കോരിച്ചൊരിയുന്ന മഴ കഴിഞ്ഞ് കാട്ടിൽ ഒരു മരച്ചില്ലയിൽ തണുത്ത് വിറച്ച് ഇരിക്കുകയാണ് ഒരു പാവം കുരങ്ങച്ചൻ. പെട്ടെന്ന് അതാ ഒരു മിന്നാമിനുങ്ങ് ഇത്തിരി വെട്ടം കാണിച്ചു കൊണ്ട് അവന്റെ നേരെ പറന്നു വരുന്നു. ഒറ്റച്ചാട്ടത്തിന് കുരങ്ങൻ ആ മിന്നാ മിന്നിയെ പിടിച്ച് കൈക്കുള്ളിലാക്കി, എന്നിട്ട് തീക്കനൽ ഊതിക്കത്തിക്കുന്നതു പോലെ അവനതിനെ ഊതിക്കത്തിച്ച് ചൂടു കായാൻ ശ്രമം തുടങ്ങി.
അടുത്ത ചില്ലയിലെ തന്റെ കൂട്ടിൽ ഇരുന്ന സൂചിമുഖിപക്ഷി, ഇതു കണ്ട് കുരങ്ങനെ ഉപദേശിച്ചു. എടാ കുരങ്ങാ അതിനെ ഊതിയിട്ട് ഒരു പ്രയോജനവും ഇല്ല. അതു തീക്കനൽ അല്ല, ഒരു മിന്നാമിനുങ്ങാണ്. ഊതിയാൽ കത്തില്ല, നിനക്ക് ചൂടും കിട്ടില്ല.
കുരങ്ങന് അതിഷ്ടപ്പെട്ടില്ല, - നീ പോടീ - എന്നു പറഞ്ഞ് അവൻ പിന്നെയും ഊതാൻ തുടങ്ങി.
സൂചിമുഖിപക്ഷി പക്ഷേ വിട്ടില്ല, എടാ മണ്ടാ, കൊരങ്ങാ വിടെടാ, നിർത്തടാ, എന്നെല്ലാം പറഞ്ഞ് ചിലച്ചുകൊണ്ട് കുരങ്ങന്റെ വട്ടം ചുറ്റി.
കുരങ്ങന് നല്ല ദേഷ്യം വന്നു, അവൻ സൂചിമുഖിപക്ഷിയെ ചാടിപ്പിടിച്ച് അടിച്ചു കൊന്നു. എന്നിട്ടും ദേഷ്യം തീരാഞ്ഞിട്ട് അതിന്റെ കൂടും വലിച്ചു പറിച്ചു കളഞ്ഞിട്ട് വീണ്ടും മിന്നാമിന്നിയെ ഊതിക്കത്തിക്കുന്ന പണി തുടർന്നു.
പരിശ്രമങ്ങളിൽ നിരന്തരം പരാജയപ്പെട്ടിരിക്കുന്ന ആളെ ഉപദേശിച്ച് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവർ സൂചിമുഖിപ്പക്ഷിയെപ്പോലെ സ്വയം നശിച്ചു പോകും എന്ന് പഠിപ്പിക്കുവാൻ പഞ്ചതന്ത്രത്തിൽ കൊടുത്തിരിക്കുന്ന ഒരു കഥയാണിത് എന്നു പറഞ്ഞ്, എന്റെ മുന്നിലിരിക്കുന്ന സഹോദരിയുടെ മുഖത്തേക്ക് ഞാനൊന്നു നോക്കി. ഏതാണ്ട് ഇതുപോലെ ഒരുപ്രശ്നം ഉണ്ടെന്നു പറഞ്ഞാണ് ഇവർ എന്നെ കാണാൻ വന്നത്. പക്ഷേ ഈ കഥ കേട്ടിട്ട് ഈ സോഹദരിക്ക് നല്ല നീരസമാണ് തോന്നിയത്, എന്ന് ആ മുഖഭാവം കണ്ടാലറിയാം. ഏതായാലും ഞാൻ ചോദിച്ചു,
പെങ്ങളേ, നമ്മളിലാരാ ഇപ്പോൾ സൂചിമുഖിപക്ഷി? അവര് പെട്ടെന്ന് ചിരിച്ചു. എനിക്ക് സമാധാനമായി. നല്ല ജോലിയും ഉയർന്ന വിദ്യാഭ്യാസവും ഉള്ള ആളാണ് എന്റെ ഭർത്താവ്. വിവാഹം കഴിഞ്ഞിട്ട് നാലു വർഷമായി. ഒരു വർഷം മുമ്പ്, ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച്, ചില സഹപ്രവർത്തകരെയും കൂട്ടി ഒരു സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങി. നാളിതുവരെ ആയിട്ടും ഈ ബിസിനസ്സിൽ നിന്നും നയാപൈസയുടെ വരുമാനം കിട്ടിയിട്ടില്ല. സ്വന്തം സമ്പാദ്യം മുഴുവനും തീർന്നു. ഇപ്പോൾ അപ്പന്റെ കയ്യിൽ നിന്നും കടം വാങ്ങി കമ്പനി ഓടിക്കുകയാണ്. താമസിയാതെ എന്റെ സ്ത്രീധനത്തിലും കൈ വെക്കും എന്ന് എനിക്ക് അറിയാം. എനിക്ക് ജോലിയുള്ളതു കൊണ്ട് പട്ടിണി കിടക്കില്ല.
അമേരിക്കയിലെ പരിതസ്ഥിതി മാറിയതു കൊണ്ട് ഇവർക്ക് ഉദ്ദേശിച്ച ബിസിനസ്സ് ഒന്നും കിട്ടുന്നില്ല. പഴയ ജോലിയിൽ കയറാനും ഇപ്പോൾ വിഷമമായിരിക്കും, കാരണം ആ കമ്പനിക്കും ഇപ്പോൾ അമേരിക്കയിലെ ബിസിനസ്സ് കിട്ടുന്നില്ലത്രെ. ഇത് നിർത്ത്, എന്നിട്ട് ഏതെങ്കിലും ജോലിക്കു കയറ് എന്ന പല വട്ടമായി ഞാൻ പറയുന്നു. പക്ഷേ പുള്ളിക്കാരന് അത് സമ്മതമല്ല. സ്റ്റാർട്ടപ്പ് എന്നൊക്കെ പറഞ്ഞാൽ രണ്ടു മൂന്നു വർഷമെങ്കിലും പിടിച്ചു നിന്നെങ്കിലേ പച്ച പിടിക്കൂ എന്നാണ് ഭർത്താവ് പറയുന്നത്. എനിക്കെന്തോ പേടിയാകുന്നു, ഇതെങ്ങിനെയെങ്കിലും അവസാനിപ്പിച്ച് ഒരു സ്ഥിര വരുമാനമുള്ള ജോലിയിലെത്തണം എന്നാണ് എന്റെ ആഗ്രഹം.
ഭർത്താവിനോട് ഞാനിതു പറയുമ്പോഴെല്ലാം ഞങ്ങളുടെ വർത്തമാനം പിണക്കത്തിലാണ് അവസാനിക്കുന്നത്. മുഴുവൻ സമയവും ഫോണും കംപ്യൂട്ടറും മീറ്റിംഗും മാത്രമേ ഉള്ളൂ, എന്നോട് സംസാരിക്കാൻ പോലും ആൾക്ക് നേരമില്ല. പുള്ളിക്കാരനെ എങ്ങിനെയാ ഇതൊക്കെ ഒന്നു പറഞ്ഞു മനസ്സിലാക്കുന്നത് എന്ന് ആലോചിക്കാനാ ഞാൻ സാറിനെ കാണാൻ വന്നത്. അപ്പോൾ സാറെന്നെ സൂചിമുഖി പക്ഷിയാക്കി. സാറു പറഞ്ഞതു ശരിയാ, ഞാൻ ആ സൂചിമുഖി പക്ഷിയെപ്പോലെ കുറെ ചിലച്ചിട്ടുണ്ട്. പക്ഷേ വേറെ എന്തു ചെയ്യും?
മോളേ, സൂചിമുഖി പക്ഷി ചിലച്ചത് ഏത് ഭാവത്തിലാണ് എന്ന് ശ്രദ്ധിച്ചോ?. കുരങ്ങനെ നിരുത്സാഹപ്പെടുത്താനും, പിന്തിരിപ്പിക്കാനും അല്ലേ അവൾ ശ്രമിച്ചത്? അവൻ മണ്ടനാണെന്ന ഒരു ധ്വനിയും ഉണ്ടായിരുന്നു ആ ചിലക്കലിന്. (It was judgemental and nagging)
അതിനു പകരം കുരങ്ങനെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, അവരുടെ പരസ്പര ബന്ധം മെച്ചപ്പെടുമായിരുന്നില്ലേ? മിന്നാമിനുങ്ങിനെ ഊതാൻ അവൾക്കു കൂടി കൂടാമായിരുന്നു, എന്നിട്ട് രണ്ടു പേർക്കും കൂടി തോൽവി പങ്കു വെക്കാമായിരുന്നു. മിന്നാമിനുങ്ങ് ചൂടു കൊടുത്തില്ലെങ്കിലും പങ്കുവെയ്പിന്റെ ചൂട് അവർക്ക് ലഭിക്കുമായിരുന്നു. ഈ സത്യം മറന്ന്, സൂചിമുഖി പക്ഷിയെപ്പോലെ ഓരോന്നു ചിലച്ച് ബന്ധം വഷളാക്കുന്ന എത്രയോ സ്ത്രീ പുരുഷന്മാരാണ് നമുക്കു ചുറ്റും എന്ന് നോക്കിക്കേ.
മോളേ നിന്റെ യഥാർത്ഥ ആവശ്യം, ഭർത്താവ് ബിസിനസ്സ് നിർത്തി ജോലിക്ക് കയറണം എന്നതല്ല, നിനക്ക് സുരക്ഷിതത്വം തോന്നണം എന്നതാണ്. ഭർത്താവിനോടൊപ്പം സമയം ചിലവഴിക്കാൻ അവസരം കിട്ടാത്തതും, ബിസിനസ്സ് പ്രതിസന്ധിയുടെ അനിശ്ചിതത്വവും കൊണ്ടാണ് നിനക്ക് അരക്ഷിതാവസ്ഥയും പേടിയും തോന്നുന്നത്. ഇതിനെല്ലാം പ്രത്യക്ഷ കാരണം ഈ ബിസിനസ്സ് ആയതു കൊണ്ടാണ്, ബിസിനസ്സ് ഉപേക്ഷിക്ക്, ജോലിക്ക് കയറ്, എന്നൊക്കെ നീ ചിലച്ചുകൊണ്ടിരിക്കുന്നത്.
നിനക്ക് ഉചിതമായ തീരുമാനം എടുക്കാൻ ഇനി പറയുന്ന ചോദ്യങ്ങൾ സഹായിക്കും.
അറിവും, പ്രാപ്തിയും, നേരും, നെറിയുമുള്ള പുരുഷനാണോ നിന്റെ ഭർത്താവ്?
ആത്മവിശ്വാസവും, പക്വതയുമുണ്ടോ?
നഷ്ടം സഹിച്ചും വാക്കു പാലിക്കണമെന്നുള്ള ആളാണോ?
മരണം വരെ ഈ ഭർത്താവിനോടൊപ്പം ജീവിക്കണം എന്ന ശക്തമായ ആഗ്രഹം നിനക്കുണ്ടോ?
ഈ ചോദ്യങ്ങൾക്കെല്ലാം യെസ് എന്നാണ് ഉത്തരമെങ്കിൽ, നീ വേറൊന്നും ഭയപ്പെടേണ്ട, ധൈര്യമായിട്ട് നിന്റെ ഭർത്താവിന്റെ ഒപ്പം നിൽക്കുക. നിന്റെ നിരുത്സാഹപ്പെടുത്തൽ ഭയന്നിട്ടാണ് ഭർത്താവ് നിന്നോട് സംസാരിക്കാൻ സമയം കണ്ടെത്താത്തത്. കൊച്ചു വർത്തമാനം പറയാനാണ് ഭർത്താവിന് സമയം കിട്ടാത്തത്. നീ അദ്ദേഹത്തിന്റെ ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുക. നിനക്ക് അദ്ദേഹത്തിന്റെ കഴിവിൽ നല്ല വിശ്വാസം ഉണ്ടെന്നും, എല്ലാം ശരിയായി വരുമെന്നും, നമ്മൾ പട്ടിണി കിടക്കാതെ നീ നോക്കിക്കൊള്ളാം എന്നും ഒക്കെ ധൈര്യം കൊടുത്തു കൊണ്ട് സംസാരിക്കുക. അപ്പോൾ നീ ഭർത്താവിന്റെ വിലപ്പെട്ട, പ്രധാനപ്പെട്ട, എപ്പോഴും ഇടപെടാൻ ആവശ്യവും ആഗ്രഹവും ഉള്ള, പ്രിയപ്പെട്ട വ്യക്തി ആയി മാറും. അങ്ങിനെ നിന്റെ ഭർത്താവിന്റെ ഒരു നിധി നിക്ഷേപമായി മാറാൻ, മനസ്സു വെച്ചാൽ നിനക്കു സാധിക്കും.
ദമ്പതികൾ രണ്ടു പേരും കൂടി ഐക്യമത്യത്തിൽ ചെയ്യുന്നതെന്തും ലോകദ്യഷ്ടിയിൽ ഉത്തമ ദാമ്പത്യബന്ധത്തിന്റെ മനോഹര മാതൃകയായി സ്വീകരിക്കപ്പെടും. ഇനി അത് എന്തെങ്കിലും മണ്ടത്തരം ആയാൽ പോലും, അതിൽ നിന്ന് എന്തെങ്കിലും നന്മ തന്നെ ഉരുത്തിരിഞ്ഞ് വരും എന്ന് ഉറച്ച് വിശ്വസിക്കുക. മനുഷ്യന് ഉപകാരപ്രദമായ, നേരും നെറിയുമുള്ള ഒരു കർമ്മ പഥത്തിൽ ആണ് നിങ്ങളെങ്കിൽ, സാമ്പത്തിക നഷ്ടം വന്നാലും, ആ നഷ്ടങ്ങൾ ഭാവിയിലേക്കുള്ള പലതരം മുതൽക്കൂട്ടുകൾ ആയി മാറും.
നേരും നെറിയും ഇല്ലാത്ത ആളാണെങ്കിൽ, സുരക്ഷിത അകലം പാലിച്ചുകൊണ്ട് അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുക എന്നു മാത്രമേ എനിക്കു പറയാനുള്ളു.
ജോലി കളഞ്ഞ് ബിസിനസ്സ് തുടങ്ങി വിഷമവ്യത്തത്തിൽപെട്ട ഒരുപാടു പേർ എന്റടുത്ത് സംസാരിക്കാൻ വന്നിട്ടുണ്ട്. അവരോട് ഞാൻ സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണ് - എന്തിനു വേണ്ടിയാണ് താങ്കൾ ജോലി ഉപേക്ഷിച്ച് ബിസിനസ് തുടങ്ങിയത്?
ഭൂരിപക്ഷം പേരും പറയാറുള്ള കാരണങ്ങൾ - 1. മേലധികാരികളെ സഹിക്കാൻ വയ്യാഞ്ഞിട്ട്. 2. നല്ല അവസരം കിട്ടിയതുകൊണ്ട്. 3. ഞാനൊരു എംപ്ളോയി മെറ്റീരിയൽ അല്ലാത്തതുകൊണ്ട്. 4. സഹചാരികളുടെ സമ്മർദ്ദം കൊണ്ട്. 5. കാശിന്റെ അത്യാവശ്യം കൊണ്ട് കൂടുതൽ സമ്പാദിക്കാൻ വേണ്ടി. 6. ബിസിനസ്സ് കുടുംബപരമായി എന്റെ രക്തത്തിൽ ഉള്ളതാണ്.
അപൂർവ്വം ചിലർ മാത്രം - 7. ഇങ്ങിനെ ഒരു പ്രവർത്തിയിലേർപ്പെടണം എന്നത് എന്റെ സ്വപ്നമായിരുന്നു. 8. നിലവാരമുള്ളതിനേക്കാൾ മെച്ചമായും, കൂടുതൽ പേർക്ക് ഉപകാരപ്രദമായും, ഇതു ചെയ്യാൻ എനിക്കു സാധിക്കും, അതുകൊണ്ടാണ് ഞാനീ ബിസിനസ്സ് തുടങ്ങിയത് എന്ന് നിസ്സംശയം പറഞ്ഞിട്ടുണ്ട്.
നിന്റെ ഭർത്താവിനോടും നീ ഇതു ചോദിക്കണം. മേല് പറഞ്ഞ അപൂർവ്വം ആളുകളെപ്പോലെ, ഈ ബിസിനസ്സ് അദ്ദേഹത്തിന്റെ ശക്തമായ ആഗ്രഹമാണെങ്കിൽ നീ അതിനെ ആത്മാർത്ഥമായി പ്രോത്സാഹിപ്പിക്കണം. ഏതെങ്കിലും കാരണവശാൽ തുടങ്ങിയ ബിസിനസ്സ് അവസാനിപ്പിക്കേണ്ടി വന്നാൽ മനസ്സിൽ വെക്കേണ്ട ഒരു കാര്യമുണ്ട്, ബിസിനസ്സ് വഴി നേടാനുദ്ദേശിക്കുന്ന ലക്ഷ്യമാണ് പ്രധാനം. അത് മറ്റേതെങ്കിലും രൂപത്തിൽ നിങ്ങൾക്ക് തുടരാൻ സാധിക്കും.
അതുകൊണ്ട്, നിന്റെ ഭർത്താവിന്റെ ഹൃദയം മന്ത്രിക്കുന്ന പ്രവർത്തിയിൽ ഏർപ്പെടാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. കാരണം ഒരാളുടെ നിക്ഷേപം എവിടയോ, അവിടെ ആയിരിക്കും അയാളുടെ ഹൃദയവും.
നിന്റെ ഭർത്താവിന്റെ അനശ്വരമായ നിക്ഷേപം എന്നും എപ്പോഴും നിന്റെ ഹൃദയത്തിൽ ആയിരിക്കാൻ വേണ്ടി ഞാനും പ്രാർത്ഥിക്കാം.
George Kadankavil
August 2017