Back to articles

വിവാഹാലോചനക്ക് മാർഗ്ഗരേഖയോ?

August 01, 2002

''നല്ല ഒരു വിവാഹബന്ധത്തിന് വഴിതെളിഞ്ഞു വരുന്നത് പലർക്കും ഒരു സമസ്യയായി മാറുന്നല്ലോ? ചില കാര്യങ്ങൾ ചേരുമ്പോൾ  വേറെ പലകാര്യത്തിലും ചേരാതെ വരുന്നു.  എല്ലാം ചേരുന്ന, എല്ലാവർക്കും ബോധിച്ച, ഒരു ബന്ധം കിട്ടാൻ എന്തൊരു വിഷമമാണ്. കല്യാണം അന്വേഷിക്കാൻ ഒരു മാർഗ്ഗരേഖ ഉണ്ടാക്കാൻ കഴിയുമോ ജോർജ്ജ് സാറെ?

പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞനാണ് ഇതു ചോദിക്കുന്നത്.

സാർ, അങ്ങയെപ്പോലെ എത്രയോ ശാസ്ത്രജ്ഞൻമാർ, എത്ര  സംവൽസരം, അക്ഷീണം പ്രയത്നിച്ചിട്ടാണ്, ഒരു പേടകം ബഹിരാകാശത്തുവിട്ട് തിരികെ ഭൂമിയിൽ എത്തിക്കാൻ മാർഗ്ഗ രേഖയുണ്ടാക്കിയത്? കല്യാണക്കാര്യത്തിൽ അങ്ങനെയൊരു ശാസ്ത്രീയ പ്രയത്നം ഇതുവരെ ഉണ്ടായതായി എനിക്കറിവില്ല.

പുത്തരിയിൽ കല്ലു കടിക്കുന്നതുപോലെ അസുഖകരമായ അനുഭവങ്ങൾ ഉണ്ടാകാതെ നല്ല വിവാഹബന്ധങ്ങൾ രൂപപ്പെടേണ്ടത് വളരെ ആവശ്യമാണ്, എന്ന് സ്വന്തം അനുഭവത്തിൽ നിന്നു ലഭിച്ച ചിന്തയാണ് ഈ രംഗത്ത് പ്രവർത്തിക്കാൻ എന്നെ പ്രേരിപ്പിച്ചത്. കല്യാണക്കാര്യത്തിൽ അനവധി വർഷത്തെ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും പിൻബലമുണ്ടെങ്കിലും, അങ്ങ് പറഞ്ഞതുപോലെ ഒരു മാർഗ്ഗരേഖ നൽകാൻ ഞാൻ പ്രാപ്തനാണോ എന്ന് അറിയില്ല. ഓരോ സംഭവങ്ങളിൽനിന്നും കിട്ടുന്ന പാഠങ്ങൾ ഞാൻ എഴുതി പ്രസിദ്ധപ്പെടുത്താറുണ്ട്. അങ്ങൊരു ശാസ്ത്രജ്ഞനല്ലേ, ശാസ്ത്രീയമായി ഇതെങ്ങനെ ക്രോഡീകരിക്കാം എന്ന് നമുക്ക് കൂട്ടായി ചിന്തിക്കാം.

ഒരു വിവാഹാലോചന ആരംഭിച്ചു മുറുകിവരുന്ന വഴി ആദ്യം ശ്രദ്ധിക്കാം
1. ഒന്നുകിൽ നിങ്ങൾക്ക് പറ്റിയ ആൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടണം, അല്ലെങ്കിൽ നിങ്ങൾക്ക് പറ്റിയ ആളുടെ ശ്രദ്ധയിൽ നിങ്ങൾ പെടണം. അതിന് നിങ്ങളെപ്പോലെയുള്ളവർ കല്യാണത്തിന് അന്വേഷിക്കുന്ന ഇടങ്ങളിൽ നിങ്ങൾ ഉണ്ടാകണം. അവിടെ നിങ്ങളും തിരയണം. വിവിധ വൈവാഹിക സംവിധാനങ്ങളുടെ ഉദ്ദേശവും പ്രസക്തിയും ഇതാണ്.

2. ശ്രദ്ധയിൽപ്പെട്ട ആളെക്കുറിച്ച് അന്വേഷിക്കണം. പഠിച്ച സ്ഥാപനങ്ങൾ, സഹപാഠികൾ, അദ്ധ്യാപകർ, സഹപ്രവർത്തകർ, അവരുടെ ബന്ധുക്കൾ, അയൽക്കാർ തുടങ്ങി ധാരാളം കണക്ഷൻസ് ഉണ്ടാക്കിയെടുക്കണം. ഒരു നല്ല കുടുംബജീവിതം നയിക്കുന്നതിന് തടസ്സമായേക്കാവുന്ന സാമൂഹ്യ, ശാരീരിക, പാരമ്പര്യ, പെരുമാറ്റ ഘടകങ്ങൾ എന്തെങ്കിലും മറ്റെ ആൾക്ക് ഉണ്ടോ എന്ന് ആണ് അന്വേഷിക്കേണ്ടത്.  അങ്ങനെ എന്തെങ്കിലും കേട്ടാൽ തന്നെ, പ്രഥമദൃഷ്ട്യാ ആലോചന ഉപേക്ഷിക്കരുത്. കേട്ടതെല്ലാം പരസ്യമാക്കി വഷളാക്കുകയുമരുത്. കേട്ടത് എത്രമാത്രം ശരിയാണ് എന്നും, ആ ഘടകങ്ങൾ, ഇപ്പോൾ പ്രസക്തമാണോ എന്നും, നിങ്ങളുടെ കാര്യത്തിൽ പ്രസക്തമാണോ എന്നും വിലയിരുത്തണം.

3. കൊള്ളാമെങ്കിൽ, നിങ്ങളുടെ താൽപര്യം, ശ്രദ്ധയിൽപ്പെട്ട ആളെ, വേണ്ടവിധം അറിയിക്കണം. ധൃതിയിൽ ഫോൺ വിളിച്ച് സംസാരിക്കുന്നതിനെക്കാൾ ഫലപ്രദം,ഫോട്ടോയും വിശദമായ ബയോഡേറ്റയും കൂടി അയച്ചുകൊടുത്ത ശേഷം, ഫോണിൽ ബന്ധപ്പെടുന്നതാണ്. അല്ലെങ്കിൽ രണ്ടുകൂട്ടരെയും പരിചയം ഉള്ള, മറ്റു സ്ഥാപിത താൽപര്യങ്ങൾ ഒന്നും ഇല്ലാത്ത, ആരെയെങ്കിലും കൊണ്ട് വിഷയം അവതരിപ്പിക്കുക.

4. അവർക്കും താൽപര്യം ആണെങ്കിൽ, രണ്ടുകൂട്ടരും തമ്മിൽ ഇടപഴകാനും, രണ്ടു കുടുംബങ്ങളിലെയും അന്തരീക്ഷം കണ്ടു മനസ്സിലാക്കുവാനും, ആണും പെണ്ണും തമ്മിൽ കണ്ട്, സംസാരിച്ച്, പരസ്പരം അറിയാനും അവസരം ഒരുക്കണം.

5. തമ്മിൽ നല്ല യോജിപ്പുണ്ട് എന്ന് സ്ത്രീയ്ക്കും പുരുഷനും ബോദ്ധ്യമായാൽ ആ വിവാഹം നിശ്ചയിക്കാം.
എഴുതിയപ്പോൾ എളുപ്പം തീർന്നു, ഈ അഞ്ചു സ്റ്റെപ്പിനിടയിൽ ഒരു നൂറായിരം ചിന്തകളും, സംഭവങ്ങളും, പ്രതികരണങ്ങളും ഉണ്ടാകൂം. ഓരോ സാഹചര്യവും മുൻകൂട്ടി കണ്ട് ഒരു സമ്പൂർണ്ണ മാർഗ്ഗരേഖ തയ്യാറാക്കുന്നത് എളുപ്പമല്ല എങ്കിലും നമുക്ക് തുടങ്ങിവെക്കാം. തൽക്കാലം, പരിചയവും പക്വതയുമുള്ള കാരണവന്മാരോടോ, കൌൺസലിംഗ് കഴിവുള്ളവരോടോ അനുഭവങ്ങൾ പങ്കുവെക്കാനും, സന്ദർഭത്തിന് യോജിച്ച ഉപദേശങ്ങൾ സ്വീകരിക്കാനും മടി വിചാരിക്കരുത്.

George Kadankavil - August 2002

What is Profile ID?
CHAT WITH US !
+91 9747493248