Back to articles

സത്യം പറഞ്ഞില്ലെങ്കിലും, കള്ളം പറയരുതേ !

May 02, 2017

അങ്കിളേ എന്റെ വീട്ടിൽ ഒരു ഭൂകമ്പം ഉണ്ടായിരിക്കുകയാണ്, അങ്കിളെന്നെ ഒന്നു സഹായിക്കുമോ?.

എന്തു പറ്റി മോനേ? എന്താണ് ഉണ്ടായത്?

ഒരു യാഥാസ്ഥിതിക കുടുംബമാണ് എന്റേത്. വളരെ കർശനമായ ചിട്ടയിലാണ് എന്നെ വളർത്തിയത്. നല്ല ചൊല്ലും തല്ലും തന്നാ നിന്നെ വളർത്തിയത്, അതുകൊണ്ടാ നീ പഠിച്ച് ഇത്രയും മിടുക്കനായത്, എന്ന് അമ്മ  എന്നോട് പറയാറുണ്ട്, എന്റെ അമ്മയോട് ഒരു കാര്യത്തിലും മറുത്തു പറയാൻ എനിക്ക് കഴിയില്ല. അമ്മക്ക് ഒരു ഹാർട്ട് അറ്റാക്കും കഴിഞ്ഞിട്ടിരിക്കുകയാണ്.

എന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുണ്ട്, അവൾക്ക് എന്നേക്കാൾ മൂന്നു മാസം പ്രായക്കൂടുതൽ ഉണ്ട്. എന്നെ എല്ലാക്കാര്യത്തിലും ഉപദേശിക്കുന്നത് അവളാണ്. അവളുടെ മാതാപിതാക്കളുടെ ജോലിയും കുടുംബത്തിന്റെ സ്റ്റാറ്റസ്സും ഒന്നും ഞങ്ങളുടെ അത്ര ഇല്ലാത്തതിനാൽ ഇവളെ ഇഷ്ടമാണെന്ന് വീട്ടിൽ പറയാൻ എനിക്ക് ഭയമാണ്.

കഴിഞ്ഞ ദിവസം ലീവിന് നാട്ടിൽ വന്നപ്പോൾ, അമ്മ നിർബന്ധിച്ചിട്ട് എനിക്കൊരു പെണ്ണു കാണാൻ പോകേണ്ടി വന്നു. ഇക്കാര്യം കൂട്ടുകാരിയോട് സ്വകാര്യമായി പറയാനും സൌകര്യം കിട്ടിയില്ല. ഏതായാലും പെണ്ണിന്റെ വീട്ടിൽ ചെന്നു, അവര് നല്ല സ്നേഹത്തോടെ സ്വീകരിച്ച് ധാരാളം വർത്തമാനം പറഞ്ഞു, ഇത് ഉടനെ നടത്താം എന്ന മട്ടിലാണ് അവരുടെ പെരുമാറ്റം. പെൺകുട്ടി വന്ന് ഏതോ ജന്മാന്തര ബന്ധം ഉള്ള ആളെപ്പോലെ എന്നെ നോക്കി ചിരിച്ചു. ഞാൻ ശരിക്കും കുടുങ്ങിയ പോലെ ആയി.

തനിച്ച് സംസാരിക്കാൻ കിട്ടിയ സമയത്ത് ഞാനാ കുട്ടിയോട് എന്റെ സത്യാവസ്ഥ പറഞ്ഞു. കുട്ടി എന്നെ ഒരു സുഹൃത്ത് ആയി കണ്ടാൽ മതി,  കുട്ടിക്ക് ഈ വിവാഹം വേണ്ട എന്ന് പറഞ്ഞ് എന്നെ ഒന്ന് രക്ഷപെടുത്തണം. ഒരു ഷോക്കടിച്ച പോലെ ആയി ആ കുട്ടി... അവളുടെ അപ്പോഴത്തെ മുഖഭാവം എന്റെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല. എങ്കിലും ആ  കുട്ടി സമചിത്തത വീണ്ടെടുത്ത് ഒരു വിളറിയ ചിരിയോടെ പറഞ്ഞു. ഈ സത്യം സ്വന്തം വീട്ടിൽ തന്നെ പറയാമായിരുന്നു. ഇനി ആരേയും ഇങ്ങനെ വേദനിപ്പിക്കരുത് കേട്ടോ.

മടക്ക യാത്രയിൽ കൂടെ വന്ന അങ്കിൾ പെണ്ണിനെ ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചപ്പോൾ, പെട്ടെന്നു മനസ്സിൽ തോന്നിയത് എന്റെ കഥ അവളുടെ തലയിൽ കെട്ടി വെക്കാനാണ്. ഞാൻ പറഞ്ഞു അവൾക്ക് ആരേയോ ഇഷ്ടമാണ്, മാതാപിതാക്കൾ നിർബന്ധിച്ചിട്ടാണ് പെണ്ണുകാണലിന് നിന്നത്. എനിക്ക് അവളെ ഇഷ്ടമായില്ലെന്ന് പറയാൻ അവള് എന്നോട് റിക്വസ്റ്റ് ചെയ്തു. ഈ മാതാപിതാക്കൾ ഇങ്ങനെ മക്കളുടെ ഇഷ്ടം നോക്കാതെ നിർബന്ധിച്ചു കല്യാണം നടത്താൻ നോക്കുന്നത് കഷ്ടമല്ലേ? എന്നൊക്കെ എന്റെ കാര്യത്തിന്, ഭാവിയിൽ അങ്കിളിന്റെ സപ്പോർട്ട് കിട്ടാൻ വേണ്ടി ഞാൻ പശ്ചാത്തലം ഒരുക്കാൻ തുടങ്ങി. എന്റെ സകല കണക്കു കൂട്ടലും തെറ്റിച്ചു കൊണ്ടായിരുന്നു അങ്കിളിന്റെ മറുപടി.

എടാ അവളുടെ വീട്ടിൽ ചേരില്ല എന്ന് അവൾക്ക് ഉറപ്പുള്ള ആരെയെങ്കിലും ആയിരിക്കും അവള് ഇഷ്ടപ്പെടുന്നത്. അതുകൊണ്ടാ അതവൾക്ക് വീട്ടിൽ പറയാൻ പറ്റാത്തതും. നമ്മളുടെ കുടുംബത്തിന് ചേരാത്ത ആരെയെങ്കിലും നിനക്ക് ഇഷ്ടമാണെന്ന് നിന്റെ അമ്മയോട്, അതായത് എന്റെ പെങ്ങളോട്, നീയൊന്നു പറഞ്ഞു നോക്കിക്കോ. പിറ്റേന്ന് നിന്റെ അമ്മയുടെ ശവമടക്ക് നടത്തേണ്ടി വരും നമ്മൾക്ക്.

ഞാൻ കൂടുതൽ ഭയന്നു, ഈ കള്ളക്കഥ തന്നെ അമ്മയോടും പറഞ്ഞു. സാരമില്ല മോനേ, ഇതിലും നല്ല ഒരു പെൺകൊച്ചിനെ ദൈവം എവിടയോ നിനക്കു വേണ്ടി വെച്ചിട്ടുണ്ട്. നമ്മൾക്ക് കണ്ടുപിടിക്കാം, നീ ഇതൊന്നും കാര്യമാക്കണ്ട എന്ന് അമ്മ പറഞ്ഞു.

ഞാൻ പിറ്റേന്ന് ജോലി സ്ഥലത്ത് പോന്നു. എന്റെ കൂട്ടുകാരിയോട് പെണ്ണു കാണലിന്റെ കഥ വിസ്തരിച്ചു പറഞ്ഞു. അവൾ എന്നെ കുറ്റപ്പെടുത്തി, ഇത്രക്ക് നട്ടെല്ലില്ലാത്ത നീ എന്തിനാടാ പ്രേമിക്കാൻ നടക്കുന്നത്. എന്നോട് ഒരു വാക്കു പോലും പറയാതെ അമ്മയുടെ  സാരിത്തുമ്പും പിടിച്ച് പെണ്ണു കാണാൻ പോയിരിക്കുന്നു. എന്നിട്ട് അതിനെ കണ്ണീരും കുടിപ്പിച്ച്, അതിനെപ്പറ്റി ഇല്ലാത്ത അപവാദവും പറഞ്ഞു പരത്തിയിട്ട് വന്നിരിക്കുകയാ. നീ പോയി ഇനി അവളെത്തന്നെ കെട്ടിയാൽ മതി. മേലിൽ എന്നെ വിളിച്ചേക്കരുത്, എന്നു പറഞ്ഞ് കൂട്ടുകാരി പിണങ്ങി പോയി.

വൈകിട്ട് അങ്കിൾ എന്നെ വിളിച്ച് പറഞ്ഞു, എടാ നീ വേഗം നാട്ടിലേക്ക് വരണം. അമ്മ തലകറങ്ങി വീണിട്ട് ആശുപത്രിയിൽ ആക്കിയിരിക്കുകയാണ്. ഞാൻ രാത്രി തന്നെ ഫ്ളൈറ്റിന് നാട്ടിലെത്തി. കാര്യം തിരക്കിയപ്പോളാണറിയുന്നത്, ഞാൻ കാണാൻ പോയ പെൺകുട്ടിയുടെ വീട്ടിൽ എന്റെ അമ്മ ഫോൺ ചെയ്ത് അവളുടെ അമ്മയെ ഉപദേശിച്ചു അത്രെ.

മോൾക്ക് ആരെയോ ഇഷ്ടമാണെന്നാ മോനോട് പറഞ്ഞത്, അതങ്ങ് നടത്തികൊടുത്തുകൂടെ, വെറുതെ എന്തിനാ ഓരോ പയ്യന്മാരെ പെണ്ണു കാണാൻ വിളിച്ച് നാടകം കളിപ്പിക്കുന്നത് എന്ന്.

അവർ  എന്റെ അമ്മയെ തിരിച്ചും ഉപദേശിച്ചു, അവന്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്ണിനെ ഇഷ്ടമാണെന്ന് നിങ്ങളുടെ മകൻ എന്റെ മോളോടാ പറഞ്ഞത്, വെറുതെ ഓരോ പെൺകുട്ടികളെ കണ്ട് നടന്ന് അവരുടെ മനം മടുപ്പിക്കാതെ, നിങ്ങളല്ലേ മകന്റെ ഇഷ്ടം നടത്തി കൊടുക്കേണ്ടത് എന്ന്. ഇത്രയും കേട്ടതും അമ്മ ഫോണും കയ്യിൽ പിടിച്ച് തല കറങ്ങി വീണു.

ഞാനിപ്പോൾ ആശുപത്രിയിലുണ്ട്. കുഴപ്പം ഒന്നും ഇല്ലെന്നാ ഡോക്ടർ പറഞ്ഞത്. അമ്മയ്ക്ക് ഒരാശ്വാസം കിട്ടുന്നെങ്കിൽ ആകട്ടെ എന്നു കരുതി, ഞാൻ കാണാൻ പോയ പെൺകുട്ടിയെ വിളിച്ച് ഇവിടെ സംഭവിച്ചതെല്ലാം വിശദീകരിച്ചു. പറ്റുമെങ്കിൽ ഇവിടെ ആശുപത്രി വരെ വന്ന് അമ്മയോട് ഒന്നു സംസാരിക്കാമോ എന്നും ചോദിച്ചു.

അവളുടെ വീട്ടിൽ ചോദിച്ചിട്ട് ബെത് ലെഹമിൽ അങ്കിളിനെ അറിയിച്ചേക്കാം എന്നു പറഞ്ഞ് അവൾ  ഫോൺ വെച്ചു.

അങ്കിൾ എന്നെ ഒന്നു സഹായിക്കണം. അവരോട് സംസാരിച്ച് എന്തെങ്കിലും പോംവഴി ഉണ്ടാക്കണം. അമ്മയുടെ ഇഷ്ടം പോലെ വിവാഹം കഴിക്കാനും ഞാൻ തയ്യാറാണ്. എനിക്ക് എങ്ങനെയും അമ്മയെ രക്ഷിക്കണം.

മോനേ, അവരെന്നെ വിളിച്ചിരുന്നു. അവർക്ക് നിന്നോട് വിരോധം ഒന്നും ഇല്ല. വിദ്യാഭ്യാസം കൂടിയതിന്റെ വിവരക്കേട് ആണ് നിനക്ക്, എന്നാ അവരുടെ അഭിപ്രായം. അവളെ കെട്ടണം എന്ന് നീ ആഗ്രഹിച്ചാൽ അത് നടക്കില്ല. കാരണം, അവളെ ജീവിത പങ്കാളി ആക്കാനുള്ള തീഷ്ണമായ ആഗ്രഹം അല്ല, മറിച്ച്, അമ്മയെ രക്ഷിക്കാനുള്ള ഉപായം ആയിട്ടാണ്, നീ  ഈ ബന്ധത്തെ കാണുന്നത്. നിന്നെ കെട്ടണം എന്ന് അവൾക്ക് തോന്നിയെങ്കിലേ അമ്മ മോഹിച്ച കല്യാണം നടക്കുകയുള്ളു. അതിനുള്ള സാദ്ധ്യത കുറവാണ്, കാരണം, നിന്റെ കൂട്ടുകാരി എന്ന സമസ്യ  ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.

മോനേ ആദ്യം നീ സ്വയം തിരിച്ചറിഞ്ഞ് ബോദ്ധ്യപ്പെടേണ്ട ഒരു പ്രധാന വസ്തുത, കൂട്ടുകാരിയുമായുള്ള നിന്റെ ബന്ധം  എന്താണ് എന്നതാ. അവളെക്കൂടാതെ ജീവിക്കാൻ സാദ്ധ്യമല്ല എന്ന ഒരു ഉൾവിളി നിനക്കുണ്ടെങ്കിൽ ആ തീരുമാനത്തിൽ ഉറച്ചു നിന്നു കൊണ്ട് അവളോട് സംസാരിച്ച് അവളുടെ നിലപാട് മനസ്സിലാക്കണം. ഈ അവസ്ഥയിൽ അമ്മയെ ശുശ്രൂഷിക്കാൻ നിന്റെ  ഒപ്പം വരുമോ എന്ന് അവളോട് ചോദിക്കുക. വരും എന്നു പറഞ്ഞാൽ, നിന്റെ അപ്പച്ചനോടും മറ്റും കുടുംബാംഗങ്ങളോടും കൂട്ടുകാരിയെപ്പറ്റിയും, നിന്റെ ഉറച്ച തീരുമാനത്തെക്കുറിച്ചും തുറന്നു പറയുക. ബാക്കി വരുന്നിടത്തു വെച്ചു കാണാമെന്ന ധൈര്യത്തിൽ തന്റേടത്തോടെ നിൽക്കണം.

ശക്തമായ ഉൾവിളി ഒന്നും തോന്നാതിരിക്കുകയോ, അവൾ പിൻവലിയുകയോ ചെയ്യുകയാണെങ്കിൽ അമ്മയുടെ ശുശ്രൂഷയുടെ കാര്യം മാത്രം മോൻ ആലോചിച്ചാൽ മതി. നിന്റെ മുറിവുകൾ കാലമെന്ന മഹാ വൈദ്യൻ ഭേദമാക്കും. മോന്റെ  അമ്മയെ ഞാൻ വന്നു കാണാം. മോനേ നിനക്ക് ഇപ്പോൾ നല്ല പക്വത വന്നിരിക്കുന്നു. സംഭവിച്ചതെല്ലാം നല്ലതിനാണ് എന്ന് ഉറച്ചു വിശ്വസിക്കണം.

---------

പ്രിയപ്പെട്ടവരേ, ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല. അവനവന്റെ ആവശ്യം മനസ്സിലാക്കാനും, അത് സ്വന്തം വീട്ടിൽ പോലും തുറന്നു പറയാനുമുള്ള തന്റേടം കാണിക്കാതെ, വല്ല വീട്ടിലും പെണ്ണു കാണാൻ ചെന്നിട്ട്, ആ പെണ്ണിനെക്കൂടി ഒരു ഗൂഡാലോചനയിലേക്ക് വലിച്ചിഴക്കരുതേ.

ഒരു കഥ കൂടി പറഞ്ഞ് നിർത്താം: ഹൈറേഞ്ചിലെ മുന്തിയ അച്ചായന്മാരുടെ ഒരു ഇടവകപ്പള്ളിയിൽ ഞായറാഴ്ച കുർബാനക്ക് വന്ന വല്യവീട്ടിലെ കുഞ്ഞമ്മ, പള്ളിയിലിരുന്ന് ഉച്ചത്തിൽ ഒരു കീഴ്ശ്വാസം വിട്ടു. അത് കേട്ട് ആരൊക്കെയോ ചിരിച്ചു. കുഞ്ഞമ്മയ്ക്ക് ആകെ നാണക്കേട് തോന്നി.  അവര് അടുത്തിരുന്ന പുറമ്പോക്കിൽ മറിയയോടു പറഞ്ഞു, എടീ മറിയേ, രണ്ടു പറ നെല്ലും, ഇരുപത് തേങ്ങയും തരാം, ഞാൻ വിട്ടത് നീയൊന്ന് ഏറ്റെടുക്കാമോ?

മറിയക്ക് ലോട്ടറി അടിച്ച സന്തോഷമായി, അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു, വെല്യവീട്ടിൽ കുഞ്ഞമ്മ വിട്ടത്, രണ്ടു പറ നെല്ലിനും ഇരുപത് തേങ്ങയ്ക്കും, ഈ പുറമ്പോക്കിൽ മറിയ ഏറ്റെടുത്തിരിക്കുന്നു....

അവനവൻ കാണിക്കുന്ന അബദ്ധം, സ്വയം അംഗീകരിക്കാതെ വല്ലവരുടെയും തലയിൽ കെട്ടിവെക്കാൻ നോക്കരുത് എന്ന് ഉപദേശിക്കാൻ പണ്ടൊരു കാരണവർ പറഞ്ഞ തമാശയാണിത്. സന്ദർഭവശാൽ ഇവിടെ എഴുതിയെന്നേയുള്ളു.

Take responsibility of your actions, and be willing to face the consequences of those actions.

George Kadankavil - April 2017

What is Profile ID?
CHAT WITH US !
+91 9747493248