നാട്ടിൻപുറത്തെ പള്ളിയിൽ കപ്യാരാണ് വർക്കിച്ചേട്ടൻ. എഴുത്തും വായനയും ഒന്നും അറിയില്ലെങ്കിലെന്താ പ്രാർത്ഥനകളെല്ലാം കാണാപ്പാഠമാണ്.
കാലം മാറി, നാട്ടിലും പള്ളിയിലും എല്ലാം പരിഷ്കാരങ്ങൾ വന്നു. പുതിയ പ്രാർത്ഥനകൾ വന്നു. പുതിയ അച്ചനും, കമ്മറ്റിക്കാരും ഒക്കെ വന്നപ്പോൾ, പുതിയ ഒരു തീരുമാനം കൂടി വന്നു, എഴുത്തും വായനയും അറിയാവുന്ന ആളെ കപ്യാരാക്കണം എന്ന്.
ഇടിവെട്ടേറ്റതു പോലെയായി വർക്കിച്ചേട്ടൻ, ആകെ അറിയാവുന്ന ഒരേ ഒരു പണി ആയിരുന്നു, വേറെ ഒന്നും ചെയ്ത് ശീലമില്ല. ഇനി എന്തു ചെയ്യും?. ജോലി പോയ നിരാശയിൽ പെട്ടെന്ന് തോന്നി, ആത്മഹത്യ ചെയ്തേക്കാം എന്ന്. എങ്ങനെ മരിക്കണം അതായി അടുത്ത ചിന്ത. കടലിൽ ചാടി മരിക്കാം എന്നു തീരുമാനിച്ച് വർക്കിച്ചേട്ടൻ നടക്കാൻ തുടങ്ങി. ഓരോന്ന് ചിന്തിച്ചും, സങ്കടപ്പെട്ടും കുറെ ഏറെദൂരം നടന്നു.
എന്തൊരു ലോകമാ ഇത്. കമ്മറ്റിക്കാർക്കും അച്ചനും ഒന്നും ഇത്ര കണ്ണിൽച്ചോരയില്ലാതെ പോയല്ലോ. എത്ര ആത്മാർത്ഥതയോടെ ജോലിചെയ്തിരുന്നതാണ്. ആകെ ഒരു കാര്യത്തിനു മാത്രമെ അച്ഛൻ വഴക്ക് പറഞ്ഞിട്ടുള്ളു. അത് സിഗററ്റ് വലിക്കുന്നതിനായിരുന്നു. അതോർത്തപ്പോൾ വർക്കിച്ചേട്ടന് മരിക്കും മുമ്പ് ഒരു സിഗററ്റ് വലിക്കണം എന്നു തോന്നി. പിന്നെ സിഗററ്റ് വാങ്ങാൻ ഏതെങ്കിലും കട ഉണ്ടോ എന്നു നോക്കിയായി നടപ്പ്. കുറെയധികം നടന്നിട്ടും ഒറ്റ കടപോലും കണ്ടില്ല.
എന്റെ ദൈവമേ എന്തൊരു ലോകമാണിത്, ചാകാൻ പോകുന്നവന് ഒരു സിഗററ്റ് വാങ്ങി വലിക്കാൻ പോലും ഇവിടെ സൌകര്യമില്ലല്ലോ എന്നായി അടുത്ത ചിന്ത. ഒടുവിൽ ഒരു കട കണ്ടു. കയ്യിലുണ്ടായിരുന്ന പണത്തിനു മുഴുവൻ സിഗററ്റ് വാങ്ങി തിരികെ നടന്ന്, സിഗററ്റ് വലിക്കണം എന്ന് ആദ്യം തോന്നിയ സ്ഥലത്ത് തന്നെ വന്നു. സിഗററ്റുമായി അവിടിരുന്നു. വഴിയെ പോയ ചിലർ വർക്കിച്ചേട്ടന്റെ കയ്യിൽനിന്നും പണം കൊടുത്തു സിഗരറ്റ് വാങ്ങി. ആദ്യം വാങ്ങിക്കൊണ്ടു വന്നത് തീർന്നപ്പോൾ, പോയി കൂടുതൽ വാങ്ങി വെച്ചു. കാലക്രമത്തിൽ വർക്കിച്ചേട്ടൻ ആ പ്രദേശത്തെ ഒരു കൊച്ചു മുതലാളി ആയി.
ആയിടക്ക് അവിടെ ഒരു ബാങ്കിന്റെ ശാഖ പുതുതായി ആരംഭിച്ചു. ഉദ്ഘാടനത്തിന് ആദ്യത്തെ ഡിപ്പോസിറ്റ് നടത്താൻ വർക്കിച്ചേട്ടനെ ആണ് ബാങ്കുകാർ ക്ഷണിച്ചത്. വർക്കിച്ചേട്ടൻ ഒരു പത്രക്കടലാസ്സിൽ രൂപാ പൊതിഞ്ഞു കെട്ടി കൊണ്ടു വന്ന് മാനേജരെ ഏൽപ്പിച്ചു. രേഖകളിൽ ഒപ്പിനു പകരം, വിരലടയാളം പതിച്ചു. തുടർന്ന് യോഗത്തിൽ പ്രസംഗിച്ചു വന്ന കൂട്ടത്തിൽ മാനേജർ, വർക്കിച്ചേട്ടനെ പ്രശംസിച്ച് ഇങ്ങനെ പറഞ്ഞു.
“നമ്മൾ ഇദ്ദേഹത്തെ കണ്ട് പഠിക്കണം. എഴുത്തും വായനയും അറിയില്ല എങ്കിൽ പോലും കഠിന പ്രയത്നം കൊണ്ട് ഇത്രയധികം നേട്ടങ്ങളുണ്ടാക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. സുഹൃത്തുക്കളെ, ഞാൻ ചിന്തിച്ചു പോകുകയാണ്, എഴുത്തും വായനയും കൂടി പഠിച്ചിരുന്നെങ്കിൽ, ഇദ്ദേഹം ഇനിയും എത്ര ഉയരങ്ങളിലെത്തുമായിരുന്നു ? !”
വർക്കിച്ചേട്ടൻ ഠപ്പേന്ന് എണീറ്റു നിന്നു, ചുറ്റും നോക്കി ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.
“എങ്കിൽ ഞാനിപ്പോഴും ഒരു കപ്യാരായി തുടർന്നേനേ”
ഒരു വരുമാനമാർഗ്ഗം ഉണ്ടാക്കാനായി പല പരിപാടികൾ ചെയ്തു എല്ലാം പൊളിഞ്ഞു. കടവും കയറി, കുറച്ച് കാശുകിട്ടുമെങ്കിൽ ഏതു തട്ടുകേടു വന്ന പെണ്ണിനെ വേണമെങ്കിലും കെട്ടാൻ തയ്യാറാണ് എന്നു പറഞ്ഞ് എന്റടുത്തു വന്ന ആളിനോടാണ് ഈ കഥ പഠഞ്ഞുകൊടുത്തത്.
ഇയാൾ ഉടനെ പോയി സിഗററ്റ് കച്ചവടം തുടങ്ങാൻ വേണ്ടിയല്ല ഈ കഥ പറഞ്ഞത്. മുറിച്ചിട്ടിടത്തു നിന്നും വീണ്ടും തളിർത്തുവരുന്ന ഒരു അത്ഭുത പ്രതിഭാസമാണ് മനുഷ്യജീവിതം. ബിസിനസ്സ് പൊളിഞ്ഞു എന്നു കരുതി, തട്ടുകേടുവന്ന ഏതെങ്കിലും ഒരു പെണ്ണിനെ കണ്ടെത്തി കല്യാണം കഴിച്ച്, കുറുക്കുവഴിയിലൂടെ തൽക്കാലം രക്ഷപ്പെടാനല്ല ശ്രമിക്കേണ്ടത്. പകരം ഇയാളെക്കൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും ഉപകാരം ഉണ്ടാകണം എന്നു നിശ്ചയിച്ച് ചുറ്റും കണ്ണുതുറന്നു നോക്കുക. ചെയ്യാവുന്ന ഒരുപിടി കാര്യങ്ങൾ ചുറ്റിലും ഉണ്ട്.
ഉപ്പ് ഉറകെട്ടു പോയിട്ടില്ല എങ്കിൽ, നീതിയും ന്യായവും പാലിക്കുന്ന ഏതു പ്രവർത്തി ചെയ്യുന്നതിലും നാണക്കേട് വിചാരിക്കില്ല. എന്ത്, എത്ര സ്റ്റൈലിൽ, ചെയ്യുന്നു എന്നതിനേക്കാൾ, എത്രയും വിശിഷ്ടമായി ചെയ്യാനാണ് ശ്രമിക്കേണ്ടത്. ഒരു സ്ത്രീക്ക് ഒരു ജീവിതം കൊടുക്കാനാണ് ഉദ്ദേശമെങ്കിൽ, എന്തെങ്കിലും വരുമാനമാർഗ്ഗം ഉണ്ടാക്കിയ ശേഷം വരുക, ഇയാളുടെ കല്യാണക്കാര്യത്തിന് ഞാനും ശ്രമിക്കാം.
George Kadankavil - October 2003