നിരവധി പ്രശ്നങ്ങളും ഒരുപാടു സംഭവങ്ങളും. ഒന്നു മാറിനില്ക്കാൻ പറ്റാത്ത വിധം ഒരുപാട് ഉത്തരവാദിത്വങ്ങളും. നിലയില്ലാത്ത കടലിൽ തിരമാലകൾ എന്ന പോലെ, വിധി ഇട്ടെന്നെ തട്ടിക്കളിക്കുകയാണ്. നിങ്ങൾ പറഞ്ഞ Cause ഉം Effect ഉം ഏത് ഏതൊക്കെ എന്നു തിരിച്ചെടുക്കാൻ പോലും കഴിയുന്നില്ല. എല്ലാം ഒന്നു കലങ്ങി തെളിയാൻ എന്തു ചെയ്യണം? എവിടെ തുടങ്ങണം?
തടിയുടെ വളവും, ആശാരിയുടെ പരിചയക്കുറവും! രണ്ടും പ്രശ്നത്തിന് കാരണമാകാം. ഏതൊരു പ്രശ്നത്തെയും കൃത്യമായി നിർവചിക്കാൻ കഴിയുമെങ്കിൽ അത് പരിഹരിക്കാനും സാധിക്കും. എവിടെയാണ് എന്താണ് പ്രശ്നമെന്ന് കൃത്യമായി കണ്ടുപിടിക്കാൻ ഒരു സൂത്രമുണ്ട് മാഷേ, തിരികെ വീട്ടിൽ പോകുന്ന വഴിക്ക് തന്നെ അത് തുടങ്ങിക്കോളു.
ഒരു പായ്ക്കറ്റ് ഫോട്ടോസ്റ്റാറ്റ് പേപ്പർ വാങ്ങണം. കുറച്ച് സ്കെച്ച് പേനകളും വാങ്ങണം. വീട്ടിൽ ചെന്ന് കുളിച്ച് ഭക്ഷണം കഴിഞ്ഞ്, കണ്ണുകളടച്ച് മനസ്സിൽ ഒന്നും ആലോചിക്കാതെ ചുറ്റുമുള്ള ശബ്ദങ്ങൾ എല്ലാം ശ്രവിച്ചു കൊണ്ട് അല്പസമയം സ്വസ്ഥമായിട്ടിരിക്കുക. ഭാര്യയെയും മക്കളെയും, സാധിക്കുമെങ്കിൽ ബന്ധപ്പെട്ട എല്ലാവരെയും കൂട്ടത്തിൽ ചേർക്കാം. ഇനി നിങ്ങളെ സംബന്ധിച്ച് ഓരോരുത്തർക്കും മനസ്സിൽ തോന്നുന്ന പ്രശ്നങ്ങൾ, അതെന്തു തന്നെ ആയിരുന്നാലും, ഒരു കടലാസ്സിൽ ഒരു പ്രശ്നം വീതം, സ്കെച്ച് പേന കൊണ്ട് വലുതായി എഴുതി, കടലാസ്സുകൾ അടുക്കി വെയ്ക്കുക. എഴുതി തീരും വരെ സംസാരിക്കരുത്. ചർച്ചയും അരുത്. എത്രപ്രശ്നങ്ങൾ കണ്ടെത്താമോ അതു മുഴുവൻ വേറെ വേറെ കടലാസ്സുകളിൽ എഴുതിുക. ഇതോടെ നിങ്ങളുെടെ പ്രശ്നങ്ങൾ ഓരോന്നും നിർവ്വചിക്കപ്പെട്ടു കഴിഞ്ഞു. ഇതാണ് നിങ്ങളുടെ പ്രശ്നക്കെട്ട്. ഇനി എല്ലാവരുടെയും കടലാസ്സുകൾ ഒരുമിച്ച് ചേർത്ത് ഇടകലർത്തി വീമ്ടും അടുക്കി വെക്കുക.
ഇനി മുറിയിലെ ഫാൻ ഓഫാക്കി, തറ വൃത്തിയാക്കി, പ്രശ്നക്കെട്ടുമായി തറയിലിരിക്കുക. കെട്ടിൽനിന്നും ഒരു കടലാസ്സ് എടുത്ത് അതിലെ പ്രശ്നം ഉറക്കെ വായിച്ച ശേഷം കടലാസ്സ് മുറിയുടെ നടുഭാഗത്ത് വെക്കുക. ഇനി അടുത്ത കടലാസ്സ് എടുത്ത് വായിക്കുക, ആദ്യത്തെ പ്രശ്നത്തിന്റെ Cause ആണോ Effect ആണോ രണ്ടാമത്തെ പ്രശ്നം എന്ന് ആലോചിച്ച് കണ്ടെത്തണം. Cause ആണെങ്കിൽ ആദ്യത്തെ കടലാസ്സിന്റെ താഴെയും, Effect ആണെങ്കിൽ മുകളിലും ആയി രണ്ടാമത്തെ കടലാസ്സ് വെക്കുക. ആദ്യത്തേതുമായി നേരിട്ടു ബന്ധമില്ലാത്ത സമാന്തര പ്രശ്നമാണെങ്കിൽ ആദ്യത്തേതിന്റെ സൈഡിൽ വെക്കുക, ബന്ധപ്പെട്ട മറ്റ് ഏതെങ്കിലും പ്രശ്നം പരിഗണിക്കുമ്പോൾ ആവശ്യമെങ്കിൽ, നിരത്തിയിരിക്കുന്ന ഓരോ പ്രശ്നത്തിനും സ്ഥാനമാറ്റം കൊടുക്കാവുന്നതാണ്.
എല്ലാ കടലാസ്സുകളും ഇങ്ങനെ Cause - Effect ക്രമത്തിൽ നിരത്തി കഴിയുമ്പോൾ, നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മുതൽ മൂലകാരണം വരെയുള്ള പ്രശ്ന വഴികൾ മുകളിൽനിന്നും താഴേക്ക് തെളിഞ്ഞുവരും. ഏറ്റവും താഴെ വരുന്നതാണ് Root Cause.
പാളിച്ച പറ്റിയത് എവിടെ ആയിരുന്നു എന്നു കണ്ടെത്താനും, എന്തൊക്കെ തിരുത്തണം, എവിടെ തിരുത്തണം എന്നു തീരുമാനിക്കാനും ഈ പ്രശ്ന വഴി ഉപകരിക്കും. തിരുത്താവുന്നത് തിരുത്താൻ തയ്യാറാകണം. തിരുത്താൻ കഴിയാത്തത് തെറ്റിപ്പോയി എന്ന് അംഗീകരിക്കണം.
ഇതു ഫലപ്രദമായി ചെയ്യാൻ എല്ലാവർക്കും സാധിക്കില്ല. എന്നാൽ മാഷിനു കഴിയും. അതിനുള്ള കഴിവും ബുദ്ധിയും പ്രാപ്തിയും താങ്കൾക്കുണ്ട്. പക്ഷെ അതുമാത്രം പോരാ, തമ്പുരാനെ മുറുകെപ്പിടിച്ച് മുട്ടിപ്പായി പ്രാർത്ഥിക്കണം.
George Kadankavil - January 2003