എനിക്ക് മുപ്പത്തിരണ്ട് വയസ്സായി. വീട്ടിലെ ഇളയ മകളാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് പേടിച്ച് പനിപിടിച്ചു. ആറുമാസം ഒരു സൈക്യാട്രിസ്റ്റിന്റെ ചികിൽസയിലായിരുന്നു. അസുഖം മാറി. MA. B.Ed. കഴിഞ്ഞ് ഇപ്പോൾ ഒരു സ്കൂളിൽ ടീച്ചറാണ്.
ഏത് കല്യാണക്കാര്യം വന്നാലും ഈ ചികിൽസയുടെ കാര്യം അപ്പൻ ആദ്യം തന്നെ അവരോട് പറയും. വിവരം അറിയിക്കാം എന്നുപറഞ്ഞ് അവർ പോകുകയും ചെയ്യും. എട്ടുവർഷമായി ഈ തനിയാവർത്തനം. ഞാൻ മടുത്തു.
നാളെയും ഒരു കൂട്ടര് വരുന്നുണ്ട്. ആർമിയിൽ ഹവിൽദാരാണ്. ശ്ശോ, അവരോടും ഇത് പറഞ്ഞ് കുളമാക്കും എന്നുറപ്പാ.
ഇയാള് ഇംഗ്ലീഷ് ടീച്ചറല്ലേ. കമ്മ്യൂണിക്കേഷൻ സ്കിൽ (communication skill) എന്ന് പറഞ്ഞാലെന്ത്.
നല്ല ഭംഗിയായിട്ട് പറയണം എന്നല്ലേ, എത്ര ഭംഗിയായിട്ട് അവതരിപ്പിച്ചാലും മാനസികരോഗം വന്ന ഒരു പെണ്ണിനെ ആരെങ്കിലും കെട്ടുമോ സാറെ?
ക്ഷമിക്കണം ടീച്ചറെ, ഞാനൊന്ന് തിരുത്തിക്കോട്ടെ. ഭംഗിയായി അവതരിപ്പിക്കുന്നതിന് പ്രസന്റേഷൻ സ്കിൽ (Presentation Skill) എന്നാ പറയുന്നത്.
വേണ്ടകാര്യങ്ങൾ, വേണ്ടസമയത്ത്, വേണ്ടപ്പെട്ടവരോട് മാത്രം, വേണ്ടതു പോലെ പറയുന്നതാണ് കമ്മ്യൂണിക്കേഷൻ സ്കിൽ.
ഒരു കാര്യം ചെയ്യ്, നാളെ ഹവിൻദാർ വരുമ്പോൾ ചികിൽസയുടെ കാര്യം ടീച്ചറ് നേരിട്ട് പറഞ്ഞോളാം എന്ന് ഇപ്പോൾത്തന്നെ അപ്പനുമായി ഒരു ധാരണ ഉണ്ടാക്കുക. പിന്നെ ഹവിൻദാരോട് തനിച്ച് സംസാരിക്കുവാൻ അനുവാദം വാങ്ങിക്കണം.
ടീച്ചറോട് ഒരു ചോദ്യംകൂടി ഞാൻ ചോദിച്ചോട്ടെ? പറയുന്നതും സംസാരിക്കുന്നതും തമ്മിൽ എന്താ വ്യത്യാസം?
സാറെ, ഒരബദ്ധം പറ്റിയതുകൊണ്ട് ഇനി ഉത്തരം പറായൻ ചമ്മലാ. പിന്നെ ഇതു രണ്ടും തമ്മിൽ വ്യത്യാസമുണ്ടോ എന്ന് ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല.
ടീച്ചറേ, എന്റെ ചോദ്യത്തിനുത്തരം അല്ലെങ്കിലും, ടീച്ചർക്ക് നല്ല പക്വതയും വകതിരിവും ഉണ്ട് എന്ന് ഈ മറുപടി വ്യക്തമാക്കുന്നു. പകുതി പ്രശ്നം പരിഹരിക്കപ്പെട്ടു കേട്ടോ.
പറയുക എന്നത് പലപ്പോഴും റേഡിയോ പോലെയാ, ഒരു വശത്തേക്കു മാത്രം. സംസാരിക്കാൻ രണ്ടുപേർ വേണം. ഒരാളുടെ മനസ്സിൽ നിന്നും പുറപ്പെടുന്ന ആശയം, സ്വരം കൊണ്ടോ, വാക്കുകൊണ്ടോ, ഭാവം കൊണ്ടോ, നിശ്ശബ്ദത കൊണ്ടു പോലും മറ്റേ ആൾ മനസ്സിലാക്കും. പറച്ചിലും, കേൾവിയും, മൂളലും, വകതിരിവുള്ള മറുപടിയും ഒക്കെ കൂടി ചേർന്നതാണ് ശരിക്കുള്ള സംസാരം. രണ്ടുപേരുടെയും ഭാവവും, ആശയങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നതാണെങ്കിൽ മനസ്സിന് ഭാരമില്ലാതെ എത്രനേരം വേണമെങ്കിലും ഒഴുക്കോടെ സംസാരിക്കുവാൻ കഴിയും.
നാളെ ഹവിൽദാരോട് ശരിക്ക് സംസാരിക്കുക, മൂളിക്കേൾക്കുക, വകതിരിവുള്ള ചോദ്യങ്ങൾ ചോദിച്ച് കൂടുതൽ സംസാരിപ്പിക്കുക.
ടീച്ചർക്ക് യോജിച്ച ചുറ്റുപാടും, വകതിരിവുമുള്ള ആളാണ് ഹവിൽദാരെന്നു തോന്നിയാൽ മാത്രം, ടീച്ചറുടെ കല്യാണം താമസിച്ചതെങ്ങനെ യാണെന്നും, ചികിൽസയുടെ കാര്യവും സംസാരിക്കാം. ചിലപ്പോൾ ഹവിൽദാർക്കും ഇതുപോലെ നീറുന്ന വിഷയങ്ങൾ സംസാരിക്കുവാൻ ഉണ്ടായിരിക്കും.
ശ്ശോ, ഇത് നേരത്തേ ചെയ്യാമായിരുന്നു, അല്ലെ?
George Kadankavil - September 2003