“പഠനത്തിലും ജോലിയിലും നല്ല മിടുക്കികളായിട്ടുള്ള രണ്ടു പെൺമക്കളാണെനിക്ക്. അവരിപ്പോൾ അമേരിക്കയിലാണ്. വയസ്സ് മുപ്പത്തേഴും നാൽപതും ആയി. പക്ഷേ ഇതുവരെ, രണ്ടുപേരുടെയും കല്യാണം കഴിഞ്ഞിട്ടില്ല. നിങ്ങളെപ്പറ്റി പലരും പറഞ്ഞുകേട്ട് വളരെ പ്രതീക്ഷയോടെയാണ് ഞാനിവിടെ വന്നിരിക്കുന്നത്. ജോർജ്ജ് സാറിന് എന്നെ സഹായിക്കാൻ കഴിയുമോ?!”
വലിയ സ്ഥാനവും, ഉദ്യോഗവും, നേട്ടങ്ങളും ലഭിച്ചിട്ടുള്ള പ്രഗത്ഭനായ ഒരു വ്യക്തിയാണ് പെൺമക്കളുടെ വിവാഹം താമസിച്ചുപോയതിന്റെ ദുഃഖം എന്റടുത്തു പങ്കുവെയ്ക്കുന്നത്. അദ്ദേഹത്തിനു കൊടുക്കാൻ, റെഡിമെയ്ഡ് പരിഹാരങ്ങൾ ഒന്നും എന്റടുത്തില്ല. ഇദ്ദേഹത്തിന്റേത് അത്തരം ഒരു പ്രശ്നമല്ലതാനും.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ, ഇതേ പ്രതിസന്ധിയിൽപെട്ട ഇരുനൂറിലധികം പേരെ നേരിട്ടു പരിചയപ്പെട്ടിട്ടുണ്ട്. അതിൽ വിവാഹം നടന്നത് വളരെ ചുരുക്കം വ്യക്തികൾക്കു മാത്രം. എങ്കിലും ഇദ്ദേഹവുമായി, പ്രശ്നത്തെപ്പറ്റി ഒരു വിശകലനത്തിന് ഞാൻ ധൈര്യപ്പെട്ടു.
താങ്കളെ സഹായിക്കാൻ എനിക്ക് മനസ്സുണ്ട്, പക്ഷേ സാധാരണ രീതിയിൽ ഈ കാര്യം നടക്കാൻ ബുദ്ധിമുട്ടാണ്. ഒരു കുടുംബം സ്വന്തമായി ഉണ്ടാകാൻ വേണ്ടിയാണല്ലോ വിവാഹം.
ഭർത്താവ്, ഭർത്താവിനെക്കാൾ പ്രായവും, ഉയരവും കുറഞ്ഞ ഭാര്യ, കാലക്രമത്തിൽ മക്കൾ എന്നീ പ്രധാന ഘടകങ്ങളാണ് കുടുംബത്തെക്കുറിച്ച് നമ്മുടെ ഒക്കെ മനസ്സിൽ ഉള്ളത്.
നാൽപതു വയസ്സുള്ള സ്ത്രീക്ക് അതിൽ കൂടുതൽ പ്രായമുള്ള ഒരു പുരുഷനെ കണ്ടെത്തണം. ആ പ്രായത്തിലുള്ള അവിവാഹിതരായ പുരുഷന്മാർ ചുരുക്കമാണ്. ഉള്ളവരെ കണ്ടെത്തുമ്പോൾ, വിവാഹം താമസിച്ചതിന് ഇരുകൂട്ടർക്കും അവരുടേതായ കാരണങ്ങളും പശ്ചാത്തലവും ഉണ്ടായിരിക്കും. ഇതേക്കുറിച്ച് രണ്ടു കൂട്ടർക്കും പല ആശങ്കകളും ഉണ്ടാകും. കാലക്രമത്തിൽ മക്കൾ എന്ന സ്വപ്നം അടുത്ത കടമ്പയാണ്. മുപ്പത്തഞ്ചു വയസ്സുകഴിഞ്ഞാൽ സ്ത്രീയുടെ ഗർഭധാരണത്തെക്കുറിച്ച് സ്വാഭാവികമായും ആശങ്കകൾ ഉണ്ടാകും.
ഭാര്യ മരിച്ചുപോയ പുരുഷന്മാരെയാണ് അടുത്തതായി പരിഗണിക്കാവുന്നത്. അയാൾക്ക് കുട്ടികളുണ്ടെങ്കിൽ, പൊരുത്തപ്പെടലിനെക്കുറിച്ചായിരിക്കും എല്ലാവരുടെയും ആശങ്കകൾ. ഇനി പരിഗണിക്കാവുന്നത് വിവാഹമോചിതരെ ആണ്. തന്റേതല്ലാത്ത കാരണങ്ങളാൽ എന്നാണ് പുനർവിവാഹം അന്വേഷിക്കുന്ന വിവാഹമോചിതരെല്ലാം തന്നെ അവകാശപ്പെടുന്നത്. ആശങ്കകളുടെ ഒരു നീണ്ടനിര തന്നെയാണ് ഇവരുടെ കാര്യത്തിൽ ഉണ്ടാകുന്നത്.നിങ്ങളുടെ പണം ചിലവഴിച്ച് ഇങ്ങനെ കുറെ വിവാഹാലോചനകൾ എത്തിച്ചുതരാൻ എനിക്ക് കഴിഞ്ഞേക്കും, പക്ഷേ കുറച്ചുനാൾ ആലോചിച്ചു നടന്നിട്ട് ഏതെങ്കിലും ആശങ്കകളിൽത്തട്ടി അതു മാഞ്ഞുപോകുകയും ചെയ്യും. ഇതാണ് എന്റെ ഇതുവരെയുള്ള അനുഭവം.
മനസ്സിലെ ആശങ്കകളാണ് ഇവിടെ പ്രധാന പ്രശ്നം. ചൂടുവെള്ളത്തിൽ വീണ പൂച്ച എന്ന ചൊല്ല് ശരിക്കും ചേരുന്നതിവിടെയാണ്. പരസ്പരം അടുത്തറിയാൻ ഉചിതമായ ഒരവസരം ലഭിച്ചാൽ, ആശങ്കകൾ മറികടന്ന് ഒരു തീരുമാനമെടുക്കാൻ ഇവർക്കു സാധിച്ചേക്കും. അതിനു നമുക്കു ശ്രമിച്ചുനോക്കാം.
ഈ വിഭാഗത്തിൽ വരുന്ന സ്ത്രീപുരുഷന്മാരിൽ നിന്നും, പരസ്പരം യോജിക്കാൻ സായതയുള്ള ഒരു ഗ്രൂപ്പിനെ തിരഞ്ഞെടുത്ത് രണ്ടുദിവസം നീളുന്ന ഒരു “ഡിലേയ്ഡ് മാര്യേജ് വർക് ഷോപ്പ്” സംഘടിപ്പിക്കാം. അവിടെ പരസ്പരം വിലയിരുത്തുവാൻ അവസരവും, ആശങ്കകളെ നേരിടാനുള്ള മാർഗങ്ങളെക്കുറിച്ച് ബോധവൽക്കരണവും, അതിനുവേണ്ട പരിശീലനവും കൊടുക്കാം. ഈ ആശയത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാനുതകുന്ന അന്തരീക്ഷവും, സാഹചര്യവും ഞാനൊരുക്കിത്തരാം. വീട്ടിൽ മക്കളുമായി ചർച്ചചെയ്ത് ആലോചിച്ച് താങ്കളുടെ അഭിപ്രായം എന്നെ അറിയിക്കുക.
George Kadankavil - August 2003