അങ്കിളെ ഞാൻ വിളിക്കുന്നത് മുംബൈയിൽ നിന്നാണ്. എന്റെ പപ്പയെയും മമ്മിയെയും അങ്കിളറിയും. അതുകൊണ്ട് എന്റെ പേരു പറയുന്നില്ല. പേരു പറയാതെ എന്നോട് സംസാരിക്കുമോ?
തീർച്ചയായും; പേര് അത്യാവശ്യമല്ലാത്ത കാര്യങ്ങൾ മാത്രം നമുക്ക് സംസാരിക്കാം.
അമ്മ അങ്കിളിന്റെ എഴുത്തിന്റെ വലിയ ഫാനാണ്. ചിലതൊക്കെ എന്നെ വായിച്ചു കേൾപ്പിക്കും, എന്നിട്ട് എല്ലാം മൊബൈലിൽ ഫോട്ടോ എടുത്ത് എനിക്ക് അയച്ചും തരും, ഞാൻ വായിക്കണം എന്ന് പറഞ്ഞ്.
നീ അത് വലിയ കാര്യമാക്കേണ്ട മോളേ, നിനക്ക് ഇഷ്ടമുള്ളത് മാത്രം നീ വായിച്ചാൽ മതി. ഒരു തരത്തിൽ നോക്കിയാൽ അത് ഒരു മാർക്കറ്റിംഗ് തന്നെയാ. വായിക്കാൻ രസമുണ്ടെന്നും പലർക്കും പ്രയോജനപ്പെടുന്നുണ്ട് എന്നും ഒക്കെ പ്രതികരണങ്ങൾ കിട്ടുന്നതിനാൽ തുടരുന്നു എന്നേയുള്ളു.
എനിക്ക് തോന്നി അങ്കിളേ, ഞാനൊരു മാർക്കറ്റിംഗ് ടീം ലീഡറായിട്ടാണ് ജോലി ചെയ്യുന്നത്. ഞങ്ങളുടെ പ്രോഡക്ടിനെക്കുറിച്ച് ഞാനും ഇങ്ങിനെ ഓരോന്ന് എഴുതാറുണ്ട്.
മിടുക്കീ, അതു കൊള്ളാമല്ലോ, എഴുതിയത് എനിക്കു കൂടി അയച്ചു തന്നോ, ബെത് ലെഹമിന്റെ വായനക്കാർക്ക് ഉപകാരപ്പെടുന്നതാണെങ്കിർ പ്രസിദ്ധീകരിക്കാം.
അങ്കിളേ ഞാൻ വിളിച്ചത് എന്റെ കല്യാണക്കാര്യത്തിനുവേണ്ടിയല്ല, എന്റെ കൂട്ടുകാരിക്കു വേണ്ടിയാണ്. 35 വയസ്സായി. അമേരിക്കയിലാണ്, സിറ്റിസണാണ്. കല്യാണം ഒന്നും ശരിയാകുന്നില്ല. അവര് കത്തോലിക്കരല്ല, കല്യാണാലോചനയുമായി ഓരോ കത്തോലിക്കാ പയ്യന്മാരുടെ വീട്ടിൽ വിളിക്കുമ്പോൾ, ഈ കാരണം പറഞ്ഞ് അവർ ഒഴിവാകുന്നു. കത്തോലിക്കരല്ലാത്ത ക്രിസ്ത്യാനികളെ കല്യാണം കഴിക്കാൻ എന്തെങ്കിലും പ്രശ്നമുണ്ടോ അങ്കിൾ.
മോളേ, പ്രായപൂർത്തിയായ, അവിവാഹിതരായ ഒരു സ്ത്രീയും പുരുഷനും ചേർന്ന്, ഞങ്ങൾ വിവാഹിതരായി ഒരു കുടുംബം ആകാൻ ആഗ്രഹിക്കുന്നു എന്നു നിശ്ചയിച്ചാൽ അത് നടന്നു കിട്ടാനുള്ള സാഹചര്യം ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. കുടുംബത്തെയോ, സമൂഹത്തെയോ വെല്ലുവിളിക്കുന്ന രീതിയിൽ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോഴാണ് പ്രശ്നങ്ങളും തടസ്സങ്ങളും ഉയരുന്നത്.
ആലോചന ഒഴിവാക്കുന്നതിനും കാരണമുണ്ട്. പരിചിതമല്ലാത്തതിനോട് നമുക്കെല്ലാം ഭയമുണ്ട്. ഭർത്താവിന്റെ വീട്ടിലെ അപരിചിതമായ ആചാര അനുഷ്ഠാനങ്ങളോട് നിന്റെ കൂട്ടുകാരിയോ വീട്ടുകാരോ (മറിച്ചോ) എന്തെങ്കിലും താൽപര്യക്കുറവോ നീരസമോ പ്രകടിപ്പിക്കാൻ സാദ്ധ്യത ഉണ്ടെന്നു കരുതിയായിരിക്കാം അവളുടെ ചില ആലോചനകൾ പരിഗണിക്കപ്പെടാതെ പോയത്.
അങ്കിളേ പോയത് പോയി, ഞങ്ങൾക്ക് ഇവളെ കെട്ടിക്കണം. അതിന് എന്തു ചെയ്യണം? ഒരു ആക്ഷൻ പ്ളാൻ പറഞ്ഞു താ.
മോളേ ഒരു കാറു വാങ്ങാനോ, വീടു വാങ്ങാനോ ആയിരുന്നെങ്കിൽ നമുക്ക് ടക്ക് ടക്കെന്ന് ആക്ഷൻ പ്ളാൻ ഉണ്ടാക്കി കാര്യം എക്സിക്യൂട്ട് ചെയ്യാമായിരുന്നു. അതും ഒരു തീരുമാനമെടുക്കാൻ ഒരുപാട് ബുദ്ധിമുട്ടണം. ഇതിപ്പോൾ കല്യാണമല്ലേ, കാറു വാങ്ങുന്ന പോലെ എളുപ്പമല്ലല്ലോ.
ഒരു വിവാഹം എങ്ങനെയാ അറേഞ്ച് ചെയ്ത് നടത്തുന്നത് എന്നു പറഞ്ഞു തരാം. അത് കേട്ടിട്ട്, അവൾക്കുകൂടി ബോദ്ധ്യം വരുന്ന അനുയോജ്യമായ ഒരു പദ്ധതി ഉണ്ടാക്കാൻ നമുക്ക് ശ്രമിക്കാം.
ഒരു വിവാഹാലോചന ആരംഭിക്കണമെങ്കിൽ, ഒന്നുകിൽ നിങ്ങൾക്ക് പറ്റിയ ഒരാൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടണം. അല്ലെങ്കിൽ നിങ്ങൾക്ക് പറ്റിയ ആളുടെ ശ്രദ്ധയിൽ നിങ്ങൾ പെടണം.
അതിന് നിങ്ങളെപ്പോലുള്ളവർവിവാഹം അന്വേഷിക്കുന്ന ഏതെങ്കിലും വേദിയിൽ നിങ്ങളും ഉണ്ടാവണം, നിങ്ങളെ നല്ല രീതിയിൽ അവിടെ അവതരിപ്പിക്കുകയും വേണം. (Be available there and be impressive, - precise narration about all relevant details with proper formal photographs).
നിങ്ങളുടെ ശ്രദ്ധയിൽ ആരെങ്കിലും പെടണമെങ്കിൽ, അവിടെ നിങ്ങൾ തിരഞ്ഞു നോക്കണം. (Be searching)
അടുത്തത് കമ്യൂണിക്കേഷൻ ആണ്, (Responding promptly) ആരെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അക്കാര്യം അറിയിച്ച് അവർക്ക് ഒരു സന്ദേശം കൊടുക്കണം. അവരെക്കുറിച്ച് അന്വേഷിച്ച് ഇരു കൂട്ടരെയും അറിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടോ എന്ന് വിവര ശേഖരണം നടത്തുന്നത് വളരെ ഉപകാരപ്രദമാണ്. പരസ്പരം സംസാരിക്കുമ്പോൾ ഈ പരിചയക്കാരുടെ റഫറൻസ്, നിങ്ങൾ ഇരുകൂട്ടരും അപരിചിതർ ആണെങ്കിലും, പരിചിതർ എന്ന തോന്നലും അടുപ്പവും ഉളവാക്കാൻ സഹായിക്കും.
പരസ്പരം ഇടപെടാൻമനസ്സുഖമുള്ള, അപരിചിതത്വം തോന്നാത്ത, കുടുംബങ്ങളാണെന്നു മനസ്സിലായാൽ പെണ്ണുകാണൽ എന്ന ചടങ്ങിന് സൌകര്യം ഉണ്ടാക്കണം. കണ്ടു കഴിയുമ്പോൾ, പെണ്ണിനും ചെറുക്കനും, ശിഷ്ടകാലം ഒന്നിച്ച് ജീവിക്കണം എന്ന് അവരുടെ ഹൃദയത്തിൽ തോന്നിയാൽ ആ വിവാഹം ഉറപ്പിക്കാം.
കഴിഞ്ഞ 20 വർഷമായി, അഭ്യസ്തവിദ്യരായ ക്രിസ്ത്യൻ യുവതീ യുവാക്കൾ വിവാഹം അന്വേഷിക്കാനെത്തുന്ന ഒരു ഇടം അഥവാ വേദി ഒരുക്കി പരിപാലിക്കുന്നു എന്നതാണ് ബെത് ലെഹമിന്റെ പ്രധാന റോൾ. നിന്റെ പ്രൊഫൈൽ വെച്ച് ഇവൾക്ക് വേണ്ടി ബെത് ലെഹമിൽ സെർച്ച് ചെയ്താൽ, അതു കാണുന്ന 35 പ്ളസ് പയന്മാർ നിനക്കായിരിക്കും പ്രൊപ്പോസൽ വിടുന്നത്.
ഇനി നിന്റെ കൂട്ടുകാരിയുടെ കാര്യം ആലോചിക്കാം. 35 വയസ്സെന്നു പറയുമ്പോൾ അതിനു മുകളിൽ പ്രായമുള്ള അവിവാഹിതനായ ഒരു പുരുഷനെ കണ്ടെത്തണം. അങ്ങനെയുള്ളവരുടെ എണ്ണം വളരെ കുറവായിരിക്കും. പിന്നെ ഒരു അമേരിക്കൻ സിറ്റിസന്റെ സംസ്കാരം എന്തെന്ന് പരിചയമോ ഉൾക്കാഴ്ച എങ്കിലുമോ ഉള്ള ആളെ വേണ്ടേ? താരതമ്യം ചെയ്യാവുന്ന വിദ്യാഭ്യാസവും തൊഴിലും പയ്യന് വേണമല്ലോ? പരിമിതമായ എണ്ണത്തിൽ നിന്നും അപ്പോൾ നമ്പർ വീണ്ടും കുറയുന്നു.
എണ്ണം കുറവാണെന്നു കേട്ടിട്ട് മനസ്സ് മടുക്കാൻ വരട്ടെ, അവൾക്ക് അങ്ങനെ ഒറ്റ പുരുഷനെ അല്ലേ വേണ്ടൂ? അങ്ങിനൊരാൾ എവിടെയോ ഉണ്ട് എന്ന പ്രതീക്ഷയിൽ വേണം ആക്ഷൻ പ്ളാൻ ഉണ്ടാക്കാൻ.
1. എല്ലാ മാട്രിമോണിയൽ സൈറ്റിലും സൌജന്യ രജിസ്ട്രേഷൻ സൌകര്യം ഉണ്ടെന്നാണ് എന്റെ അറിവ്, മലയാളികൾ ഉപയോഗിച്ചു വരുന്ന എല്ലാ സൈറ്റിലും കൂട്ടുകാരിയുടെ പ്രൊഫൈൽ സൌജന്യമായി രജിസ്റ്റർ ചെയ്ത് സെർച്ച് ചെയ്ത് നോക്കുക. ഏറ്റവും അനുയോജ്യമായ പ്രൊഫൈലുകൾ കണ്ടെത്തുന്ന സൈറ്റിൽ പണമടച്ച് പ്രീമിയം മെമ്പർഷിപ്പും എടുക്കുക.
2. ഏറ്റവും പ്രചാരമുള്ള പത്രത്തിൽ പരസ്യം കൊടുക്കുക. വിദേശ എഡിഷനും മെട്രോ നഗര എഡിഷനുകളും മാത്രമായി കൊടുത്താലും മതിയാകും. പരസ്യത്തിൽ മാട്രിമോണിയൽ സൈറ്റിന്റെ ഐഡി പ്രസിദ്ധപ്പെടുത്താൻ സാധിക്കുമെങ്കിൽ അത് കൂടുതൽ പ്രയോജന പ്രദമായിരിക്കും. ഫോൺ നമ്പരിനു പകരം ഇ-മെയിൽ കൊടുക്കുന്നത് ആയിരിക്കും സൌകര്യം.
3. പ്രഥമദൃഷ്ട്യാ കൊള്ളാം എന്നു തോന്നുന്ന പ്രൊപ്പോസൽ വരുമ്പോൾ അവരുടെ ഊരും പേരും ബന്ധുമിത്രാദികളെ കുറിച്ചും പരമാവധി ചോദിച്ച് മനസ്സിലാക്കണം.
4. നമുക്ക് പറ്റാത്തതാണെങ്കിലും ഇപ്പോൾ ഇക്കാര്യം ആലോചിക്കുന്നില്ല എന്നെങ്കിലും ഒരു മറുപടി കൊടുക്കണം. നമ്മൾ കൊടുക്കുന്ന മര്യാദ അത്യാവശ്യ നേരത്ത് നമുക്ക് തിരിച്ച് കിട്ടാനാണിത്.
5. പെണ്ണുകാണൽ വലിച്ചു നീട്ടിക്കൊണ്ടു പോകരുത്. യാത്രച്ചിലവ്, അവധി ഇല്ല, തുടങ്ങിയ കടമ്പകളാണ് പല നല്ല പ്രൊപ്പോസലുകളും ചീറ്റിപ്പോകാനിടയാക്കുന്നത്.
6. അറേഞ്ച്ഡോ അല്ലാതെയോ, ഇഷ്ടപ്പെട്ട ഒരു ചെറുക്കനെ കാണുമ്പോൾ ഹൃദയം കൊണ്ടു കൂടി കാണാൻ കൂട്ടുകാരിയോട് പറയണം. അവന്റെ ഹൃദയത്തിൽ കയറിപ്പറ്റാൻ അവൾക്ക് കഴിയണം.
കൂട്ടുകാരി എന്നെ വിളിക്കുമെങ്കിൽ ഇതൊക്കെ ഞാൻ പറഞ്ഞു കൊടുക്കാം. അല്ലെങ്കിൽ നീ പറഞ്ഞ് കൊടുക്കണം. പക്ഷേ ''രോഗി ഇന്ന് കച്ചി തിന്നോ'' എന്നു ചോദിച്ചപോലെ ആകരുത്.
അതെന്താ അങ്കിളേ?
അതൊരു കഥയാ മോളേ.....
പണ്ട് ഒരു വൈദ്യൻ രോഗിയോ കാണാൻ പോയപ്പോൾ ഒരു ശിഷ്യനെയും കൂടെ കൊണ്ട് പോയി. രോഗിയുടെ വീട്ടിൽ ചെന്നപ്പോൾ രോഗി ചുമയും കഫക്കെട്ടും മൂലം ശ്വാസം വിടാൻ കഷ്ടപ്പെടുകയായിരുന്നു. അപ്പോൾ വൈദ്യൻ വീട്ടുകാരോട് ചോദിച്ചു, രോഗി ഇന്ന് പഴം തിന്നു അല്ലേ? വീട്ടുകാർ അത്ഭുതപ്പെട്ടു പോയി, അവർ പറഞ്ഞു, ഇന്ന് ഒരു പഴം തിന്നു അതു കഴിഞ്ഞപ്പോഴാ ഇത്രയും വഷളായത്. ഇനി പഴം കൊടുക്കേണ്ട എന്നു പറഞ്ഞ് വൈദ്യർ കുറച്ച് മരുന്ന് കൊടുത്തു.
തിരികെ പോകും വഴി ശിഷ്യൻ വൈദ്യനോടു ചോദിച്ചു,രോഗി പഴം തിന്നു എന്ന് എങ്ങിനെയാ മനസ്സിലായത്?..
എടാ ആ കട്ടിലിനടിയിൽ പഴത്തൊലി കിടപ്പുണ്ടായിരുന്നു. അതു കണ്ടപ്പോൾ വിവരം പിടികിട്ടി. ശിഷ്യന് സന്തോഷമായി.
പിന്നീടൊരിക്കൽ രണ്ടു പേരും കൂടി ഒരു രോഗിയെ കാണാൻ പോയപ്പോൾ, രോഗിയുടെ കട്ടിലിനടിയിൽ ഓറഞ്ച് പൊതിഞ്ഞു കൊണ്ടു വന്ന കുറച്ച് വൈക്കോൽ കിടന്നിരുന്നു, അത് കണ്ട് ശിഷ്യൻ ചാടിക്കയറി വീട്ടുകാരോടു ചോദിച്ചു, ''രോഗി ഇന്ന് കച്ചി തിന്നു അല്ലേ'' ???
മോളേ എന്നെ ഒന്നും പറയല്ലേ, ഞാൻ ഒന്നു തമാശിച്ചതാ. ഒരുപാടു നാളുകൂടി എന്തെങ്കിലും എഴുതാൻ എനിക്ക് പ്രചോദനം തന്നത് മോളുടെ ഫോൺ വിളിയാണ്. താങ്ക് യൂ.
നിന്റെ കൂട്ടുകാരിക്ക് നല്ലത് വരും. അവൾക്ക് ഉത്സാഹവും പ്രസരിപ്പും തോന്നും വിധം അവളെ ഇടക്ക് വിളിച്ച് ഇതുപോലെ വല്ല വളിപ്പും ഒക്കെ അടിച്ച് സന്തോഷിപ്പിക്കണം. എന്നും തമ്പുരാനേ ആശ്രയിക്കുകയും വേണം.
George Kadankavil - November 2016