരു നിമിത്തം പോലെ അയാൾ ഓഫീസിൽ വന്നു. നല്ല പെരുമാറ്റവും സംഭാഷണവും ഉള്ള ഒരാളാണ്. കോൺട്രാക്ട് വർക്കുകൾ ഏറ്റെടുത്തു ചെയ്യുന്നതു കൂടാതെ, മൂപ്പർക്ക് കുറച്ച് റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഉണ്ട്. അപ്പൻ മരിച്ചതിനെ തുടർന്ന് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പഠനം നിർത്തി സ്വയം കോൺട്രാക്ട് പണി ആരംഭിച്ചു. മൂന്നു പെങ്ങന്മാരെ കെട്ടിച്ചു കഴിഞ്ഞപ്പോഴേക്കും വയസ്സ് നാല്പത്തിയഞ്ച് ആയി. ഞങ്ങള് ആ കൊച്ചിനെക്കുറിച്ച് അദ്ദേഹത്തോടു പറഞ്ഞു. ഞാനൊന്ന് ആലോചിക്കട്ടെ എന്നു മാത്രം പറഞ്ഞ് ആള് പോയി.

ഒരു വർഷം കഴിഞ്ഞാണ് പിന്നെ ഈ ചിരിക്കുടുക്കയെ കാണുന്നത്. ഈ പയ്യനെയും കൂട്ടി ഓഫീസിൽ വന്നു, ഞങ്ങളുടെ കല്യാണം കഴിഞ്ഞു സാറേ, എല്ലാം പെട്ടെന്നായിരുന്നു. പന്തലും സദ്യയും ഒന്നും ഇല്ലായിരുന്നു. അതുകൊണ്ടാ നിങ്ങളെ വിളിക്കാഞ്ഞത്. ഇവിടെത്തെ ഫീസ് തന്നില്ലായിരുന്നല്ലോ, അതു എനിക്ക് കടമുണ്ട്.

അതിനു ഞങ്ങളൊന്നും ചെയ്തില്ലല്ലോ മോളേ. ആട്ടെ ഇങ്ങേരെങ്ങിനെയാ നിന്റെ അപ്പച്ചനെ സമ്മതിപ്പിച്ചത്?

വഴിയരുകിൽ പത്തുസെന്റ് സ്ഥലം വേണം എന്നു പറഞ്ഞാണ് ചേട്ടൻ അപ്പച്ചനെ കാണാൻ വന്നത്. എല്ലാ ആഴ്ചയും വന്ന് സ്ഥലം കൊടുക്കുമോ എന്നു ചോദിക്കും. അപ്പച്ചന കൊടുക്കില്ല എന്നു പറയും. ഒന്നൂടെ ആലോചിച്ച് ഒരു വില പറയു എന്നു പറഞ്ഞ് ചേട്ടൻ പോകും. ഒടുവിൽ അപ്പച്ചൻ കൂടിയ ഒരു വില പറഞ്ഞു. പിന്നെ കുറെ പ്രാവശ്യം വന്ന് വിലപേശൽ നടത്തി ഒടുവിൽ ഒരു ന്യായ വിലയ്ക്ക് ചേട്ടൻ  സ്ഥലം  ഏതോ ഇടപാടുകാരുടെ പേരിൽ വാങ്ങി, എന്നിട്ട് അവരോട് കോണട്രാക്ട് എടുത്ത് അതിൽ വീടു പണി തുടങ്ങി. പിന്നെ എന്നും പണി സ്ഥലത്തു വരും, അങ്ങിനെ  അപ്പച്ചനോടു നല്ല കമ്പനി ആയി. പിന്നെ ഞങ്ങളുടെ വീടു റിപ്പയർ ചെയ്തു പുതുക്കാനുള്ള കോൺട്രാക്ടും അപ്പച്ചൻ ചേട്ടനു കൊടുത്തു. വീടു ഭംഗിയാക്കി കഴിഞ്ഞപ്പോൾ ഇനി ഇവൾക്ക് ഒരു കല്യാണം കൂടി ശരിയായാൽ സമാധാനമായിട്ട് മരിക്കാമായിരുന്നു എന്ന് അപ്പച്ചൻ പറഞ്ഞു.

എന്ററിവിൽ ഇവളെ കെട്ടാൻ ഒരാളുണ്ട്, നിങ്ങൾക്കു പറ്റുമോ എന്നു നമുക്ക് നേരിട്ടു പോയി ഒന്നന്വേഷിക്കാം എന്നു പറഞ്ഞ് ചേട്ടൻ അപ്പച്ചനെ ചേട്ടന്റെ വീട്ടിലേക്ക്  കൂട്ടികൊണ്ടു പോയി. ഇതാണ് എന്റെ കുടുംബവും സ്വത്തും സൌകര്യങ്ങളും. ഇതൊക്കെ ചേരുമെങ്കിൽ അവളെ എനിക്ക് കെട്ടിച്ചു തന്നേക്കു എന്ന് ചേട്ടൻ പറഞ്ഞു, അപ്പച്ചൻ സമ്മതിച്ചു.

----------------
ഈ ചിരിക്കുടുക്കയുടെ മനോഭാവം നിനക്കും ഉണ്ടാകട്ടെ  എന്ന് ആഗ്രഹിച്ചാണ് ഇതൊക്കെ പറയുന്നത്. ഇപ്പോൾ സന്തോഷിക്കാൻ ഒരു കാരണവും കണ്ടു പിടിക്കാൻ പറ്റാത്തവർക്ക് കല്യാണം കഴിഞ്ഞാലും സന്തോഷത്തിന് കാരണം കണ്ടു പിടിക്കാനാവില്ല. അതിനാൽ, നിനക്ക് സംഭവിച്ചതെല്ലാം നല്ലതിനാണെന്നും ഇനിയും നല്ലത് സംഭവിക്കുമെന്നും പ്രത്യാശ വെച്ച് സന്തോഷം കണ്ടെത്തണം. നിനക്ക് നിയന്ത്രണമുള്ള കാര്യങ്ങളിൽ, നിന്നാലാവുന്ന മാറ്റങ്ങൾ നീ തന്നെ വരുത്തണം. ഇപ്പോൾ തന്നെ ചൊടിയായിട്ടു പോയി നല്ല രണ്ടു ഫോട്ടോ എടുത്ത് സൈറ്റിൽ ഇടുക....

All the Best !
George Kadankavil - November 2017

What is Profile ID?
CHAT WITH US !
+91 9747493248