''ഭയം മാറിയതുകൊണ്ട് ദാരിദ്രം മാറുമോ? വെറുതെ ഉപദേശിക്കാൻ നല്ല എളുപ്പമാ. കാശിനു പകരം കക്കാ കൊടുത്താൽ അരി കിട്ടുമോ ജോർജ്ജുകുട്ടീ? പത്തു ചക്രം ഉണ്ടാക്കാൻ പറ്റിയ എന്തെങ്കിലും ഉപദേശം ഉണ്ടോ നിന്റെ സ്റ്റോക്കിൽ?
എന്നെ, എടാ എന്നു വിളിക്കാൻ അവകാശം ഉള്ള ഒരു കാരണവരാണ് ഫോണിന്റെ അങ്ങേത്തലക്കൽ. ഉപ്പിനെന്താ കൊഴപ്പം എന്ന ലേഖനം വായിച്ചിട്ടാണ് ഇദ്ദേഹം വിളിച്ചിരിക്കുന്നത്.
അച്ചായാ, ഒരു കക്കായും കൊണ്ട് അരി വാങ്ങാൻ പോയാൽ അരികിട്ടില്ല, എന്നു മാത്രമല്ല ചിലപ്പോൾ നാണക്കേടുമാകും. കക്കാ പെറുക്കി എന്തെങ്കിലും ഉപയോഗത്തിന് പറ്റിയ വിധം സംസ്ക്കരിച്ച് രൂപപ്പെടുത്തി മാലോകരെ അതിന്റെ ഗുണങ്ങൾ ബോദ്ധ്യപ്പെടുത്തിയാൽ ആളുകൾ കാശു തന്ന് കക്കാ വാങ്ങിക്കും, സംശയമില്ല. ആ കാശു കൊടുത്ത് അരി വാങ്ങാലോ.
നിങ്ങളുടെ കയ്യിലുള്ളത് എന്തുമാകട്ടെ, അത് മനുഷ്യർക്ക് ഉപകാരപ്പെടുംവിധം രൂപപ്പെടുത്തി വേണ്ടവിധം കൊടുത്തു കൊണ്ടിരുന്നാൽ ദാരിദ്രം മാറും.
പക്ഷെ അതിന് കുറച്ച് തയ്യാറെടുപ്പും അദ്ധ്വാനവും ഒക്കെ വേണ്ടിവരും.
തയ്യാറെടുപ്പിനെക്കുറിച്ച് ചിലകാര്യങ്ങൾ പറയാം. നല്ല ഒരു അടിത്തറയാണ് ആദ്യം വേണ്ടത്. മൂലധനമില്ലാതെ എങ്ങനാ അടിത്തറപണിയുന്നത് അല്ലേ?
1. ഫലപ്രദമായി പ്രാർത്ഥിക്കണം. എല്ലാം പരാജയപ്പെട്ട് ഒരു നിവൃത്തിയും ഇല്ലാതെ വരുമ്പോഴാണ് മിക്ക മനുഷ്യരും പ്രാർത്ഥന പരീക്ഷിക്കുന്നത്.കിട്ടുമെന്ന് ഒരു വിശ്വാസവും ഇല്ലാതെ സംശയം നിറഞ്ഞ മനസ്സുമായി പ്രാർത്ഥിക്കുന്നത് ഒട്ടും ഫലപ്രദമാകില്ല.
'എനിക്ക് പത്തുലക്ഷം ലോട്ടറി കിട്ടണേ' എന്നല്ല പ്രാർത്ഥിക്കേണ്ടത്, 'എന്റെ പ്രയാസങ്ങൾ നേരിടാൻ ശക്തി തരണേ' എന്നു പ്രാർത്ഥിക്കണം. അർത്ഥം ശ്രദ്ധിക്കാതെ, വാക്കുകൾ പലയാവർത്തി ഉച്ചരിക്കുന്നതല്ല പ്രാർത്ഥന. മറ്റെല്ലാം മറന്ന് അനന്തമായ ദൈവശക്തിയിൽ മാത്രം ലയിച്ച് ആ ശക്തി മനസ്സിൽ അനുഭവിച്ചു കൊണ്ടുള്ള അർത്ഥപൂർണ്ണമായ ഒരു സംവദനമായിത്തീരണം പ്രാർത്ഥന.
പണവും വസ്തുക്കളുമല്ല, കഴിവും ജ്ഞാനവും വിവേകവും അവസരങ്ങളുമാണ് അപേക്ഷിക്കേണ്ടത്. ജീവിതം അർത്ഥപൂർണ്ണമാകണം എന്നതായിരിക്കണം പ്രാർത്ഥനയുടെ ലക്ഷ്യം.
അനന്തമായ നന്മയും കൃപയും ശക്തിയുമാണ് ദൈവം എന്ന വിശ്വാസം ഉണ്ടെങ്കിൽ മാത്രം പ്രാർത്ഥിച്ചാൽ മതി. ആ അനന്തശക്തിയിലേക്ക് പ്രാർത്ഥന വഴി, വിശ്വാസത്തിന്റെ ഒരു ബ്രോഡ് ബാൻഡ് കണക്ഷൻ ആണ് സൃഷ്ടിക്കേണ്ടത്. ഓരോ സന്ദർഭത്തിലും ആവശ്യമായ വിവേകവും, ശക്തിയും, ധൈര്യവും ഇതുവഴി ഡൌൺ ലോഡ് ചെയ്യാം.
2. മനസ്സിലെ വികാരങ്ങൾ തരം തിരിക്കണം.
നിഷേധ വികാരങ്ങൾ - ഭയം, അസൂയ, വിദ്വേഷം, പ്രതികാരം, ആർത്തി, അന്ധവിശ്വാസം, കോപം ഈ വികാരങ്ങൾ നെഗറ്റീവ് ആണ്. എങ്കിലും ബലമായി അമർത്തി വെക്കേണ്ട, താലോലിക്കാതിരുന്നാൽ മതി. നന്നായി പ്രാർത്ഥിക്കുമ്പോൾ താനേ ഒഴുകി പൊയ്കൊള്ളും.
ക്രിയാത്മക വികാരങ്ങൾ - മോഹം, വിശ്വാസം, ഉത്സാഹം, പ്രതീക്ഷ, സ്നേഹം, പ്രേമം തുടങ്ങിയ വികാരങ്ങൾ ക്രിയാത്മകമാണ്. പ്രായത്തിനും ജീവിതാന്തസ്സിനും യോജിച്ച വിധമുള്ള ക്രിയാത്മക വികാരങ്ങളെ മനസ്സിൽ താലോലിക്കണം. ഇപ്പോൾ കയ്യിൽ ഒന്നുമില്ലായെങ്കിലും, എല്ലാം കിട്ടിയതായി മനസ്സിൽ സങ്കൽപിക്കുക. ഇനി കിട്ടിയത് തൃപ്തിയോടെ അനുഭവിക്കുന്നതായും സങ്കൽപിക്കണം. നിങ്ങൾ ആഗ്രഹിച്ചതെല്ലാം ലഭിച്ചത് ദിവാസ്വപ്നത്തിൽ ആയിരുന്നെങ്കിൽ കൂടി, എന്തായിരുന്നു എന്നും, ഏതു മാർഗ്ഗത്തിലൂടെ ആയിരുന്നു എന്നും ചിന്തിച്ചു കണ്ടെത്തണം. ഇത്രയുമായാൽ അടിത്തറ ആയിക്കഴിഞ്ഞു.
3. കർമ്മം ആരംഭിക്കുക.
ആ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ശ്രമം ഇനി തുടങ്ങാം. നിങ്ങൾക്ക് ജീവിക്കാനവസരം തന്ന ഈ ലോകത്തിന് അമൂല്യമായ എന്തെങ്കിലും നിങ്ങൾ തിരികെ കൊടുക്കണം എന്ന വിചാരത്തോടെ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യുക. നിങ്ങൾ കാണാതെ പോയ അനേകം അവസരങ്ങൾ നിങ്ങൾക്കു ചുറ്റും തുറന്നു കിടക്കുന്നത് നിങ്ങൾ കാണും. മറ്റുള്ളവർ ചെയ്യുന്ന ഉപദ്രവങ്ങളിൽ നിന്നു പോലും ഉപകാരങ്ങൾ കണ്ടെത്താൻ നിങ്ങൾക്കു കഴിയും. ശുഭ പ്രതീക്ഷയും, പ്രാർത്ഥനയിലുള്ള വിശ്വാസവും, അതായിരിക്കണം എപ്പോഴും മനസ്സിൽ.
അതുകൊണ്ട് ഞാൻ പറയുന്നു അച്ചായാ, കക്കായോ കല്ലോ കവടിയോ ഏതുമാകട്ടെ, വേണ്ടവിധം വിശ്വാസത്തോടെ പ്രയോഗിച്ചാൽ ദാരിദ്രം മാറും.
George Kadankavil - November 2002