Back to articles

സ്ത്രീ, ഗർഭം ധരിക്കും മുമ്പ്, ''കുഞ്ഞിന്റെ കവിത'' എഴുതണം.

June 04, 2016

ആഫ്രിക്കയിലെ ഒരു ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ ഇങ്ങനെ വളരെ വിശേഷപ്പെട്ട ആചാരമുണ്ടത്രെ. ഒരു സ്ത്രീയ്ക്ക് അമ്മയാകണം എന്ന് മനസ്സിൽ ആഗ്രഹം ഉണ്ടായാൽ, അവൾ എവിടെയെങ്കിലും തനിച്ച് പോയിരുന്ന് ജനിക്കേണ്ട കുഞ്ഞിനെക്കുറിച്ച് സ്വപ്നം കാണും. കുഞ്ഞിനെക്കുറിച്ചുള്ള മോഹങ്ങളോരോന്നും നിശ്ശബ്ദമായി ആലോചിച്ച് ദീർഘനേരം ധ്യാനിക്കും. ഒടുവിൽ അതെല്ലാം ഉൾപ്പെടുത്തി ഒരു കവിത സൃഷ്ടിക്കും. കവിത പൂർത്തിയായാൽ അവൾ ധ്യാനത്തിൽ നിന്നുണർന്ന് വീട്ടിലേക്ക് മടങ്ങും. എന്നിട്ട് ഭർത്താവിനെ അവളാ കവിത ചൊല്ലി കേൾപ്പിക്കും. ഭർത്താവും അത് പഠിക്കും. ഭർത്താവുമായി രതിയിലേർപ്പെടും മുമ്പ് രണ്ടുപേരും കൂടി ഈ കവിത ചൊല്ലും. വീട്ടിലുള്ള മറ്റെല്ലാവരെയും ഈ കവിത ചൊല്ലി പഠിപ്പിക്കും. ഗർഭം ധരിച്ചു എന്നറിയുമ്പോൾ വീട്ടിൽ എല്ലാവരും ചേർന്ന് ഈ കവിത പാടും.

പ്രസവമടുക്കുമ്പോൾ ശുശ്രൂഷിക്കാൻ വരുന്നവർ ചോദിക്കും കുഞ്ഞിന്റെ കവിത എന്താണെന്ന്. അവരും അത് പഠിക്കും. ആ കവിത പാടിക്കൊണ്ടായിരിക്കും അവർ പ്രസവം എടുക്കുന്നത്.
കുഞ്ഞിനെ കാണാൻ വരുന്നവരും ചോദിക്കും കുഞ്ഞിന്റെ കവിത എന്താണെന്ന്. അവരും കുഞ്ഞിനോട് ആ കവിത ചൊല്ലി കേൾപ്പിച്ചിട്ടാണ് മടങ്ങുക.
കുഞ്ഞു വളർന്നു വരുമ്പോഴുള്ള ഓരോ പ്രധാന അവസരങ്ങളിലും പങ്കെടുക്കാൻ എത്തുന്നവരെല്ലാം ചേർന്ന് ഈ കവിത പാടും.

ഗോത്രത്തിലെ ഓരോ വ്യക്തിക്കും ഇങ്ങനെ ഓരോ കവിത ഉണ്ട്. ആ കവിതയാണ് അവരുടെ ചെയ്തികളെ സ്വാധീനിക്കുന്നതും, അവരുടെ വ്യക്തിത്വം നിർണ്ണയിക്കുന്നതും. അയാളുടെ അമ്മ കണ്ട സ്വപ്നം സഫലമാക്കാൻ അയാളുടെ സമൂഹം മുഴുവനും അയാളെ പ്രോത്സാഹിപ്പിക്കുന്നു. പുതുതായി ഒരാളെ പരിചയപ്പെടുമ്പോൾ രണ്ടു പേരും അവരുടെ കവിതകൾ പരസ്പരം അറിയിക്കും. പരിചയക്കാർ വീണ്ടും കണ്ടു മുട്ടുമ്പോഴും മറ്റേ ആളിന്റെ കവിത ചൊല്ലി പരിചയത്തിന്റെ ആഴം പ്രകടിപ്പിച്ച് സ്നേഹബന്ധം ദൃഢമാക്കും. കവിതകൾകൊണ്ട് പരസ്പരം കോർത്തിണങ്ങിയിരിക്കുന്ന മനുഷ്യരാണ് ഈ സമൂഹത്തിലുള്ളവർ.

ഒരു കുഞ്ഞ് വളർന്ന് വലുതാകുമ്പോഴേയ്ക്കും അമ്മ സൃഷ്ടിച്ച കവിത അയാളുടെ അവിഭാജ്യഭാഗമായി മാറിയിരിക്കും. അയാളെ അനുമോദിക്കാൻ മാത്രമല്ല, അയാൾ എപ്പോഴെങ്കിലും തെറ്റു ചെയ്ത സന്ദർഭം ഉണ്ടായാലും, ആദ്യം അയാളെ സഭയിൽ കൊണ്ടുവന്ന് ഗോത്രത്തിലെ അംഗങ്ങൾ എല്ലാവരും ചേർന്ന് ഈ കവിത പാടുമത്രെ. അതിനു ശേഷമാണ് വിചാരണ. ശിക്ഷിക്കേണ്ടി വന്നാൽ അയാളുടെ കവിത വീണ്ടെടുക്കാൻ ഉതകുന്ന ശിക്ഷ ആയിരിക്കും വിധിക്കുന്നതത്രെ. കാരണം വാദിക്കും പ്രതിക്കും വിധിക്കുന്നവർക്കും സ്വന്തം കവിത ഉണ്ട്.

ഗോത്രത്തിന് അഭിമാനകരമായി പെരുമാറാനും, തെറ്റുപറ്റിയാൽ ആത്മാർത്ഥമായ പശ്ചാത്താപം ഉളവാകാനും ഈ കവിത സംസ്കാരം അവരെ സഹായിക്കുന്നു അത്രെ.
നല്ല വ്യക്തിബന്ധങ്ങൾ നിലനിൽക്കുന്ന, സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാനും, ഓരോ വ്യക്തിക്കും സാമൂഹ്യ ജീവിതത്തിൽ നിന്ന് ആത്മ സംതൃപ്തി കണ്ടെത്താനും സഹായകരമാകണം എന്നുദ്ദേശിച്ച് ആഴമേറിയ സാമൂഹൃവീക്ഷണം ഉള്ള ഏതോ ഒരു ഗോത്രതലവൻ തന്റെ ഗോത്രത്തിൽ പണ്ടെന്നോ ആരംഭിച്ചതായിരിക്കണം  ഈ ആചാരം. ഇത് മറ്റ് സമൂഹങ്ങളിലേക്ക് പ്രചരിക്കാതെ പോയത്, അനുഷ്ഠിക്കാൻ പ്രയാസമേറിയതുകൊണ്ടായിരിക്കില്ല, മറിച്ച് സ്നേഹസമൂഹം എന്നത് ഒരു പ്രധാന ലക്ഷ്യമായി അവർ മനസ്സിലാക്കാതിരുന്നതു കൊണ്ട് ആയിരിക്കണം.

നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ ഇങ്ങനെ ഒരു ആചാരം പ്രായോഗികം ആണോ? കവിത പോലൊരു സമൂഹം നമുക്ക് വിഭാവനം ചെയ്ത് നടപ്പിലാക്കാൻ സാധിക്കുമോ? സമൂഹത്തിൽ ഗോത്രതലവന്മാർ ആരെങ്കിലും ഇങ്ങനെയും ചിന്തിക്കേണ്ടതില്ലേ?
എന്തായാലും ഇപ്പോൾ നമ്മുടെയൊക്കെ ലക്ഷ്യം, വെട്ടിപ്പിടിക്കാനും, മത്സരിച്ച് മുന്നേറാനും, കൂടെയുള്ളവരേക്കാൾ കൂടിയവനാണ് താൻ എന്ന് ഓരോ കാര്യത്തിലും സ്ഥാപിച്ചെടുക്കാനും, എന്തിലും ഏതിലും സ്കോർ ചെയ്യലുമായി മാറിയിരിക്കുകയല്ലേ?.. കണ്ണിനു കണ്ണ്, പല്ലിനു പല്ല്, ചതിക്കു ചതി,കൊലയ്ക്ക് കൊല എന്നൊക്കെയുള്ള രക്തദാഹമാണ് ഇന്ന് നമ്മുടെ സമൂഹത്തെ നയിക്കുന്നതെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോകാറില്ലേ?

പെരുമ്പാവൂരിലെ ക്രൂരമായ കൊലപതകത്തെക്കുറിച്ചുള്ള വാർത്തകളും വിശകലനങ്ങളും പ്രതികരണങ്ങളും ശ്രദ്ധിച്ചപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത്. ഹീനവും നിഷ്ഠൂരവുമായ ഈ കുറ്റകൃത്യം, ശക്തമായ പ്രതികരണങ്ങൾ ഇല്ലായിരുന്നെങ്കിൽ, നീതി നടത്തപ്പെടാനുള്ള അന്വേഷണങ്ങൾ ഒന്നുമില്ലാതെ തേഞ്ഞുമാഞ്ഞു പോകുമായിരുന്നു. അത് സംഭവിക്കാനിടയാകരുത്. എന്നാൽ അതിനുവേണ്ടി പ്രതികരിക്കുന്നത് പോലും രക്തദാഹത്തോടെയുള്ള കൊലവിളിയായി മാറുന്നത് ആശങ്കാജനകമാണ്. പീഢിപ്പിച്ചു കൊല്ലുക; ആ വാർത്ത വിപണനം ചെയ്ത് ലാഭമുണ്ടാക്കുക, വിരോധമുള്ളവരോട് പകരം വീട്ടാൻ ഇത് ആയുധമാക്കുക; അത് കണ്ടും കേട്ടും പഠിച്ച അടുത്ത ആൾ; കൊന്നിട്ട് പിഢിപ്പിക്കുക,കൊന്നവനെ കൊല്ലാൻ ജനക്കൂട്ടങ്ങൾ മുറവിളി കൂട്ടുക.......

ചരിത്രം ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.

നമ്മുടെ സാമൂഹ്യ ജീവിതത്തിന് ഇത് എന്ത് പറ്റി? നമുക്ക് ആരേയും ഒന്നിനേയും വിശ്വാസമില്ലാതെ ആയിരിക്കുന്നുവോ? പ്രതികാരമല്ലല്ലോ, പ്രതിവിധികളല്ലേ ഉണ്ടാവേണ്ടത്?

സഹജീവികളോടുള്ള സ്നേഹം  നമുക്ക്  നഷ്ടപ്പെട്ടു എന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, എല്ലാവരേയുംകാൾ മുമ്പിലെത്താനുള്ള വാശിയേറിയ മത്സരത്തിൽ ഏർപ്പെട്ടിരിക്കുകയാണ് നാമിപ്പോൾ. എല്ലാവരുടെയും മുമ്പിൽ എന്നു കരുതുന്ന ഒരു സ്ഥാനത്ത് എത്തി എന്ന് ആശ്വസിക്കാൻ തുടങ്ങുമ്പോളാണ് കാണുന്നത് ഇതിലും ഉന്നതമായ സ്ഥാനങ്ങളും അവിടെത്താൻ മത്സരിക്കുന്ന ധാരാളം മനുഷ്യരും.

ഇനി അഥവാ അവിടെയും ഒന്നെത്തിയാൽ പോലും, അല്പനേരം മാത്രമേ ഏറ്റവും മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയൂ. ഒന്നു വിശ്രമിച്ചാൽ മതി, പിന്നിലുള്ള സാമർത്ഥ്യക്കാർ ആരെങ്കിലും അവിടെ കയറിപ്പറ്റും.

ഇങ്ങനെ പിന്തള്ളപ്പെട്ടവരും, എങ്ങും എത്താൻ കഴിയാതെ വന്നവരും, സാധിക്കാത്തവരും, എങ്ങും എത്തിച്ചേരുമെന്ന് പ്രതീക്ഷ പോലും ഇല്ലാത്തവരും ഒക്കെ ചേർന്നതാണ് ഓരോ സമൂഹവും. ഭൂരിപക്ഷം ആളുകളും കാലക്രമത്തിൽ അവരെത്തിച്ചേർന്ന അവസ്ഥയുമായി താദാത്മ്യപ്പെട്ട് അതൃപ്തികൾ ഉള്ളിലൊതുക്കി, ജീവിതം മുന്നോട്ട് കൊണ്ടുപോകും.

പക്ഷേ ചിലർ ഈ അതൃപ്തികളോട് നിഷേധ മനോഭവം കാണിച്ച്, ആരേയും ആശ്രയിക്കാതെയും, ആർക്കും ആശ്രയം കൊടുക്കാൻ തയ്യാറാവാതെയും, കൂടെയുള്ളവരിൽ നിന്നും അകന്നു മാറും. പരസ്പരം ആശ്രയിക്കാനും പങ്കു വെക്കാനും ഒരു ഇണയെപ്പോലും കിട്ടാത്ത മനുഷ്യരുടെ എണ്ണം വർദ്ധിച്ചു വരുമ്പോൾ ലൈംഗിക അരാജകത്വവും, പീഢന പരമ്പരകളും വർദ്ധിക്കുകയല്ലേ ഉള്ളു?

ഏതൊരു മനുഷ്യനും തനിക്ക് ആരൊക്കെയോ ഉണ്ട് എന്നും, അവർക്ക്  വേണ്ടി, അല്പം കഷ്ടപ്പെട്ടാണെങ്കിലും, നല്ല ജീവിതം നയിക്കണം എന്ന ആഗ്രഹമുണ്ടാകുന്നത്, അയാൾ ഒരു സ്നേഹ സമൂഹത്തിൽ കഴിയുമ്പോഴാണ്. ഒരു സ്നേഹസമൂഹം സൃഷ്ടിക്കണമെങ്കിൽ, കൂടെയുള്ളവരോട് മത്സരിക്കാനല്ല ശ്രമിക്കേണ്ടത്, കൂടെയുള്ളവരുടെ ഒപ്പം മുന്നോട്ട് നീങ്ങുക എന്നതായിരിക്കണം ലക്ഷ്യം. അങ്ങനെ ഒരു സംവിധാനം നിങ്ങൾക്ക് ഇപ്പോഴില്ലെങ്കിൽ, അത് വേറെ ആരെങ്കിലും സൃഷ്ടിച്ച് നിങ്ങളെ അതിൽ അംഗമായി ചേർക്കും, പിന്നെ ദിവസവും നിങ്ങളുടെ സ്നേഹത്തിന്റെ ക്വോട്ടാ അളന്ന് പാത്രത്തിലാക്കി ആരെങ്കിലും കൊണ്ടു തന്നു കൊള്ളും, എന്നൊന്നും ദിവാസ്വപ്നം കാണേണ്ട. നിങ്ങൾ സ്വയം സൃഷ്ടിക്കേണ്ട ഒന്നാണ് നിങ്ങളുടെ സ്നേഹസമൂഹം. അത് സ്വന്തം കുടുംബത്തിലാണ് ആരംഭിക്കേണ്ടത്.

ആദ്യം നിങ്ങളെക്കുറിച്ച് നിങ്ങളുടെ അമ്മ സൃഷ്ടിക്കുമായിരുന്ന കവിത നിങ്ങൾ തന്നെ ധ്യാനിച്ച് തയ്യാറാക്കുക. ആ കവിതയ്ക്ക് അനുയോജ്യമായ വിധം പെരുമാറിത്തുടങ്ങുക. ഇനി നിങ്ങളുടെ ജീവിത പങ്കാളിയെ നിങ്ങളുടെ കവിത പഠിപ്പിക്കുക. നിങ്ങളുടെ കവിതയുള്ള പെരുമാറ്റം അനുകരണീയം ആണെന്നു തോന്നിയാൽ, പങ്കാളിയ്ക്കും സ്വന്തം കവിത സൃഷ്ടിക്കാൻ ഉത്സാഹം തോന്നും. അതുവരെ നിങ്ങൾ ആ കവിത പോലെ പെരുമാറിക്കൊണ്ടേയിരിക്കുക, നിങ്ങളുടെ കുടുംബത്തിൽ ഒരു സ്നേഹസമൂഹം സാവധാനം ഉരുത്തിരിഞ്ഞു വരും. ക്രമേണ നിങ്ങളുടെ ചുറ്റുമുള്ള സമൂഹത്തിലേയ്ക്കും നിങ്ങളുടെ സ്നേഹം പരന്നു കൊള്ളും എന്ന് ഉറച്ച് വിശ്വസിക്കണം. അതിന് ഇടയാകും വിധം നിരന്തരം പ്രവർത്തിക്കുകയും ചെയ്യണം.

ജീവിത പങ്കാളിയെ തേടിയലഞ്ഞ് നിരാശരായിരിക്കുന്ന ഒരുപാട് ചെറുപ്പക്കാരുടെ മനസ്സറിയാൻ ഇടയായിട്ടുണ്ട്. ''എനിക്ക് വല്യ ഡിഗ്രീം സ്റ്റാറ്റസ്സും സ്ഥാനവും ഒന്നുമില്ല സാറേ, അതുകൊണ്ട് പെണ്ണു കിട്ടുന്നില്ല'' എന്നു സങ്കടം പറയുന്ന എത്രയോ പേരുണ്ടെന്നോ നമ്മുടെ ചുറ്റും. അവരോടും എനിക്കിതേ പറയാനുള്ളു, താങ്കൾ ഒരു കവിതയാവണം. ചുറ്റുമുള്ളവർക്ക് നിങ്ങളെ ആശ്രയിക്കാൻ അവസരം കൊടുത്ത് പെരുമാറുക. താങ്കളുടെ കവിത പോലുള്ള പെരുമാറ്റം കൊണ്ട് ഒരു ഇണയെയും ആകർഷിക്കാൻ താങ്കൾക്കു കഴിയും.

ശുഭ പ്രതീക്ഷയോടെ കാത്തിരുന്ന്, കവിത പോലെ പെരുമാറി, നിങ്ങളുടെ ഇണയോട് ചേരാൻ തമ്പുരാൻ ഇടയാക്കട്ടെ.

George Kadankavil - June 2016

What is Profile ID?
CHAT WITH US !
+91 9747493248