നാലാം ക്ലാസ്സിൽ നന്നായി പഠിക്കുന്ന ഒരു കുട്ടി, പരീക്ഷക്ക് ഉപന്യാസം എഴുതാൻ പഠിച്ചു വെച്ചത് തെങ്ങ് നമ്മുടെ കല്പവൃക്ഷം എന്ന ഭാഗമായിരുന്നു. കട മുതൽ തല വരെ എല്ലാ ഭാഗങ്ങളും നമുക്ക് പ്രയോജനം ചെയ്യുന്ന അത്ഭുത വൃക്ഷമാണ് തെങ്ങ്. തേങ്ങ ഭക്ഷ്യ വസ്തുവാണ്. എണ്ണക്കുരുവാണ്, ഓല മെടഞ്ഞ് പുരമേയാൻ ഉപയോഗിക്കുന്നു. ചകിരി തല്ലി പിരിച്ച് കയറുണ്ടാക്കുന്നു, ചിരട്ടകൊണ്ട് തവിയും കരകൌശല വസ്തുക്കളും നിർമ്മിക്കാം എന്നൊക്കെ ആറ്റിക്കുറുക്കി പഠിച്ച് നല്ല ആത്മവിശ്വാസത്തോടെ പരീക്ഷക്ക് ചെന്നപ്പോൾ, ചോദ്യപ്പേപ്പറിൽ ഉപന്യാസം എഴുതാൻ ചോദിച്ചിരിക്കുന്നത്, പശുവിനെക്കുറിച്ചാണ് ! സിലബസ്സിലില്ലാത്ത ചോദ്യം !.
കുട്ടി ഒന്നു പകച്ചു, ഈശ്വരാ എന്തു ചെയ്യും? പിന്നെ സ്വന്തം ബുദ്ധി ഉപയോഗിച്ചു ചിന്തിച്ചു, എന്നിട്ട് ചുറുചുറുക്കായിട്ട് എഴുതാൻ തുടങ്ങി.
പശു ഒരു ശാന്ത മൃഗമാണ്, പശു നമുക്ക് പാലു തരും, പാലിനു വേണ്ടി പശുവിനെ വീടുകളിൽ വളർത്തുന്നു. പശുവിന് തീറ്റകൊടുക്കാനായി തെങ്ങിൽ കെട്ടിയിടാറുണ്ട്. തെങ്ങ് നമ്മുടെ കല്പവൃക്ഷമാണ്. കട മുതൽ തല വരെ എല്ലാ ഭാഗങ്ങളും നമുക്ക് പ്രയോജനം ചെയ്യുന്ന അത്ഭുത വൃക്ഷമാണ് തെങ്ങ്. തേങ്ങ ഭക്ഷ്യ വസ്തുവാണ്. ചകിരി പിരിച്ച് കയറുണ്ടാക്കുന്നു, ചിരട്ടകൊണ്ട് തവിയും കരകൌശല വസ്തുക്കളും നിർമ്മിക്കാം. തെങ്ങിന്റെ ഓല പശുവിന് തിന്നാം, അതു തിന്ന പശുവിന്റെ ചാണകം തെങ്ങിനു തന്നെ വളമാകുന്നു !....
പശു തെങ്ങോല തിന്നാലും ഇല്ലെങ്കിലും, ഇത്രയുമൊക്കെ വ്യാകരണത്തെറ്റും, അക്ഷരപിശകുമില്ലാതെ പരീക്ഷ കടലാസ്സിൽ ഉത്തരം എഴുതിയ ഈ കുട്ടി, പരീക്ഷയിൽ തോൽക്കുമോ?
നോട്ട് നിയന്ത്രണം മൂലം ബാങ്കിൽ നിന്നും രൂപ എടുക്കാൻ കിട്ടാതെ, മകളുടെ നിശ്ചയിച്ചു വെച്ച വിവാഹം എങ്ങിനെ നടത്തും എന്ന് വേവലാതിപ്പെട്ടു, ആ ഹൃദയവേദന പങ്കു വെക്കാൻ എന്റടുത്തു വന്ന ഒരമ്മയെ ആശ്വസിപ്പിക്കാനാണ് ഇങ്ങനൊരു കഥ ഉണ്ടാക്കി പറഞ്ഞത്.
ആ അമ്മയുടെ ഊർജ്ജം മുഴുവനും ഈ ദുരവസ്ഥയുണ്ടാക്കിയ വ്യവസ്ഥിതിയെ ശപിക്കുകയും ശകാരിക്കുകയും ചെയ്യാനാണ് ആ പാവം ഇപ്പോൾ ഉപയോഗിക്കുന്നത്. അവരുടെ വിമർശനം ഇങ്ങനെ പോകുന്നു.
" I promised to say the bearer the sum of Rupees: എന്ന് എഴുതി റിസർവ്വ് ബാങ്ക് ഗവർണർ ഒപ്പിട്ടു വെച്ചിരിക്കുന്ന നോട്ട് സൂക്ഷിച്ചു വച്ചിരുന്നിട്ട് ഇപ്പോൾ മാറാൻ എത്ര കടമ്പകളാണ്, ഇതെല്ലാം കടന്നാലും ആവശ്യം നടത്താൻ പറ്റുന്നുമില്ല. അതു പോരാഞ്ഞിട്ട് കഷ്ടപ്പെട്ട് മിച്ചം പിടിച്ച് ബാങ്കിൽ നിക്ഷേപിച്ച കാശ് ജീവിതത്തിലെ ഏറ്റവും അത്യാവശ്യ നേരത്ത് തിരിച്ച് എടുക്കാനും പറ്റുന്നില്ലല്ലോ?.. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ തന്നെയല്ലേ ഈ നടപടി? അല്ലായിരുന്നെങ്കിൽ 2000 ത്തിന്റെ നോട്ടിനൊപ്പം 200 ന്റെ നോട്ടു കൂടി അടിച്ചിട്ടു ചെയ്യാമായിരുന്നല്ലോ ഈ പണി? ഇപ്പോ ഞാനും മക്കളും സഹോദരങ്ങളും ഒക്കെ ദിവസവും ബാങ്കിലും എ.ടി.എം ലും ക്യൂ നിന്ന് വലവീശി പിടിച്ച 2000 ത്തിന്റെ ഏതാനും നോട്ടുകൾ കൊണ്ട് പണിക്കാർക്ക് കൂലി കൊടുത്താൽ ബാക്കി കിട്ടത്തില്ല. ബാക്കിക്കു കൂടി പണി ചെയ്യിപ്പിച്ച് വേണം അത് മുതലാക്കാൻ".
"ഇനി നോക്ക് സാറേ, പെയിന്റിംഗ്കാർക്കും, സ്റ്റേജ് ഡെക്കറേഷൻകാർക്കും, കാറ്ററിംഗ്കാർക്കും, പൂക്കടക്കാർക്കും, വണ്ടി വാടകയ്ക്കും എല്ലാം ഇങ്ങനെ പെറുക്കി കൊടുക്കാൻ കാശ് വേണ്ടേ? അത് ബാങ്കിൽ നിന്ന് കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും?"
ഞാനൊരു ദീർഘനിശ്വാസം വിട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞു, പെങ്ങളേ, കഴിഞ്ഞ നവംബർ 8-ാം തിയതി രാത്രി നമ്മുടെ അയൽ രാജ്യവുമായി യുദ്ധം തുടങ്ങി എന്നു കരുതുക, ബോംബും മിസൈലും ഒക്കെ നമ്മുടെ തലക്കു മീതേ വീഴാൻ ഓങ്ങി നിൽക്കുന്ന ഒരു അവസ്ഥ സങ്കൽപിച്ചു നോക്കിക്കേ? അല്ലെങ്കിൽ അന്ന് ഇവിടെ ഒരു ഭൂമികുലുക്കം ഉണ്ടാക്കി എന്നു കരുതുക, റോഡുകളും പാലങ്ങളും തകർന്ന്, ഗതാഗതം സ്തംഭിച്ച്, അവശ്യ സാധനങ്ങൾ ഒന്നും എവിടെയും ലഭിക്കാത്ത സാഹചര്യം ഒന്നു ചിന്തിച്ചു നോക്കിക്കേ? കിടപ്പാടം തകർന്ന് കയറിക്കിടക്കാൻ ഇടമില്ലാത്ത അവസ്ഥ, മരിച്ചുവീണ ശവശരീരങ്ങൾ അഴുകി നാടെങ്ങും രോഗങ്ങൾപടരുന്നതും, ഉറ്റവരും ഉടയവരും ചിതറിപ്പോകുന്നതും ഒക്കെ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ദുരന്തങ്ങളല്ലേ? അപ്പോഴും ഉണ്ടാവില്ലേ ഇതുപോലെ ഉത്തരം മുൻകൂട്ടി ലഭിക്കാത്ത ഒരുപാട് പ്രശ്നങ്ങൾ?..
ഓരോ പ്രശ്നത്തിന്റെയും മേൽ ഓരോരുത്തരും സ്വീകരിക്കുന്ന ഓരോ നടപടികളും ചിലർക്ക് അപ്പോൾ ഗുണകരവും പിന്നീട് ദോഷകരവും ആകാം. ചിലർക്ക് അപ്പോൾ ദോഷവും പിന്നീട് ഗുണകരവും ആയിത്തീരാം. മറ്റു ചിലരെ ബാധിക്കുക പോലും ചെയ്യാതെ കടന്നു പോയേക്കാം. യഥാർത്ഥ ഗുണദോഷങ്ങൾ തെളിയിക്കാൻ കാലത്തിനു മാത്രമേ കഴിയുകയുള്ളു.
ഇപ്പോഴത്തെ നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം തേടി ബന്ധപ്പെട്ടവരെ സമീപിച്ച് സമ്മർദ്ദം ചെലുത്തി പരിശ്രമിച്ചോളൂ. ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യണം. അത് പൌരധർമ്മമാണ്. പക്ഷേ അവരു സഹായിച്ചാലും ഇല്ലെങ്കിലും, നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ഈ കാര്യങ്ങളെക്കുറിച്ച് അമിതമായി രോഷം കൊണ്ട് നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നഷ്ടപ്പെടുത്തരുത്.
മനസ്സിലെ ആകുലതകൾ എല്ലാം മാറ്റി വെച്ച്, നിങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങൾ എന്തൊക്കെയെന്നു വിലയിരുത്തുകയാണ്, ഇപ്പോൾ അത്യാവശ്യം ചെയ്യേണ്ടത്.
നിങ്ങളുടെ മകളുടെ കൈവശമുള്ളത് കുടുംബം എന്ന കല്പവൃക്ഷമാണ് എന്നു ഓർമ്മിക്കുക. അവളുടെ കഴിവും, പഠിപ്പും, പ്രാപ്തിയും, തൊഴിലും, സൌന്ദര്യവും മാത്രമല്ല, മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും, ബന്ധുക്കളുടെയും,സുഹൃത്തുക്കളുടെയും, സഹപാഠികളുടെയും, സഹപ്രവർത്തകരുടെയും ഒക്കെ സദ്ഗുണങ്ങളും സഹവർത്തിത്വവും കൂടി ചേർന്ന്, ഒരുപാട് പ്രയോജനങ്ങളുള്ള ഒരു കല്പവൃക്ഷത്തിന്റെ ഭാഗമാണ് നിങ്ങളുടെ മകൾ എന്ന് തിരിച്ചറിയണം. അത് പരീക്ഷക്ക് എഴുതാൻ എന്ന പോലെ കുടുംബാംഗങ്ങൾ എല്ലാവരും പഠിച്ചു വെക്കണം.
ഇപ്പോൾ പശുവിനെക്കുറിച്ച് അഥവാ കാശിനെക്കുറിച്ച്, സിലബസ്സിലില്ലാത്ത ചോദ്യം വന്നിരിക്കുന്നു. ആരാണെങ്കിലും പകച്ചു പോകും. പക്ഷേ പേടിക്കേണ്ട. സിലബസ്സിലെ ചോദ്യം ചെയ്യുന്നത് പിന്നീടാകാം, ആദ്യം ആ പശുവിനെ നമ്മുടെ തെങ്ങിൽ കെട്ടി പരീക്ഷ എഴുതുകയല്ലേ വേണ്ടത്?
കല്യാണം തടസ്സമില്ലാതെ നടക്കണം എന്നതല്ലേ നിങ്ങളുടെ പ്രധാന ആവശ്യം? അത് ഇത്ര കാശിന്റെ കല്യാണം ആയിരിക്കണം എന്ന് നിർബന്ധം പിടിക്കാതിരുന്നാൽ പോരേ? കല്പവൃക്ഷത്തിലെ വേണ്ടപ്പെട്ടവരെ വിളിച്ചു എത്രകാശ് ചെക്കിനു പകരം പണമായി സംഘടിപ്പിക്കാൻ പറ്റും എന്ന് ചോദിച്ച് കണക്കുകൂട്ടുക. ഇനി, കാശു കൊടുക്കേണ്ട കൂട്ടരെ ഓരോരുത്തരെയായി വിളിച്ച് ചെക്ക് കൊടുത്താൽ മതിയോ എന്ന് തിരക്കുക, ബെത് ലെഹം ഓഫീസിൽ ചായ തരുന്ന ചേട്ടൻ പോലും ആപ്പീസുകളിൽ നിന്ന് ചെക്ക് ആയിട്ടാണ് ചായയുടെ പ്രതിമാസ ബിൽ സ്വീകരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ ചെക്ക് സ്വീകരിക്കുന്ന കൂട്ടരുമായി മാത്രമേ ഇടപാട് നടത്താനാവുള്ളു എന്ന് തറപ്പിച്ചു പറയുക. അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി ട്രാൻസ്ഫർ ചെയ്യാം. മറ്റുള്ളതെല്ലാം ഒഴിവാക്കാൻ അങ്ങ് തീരുമാനിക്കുക. ഒഴിവാക്കാൻ പറ്റാത്തതിനു മാത്രം നുള്ളി പെറുക്കി പിരിച്ചെടുത്ത കാശു കൊടുത്ത് ഇടപാട് തീർക്കുക. ക്രെഡിറ്റ് - ഡെബിറ്റ് കാർഡുകളും, നെറ്റ്ബാങ്കിംഗും ഒന്നും നിങ്ങൾക്ക് ഇല്ലെങ്കിൽ കല്പവൃക്ഷത്തിൽ അതൊക്കെയുള്ള ആരെങ്കിലും ഉണ്ടാകും, അതുകൊണ്ടാ കുടുംബം ഒരു കല്പവൃക്ഷമാണെന്നു ഞാൻ പറഞ്ഞത്.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇരു വീട്ടുകാരും മറ്റേയാളുടെ പരിമിതിയെക്കുറിച്ച് മനസ്സിലാക്കി ബദ്ധപ്പാട് ലഘൂകരിക്കാൻ പരമാവധി സഹകരിക്കുന്ന സംഭവങ്ങളാണ് ഞാനിവിടെ കണ്ടു വരുന്നത്. അഥവാ അത്തരം സഹകരണത്തിന് തയ്യാറല്ലാത്തവരാണ് പുതിയ ബന്ധുക്കാരെങ്കിൽ ആ കല്യാണം നടക്കാതെ മാറി പോകുന്നതു തന്നെയല്ലേ നല്ലത്?
പെണ്ണും ചെറുക്കനും തമ്മിൽ ദൈവമുമ്പാകെ പരസ്പരം ഹൃദയം കൈമാറി ദമ്പതികളായി പുതിയ കുടുംബം സ്ഥാപിക്കുന്ന കർമ്മത്തിന്റെ വിശുദ്ധി ഒഴികെ മറ്റെന്തൊക്കെ കാര്യങ്ങൾ ഒഴിവാക്കിയാലും നിങ്ങളുടെ കല്പവൃക്ഷത്തിന് ഒരു പോരായ്മയും സംഭവിക്കില്ല കേട്ടോ.
അതുകൊണ്ട് പെങ്ങൾ നേരെ പോയി ആ പശുവിനെ പിടിച്ച് തെങ്ങിൽ കെട്ടി പരീക്ഷ എഴുതാൻ നോക്ക്..
George Kadankavil - December 2016