അങ്കിളേ, എനിക്കൊരു പ്രൊപ്പോസൽ വന്നു, ഞാൻ പോയി ആ കുട്ടിയെ കണ്ടു, നല്ല താല്പര്യം ആയി, പരസ്പരം ഫോണിൽ സംസാരിക്കാൻ തുടങ്ങി. ഏതാനും പ്രാവശ്യം സംസാരിച്ചപ്പോഴാണ് എനിക്കു മനസ്സിലാകുന്നത്, ആ കുട്ടിക്ക് ഒരുപാട് മാനസിക സംഘർഷങ്ങൾ ഉണ്ടെന്ന്. അവളുടെ മാതാപിതാക്കൾ രണ്ടു പേരും വഴക്കടിക്കുകയും, തമ്മിൽ തല്ലുകയും ചെയ്യുന്നവരാണെന്ന് ഒരു ദിവസം എന്നോടു പറഞ്ഞു. അതു കേട്ടിട്ട് എനിക്കും കുറെ അസ്വസ്ഥത തോന്നി. അടുത്ത ദിവസം സംസാരിച്ചപ്പോൾ, അവളുടെ ശരീരത്തിന്റെ ഭംഗിയെക്കുറിച്ച് അവൾക്കുതന്നെ തൃപ്തിയില്ലെന്നു തോന്നും വിധം, സ്വന്തം ശരീരത്തിന്റെ കുറെ കുറ്റങ്ങൾ പറഞ്ഞു. അതു കേട്ടപ്പോൾ ഞാൻ കുറെക്കൂടി അസ്വസ്ഥനായി. അടുത്ത ദിവസം അവൾ വിളിച്ചപ്പോൾ ഞാൻ ഓഫീസിൽ ഒരു പ്രശ്നത്തിന്റെ ഇടയിൽ ആയിരുന്നതിനാൽ ഫോണെടുത്തില്ല. ഓഫീസിലെ അസ്വസ്ഥതകൾക്കിടയിൽ വേറെ മനപ്രയാസങ്ങൾ കേൾക്കേണ്ടി വന്നെങ്കിലോ എന്നു ഭയന്ന് ഏതാനും ദിവസത്തേക്ക് ഞാൻ തിരിച്ചു വിളിച്ചതുമില്ല.
അഞ്ചാം ദിവസം എനിക്ക് അവധി ആയിരുന്നു, തലേരാത്രി നല്ല പോലെ ഉറങ്ങി എണീറ്റ്, കുളിച്ച് ഫ്രഷ് ആയി ഉന്മേഷം സംഭരിച്ച്, ഞാൻ അവളെ വിളിച്ചു. ഫോണെടുത്തതും അവൾ പൊട്ടിത്തെറിക്കാൻ തുടങ്ങി. നീയും എന്റെ അപ്പനെപ്പോലെ ഒരു സാഡിസ്റ്റാണ്. ആറു ദിവസമായി, ഒന്നും മിണ്ടാതെ എന്നെയിട്ടു മാനസികമായി പീഡിപ്പിച്ചില്ലേ?.
ഓഫീസിലെ പ്രശ്നങ്ങൾ കൊണ്ടാ വിളിക്കാൻ വൈകിയത് എന്നു പറഞ്ഞിട്ട്, എന്തായിരുന്നു പ്രശ്നം എന്നു ചോദിക്കാൻ പോലും കൂട്ടാക്കാതെ അവള് പറഞ്ഞു, ഈ കല്യാണം ഇനി നടത്തണോ എന്ന് എനിക്ക് ഒന്നു കൂടി ആലോചിക്കണം.
എനിക്ക് നല്ല ദേഷ്യം വന്നു. ഒന്നാമത് അസ്വസ്ഥത ഉണ്ടാക്കുന്ന വർത്തമാനം മാത്രമാണ് ഇതുവരെ അവളിൽ നിന്നും കേട്ടിരിക്കുന്നത്. അഞ്ചു ദിവസം എന്നത് ആറ് എന്ന് അവള് കൂട്ടിപ്പറഞ്ഞത് കേട്ടതോടെ അവളെ വിശ്വസിക്കാൻ കൊള്ളില്ല എന്നു ഞാൻ തീർച്ചയാക്കി. അതുകൊണ്ട് ഞാനും പറഞ്ഞു, ഞാൻ നിന്നെ കെട്ടിയിട്ട് ഒന്നും ഇല്ലല്ല്ലോ? ഇനി കെട്ടണോ വേണ്ടയോ എന്ന് എനിക്കും ഒന്നുകൂടെ ആലോചിക്കണം.. ങ്ഹാ. ങ്ഹാ... എന്ന് പറഞ്ഞ് രണ്ടാളും ഫോൺ കട്ട് ചെയ്തു. അന്ന് തന്നെ അവളുടെ അപ്പൻ എന്റെ വീട്ടിൽ വിളിച്ച് ഈ കേസു വിട്ടു എന്നു അറിയിച്ചു.
അത് അവിടം കൊണ്ട് അവസാനിച്ചു എന്നാ ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ മൂന്നു വർഷമായി, എനിക്ക് ഏത് വിവാഹാലോചന വന്നാലും അവളുടെ വീട്ടുകാർ അത് മുടക്കി വിടും. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത എന്നെ മുഴുക്കുടിയനായും വഴക്കാളി ആയും ഒക്കെയാണ് ഓരോ പെൺകുട്ടികളുടെ വീടുകളിൽ ചിത്രീകരിച്ചിരിക്കുന്നത്.
എന്തെങ്കിലും അപവാദം കേട്ടാൽ ഉടൻ, അതിന്റെ സത്യാവസ്ഥ അന്വേഷിച്ചറിയാതെ പ്രൊപ്പോസലുകൾ ഉപേക്ഷിക്കരുത് എന്നൊരു ബോധവത്ക്കരണം ബെത് ലെഹം അംഗങ്ങളുടെ ഇടയിലെങ്കിലും നടത്താനാണ് ഞാൻ അങ്കിളിന്റെ സഹായം ചോദിക്കുന്നത്.
മോനേ, നിന്റെ കല്യാണ ആലോചനകൾ മുടക്കിയത്, ആ പെൺകുട്ടിയുടെ വീട്ടുകാരാണെങ്കിൽ, അപ്പോഴത്തെ ദേഷ്യത്തിന് അവര് നിന്റെ നാട്ടിലെ അവർക്കടുക്കാവുന്നവരോടു മുഴുവനും ഒരു അപവാദ പ്രചരണം നടത്തുകയായിരിക്കും ചെയ്തിരിക്കുക. അങ്ങിനെ എങ്കിൽ, മോന് ഇതിനോടകം നാട്ടിൽ മുഴുവനും ചീത്തപ്പേര് ലഭിച്ചിട്ടുണ്ടാകണം.
അങ്ങിനെ സംഭവിച്ചിട്ടുണ്ടോ?
ഇല്ലങ്കിൾ, ഓരോ പ്രൊപ്പോസലും പോയി കണ്ടു ഇഷ്ടമായെന്നു അറിയിച്ച ശേഷമാണ് മുടങ്ങുന്നത്.
എന്നു വെച്ചാൽ നിനക്ക് ആലോചന വന്ന് ഇഷ്ടപ്പെട്ട വീടുകളിലേക്ക് മാത്രമാണ് അപവാദ പ്രചരണം. എങ്കിൽ, ആ പെൺകുട്ടിയുടെ വീട്ടുകാരെ സംശയിക്കാൻ വരട്ടെ. ആദ്യം മോന്റെ അടുപ്പക്കാരുടെ ഇടയിൽ ഒരു ചാരൻ, അല്ലെങ്കിൽ ശത്രു, അതുമല്ലെങ്കിൽ ഒരു മാനസിക രോഗി ഉണ്ടായിരിക്കാം എന്നു വേണം സംശയിക്കാൻ.
അല്ലെങ്കിൽ പിന്നെ നടക്കാൻ സാദ്ധ്യതയുള്ള ആലോചനകളെക്കുറിച്ച് മാത്രം എങ്ങിനെയാണ് നിന്റെ കല്യാണം മുടക്കികൾ അറിയുന്നത്?
ഇതു കേട്ടിട്ട് ബന്ധു മിത്രാദികളെ ഒന്നടങ്കം ശത്രുക്കളായി കണക്കാക്കി ശത്രുതയോടെ പെരുമാറരുത്. അവരാണ് നിന്റെ ഒരു പ്രധാന ശക്തി സ്രോതസ്സ്. ആ ശക്തി പരമാവധി പ്രയോജനപ്പെടുത്തി നിന്റെ വിവാഹം നല്ല രീതിയിൽ നടക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതായിരിക്കണം ഇപ്പോൾ നിന്റെ ടാസ്ക്.
ആദ്യമായി മോന്റെ മാതാപിതാക്കളും അവരുടെ സഹോദരങ്ങളും, നിന്റെ വിവാഹിതരായ സഹോദരങ്ങളുടെ Inlaws, പിന്നെ നിങ്ങളുടെ അയൽക്കാർ, കുടുംബസുഹൃത്തുക്കൾ, ഇവരോടൊക്കെ നിങ്ങൾക്ക് എന്തുതരം ബന്ധമാണുള്ളത് എന്ന് വിലയിരുത്തണം. എല്ലാവരോടും നല്ല ബന്ധമാണോ? അല്ലെങ്കിൽ അവരുമായുള്ള ബന്ധം മെച്ചപ്പെടുത്തൽ ഉടനെ ആരംഭിക്കണം.
നീ അന്യ നാട്ടിൽ പോയി ചെയ്യാൻ തുടങ്ങിയിട്ട് കുറെ വർഷങ്ങളായില്ലേ! ഇവരെയൊക്കെ കണ്ടിട്ടും ബന്ധം പുതുക്കിയിട്ടും എത്ര കാലമായിട്ടുണ്ടാവും?
ഓരോ പ്രൊപ്പോസലും മുറുകി വരുന്ന സമയത്ത് പെൺകൂട്ടർ, അവരുടെ വേണ്ടപ്പെട്ടവർ വഴി നിന്റെ ഈ ബന്ധുക്കൾ ആരോടെങ്കിലും നിന്നെപ്പറ്റി അന്വേഷിക്കുമെന്ന് ഉറപ്പാണ്. വർഷങ്ങളായി തമ്മിൽ കണ്ടിട്ടോ മിണ്ടിയിട്ടോ ഇല്ലാത്ത നിന്റെ ഈ വേണ്ടപ്പെട്ടവർക്ക് നിന്നെപ്പറ്റി ധൈര്യമായിട്ട് റെക്കമെന്റ് ചെയ്യാൻ സാധിക്കുമോ?
ഈ വേണ്ടപ്പെട്ടവരെ എല്ലാം പോയി കണ്ടു കുശലം പറയണം, സാധിക്കില്ലെങ്കിൽ ഇവരെ ഫോൺ ചെയ്തെങ്കിലും ബന്ധം പുതുക്കണം. ആരോടെങ്കിലും പിണക്കത്തിലാണെങ്കിൽ അവരോട് നിരുപാധികം ക്ഷമിക്കണം. അവരുടെ സഹകരണം കിട്ടിയാലും ഇല്ലെങ്കിലും അത് ചോദിക്കേണ്ടത് നിന്റെ കടമയാണ്.
വലുപ്പചെറുപ്പം നോക്കരുത്. ആരെയും നിസ്സാരമായി കണക്കാക്കരുത്. പഞ്ചതന്ത്രത്തിലെ ദന്തിലന്റെ കഥ കേട്ടിട്ടുണ്ടോ?
ഇല്ല അങ്കിൾ!
ദന്തിലൻ നാട്ടിലെ പ്രമാണി ആയിരുന്നു. രാജാവിനു പ്രിയപ്പെട്ട ആൾ, രാജകൊട്ടാരത്തിൽ എവിടെയും കയറി ചെല്ലാൻ സ്വാതന്ത്ര്യം ഉള്ള പ്രധാനി. ദന്തിലൻ ഒരിക്കൽ കൊട്ടാരം തൂപ്പുകാരനെ ഗൌനിക്കാത്ത വിധം പെരുമാറിയതിനാൽ തൂപ്പുകാരന് ദന്തിലനോട് വിരോധമായി. ഒരിക്കൽ രാജാവ് കിടക്കുന്ന മുറി തുടക്കുന്നതിന്റെ ഇടയിൽ തൂപ്പുകാരൻ ആത്മഗതം പോലെ പറഞ്ഞു, അയ്യയ്യോ എന്തുകഷ്ടം ദന്തിലൻ രാജ്ഞിയെ കെട്ടിപ്പിടിക്കുന്നല്ലോ? രാജാവ് ഉടനെ തൂപ്പുകാരനെ ചോദ്യം ചെയ്തു നീ എന്താ പറഞ്ഞത്? മഹാരാജാവേ, ഞാൻ രാത്രി മുഴുവനും ചൂതു കളിക്കുകയായിരുന്നു, ഇപ്പോൾ ഉറക്കപ്പിച്ചിലാണ്, ഞാൻ എന്താ പറഞ്ഞത്?
രാജാവ് കൂടുതൽ ചോദിച്ചില്ല, പക്ഷേ മനസ്സിൽ വിചാരിച്ചു, ഇവൻ എന്തെങ്കിലും കണ്ടിട്ടാവും ഉറക്കപ്പിച്ചിൽ അത് പറഞ്ഞത്. പിന്നീട്, ദന്തിലൻ വന്നപ്പോൾ രാജാവ് ഗൌനിക്കാതെ മുഖം തിരിച്ചു. കടുത്ത ആശങ്കയോടെ കൊട്ടാരത്തിൽ നിന്നു പോകുന്ന ദന്തിലനെ നോക്കി തൂപ്പുകാരൻ അമർത്തി ചിരിച്ചു. ദന്തിലന് കാര്യങ്ങളുടെ കിടപ്പ് പെട്ടെന്ന് മനസ്സിലായി. അയാൾ അന്ന് തന്നെ തൂപ്പുകാരനെ തന്റെ വീട്ടിലേക്ക് വിളിപ്പിച്ച്, നല്ല ഭക്ഷണവും വസ്ത്രങ്ങളും കുറച്ച് പണവും കൊടുത്ത്, തന്റെ പെരുമാറ്റത്തിന് ക്ഷമ ചോദിച്ചു.
അടുത്ത ദിവസം രാജാവ് കിടക്കുന്ന മുറി തൂക്കുമ്പോൾ തൂപ്പുകാരൻ ആത്മഗതം പറഞ്ഞു, അയ്യയ്യോ എന്തു കഷ്ടം രാജാവ് കക്കൂസിലിരുന്നു വെള്ളരിക്കാ തിന്നുന്നല്ലോ!, രാജാവ് തൂപ്പുകാരനോടു ചോദിച്ചു നീ ഇപ്പോൾ എന്താ പറഞ്ഞത്? മഹാരാജാവേ, ഞാൻ രാത്രി മുഴുവനും ചൂതുകളിക്കുകയായിരുന്നു, ഇപ്പോൾ ഉറക്കപ്പിച്ചിലാണ്, ഞാൻ എന്താ പറഞ്ഞത്?
രാജാവ് കൂടുതൽ ചോദിച്ചില്ല, പക്ഷേ മനസ്സിൽ വിചാരിച്ചു, കഷ്ടം ഇവന്റെ ഉറക്കപ്പിച്ചു കേട്ട് ഞാൻ പാവം ദന്തിലനെ സംശയിച്ചല്ലോ! രാജാവ് അടുത്ത ദിവസം ആളയച്ച് ദന്തിലനെ വരുത്തി ധാരാളം സമ്മാനങ്ങൾ കൊടുത്ത് സൌഹൃദം പുനസ്ഥാപിച്ചു.
അതുകൊണ്ട് ആരേയും പ്രാധാന്യം കുറച്ച് കാണരുത്. ആവുന്നത്ര ബന്ധുമിത്രാദികളുടെ അടുപ്പം കൊണ്ട് ഒരു പ്രതിരോധ വലയം തീർത്താൽ നിനക്ക് കല്യാണം മുടക്കി എന്ന പ്രശ്നത്തെ കൂടുതൽ കരുത്തോടെ നേരിടാം.
ആരാണ് മുടക്കിയത് എന്ന് അറിഞ്ഞേ തീരുവെങ്കിൽ ഒരു നല്ല ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റിനെ സമീപിച്ച് കല്യാണം മുടക്കികൾ എന്നൊരു ഫീച്ചർ എഴുതാൻ ആവശ്യപ്പെടാം. വിവര ശേഖരണത്തിന് നിന്റെ മുടക്കപ്പെട്ട പ്രൊപ്പോസലുകളുടെ വിവരങ്ങൾ കൊടുക്കുക. അഞ്ചാംപത്തി ആരെന്ന് അവർക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞേക്കും. എങ്കിലും നീ പ്രതികാരം ആഗ്രഹിക്കരുത്. അവരുടേത് ഒരു മാനസിക വൈകല്യമാണ്.
ഇനി വരുന്ന ആലോചന അത്യാവശ്യം ഉള്ള ചുരുക്കം ആളുകളെ മാത്രം അറിയിക്കുക. പെണ്ണു കാണലിനു മുമ്പുള്ള Scrutiny പരിമിതപ്പെടുത്തി കൂടുതൽ പ്രൊപ്പോസലുകൾ പോയി കാണാൻ ശ്രമിക്കുക. പെൺ വീട്ടുകാരോടും പെൺകുട്ടിയോടും ഹൃദയപൂർവ്വം സംസാരിക്കണം. കല്യാണം മുടക്കികളെ ഭയപ്പെട്ട് പെൺവീട്ടുകാരോട് കള്ളം പറയുകയോ, ക്രിത്രിമമായി പെരുമാറുകയോ അരുത്. ആത്മാർത്ഥമായി തന്നെ പെരുമാറണം. ബാക്കി തമ്പുരാനെ ഏല്പിക്കുക.
നിന്റെ പെണ്ണിനെ, തക്ക സമയത്ത്, തമ്പുരാൻ കൊണ്ടു വന്നു മുന്നിൽ നിർത്തും. ആ വിശ്വാസം വേണം ഉള്ളിൽ എപ്പോഴും.
October 2017