''കെട്ടുതാലി വരെ വിറ്റു എന്ന് കഥകളിൽ മാത്രമെ വായിച്ചിട്ടുള്ളു. എന്റെ മരുമകൻ അതും ചെയ്തു. മകൾ പൊറുതി മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോന്നു. അവൾ ഗർഭിണിയാണ് അല്ലെങ്കിൽ ഇതങ്ങ് ഒഴിയാമായിരുന്നു. വല്ല ഉദ്യോഗസ്ഥരെയും കൊണ്ട് കെട്ടിച്ചാൽ മതിയായിരുന്നു."
എനിക്ക് അടുത്തറിയാവുന്ന ഒരാളാണ് ഇതു പറയുന്നത്. നല്ല പക്വതയുള്ള മനുഷ്യനാണ്, എന്നിട്ട് ഇപ്പോൾ പകച്ചു പോയിരിക്കുന്നു.....
അച്ചായൻ ഇരിക്ക്, എന്നിട്ട് സംഭവം ആദ്യം മുതൽ വിശദമായിട്ട് ഒന്നു പറയാമോ?
മരുമകന് ഒരു എൻജിനിയറിംഗ് കൺസൾട്ടിംഗ് ബിസിനസ്സാണ്. പുതിയ ആശയങ്ങൾ വെച്ച് പ്രോജക്ടുകൾ തയ്യാറാക്കി വലിയ കമ്പനികളെ സമീപിക്കും. അംഗീകാരം കിട്ടുന്നത് കോൺട്രാക്ട് അടിസ്ഥാനത്തിൽ ചെയ്തുകൊടുക്കും. പാർട്നർഷിപ്പായിരുന്നു. പാർട്നർ മാർക്കറ്റിംഗും ലയിസണിംഗും, മരുമകൻ ടെക്നിക്കൽ വർക്കും ആണ് ചെയ്തിരുന്നത്. ചെറിയ വർക്കുകൾ കുറെ ചെയ്തിട്ടുണ്ട്. കല്യാണം കഴിഞ്ഞ് അവന്റെ ഒരു ഡ്രീം പ്രോജക്ട് തയ്യാറാക്കി. പ്രോട്ടോ ടൈപ്പും, കാൻവാസിംഗും, വിദേശയാത്രകളും ഒക്കെയായി നല്ലൊരു തുക ചിലവാക്കി. പക്ഷെ പാർട്നർ ചതിച്ചു. കോൺട്രാക്ട് വന്നപ്പോൾ അത് പാർട്നറുടെ പേരിലുള്ള വേറൊരു കമ്പനിക്കായി. ബാദ്ധ്യത മുഴുവൻ മരുമകന്റെ തലയിലും, ചതിക്കപ്പെട്ടതിന്റെ വിഷമം കുടിച്ചു തീർക്കാനാണ് അവനിപ്പോൾ നോക്കുന്നത്.
കുടിച്ചു വന്ന് ഭാര്യയെ തല്ലുമോ? ഞാൻ ഇടക്കു കയറി ചോദിച്ചു.
ഒന്നും രണ്ടും പറഞ്ഞ് എന്നും വീട്ടിൽ ബഹളമാണ്, അവൾക്ക് തല്ലും കിട്ടിയിട്ടുണ്ട്.
അച്ചായാ ഇവര് കുറച്ചുനാൾ നല്ലനിലയിൽ ബിസിനസ്സ് ചെയ്തതല്ലേ, പാർട്നറായിരുന്നോ, മരുമകനായിരുന്നോ കൂടുതൽ സമർത്ഥൻ?.....
എൻജിനിയറിംഗിൽ മരുമകൻ നല്ല മിടുക്കനാണ്. പക്ഷെ കോൺട്രാക്ട് ഉണ്ടാക്കാനും, ആളെ സോപ്പിട്ടു മയക്കാനും എല്ലാം മറ്റവനായിരുന്നു മിടുക്ക്.
മരുമകന് മദ്യം, മദിരാക്ഷി, ചൂതുകളി ഇങ്ങനെ വല്ല സ്വഭാവ ദൂഷ്യവും ഉള്ളതായി അറിയാമോ?....
ഇല്ലില്ല...നല്ല ആഢ്യത്വമുള്ള സ്വഭാവം ആയിരുന്നു, ബിസിനസ്സ് പൊട്ടിയതിൽ പിന്നെയാണ് ഇങ്ങനെയായത്.
അച്ചായാ, ഏതാണ്ടിതുപോലെയൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ട്. അന്ന് എനിക്ക് സൌജന്യമായിട്ട് ധാരാളം ഉപദേശങ്ങൾ നാലു വശത്തുനിന്നും കിട്ടിയിട്ടുണ്ട്. (ഒരുപദേശി ആകാൻ മാത്രം സ്റ്റോക്ക് ചെയ്തിട്ടുമുണ്ട്).
എന്നാൽ എന്റെ ഭാര്യയുടെ പ്രതികരണം ഇതായിരുന്നു.
"സൂക്ഷമില്ലാത്തവന്റെ മുതൽ നാണമില്ലാത്തവൻ കൊണ്ടെത്തിന്നും. നാണംകെട്ടവരും നെറികെട്ടവരും എല്ലായിടത്തും കാണും. മുതലു കിട്ടുമെങ്കിൽ ചില മാന്യരും വന്ദ്യരും ഒക്കെ നാണംകെടാനും മടിക്കില്ല. കാരണം നാണക്കേട് ആ മുതലുകൊണ്ട് നീക്കാം എന്ന് നമുക്കൊരു പഴമൊഴിയുണ്ടല്ലോ.
കെട്ടവനെ മര്യാദ പഠിപ്പിക്കാൻ സമയം കളയാതെ, നമ്മുടെ കർമ്മം നമുക്ക് വീണ്ടും തുടങ്ങാം. ഇനി സൂക്ഷിച്ചിരുന്നാൽ മതി.''
കോപവും, സങ്കടവും, ദേഷ്യവും, നിരാശയും ഒക്കെ കളഞ്ഞ്, വീണ്ടും ഒന്നുമുതൽ ആരംഭിക്കാൻ എനിക്ക് കരുത്തു കിട്ടിയത് ഈ വാക്കുകളിൽ നിന്നാണ്. വേണമെങ്കിൽ അച്ചായൻ ഇതു മകൾക്ക് പറഞ്ഞു കൊടുത്തോളൂ. വിവാഹം ഒഴിയാമായിരുന്നു എന്ന്, മനപ്രയാസം കൊണ്ട് ആലോചിക്കാതെ പറഞ്ഞതായിരിക്കും. ആ ചിന്ത കളഞ്ഞേക്കുക. ആപത്തു വന്നപ്പോൾ ഭർത്താവിനെ വിട്ട് ഓടിപ്പോന്ന പെണ്ണിനെ അറിഞ്ഞു കൊണ്ട് വേറെ ആരെങ്കിലും ഭാര്യയായി സ്വീകരിക്കുമോ?
ഉദ്യോഗസ്ഥരെ കെട്ടിയാൽ മെച്ചമായിരുന്നു എന്നു ചിന്തിക്കുന്നതിലും അർത്ഥമില്ല. പാരയും പൊളിറ്റിക്സും, ജോലിയുടെ ഡെഡ് ലൈൻ ടെൻഷനും കൊണ്ട് നല്ലകാലം മുഴുവൻ നരകിക്കുന്ന ഉദ്യോഗസ്ഥരും ധാരാളം ഉണ്ട്.
അവളെ ഇന്നുതന്നെ ഭർത്താവിന്റെ അടുത്ത് കൊണ്ടാക്കുക. അവിടെ എന്തെങ്കിലും അത്യാവശ്യ സാധനങ്ങൾ വേണമെങ്കിൽ മകളെയും കൂട്ടിപ്പോയി വാങ്ങി വെക്കുക. മരുമകനോട് സംസാരിക്കാൻ അവസരം കണ്ടെത്തണം. പുതിയ സാദ്ധ്യതകളെക്കുറിച്ച് ചിന്തിക്കാനും സംസാരിക്കാനും അവനെ പ്രോൽസാഹിപ്പിക്കണം. അവന്റെ ധനമേ പോയിട്ടുള്ളു, ഇന്റഗ്രിറ്റി പോയിട്ടുണ്ടാവില്ല. കൊക്കിലൊതുങ്ങുന്ന ചെറിയ പ്രോജക്ടുകൾ വീണ്ടും തുടങ്ങാൻ ധൈര്യം കൊടുക്കുക. അവന്റെ കഴിവിൽ അച്ചായന് വിശ്വാസം ഉണ്ടെന്ന് നല്ല ബോദ്ധ്യത്തോടെ അവനോട് പറയണം.
സഹതാപവും ഔദാര്യവും കാട്ടേണ്ട. മറ്റവന്റെ മുട്ടുകാലു തല്ലി ഒടിക്കാൻ കൊട്ടേഷൻ കൊടുക്കാനും നോക്കേണ്ട.
കൊക്കൂണിൽ നിന്നും ചിത്രശലഭം പുറത്തുവരുന്ന കാഴ്ച അതിദയനീയമാണ്. കൈകാലിട്ട് ഞെളിപിരി കൊണ്ട് അത് വിഷമിക്കുന്നത് കാണുമ്പോൾ കൂടുപൊളിച്ചൊന്ന് സഹായിക്കാൻ തോന്നും. പക്ഷെ അങ്ങനെ ചെയ്താൽ കൈകാലുകൾക്ക് വേണ്ട ബലം കിട്ടില്ല. പറക്കാൻ കഴിയാതെ ശലഭം ചത്തു പോകും.
ഓരോ വീഴ്ചയും മനുഷ്യനെ കൂടുതൽ പ്രാപ്തിയുള്ളവനാക്കും. അത് തമ്പുരാന്റെ പദ്ധതിയാണ്. അങ്ങോട്ട് നിന്നുകൊടുത്താൽ മതി.
George Kadankavil - September 2002