Back to articles

ചിക്കുൻ ഗുനിയയും വിവാഹമോചനവും!

February 01, 2003

ചിക്കുൻ ഗുനിയ എന്ന രോഗം, ആ വൈറസ് ശരീരത്തിൽ കയറിയതിന്റെ Effect ആണ്. മാരകമായ പനിയും, മരണത്തിനും വരെ ഇതൊരു  Cause ആയി മാറാം.

രോഗം പടരുന്നതിന്റെ Cause കൊതുകുകളാണ്. അതായത് കൊതുകു പെരുകുന്നതിന്റെ ഒരു  Effect  ആണ് രോഗം പടർന്നുപിടിക്കുന്നത്. കെട്ടിക്കിടക്കുന്ന ജലവും മാലിന്യങ്ങളുമാണ് കൊതുകു പെരുകുന്നതിന്റെ Cause. മനുഷ്യന്റെ അശ്രദ്ധയുടെയും, അനാസ്ഥയുടെയും Effect ആണ് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത്.

ഒന്നിന്റെ Effect  മറ്റൊന്നിന്റെ  Cause ആയി മാറും. ഓരോ Cause ഉം എന്തിന്റെയെങ്കിലും Effect  ആണ്.

പ്രേമിച്ച പുരുഷനെ കല്യാണം കഴിച്ചാൽ കുടുംബത്തിന്റെ അന്തസ്സുമായി പൊരുത്തപ്പെടില്ലല്ലോ എന്ന ചിന്തയാണ് മകളുടെ പ്രേമം  അവഗണിച്ച് വേറെ വിവാഹത്തിന് പ്രേരിപ്പിച്ചതിന്റെ Cause.

കെട്ടിയ പുരുഷനുമായി പരസ്പര സ്നേഹവും, നല്ല ബഹുമാനവും  ആദരവും ഉണ്ടായിരുന്നിട്ടും, രണ്ടാൾക്കും ധാരാളം സൽഗുണങ്ങൾ ഉണ്ടായിരുന്നിട്ടും, കൂടെ കിടക്കുമ്പോൾ നിർവികാരതയും, ശൂന്യതയും, വേദനകളും അനുഭവപ്പെട്ടതാണ് ഈ നിർബന്ധ വിവാഹം കൊണ്ട് പെണ്ണിനുണ്ടായ Effect. തുടർന്നുള്ള സംഭവങ്ങൾ ഒരു  Cause - Effect ശൃംഗലയായി കോടതിയിലെത്തി. വിവാഹമോചന തർക്കങ്ങളിലാണിപ്പോൾ. ഇതിവിടം കൊണ്ടൊന്നും അവസാനിക്കുന്ന ലക്ഷണമില്ല.....

എന്റെ പൊന്നച്ചായാ, തീർക്കാവുന്നത്ര വേഗത്തിൽ കോടതി നടപടികൾ  തീർത്ത് ആ പിള്ളേരുടെ കെട്ടൊന്നഴിച്ചു വിടുക. എന്നിട്ട് അവളുടെ ഏതെങ്കിലും കഴിവുകൾ വിനിയോഗിക്കാൻ   പറ്റിയ ഒരു ജോലിയിൽ  കയറാൻ അവളെ ഒന്നനുവദിക്ക്. വീട്ടിലിരുത്തി ഉപദേശിച്ചിട്ടോ, ശുശ്രൂഷിച്ചിട്ടോ, സുപ്രീം കോടതി വരെപ്പോയി കേസു ജയിച്ചിട്ടോ ഒന്നും അവളുടെ മനസ്സിലെ മുറിവുണങ്ങില്ല.

അതിന് കർമ്മവും കാലവുമാണ് വേണ്ടത്. തൃപ്തിയുള്ളൊരു കർമ്മത്തിൽ മുഴുകി, തർക്കവും ബഹളവുമില്ലാതെ കുറച്ചുകാലം ചിലവഴിക്കാൻ അവസരം ലഭിച്ചാൽ, അവളുടെ മനസ്സിലെ  മുറിവ്, ഒരു വൃണമാകാതിരിക്കും.

ഞാൻ മനസ്സിലാക്കിയിടത്തോളം വളരെ നല്ല ഒരു പെൺകുട്ടിയാണ് അച്ചായന്റെ മകൾ. ഉത്തമനും യോഗ്യനുമായ ഒരു പുരുഷനാണ് അവളെ കെട്ടിയ പയ്യൻ. പക്ഷെ ഒന്നാകാൻ യോഗമില്ലാതെ പോയി. നിങ്ങളുടെ തർക്കങ്ങളും ബന്ധനങ്ങളും അവസാനിപ്പിച്ച് അവരെ സ്വതന്ത്രരാക്കി, കാലത്തിനും കർമ്മത്തിനുമായി വിട്ടുകൊടുക്കണം.

ബന്ധുവീട്ടുകാർ തമ്മിൽ കേസു പറഞ്ഞ് ആര്, ആരെ തോൽപിച്ചാലും, ഈ പെണ്ണിന്റെയും ചെറുക്കന്റെയും ജീവിതം വിജയിക്കുന്നില്ലല്ലോ. പുനർ വിവാഹം അത്ര എളുപ്പമല്ല. മിഥ്യാഭിമാനത്തിന്റെ പേരിൽ ബന്ധുവീടുകൾ തമ്മിൽ ശത്രുത വെക്കേണ്ട. നിങ്ങളോട്, നല്ല പിണക്കത്തിലും ദേഷ്യത്തിലുമായിരിക്കും ഇപ്പോൾ നിങ്ങളുടെ ബന്ധുവീട്ടുകാർ. എന്നാലും ധൈര്യം സംഭരിച്ച് അവിടെ ചെന്ന് നല്ല വാക്കുകൾ കൊണ്ട് പരസ്പരം ആശ്വസിപ്പിച്ച്, സ്നേഹത്തിൽ പിരിയാൻ കഴിഞ്ഞാൽ രണ്ടുകൂട്ടർക്കും ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അന്തസ്സ്, ആ നിമിഷത്തിൽ തന്നെ തിരികെ ലഭിക്കും.

അച്ചായനും കുടുംബവും, എന്നോട് പരിഭവിക്കരുത്, ഇത്തരം വേദന അനുഭവിക്കുന്നവർ വേറെയുമുണ്ടിവിടെ. മറ്റു കുടുംബങ്ങൾക്ക്  ഈ അനുഭവ പാഠങ്ങൾ ഉപകാരപ്പെടട്ടെ, നിങ്ങൾക്ക് പരസ്പരം വിട്ടുവീഴ്ച ചെയ്യുവാനും ഇതൊരു നിമിത്തമാകട്ടെ എന്ന പ്രാർത്ഥനയോടെ ഞാനിതിവിടെ ഒന്നെഴുതിക്കോട്ടെ.

George Kadankavil - February 2003

What is Profile ID?
CHAT WITH US !
+91 9747493248