ഒരിടത്തൊരിടത്ത് ഒരു പാവം അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. വളരെ പ്രായമായ അവർക്ക് ജോലിക്കു പോകാനൊന്നും സാധിക്കുമായിരുന്നില്ല. അയൽക്കാർ ആരെങ്കിലും രാത്രി കൊണ്ടു കൊടുക്കുന്ന അത്താഴം മാത്രമായിരുന്നു അവരുടെ ഭക്ഷണം. ഒരു ദിവസം പതിവില്ലാതെ അവർക്ക് രാവിലെ നല്ല വിശപ്പ് തോന്നി. എന്തെങ്കിലും കഴിക്കാൻ നോക്കുമ്പോൾ വീട്ടിൽ ഭക്ഷിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ അപ്പൂപ്പൻ പറഞ്ഞു, ഞാൻ പുറത്തു പോയി വല്ലതും കഴിക്കാൻ കിട്ടുമോ എന്നു നോക്കാം. അമ്മൂമ്മ ഓ.കെ പറഞ്ഞു. ഊരു തെണ്ടി നടന്നിട്ട് അപ്പൂപ്പന് ആരോ കുറച്ച് അരി കൊടുത്തു. അതുമായി അപ്പൂപ്പൻ തിരികെ വീട്ടിലെത്തി കിട്ടിയ അരി അമ്മൂമ്മയെ ഏല്പിച്ചു പറഞ്ഞു, കുറച്ച് അരി കിട്ടിയിട്ടുണ്ട്, ഇതാ, നീ ഇതുകൊണ്ട് വല്ലതും ഉണ്ടാക്ക്.
അമ്മൂമ്മ അരി കഴുകി ഇടിച്ചു പൊടിച്ച് വറുത്തു നനച്ച് കുഴച്ച് പരത്തി അപ്പം ചുട്ടു. മൂന്ന് അപ്പം ചുടാനുള്ള അരിയേ ഉണ്ടായിരുന്നുള്ളു. അപ്പം ചുട്ട മണം കേട്ടപ്പോൾ രണ്ടു പേർക്കും കൊതിയും വിശപ്പും മൂത്ത് ആർത്തിയായി. അപ്പൂപ്പൻ ചാടിക്കേറി പറഞ്ഞു രണ്ടപ്പം എനിക്ക്, ഒരപ്പം നിനക്കും. അമ്മൂമ്മക്ക് അതിഷ്ടപ്പെട്ടില്ല, അവരു ചോദിച്ചു, അതെന്താ അങ്ങിനെ?
അപ്പൂപ്പൻ പറഞ്ഞു, ഞാനല്ലേ കഷ്ടപ്പെട്ട് വെയിലത്ത് തെണ്ടി നടന്ന് അരി കൊണ്ടുതന്നത്, അതുകൊണ്ട് എനിക്ക് രണ്ടപ്പം കിട്ടണം. അമ്മൂമ്മ വിടുമോ, എന്നാ അരി അങ്ങോട്ട് തിന്നാൽ പോരായിരുന്നോ, നിങ്ങള് കൊണ്ടു വന്ന അരി, കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കഴുകി ഇടിച്ചു പൊടിച്ച് വറുത്തു നനച്ച് കുഴച്ച് പരത്തി അപ്പം ചുട്ടത് ഞാനല്ലേ? അതുകൊണ്ട് എനിക്കാണ് രണ്ടപ്പം കിട്ടേണ്ടത്.
വാശി പിടിച്ച് തർക്കം മൂത്ത് പിണങ്ങി രണ്ടുപേരും പുറം തിരിഞ്ഞ് മിണ്ടാതെ ഇരിക്കലായി. പെട്ടെന്ന് അപ്പൂപ്പൻ പറഞ്ഞു, ശരി നമ്മൾക്ക് ഇങ്ങിനെ മിണ്ടാതിരിക്കാം. എത്രനേരം ഇരിക്കണമെന്നറിയാലോ? ആദ്യം മിണ്ടുന്നയാളിന് ഒരപ്പം, മറ്റേയാളിന് രണ്ടപ്പം. ശരി എന്നു പറഞ്ഞു അമ്മൂമ്മയും സമ്മതിച്ചു. അവര് അങ്ങിനെ അടുക്കളക്ക് പുറത്തു വന്ന് മൌനസമരം ആരംഭിച്ചു.
സമയം കടന്നു പൊയ് ക്കൊണ്ടിരുന്നു, രാത്രിയായിട്ടും രണ്ടു പേരും മിണ്ടിയില്ല. അയൽക്കാരി ചേടത്തി അത്താഴം കൊണ്ടു വന്നു വിളിച്ചിട്ടും അവരു മിണ്ടിയില്ല. ചേടത്തി പേടിച്ച് അയൽക്കാരെ എല്ലാം വിളിച്ചു കൂട്ടി, എല്ലാവരും കൂടി വാതിൽ തള്ളിതുറന്ന് അകത്തുവന്ന് നോക്കുമ്പോൾ അപ്പൂപ്പനും അമ്മൂമ്മയും, മിണ്ടാതെ പുറം തിരിഞ്ഞിരിക്കുന്നു.
എന്തു പറ്റീ? എന്ന അയൽക്കാരുടെ ചോദ്യം കേട്ട് നിവർത്തിയില്ലാതെ, അമ്മൂമ്മ മറുപടി പറയാൻ തുടങ്ങി, ഞങ്ങൾ അപ്പം........
അമ്മൂമ്മ ശബ്ദിച്ചതും, അപ്പൂപ്പൻ ഒളിംപിക്സിൽ ഒരു മെഡൽ കിട്ടിയപോലുള്ള സന്തോഷത്തിൽ ചാടിയെണീറ്റ് പ്രഖ്യാപിച്ചു,
എനിക്ക് രണ്ടപ്പം.
അമ്മൂമ്മ അയൽക്കാരോട് കാര്യം മുഴുവനും വിശദീകരിച്ചു, അത്താഴം കൊണ്ടു വന്ന ചേടത്തി പറഞ്ഞു, അത് രണ്ടാളും പപ്പാതി എടുത്താൽ മതിയല്ലോ, ആട്ടേ നിങ്ങളു ചുട്ട അപ്പം എന്തിയേ? അമ്മൂമ്മ അപ്പം എടുക്കാൻ ചേടത്തിയെയും കൂട്ടി അടുക്കളയിൽ ചെന്നു, അയ്യോ കഷ്ടം! അപ്പം ദേ ഏതോ പട്ടിയോ പൂച്ചയോ മറ്റോ തിന്നിട്ടു പോയിരിക്കുന്നു.
ബ്ളെസ്സിലെ ഡൈനിംഗ് ഹാളിൽ അത്താഴത്തിന് ഇരുന്നപ്പോൾ എന്റെ സഹവാസികൾ കുശലമന്വേഷിച്ചു, ഇന്ന് ജോർജ്ജിനെന്തായിരുന്നു കേസ്?
അമ്മയുടെ വാശിക്കു മുന്നിൽ ഗതികെട്ട്, ഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടാക്കിയിട്ട് വന്ന ഒരു ഭർത്താവായിരുന്നു ഇന്നത്തെ കേസ്. ആ പയ്യനോട് പറഞ്ഞ ഈ കഥ ഞാൻ വീണ്ടും അവതരിപ്പിച്ചു.
അതു കേട്ടിരുന്ന എന്റെ സഹവാസികളിൽ ഒരു വിദ്വാൻ ഉടനെ പ്രതികരിച്ചു, ജോർജ്ജേ ആ അപ്പൂപ്പനോ അമ്മുമ്മക്കോ സാമർത്ഥ്യം ഉണ്ടായിരുന്നെങ്കിൽ, സമയം കളയാതെ, വാശിയും ജയിച്ച് രണ്ടപ്പവും ലഭിക്കാവുന്ന ഒരു സൂത്രമുണ്ടായിരുന്നു.
അതെന്തു സൂത്രമാ? ഞാൻ ചോദിച്ചു,
വാശിയും ജയിച്ച് രണ്ടപ്പവും കിട്ടാൻ എന്താ മാർഗ്ഗമെന്ന് വാശിപിടിച്ചവർ ആലോചിച്ച് കണ്ടെത്തണമായിരുന്നു. ഉദാഹരണത്തിന്, മിണ്ടാതിരിക്കുന്ന സമയത്ത്, അപ്പൂപ്പൻ അപ്പം എല്ലാം കൂടി കയ്യിൽ എടുക്കുക, എന്നിട്ട് ഒരെണ്ണം തിന്നാൻ തുടങ്ങുന്നതായി ഭാവിക്കുക, അപ്പോൾ അമ്മൂമ്മ തടസ്സം പറയും, ങ്ഹാ നീയാ ആദ്യം മിണ്ടിയത് എന്നു പറഞ്ഞ്, ഒരപ്പം അമ്മൂമ്മക്ക് കൊടുത്ത് ബാക്കി, തന്നെ തിന്നാൻ അർഹത നേടാമായിരുന്നു. വാശിയിൽ അമ്മൂമ്മ പാവം തോറ്റു പോയല്ലോ എന്നോർത്ത് അമ്മൂമ്മക്ക് തന്നെ രണ്ടാമത്തെ അപ്പം കൊടുക്കുകയും കൂടി ചെയ്തിരുന്നെങ്കിൽ, അമ്മൂമ്മ അത് സന്തോഷത്തോടെ വാങ്ങി പകുതിയെങ്കിലും അപ്പൂപ്പന് തിരിച്ചും കൊടുത്ത്, എന്റെ കെട്ടിയവൻ വയസ്സനായെങ്കിലും, ഇപ്പോഴും ആളു പുലിയാ എന്ന് തലകുലുകക്കിയേനേ.
ഞാനെന്റെ സഹവാസിയെ ആദരവോടെ നോക്കി പറഞ്ഞു, ഗുരോ നമിച്ചു, ആ കാലൊന്നു നീട്ടിക്കേ, ഒന്നു തൊട്ട് വന്ദിക്കാനാ. അദ്ദേഹം കാലു നീട്ടിത്തന്നു. ഞാൻ തൊട്ടു വന്ദിച്ചു പറഞ്ഞു, ഇതു തന്നെ അടുത്ത മാസികയിൽ എഴുതിക്കൊള്ളാം.
പ്രാഗൽഭ്യത്തോടെ, വിവിധ മേഖലകളിൽ അനേക വർഷം ജോലിചെയ്ത്, ധാരാളം അറിവും, അനുഭവവും, ജീവിത പരിചയവും നേടി, ഇപ്പോൾ വാശിയും ദേഷ്യവും ഒക്കെ കഴുകി കളഞ്ഞ്, ഞാൻ എന്ന ഭാവം ഉപേക്ഷിച്ച്, ശാന്ത ചിത്തരായിത്തീർന്ന കുറേ അപ്പൂപ്പന്മാരും, അമ്മൂമ്മമാരും ഒത്തു കൂടിയതോടെ ബ്ളെസ് റിട്ടയർമെന്റ് ഹോം, അറിവിന്റെയും വിവേകത്തിന്റെയും ഒരു അക്ഷയഖനി കൂടി ആയി മാറിയിരിക്കുന്നു. ഇനി കൌൺസിലിംഗിന് എന്നെ വിളിക്കുന്നവരോട് എന്തു പറയണമെന്ന് ആലോചിക്കാൻ ബ്ളെസ്സിലെ ഊണു മുറിയിൽ വിദഗ്ദരുടെ ഒരു പാനൽ തന്നെ രൂപപ്പെട്ടു വന്നിരിക്കുന്നു.
എന്തെല്ലാം വാശികൾ കാണിക്കുന്ന മനുഷ്യരാണ് നമ്മൾക്ക് ചുറ്റും എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?
കല്യാണത്തിന് ഇറങ്ങാൻ ഒരുങ്ങി നിന്ന പെണ്ണ് പറയുന്നു, ''50 പവനാണ് എനിക്ക് തരുമെന്ന് പറഞ്ഞിരുന്നത്, ഇത് 49 പവനേ ഉള്ളൂ, ബാക്കി ഒരു പവനും കൂടി, കിട്ടാതെ ഞാനിവിടെ നിന്ന് ഇറങ്ങില്ല.'' എന്നു പറഞ്ഞ് അമ്മയുടെ ഒരു വളകൂടി ഊരി വാങ്ങിയ ഒരു കല്യാണപ്പെണ്ണിനെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്.
സ്വയം തീരുമാനമെടുത്ത് ചെയ്യാവുന്ന പല കാര്യങ്ങളും, മക്കളോട് വാശി പിടിച്ച് ചെയ്യാതിരുന്ന് ദുരിതം അനുഭവിച്ച്, അതേക്കുറിച്ച്, എപ്പോഴും സങ്കടം പറയുന്നവർ.
ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണണം എന്ന് വാശി പിടിക്കുന്നവർ.
എലിയെ തോല്പിക്കാൻ ഇല്ലം ചുടുന്ന ഈ വാശിക്കാരൊക്കെ ഒടുവിൽ വടികൊടുത്ത് അടി മേടിച്ച അവസ്ഥയിൽ എത്തും. കാരണം, വിതച്ചതല്ലേ കൊയ്യാൻ സാധിക്കൂ....
ഇത്തരം നാശം വിതയ്ക്കുന്ന വാശികൾ കാണിക്കുന്നതിന്റെ പിന്നിൽ പല കാരണങ്ങളുണ്ടാകാം. ആരോടോ, അല്ലെങ്കിൽ എന്തിനോടോ, ഉള്ള അതൃപ്തിയുടെ പ്രകടനമാണ് വാശി.
ജീവിതത്തിൽ മികവ് നേടിയെടുക്കാൻ വാശിയോടെ അദ്ധ്വാനിക്കുന്നവരെക്കുറിച്ച് നമുക്കെല്ലാം അഭിമാനമാണ്. പക്ഷേ, ഏതെങ്കിലും അനുഭവത്തിൽ നിന്നും മനസ്സിൽ കയറിപ്പറ്റിയ മത്സരബുദ്ധി മൂലമോ, സ്വാർത്ഥ ലാഭത്തിനു വേണ്ടിയോ, പ്രതികാര ചിന്തകൊണ്ടോ ഒക്കെ, വാശിപിടിച്ച്, തനിക്കും മറ്റുള്ളവർക്കും നാശം മോഹിക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ വേണ്ടപ്പെട്ടവർ പോകുകയാണെങ്കിൽ വിദഗ്ദരുടെ സേവനം തേടുക തന്നെ വേണം.
ഈ പുരുഷനോട് എനിക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു, പുരുഷൻ മാതാപിതാക്കളെ വിട്ട് ഭാര്യയോട് ചേരണം എന്ന് പറഞ്ഞല്ലേ, നിങ്ങളെ വിവാഹിതരാക്കിയത്. ആരുടെയും വാശിക്ക് വഴങ്ങിയല്ല നീ പ്രവർത്തിക്കേണ്ടത്, നിന്റെ ബോദ്ധ്യങ്ങൾ അനുസരിച്ച് തീരുമാനമെടുത്ത് പ്രവർത്തിക്കാനുള്ള ആർജ്ജവം നീ ശ്രമിച്ച് നേടി എടുക്കണം. എത്രയും പെട്ടെന്ന് നിന്റെ ഭാര്യയോടൊപ്പം ജീവിക്കാനുള്ള സൌകര്യം നീ ഒരുക്കണം.
George Kadankavil
June 2017