നിങ്ങളെഴുതിയ Cause Effect Analysis വായിച്ച് എന്റെ വീട്ടിലെ പ്രശ്ന വഴി കണ്ടുപിടിക്കാൻ ശ്രമിച്ചതാ, ഏതാ Cause ഏതാ Effect എന്നു തീരുമാനിക്കാൻ വേണ്ടിയാ ഇപ്പോൾ വീട്ടിലെ വഴക്ക്.
വെളുക്കാൻ തേച്ചത് പാണ്ടായി അല്ലേ മാഷേ, ഇതു ഫലപ്രദമായി ചെയ്യാൻ എല്ലാവർക്കും സാധിക്കില്ല എന്നുകൂടി ഞാൻ എഴുതിയിരുന്നു. പക്ഷെ നിരാശപ്പെടേണ്ട, കുറെ പ്രശ്നങ്ങൾ എഴുതിക്കിട്ടിയില്ലേ അതു നിസ്സാര കാര്യമല്ല. പ്രശ്നം പരിഹരിക്കപ്പെടണം എന്ന് ആഗ്രഹം ഉള്ളതു കൊണ്ടാണ് അതു സാധിച്ചത്. നമുക്ക് അതെല്ലാം കൂടി ചേർത്ത് നിങ്ങളുടെ പ്രശ്നവഴിയും, അതിനുള്ള ഒരു പരിഹാര വഴിയും തയ്യാറാക്കാം. രണ്ടു വഴികളും കൂടി വെച്ച് വീണ്ടും ഒരു തർക്കം വീട്ടിൽ നടക്കട്ടെ, പക്ഷെ ഇത്തവണ തർക്കത്തിൽ നിങ്ങളുടെ ഭാര്യ ജയിക്കണം. അവരു സമ്മതിക്കുന്ന വിധമുള്ള ഒരു പരിഹാര വഴി തെരഞ്ഞെടുത്താൽ, അത് വേഗത്തിൽ വിജയിപ്പിക്കാൻ നിങ്ങൾക്ക് കഴിയും.
ഇനി നിങ്ങളുടെ പ്രശ്നങ്ങൾ ഒന്നു കാണട്ടെ -
ഭർത്താവ് വീട്ടിൽ ഇരിക്കില്ല
ഭാര്യ വഴക്കുണ്ടാക്കുന്നു
നിരാശയും അസ്വസ്ഥതയും
അയൽക്കാർ ഉപദ്രവിക്കുന്നു
വീട്ടുകാർ പുച്ഛിക്കുന്നു
വരുമാനം തികയുന്നില്ല
മകൻ പഠിത്തം ഉഴപ്പുന്നു
ഭർത്താവിന് എന്നെ ഇഷ്ടമല്ല
ലോൺ തിരിച്ചടക്കാൻ പറ്റുന്നില്ല
മകളുടെ കല്യാണം മുടങ്ങി
ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല
ഇനി ഈ പ്രശ്ന വഴിയിലെ ഓരോ പ്രശ്നത്തിന്റെയും കീഴിൽ വരുന്ന മറ്റു കാര്യങ്ങൾ കൂടി എഴുതി അടുക്കി വെച്ച് നിരീക്ഷിച്ചാൽ, അതിന്റെ പരിഹാരം എങ്ങനെ സൃഷ്ടിക്കാം എന്നു മനസ്സിലാക്കാൻ കഴിയും. തർക്കം ഉണ്ടാകും എന്നു കരുതി ഈ മാർഗ്ഗം ഒഴിവാക്കരുത്. ചെയ്യേണ്ടതു പലതും ഒഴിവാക്കിയതു കൊണ്ടല്ലേ ഇപ്പോഴത്തെ അവസ്ഥയിലെത്തിയതെന്ന് ഓർമ്മിക്കണം.
പ്രശ്നങ്ങൾ എല്ലാം എഴുതി അത് വീട്ടിൽ ചർച്ച ചെയ്യുമ്പോൾത്തന്നെ പകുതി പ്രശ്നങ്ങൾക്കും പരിഹാരമാകും. ബാക്കി പരിഹരിക്കാൻ ഒരു പദ്ധതിയും രൂപപ്പെട്ടുവരും. ആ പദ്ധതി നടപ്പിലാക്കാൻ നിഷ്ഠയോടെ പരിശ്രമിച്ചുകൊണ്ടിരിക്കുക. അതുതന്നെയാണ് ജീവിതം
George Kadankavil - December 2002