''മകളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷമായി, ബെത് ലെഹം വഴി വന്ന പ്രൊപ്പോസലാണ്, വളരെ നല്ല ഒരു ബന്ധുതയാണ് ഞങ്ങൾക്ക് കിട്ടിയത്. ഇന്നലെ അവരുടെ വിവാഹ വാർഷികമായിരുന്നു. ആ സന്തോഷം പങ്കു വെയ്ക്കാൻ വേണ്ടിയാണ് സാറിനെ വിളിച്ചത്. സത്യത്തിൽ ഇരട്ടി സന്തോഷമാണ് ഞങ്ങൾക്ക് പറയാനുള്ളത്.
നാല്പതിലധികം വിവാഹ തട്ടിപ്പുകൾ നടത്തിയ യുവാവിനെ ബാംഗ്ളൂർ പോലീസ് അറസ്റ്റു ചെയ്തു എന്ന് ഇന്നത്തെ പത്രത്തിൽ ഒരു വാർത്ത കണ്ടു. എന്റെ സാറേ ഞങ്ങൾക്ക് ആദ്യം പ്രൊപ്പോസലുമായി വന്നത് ഈ പയ്യനായിരുന്നു. ആസ്ട്രേലിയയിൽ ഗവണമെന്റ് ജോലിയാണ്, ഡിപ്ളോമാറ്റിക് പാസ്പോർട്ടുണ്ട്, മാതാപിതാക്കളും ആസ്ട്രേലിയയിൽ തന്നെയാണ്, മകളുടെ പ്രൊഫൈൽ കണ്ട് അവന് ഏറ്റവും യോജിച്ച പെൺകുട്ടി അവൾ തന്നെയാണ് എന്ന് റിസർച്ച് ചെയ്ത് നൂറു ശതമാനം ബോദ്ധ്യപ്പെട്ടിരിക്കുന്നു, വന്നു കാണാൻ അനുവാദം ചോദിച്ചാണ് അവൻ ആദ്യം വിളിക്കുന്നത്.
മകളെപ്പറ്റി അവൻ കുറെ ഹോംവർക്ക് ചെയ്തിട്ടുണ്ട് എന്ന് അവന്റെ സംസാരത്തിൽ നിന്നും ബോദ്ധ്യമായി. കല്യാണം കഴിഞ്ഞ് ചെന്നാൽ അവൾക്ക് ഏറ്റവും പറ്റിയ ജോലി വരെ കണ്ടു വെച്ചിട്ടാണ് പയ്യൻ വന്നിരിക്കുന്നത്. ഇവളെ കാണാൻ വേണ്ടി മാത്രമാണ് ആസ്ട്രേലിയയിൽ നിന്നും ഇപ്പോൾ വന്നിരിക്കുന്നത്. അവൻ തനിച്ചാണ് വന്നിരിക്കുന്നത്, ഉടനെ തിരികെ പോകുകയും വേണം. നാട്ടിൽ ബന്ധുക്കളുടെ അസൂയയും കുശുമ്പും ഒക്കെ ഉള്ളതിനാൽ ഹോട്ടലിലാണ് താമസം. ഞങ്ങളാലോചിച്ചിട്ട് ഇന്നു തന്നെ ഒരു മറുപടി കൊടുക്കണം.
ഇത്രയും മിടുക്കനായ പയ്യനെ ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമായി. എത്രയും പെട്ടെന്ന് കല്യാണം നടത്താൻ ഞങ്ങൾക്ക് സമ്മതമാണ് എന്ന് അപ്പോൾത്തന്നെ മറുപടി കൊടുത്തു. അടുത്ത പടി പയ്യന്റെ മാതാപിതാക്കളോട് സംസാരിക്കണം, അവന്റെ വീട്ടിലേക്ക് കുറച്ചു പേര് പോയി വീട് കാണണം, വേണമെങ്കിൽ ഉറപ്പിക്കലും ആ പോക്കിൽ തന്നെ നടത്താം എന്നായി ഞങ്ങൾ.
പയ്യനും അത് സമ്മതമാണെന്നു പറഞ്ഞു. ആറുമാസം കഴിഞ്ഞേ അവന് ഇനി ലീവ് കിട്ടുകയുള്ളു. മാതാപിതാക്കൾ അടുത്ത മാസം നാട്ടിൽ വരുന്നുണ്ട്, അപ്പോൾ ഈ ചടങ്ങുകൾ എല്ലാം നടത്താം. എല്ലാവരും കൂടി ആലോചിച്ച് ആറുമാസം കഴിഞ്ഞുള്ള സൌകര്യപ്രദമായ ദിവസം നോക്കി മനസ്സമ്മതവും വിവാഹവും നിശ്ചയിക്കാം. പയ്യന് ഉടനെ തിരിച്ചു പോകണം. കല്യാണം കഴിഞ്ഞാൽ ഭാര്യയെ കൂടെ കൊണ്ടുപോകണം എന്ന് അവന് നിർബന്ധം ഉണ്ട്, അതിനാൽ വിസായ്ക്കുള്ള അപേക്ഷ ഇപ്പോൾത്തന്നെ കൊടുത്തു വെയ്ക്കുന്നതാണ് സൌകര്യം. കുറച്ച് ഡോക്കുമെന്റ്സ് കാശു കൊടുത്ത് ഉണ്ടാക്കേണ്ടിവരും , അവന് ഡിപ്ളോമാറ്റിക് പാസ്പോർട്ട് ഉള്ളതിനാൽ അവന്റെ സ്പൌസ് ആയി വിസയ്ക്ക് അപേക്ഷിച്ചാൽ മൂന്ന് മാസം കൊണ്ട് വിസ കിട്ടും. വിസയ്ക്ക് രണ്ടു ലക്ഷം രൂപയോളം ചിലവാകും, അതിന്റെ പകുതി അവൻ വഹിക്കും, ബാക്കി ഞങ്ങൾ കൊടുത്താൽ മതി. ഇനി അഥവാ വിസ കിട്ടിക്കഴിഞ്ഞിട്ട്, വിവാഹം എങ്ങാനും നടക്കാതെ പോയാൽ മാത്രം ബാക്കി പണം അവന് കൊടുത്താൽ മതി എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ മനസ്സു കൊണ്ട് ചെക്ക് ബുക്ക് കയ്യിലെടുത്തു.
പക്ഷേ, ആർക്കെങ്കിലും കാശു കൊടുക്കും മുമ്പ് പരോക്ഷമായിട്ടെങ്കിലും സാക്ഷിയും റഫറൻസും ഒക്കെ വെക്കുന്ന ശീലം ഉള്ളതു കൊണ്ട് ഞാൻ പറഞ്ഞു, ശരി ഇതൊക്കെ മോന്റെ അപ്പച്ചനോടും കൂടി ഫോണിൽ ഒന്നു സംസാരിച്ച് ധാരണ ആക്കിയിട്ട് ഞാൻ പണത്തിന് അറേഞ്ച് ചെയ്യാം എന്ന്. അത് കേട്ടപ്പോൾ അവന്റെ മുഖത്ത് ഒരു നേരിയ മാറ്റം കണ്ടപോലെ എനിക്ക് തോന്നി.
ഒരു മണിക്കൂറിനുള്ളിൽ അപ്പച്ചനെകൊണ്ട് എന്നെ വിളിപ്പിക്കാം എന്ന് പറഞ്ഞ് അവൻ മടങ്ങി. ഏതായാലും അപ്പച്ചന്റെ വിളി വന്നില്ല. അവന്റെ നാക്കിന്റെ മിടുക്കിൽ വീണ് എന്റെ മോളുടെ ജീവിതമാണല്ലോ ഞാൻ പന്താടിയതെന്ന് ഓർക്കുമ്പോൾ ഇപ്പോഴും എന്റെ ഉള്ളിലൊരു മിന്നൽ പിണറാണ് സാറേ.
ഞാനിതൊക്കെ സാറിനോട് പറയുന്നത് കൊണ്ട് എനിക്ക് വലിയ ആശ്വാസമാണ് തോന്നുന്നത്. നിങ്ങളും സൂക്ഷിക്കണം സാറേ, ബെത് ലെഹമിന്റെ പേരു റഫറൻസ് പറയുമ്പോൾത്തന്നെ ഞങ്ങളുടെയൊക്കെ കുടുംബങ്ങളിൽവല്യ വിശ്വാസമാണ്. തട്ടിപ്പുകാരുടെ വേലത്തരങ്ങൾ സൂക്ഷിക്കണം എന്ന് ബെത് ലെഹം അംഗങ്ങളുടെ ഇടയിൽ സാറ് ബോധവത്കരണം നടത്തണം. ഇത്തരക്കാർ അവിടെ രജിസ്റ്റർ ചെയ്യുമ്പോൾത്തന്നെ കണ്ടു പിടിക്കാൻ എന്തെങ്കിലും സംവിധാനം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ് കേട്ടോ.''
അച്ചായാ, എന്നെ വിളിച്ച് ഇത്രയും വിശദമായി ഇതൊക്കെ വിവരിച്ചു തന്നതിന് ഒത്തിരി നന്ദിയുണ്ട് കേട്ടോ. കുറെ വർഷങ്ങൾക്കു മുമ്പ്, ബെത് ലെഹമിന്റെ മാസികയും കൊണ്ട് വീടുകളിൽ ചെന്ന് അമ്മമാരെ പറഞ്ഞു പറ്റിച്ച് ഇരുനൂറും മുന്നൂറും ഒക്കെ തട്ടിയെടുത്ത ചില സംഭവങ്ങളും, വി.പി.പി അയച്ച് തട്ടിപ്പ് നടത്തിയ സംഭവവും അറിഞ്ഞപ്പോഴാണ് ബെത് ലെഹം മാസികയിൽ അത്തരം തട്ടിപ്പുകൾക്കെതിരെ ഒരു മുന്നറിയിപ്പ് പതിവായി പ്രസിദ്ധപ്പെടുത്തി തുടങ്ങിയത്. ഇതിപ്പോൾ വിരുതൻ ശങ്കുവിനെ വെല്ലുന്ന തട്ടിപ്പ് ശ്രമമാണല്ലോ!
പ്രിയപ്പെട്ടവരെ നമ്മൾ തട്ടിപ്പിന് ഇരയാകുന്നതിന്റെ പ്രധാന കാരണം ഒന്നു ശ്രദ്ധിക്കണേ - ന്യായമായ മാർഗ്ഗത്തിലൂടെ, നമുക്ക് പെട്ടെന്ന് ലഭിക്കാനിടയില്ലാത്ത, എന്തെങ്കിലും കാര്യം സംഘടിപ്പിച്ചു തരാമെന്ന് വാഗ്ദാനം ചെയ്തു കൊണ്ടാണ് മിക്ക തട്ടിപ്പുകാരും ഇരയെ കെണിയിൽ വീഴ്ത്തുന്നത്. അത് സമ്മതിക്കുന്നതോടു കൂടി നമ്മുടെ ഇന്റഗ്രിറ്റി നഷ്ടപ്പെടുന്നു, അങ്ങനെ നമ്മളും അവരുടെ നിലവാരത്തിലേക്ക് താഴും. ഇനി നമ്മളെക്കൊണ്ട് ഒരു നിയമലംഘനം കൂടി നടത്തിക്കുന്നതോടെ നമ്മളുടെ തലതട്ടിപ്പുകാരുടെ കക്ഷത്തിലാകും. പിന്നെ പറ്റിയ അബദ്ധം പുറത്തു പറഞ്ഞാൽ നമ്മളുടെ നിയമ ലംഘനവും പുറത്താകും. ആ ഭയം മൂലം തട്ടിപ്പു നടത്തിയവർക്കെതിരെ നടപടി എടുക്കാനും സാധിക്കാതെ പോകുന്നു.
ഈ അച്ചായന്റെ അനുഭവം ഒന്നു ചിന്തിച്ചു നോക്കിക്കേ - കുറുക്കു വഴിയിലൂടെ വിസാ കിട്ടും എന്ന പ്രലോഭനം കൊടുത്തിട്ട്, ആ പെൺകുട്ടി അവന്റെ ഭാര്യ ആണെന്ന് കൃത്രിമ രേഖ നിർമ്മിക്കാനാണ് അവൻ പദ്ധതി ഇട്ടു വന്നത്, അങ്ങനെ ഒരു രേഖയും വെച്ച് ആ പെൺകുട്ടി അവൻ കൊണ്ടുവന്ന വിസാ അപേക്ഷയിൽ ഒപ്പിട്ടു പോയിരുന്നെങ്കിൽ???........
പരോക്ഷമായിട്ടെങ്കിലും സാക്ഷിയും റഫറൻസും ഒക്കെ വെക്കുന്ന ശീലം അച്ചായന് ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ആ കെണിയിൽ പെടാതെ ഒരു വലിയ അപകടത്തിൽ നിന്നും ഇവർ രക്ഷപ്പെട്ടത്.
വിവാഹ കാര്യത്തിൽ എല്ലാ കമ്യൂണിറ്റികൾക്കും, പെണ്ണുു കാണൽ, ഉറപ്പിക്കൽ, കുറികൊടുക്കൽ തുടങ്ങിയ ചില നാട്ടുനടപ്പുകളും ആചാരങ്ങളും ഉണ്ട്. വരന്റെയും വധുവിന്റെയും അവരുടെ കുടുംബങ്ങളുടെയും അവസ്ഥ നേരിൽ ബോദ്ധ്യപ്പെടാൻ ഇരു കൂട്ടർക്കും അവസരം ഉണ്ടാകാനായിരിക്കണം കാർന്നോന്മാർ ഇത്തരം ചടങ്ങുകൾ ഏർപ്പെടുത്തിയിരുന്നത്, അതിലേതെങ്കിലും ഒഴിവാക്കണം എന്ന് മറുപാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ, ആ ചടങ്ങുകൊണ്ട് നഷ്ടപ്പെടുന്ന ബോദ്ധ്യപ്പെടലുകൾക്ക് ബദൽ ഏർപ്പാടുണ്ടാക്കാൻ മറക്കരുത്.
കുറുക്കു വഴികൾ തേടാതെ നേരേവാ നേരേപോ മാർഗ്ഗത്തിലൂടെ ലഭിക്കുന്ന സൌഭാഗ്യങ്ങൾ മാത്രം മതി എന്ന് ആദ്യമേ തന്നെ മനസ്സിൽ നിശ്ചയിക്കുക. ആരേയും വിശ്വസിക്കരുത് എന്നല്ല, ഒന്നു ക്രോസ്സ് ചെക്ക് ചെയ്തശേഷം സമ്മതം പറയുന്ന ശീലം ആരംഭിക്കുക. ഏതെങ്കിലും സ്ഥാപനത്തിൽ നിന്നാണെന്നു പറഞ്ഞ് ആരെങ്കിലും നിങ്ങളെ സമീപിച്ചാൽ ആ ഓഫീസിലെ ഫോൺ നമ്പർ ചോദിച്ച് വാങ്ങി ആ നമ്പരിലേക്ക് വിളിച്ച് ബോദ്ധ്യപ്പെട്ട ശേഷം മാത്രം വന്ന ആളിനോട് ഇടപാട് നടത്താവൂ. കള്ള ഫോൺ നമ്പർ ആണെങ്കിൽ പോലും പരാതിപ്പെടാനും, പോലീസിന് ട്രാക്ക് ചെയ്യാനും ഒരു തുമ്പെങ്കിലും ഉണ്ടാവുമല്ലോ.
നാട്ടു നടപ്പുകളും ആചാരങ്ങളും കണ്ണുംപൂട്ടി അവഗണിക്കരുതേ.
തട്ടിപ്പു പ്രൊഫൈലുകളെപ്പറ്റി അച്ചായൻ പറഞ്ഞത് അങ്ങേയറ്റം ആത്മാർത്ഥതയോടെ ഞാൻ പരിഗണിക്കുന്നു. ബെത് ലെഹമിന്റെ വെരിഫിക്കേഷൻ പ്രോസസ്സ് സാമാന്യം കർശ്ശനം ആണ്, അത് കുറച്ചു കൂടി ആധികാരികമാക്കാൻ നടപടി തുടങ്ങിക്കഴിഞ്ഞു.
George Kadankavil - July 2016