''എലിയെ ഉപയോഗിച്ചുള്ള ഒരു പരീക്ഷണത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. തറയിൽ വിരിച്ചിരിക്കുന്ന കമ്പി വലയിൽ എലിക്ക് പ്രിയപ്പെട്ട ഭക്ഷണസാധനങ്ങൾ വിതറിയിരിക്കുന്നു. വലയ്ക്കു ചുറ്റും ചില്ലുകൊണ്ടുള്ള ഷീറ്റുകൾ വെച്ച് ചതുരത്തിലുള്ള കൂട് ആക്കിയിരിക്കുകയാണ്. ഓരോ ഷീറ്റും ഒരടി പൊക്കമുള്ളതാണ്. അങ്ങനെ നാലു ഷീറ്റ് വെച്ച് നാലടി ഉയരമുള്ള കൂടാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ട് എലികളെ ഈ കൂട്ടിലിട്ടു. ആദ്യം ഒന്നു പരിഭ്രമിച്ചെങ്കിലും ഭക്ഷണം കണ്ടപ്പോൾ എലികൾ സുഖമായി തീറ്റ തുടങ്ങി. തിന്നുമദിച്ച് ആദ്യ ദിവസം പിന്നിട്ടു. രണ്ടാം ദിവസം പിന്നിട്ടു. രണ്ടാം ദിവസം കൂടുതൽ ഭക്ഷണം ഇട്ടു കൊടുത്തു, തീറ്റ കഴിഞ്ഞ് എലികൾ വിശ്രമിക്കുമ്പോൾ, കമ്പി വലയിൽ കുറച്ച് കറന്റ് കടത്തി വിട്ടു. ഷോക്കടിച്ചതും എലികൾ മുകളിലേക്ക് ഒറ്റച്ചാട്ടം. പക്ഷേ വെറും മൂന്നടി ഉയരത്തിലെത്താൻ മാത്രമേ ആ എലികൾക്ക് സാധിച്ചുള്ളു. താഴെ വീണ എലികൾ പുറത്തു കടക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് പരതി നടന്നു, ഒരു മാർഗ്ഗവും കാണാതെ കുറെ നേരം പരാക്രമം കാണിച്ചു, പിന്നെ സാവധാനം തീറ്റയിൽ മുഴുകി.
അടുത്ത ദിവസം വലയിൽ കറന്റ് കൊടുത്തു. അപ്പോഴും എലികൾ ചാടി, പക്ഷേ ആദ്യ ദിവസം ചാടിയ അത്ര ഉയരത്തിലെത്താൻ കഴിഞ്ഞില്ല. പുറത്തു കടക്കാൻ മാർഗ്ഗം തേടി കുറെ സർക്കസുകൾ കാണിച്ചു, പിന്നെ തീറ്റയിലേക്ക് മടങ്ങി. ഓരോ ദിവസവും ഇങ്ങനെ കറന്റ് അടിപ്പിക്കും, എലികൾ ചാടും പക്ഷേ അവ ചാടുന്ന ഉയരം കുറഞ്ഞു കുറഞ്ഞു വന്നു. രക്ഷപ്പെടാനുള്ള പരിശ്രമവും കുറഞ്ഞു വന്നു.
പിന്നെ ഓരോ ദിവസവും ഷോക്കടി കഴിയുമ്പോൾ കണ്ണാടി ഷീറ്റുകൾ ഓരോന്നായി കുറയ്ക്കാൻ തുടങ്ങി. ഒടുവിൽ ഒരു ഷീറ്റു മാത്രമായി. എലികൾക്ക് വേണമെങ്കിൽ ചാടി പുറത്തു പോകാം. പക്ഷേ ഇപ്പോൾ ഷോക്ക് കിട്ടുമ്പോൾ പഴയപോലെ ചാട്ടം ഇല്ല, ഒരു ഞെട്ടൽ മാത്രമേ ഉള്ളു, അതു കഴിഞ്ഞാൽ പതിവുപോലെ തീറ്റയിലേക്ക് ശ്രദ്ധിക്കും. രക്ഷപ്പെടാനുള്ള ഒരു ശ്രമം പോലുമില്ല. ചുറ്റും ഉണ്ടായിരുന്ന തടസ്സം ചെറുതായി എന്നത് അവ അറിഞ്ഞ മട്ടില്ല. ഇതിനാണ് Learned Helplessness എന്നു പറയുന്നത്.''
കൃഷിയിൽ പലവിധ തിരിച്ചടികളേറ്റ് മനം മടുത്തിരിക്കുന്ന കർഷകർക്ക് വേണ്ടി സംഘടിപ്പിച്ച ഒരു ക്ലാസ്സിൽ പങ്കെടുത്തപ്പോൾ കേട്ട ഉദാഹരണമാണിത്. ഈ പരീക്ഷണം ക്ലാസ്സെടുക്കാൻ മാത്രമെ കൊള്ളൂ, ശരിക്കും പരീക്ഷിച്ചാൽ ഇങ്ങനൊന്നും സംഭവിക്കില്ല എന്നാ എന്റെ തോന്നൽ. എലികളല്ലേ, അത് എങ്ങനെയെങ്കിലും ചാടിപ്പോകും, അല്ലെങ്കിൽ ചത്തു പോകും. എന്നാലും Learned Helplessness എന്താണെന്ന് മനസ്സിലാക്കാൻ ഇത് ഉപകരിക്കും.
ഭർത്താവിന്റെ വാട്സാപ്പ് ക്രൂരകൃത്യങ്ങളെക്കുറിച്ച് ഒരു ഭാര്യ സങ്കടം പറയുകയാണ്.
എന്റെ ഭർത്താവിന്റെ മൊബൈലിൽ ഭാര്യമാരെ കളിയാക്കുന്ന ധാരാളം കഥകളുണ്ട്, ഞാനും കൂടിയുള്ള ഗ്രൂപ്പിൽ ഇതോരോന്നും ദിവസേന പോസ്റ്റു ചെയ്യുന്നത് അങ്ങേർക്ക് വല്യ ഹരമാണ്. ഗ്രൂപ്പിലുള്ളവര് ചോദിക്കും നിങ്ങളെന്നും വീട്ടിലും ഇങ്ങനെ അടിയാണോന്ന്? ചില വളിപ്പൊക്കെ എന്നെപ്പറ്റി അങ്ങേര് സ്വന്തമായിട്ട് എഴുതി ഉണ്ടാക്കിയ പോലുണ്ട്. ഓരോ വളിപ്പിനും ഗ്രൂപ്പിലെ ആണുങ്ങളൊക്കെ കയ്യടിയുടെയും പൊട്ടിച്ചിരിയുടെയും ഒക്കെ പടം ഇട്ട് രസിക്കുന്നുമുണ്ട്. ചില പെണ്ണുങ്ങളും ഇതിനെ പ്രോത്സാഹിപ്പിച്ച് കമന്റ് ഇടാറുണ്ട്.
എന്നിട്ട് നിങ്ങളൊന്നും പ്രതികരിച്ചില്ലേ? ഭർത്താക്കന്മാരെ കളിയാക്കിക്കൊണ്ട് തിരിച്ച് ഒന്നും പോസ്റ്റ് ചെയ്തില്ലേ?
ഇല്ല സാർ, ഗ്രൂപ്പിൽ കിടന്ന് തല്ല് കൂടേണ്ടാ എന്നു കരുതി. ഞാൻ ഇപ്പോൾ ഗ്രൂപ്പിൽ വരുന്ന മെസ്സേജുകൾ വായിക്കുമെങ്കിലും, ഇത്തരം വളിപ്പ് കണ്ട ഭാവം കാണിക്കാറില്ല. ഞാൻ ചേട്ടനോട് ഒരിക്കൽ ചോദിച്ചതാ, ഭാര്യമാരെ ഇത്രയ്ക്ക് സഹിക്കാൻ പറ്റില്ലെങ്കിൽ പിന്നെ നിങ്ങള് ആണുങ്ങളൊക്കെ എന്തിനാ കല്യാണം കഴിച്ചത്? എന്നെ സഹിക്കാൻ പറ്റില്ലെങ്കിൽ ഡിവോഴ്സ് ചെയ്തു കൂടെ? എന്ന്. അപ്പോൾ പുള്ളിക്കാരൻ പറയുവാ - എന്തു ചെയ്യാനാ മോളേ പെട്ടു പോയില്ലേ, ഇനി ചുമക്കുക തന്നെയാ മാർഗ്ഗമുള്ളല്ലോ എന്ന്. അന്ന് ഞാൻ ഭക്ഷണം ഒന്നും ഉണ്ടാക്കിയില്ല. മക്കൾ ഭക്ഷണത്തിന് വന്നപ്പോൾ; നിങ്ങളുടെ അപ്പനോട് പോയി ചോദിക്ക് എന്നു പറഞ്ഞു. അവര് പോയി ചോദിച്ചു, എന്നിട്ട് അപ്പനും മക്കളും കൂടി പുറത്ത് പോയി കഴിച്ചു. ഒരു പൊതി എനിക്കും വാങ്ങി കൊണ്ടു തന്നു.
കണ്ട ഭാവം കാണിച്ചില്ലെങ്കിലും കൊണ്ടെ ഭാവം കാണിച്ചു അല്ലേ? പുറത്തുപോയി കഴിക്കുകയാണെൽ ഞാനും വരുന്നു എന്നു പറഞ്ഞ് പെങ്ങൾക്കും കൂടെ പോകാമായിരുന്നില്ലേ?
ഇല്ല ഞാൻ പോയില്ല, മക് ഡിയും പിസ്സായും ഒന്നും എനിക്ക് ഇഷ്ടമല്ല. അപ്പനും മക്കൾക്കും അത്തരം ജങ്ക്ഫുഡ് മാത്രം മതി. മസാലദോശ, ചനാ ബട്ടൂര, ആലൂ പൊറോട്ട ഇതൊക്കെയാണ് എനിക്കിഷ്ടം. അപ്പനും മക്കളും അത് തൊടത്തില്ല. പിന്നെന്തിനാ ഞാൻ അവരുടെ കൂടെ പുറത്ത് പോകുന്നത്?
ആട്ടെ, അവര് വാങ്ങി കൊണ്ടു വന്ന പൊതിയിൽ എന്തായിരുന്നു?
അത് മസാലദോശ ആയിരുന്നു?
അത് പെങ്ങള് കഴിച്ചോ?
ഉവ്വ് കഴിച്ചു.
പെങ്ങളേ, നിങ്ങളുടെ ഭർത്താവിന് നിങ്ങളെ നല്ല ഇഷ്ടമുണ്ട്, ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള മസാലദോശ വാങ്ങി വരില്ലായിരുന്നു. നിങ്ങൾക്ക് തിരിച്ചും അദ്ദേഹത്തെ നല്ല ഇഷ്ടമുണ്ട്, ഇല്ലായിരുന്നെങ്കിൽ ഇത് എന്റടുത്ത് പറയാൻ നിങ്ങൾ മിനക്കെടില്ലായിരുന്നു. ഇത് പരിഹരിക്കണം എന്ന് നിങ്ങൾക്ക് രണ്ടുപേർക്കും ഉള്ളിൽ ആഗ്രഹം ഉള്ളതിനാൽ, തീർച്ചയായും ഉടൻതന്നെ ഇത് പരിഹിക്കപ്പെടും.
പെങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് Learned Helplessness അല്ല Imagined Helplessness ആണ്. ഭർത്താവിന്റെയും മക്കളുടെയും ജീവിതശൈലി ആസ്വദിക്കാൻ പെങ്ങൾക്ക് സാധിക്കില്ല എന്ന് വെറുതെ വിശ്വസിച്ച് വെച്ചിരിക്കുകയാണ് നിങ്ങൾ. നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് ഭർത്താവിന് ഇഷ്ടമായതിനാൽ ആ സാധനങ്ങളോടുള്ള ഇഷ്ടക്കേട് ആയിരിക്കാം നിങ്ങൾ ഭർത്താവിനോട് കാണിച്ചുകൊണ്ടിരിക്കുന്നത്. ഭർത്താവിന് ഇഷ്ടപ്പെട്ടതെല്ലാം നിങ്ങൾ ഇഷ്ടപ്പെടേണ്ട കാര്യമില്ല. അതേ പോലെ തന്നെ നിങ്ങൾക്ക് ഇഷ്ടമില്ലാത്തതൊന്നും ഭർത്താവ് ഇഷ്ടപ്പെടാൻ പാടില്ല എന്ന ചിന്തയും നിങ്ങളുടെ പരസ്പര ബന്ധത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഒരുപക്ഷേ നിങ്ങളാഗ്രഹിച്ച ഏതെങ്കിലും പരിഗണനയോ പെരുമാറ്റമോ ഭർത്താവിൽ നിന്നും ലഭിക്കാത്തതിന്റെ കെറുവ് മൂലം അദ്ദേഹത്തിന് ഇഷ്ടമുള്ള സാധനങ്ങളോട് നിങ്ങൾ ഇഷ്ടക്കേട് പ്രകടിപ്പിക്കുകയായിരിക്കാം. നിങ്ങളുടെ ഓരോ നിസ്സഹകരണവും അത്തരം ഓരോ പ്രകടനമാണ്. ഇതോരോന്നും ഭർത്താവിന് ഓരോ ഷോക്ക് കൊടുക്കുന്നുണ്ട്. ഭർത്താവിന്റെ ഭാഗത്തുനിന്നും നോക്കുമ്പോൾ നിങ്ങൾ അദ്ദേഹത്തോടാണ് ഇഷ്ടക്കേടു കാണിക്കുന്നത് എന്നേ തോന്നുകയുള്ളു. അതു കൊണ്ടായിരിക്കാം അദ്ദേഹം ഓരോ വളിപ്പെഴുതി ഗ്രൂപ്പിൽ പോസ്റ്റു ചെയ്യുന്നത്. അത് അദ്ദേഹത്തിന്റെ ഇഷ്ടക്കേടിന്റെ പ്രകടനമാണ്. ആ പ്രകടനം നിങ്ങൾക്കും ഷോക്ക് ആകുന്നു. അങ്ങനെ നിങ്ങൾ രണ്ടുപേരും ആ എലികളെപ്പോലെ കൂട്ടിൽ കിടന്ന് നിവൃത്തികേടിന്റെയും നിസ്സഹായതയുടെയും വിഷമം അനുഭവിക്കുകയാണ്.
കാഴ്ചപ്പാട് ഒന്നു മറിച്ചിട്ടാൽ രണ്ടു പേർക്കും എളുപ്പത്തിൽ പുറത്തു കടക്കാവുന്ന കൂടു മാത്രമാണിത്. അതിനിത്രയേ ചെയ്യേണ്ടതുള്ളു, മറ്റേയാളുടെ ഏതെങ്കിലും ഇഷ്ടം നടന്നു കിട്ടുന്നതിൽ എനിക്ക് സന്തോഷമാണ് തോന്നേണ്ടത് എന്നു സ്വയം നിശ്ചയിക്കുക. ഇനി അയാളോട് ആ സന്തോഷം പങ്കുവെയ്ക്കണം. വാട്സാപ്പിൽ അദ്ദേഹമിടുന്ന തമാശകൾ രസകരമാണെങ്കിൽ ആ കഴിവിനെ പ്രോത്സാഹിപ്പിക്കുക. ആ ജോക്ക് നന്നായിരുന്നു എന്ന് പോസ്റ്റ് ഇടണം. നിങ്ങളും നിരുപദ്രവകരമായ തമാശകൾ ഗ്രൂപ്പിൽ പോസ്റ്റു ചെയ്യുക. മറ്റുള്ളവരും അറിയട്ടെ നിങ്ങൾ തമ്മിലടിയല്ല, ഒരു ടീം ആണെന്ന്. ഇതല്ലാതെ വേറെ സൂത്രമൊന്നും എനിക്കറിയില്ല പെങ്ങളേ.
പ്രിയപ്പെട്ടവരെ, മരണം വരെ നിങ്ങൾക്ക് ഇഷ്ടപ്പെടാനായി നിങ്ങൾ വിവാഹം ചെയ്ത് സ്വീകരിച്ചിരിക്കുന്ന ആളാണ് നിങ്ങളുടെ പങ്കാളി എന്ന് എല്ലാ ദിവസവും പ്രാർത്ഥനയിൽ ദൈവത്തോട് ഏറ്റി പറയണം. എന്റെ പങ്കാളിയുടെ ഇഷ്ടം നടക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട് എന്ന് സ്വയം പറഞ്ഞുകൊണ്ടുമിരിക്കണം.
Repeat this auto suggestion
in your mind frequently:-
" I am happy That My Partner Like it"
George Kadankavil - May 2016